കാലാവധി തീരും മുന്‍പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. 14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണത്തിന് കടിഞ്ഞാണിടാന്‍ അതിശക്തമായ തിരിച്ച് വരവിന് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ഒരുങ്ങുന്നതിനിടെയാണ് ഈ അപ്രതീക്ഷിത നീക്കം. ഭാവി തീരുമാനിക്കാനുള്ള സമയമായിരിക്കുന്നു. കൊവിഡ് അടക്കമുള്ള ആഗോള പ്രതിസന്ധി ഘട്ടത്തില്‍ ടോറികളെ നിങ്ങള്‍ വിശ്വസിച്ചു. ഇനിയും നിങ്ങള്‍ക്ക് വിശ്വസിക്കാം. ഭാവിയില്‍ ആരെയാണ് നിങ്ങള്‍ വിശ്വസിക്കേണ്ടതെന്ന് വോട്ടവകാശത്തിലൂടെ തീരുമാനിക്കു- എന്നായിരുന്നു ഔദ്യോഗിക വാസതിയായ ഡൗണിങ് സ്ട്രീറ്റിന് പുറത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഋഷി സുനക് പറഞ്ഞത്. പ്രധാനമന്ത്രി പദവിയില്‍ ബ്രിട്ടന് വേണ്ടി ധീരമായ നടപടികളാണ് എടുത്തത്. അതില്‍ ഉറച്ച് നില്‍ക്കാനും സാധിച്ചു. വെല്ലുവിളി നേരിട്ടപ്പോഴും ജനങ്ങളോട് സത്യസന്ധത പുലര്‍ത്തി. അതേസമയം എല്ലാം ശരിയാക്കി എന്ന അവകാശവാദം ഇല്ല. അങ്ങനെ അവകാശപ്പെടുകയുമില്ല. ഇത് നമ്മള്‍ ഒരുമിച്ച് നേടിയതാണ്.അതില്‍ അഭിമാനമുണ്ട്. നിങ്ങളുടെ കുടുംബത്തിനും നമ്മുടെ രാജ്യത്തിനും സുരക്ഷിതമായ ഭാവി ആരാണ് നല്‍കുക എന്നതാണ് ഇപ്പോഴത്തെ ചോദ്യമെന്നും സുനക് പറഞ്ഞു.
എന്നാല്‍ ഋഷി സുനകിന്റെ നീക്കം ആത്മവിശ്വാസത്തില്‍ നിന്നുണ്ടായതാണെന്ന് തോന്നാമെങ്കിലും കാര്യങ്ങളുടെ കിടപ്പ് അത്ര പന്തിയല്ലെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് 3ന് നടന്ന പ്രാദേശിക കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളില്‍ ടോറികള്‍ക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. ലേബര്‍ പാര്‍ട്ടിയാവട്ടെ 20% പോയിന്റ് മുന്നിലെത്തുകയും ചെയ്തു. കൂടാതെ ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മറിന്റെ വര്‍ധിച്ച് വരുന്ന സ്വാധീനവും തിരിച്ചടിയാണ്. ഇതെല്ലാം മനസിലാക്കി വലിയ പരിക്ക് ഏല്‍ക്കും മുന്‍പ് സുരക്ഷാതീരം തേടാനുള്ള തന്ത്രമായാണ് സുനക് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലൂടെ നടത്തിയിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. ഇതിലൂടെ നിലവില്‍ നഷ്ടമായി കൊണ്ടിരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നിയന്ത്രണം തിരികെ പിടിക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലും സുനകിന് ഉണ്ടാവുമെന്ന് രാഷ്ട്രീയ വിദഗ്ധരും ചൂണ്ടികാണിക്കുന്നു.യുകെ സമ്പദ് വ്യവസ്ഥ വളര്‍ച്ച കൈവരിക്കുന്നു, പണപെരുപ്പം നിയന്ത്രണ വിധേയമായി, അഭയാര്‍ത്ഥി പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നു തുടങ്ങിയ പോസീറ്റീവ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സുനകിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
സുനകിനെ പോലെ മിസ്റ്റര്‍ സ്റ്റെബിലിറ്റി, മിസ്റ്റര്‍ ഡെലിവറി, മിസ്റ്റര്‍ ചേഞ്ച് പ്രതിഛായ ഒന്നും സൃഷ്ടിക്കാന്‍ ശ്രമിക്കാതെ ലേബര്‍ പാര്‍ട്ടിയുടെ സൈന്യാധിപന്റെ റോളാണ് കെയര്‍ ഏറ്റെടുത്തിരിക്കുന്നത്. മുന്‍ തെരഞ്ഞെടുപ്പിലെ പരാജയകാലം മുതല്‍ അത്തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. അടിത്തട്ട് മുതലുള്ള പ്രവര്‍ത്തനങ്ങളിലൂടെ നടത്തിയ ആ മുന്നേറ്റമാണ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കണ്ടതും. ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി സാധ്യത പട്ടികയില്‍ കെയറിന്റെ പേര് വന്നതും അതുകൊണ്ട് തന്നെയാണ്.സാമ്പത്തിക, പ്രതിരോധ വിഷയങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും ഇതിനകം തന്നെ പോര്‍മുഖം തുറന്നിട്ടുമുണ്ട്. മാറ്റത്തിനായുള്ള കാറ്റാണ് വീശുന്നത്. ഇത് വോട്ടര്‍മാര്‍ക്കുള്ള അവസരമാണ്. ഇനി രാജ്യത്തിന്റെ ഭാവി നിങ്ങളുടെ കൈകളിലാണെന്നും പറഞ്ഞുകൊണ്ടാണ് കെയര്‍ സ്റ്റാര്‍മര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. രാജ്യത്തെ അരാജകത്വം അവസാനിപ്പിക്കുന്നതിനും ബ്രിട്ടനെ പുനര്‍നിര്‍മ്മിക്കാനും ഒരുമിച്ച് ശ്രമിക്കാം എന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
English summary; Rishi Sunak takes gamble by calling UK general election for 4 July