February 19, 2025 |

കഥയിലെ പുഴകളില്‍ നിളയെ ഒളിപ്പിക്കുന്ന എംടി

ദേശത്തിന്റെ കഥാകാരന്‍

മലയാളികള്‍ക്കിടയില്‍ നിള സുപരിചിതമാകാന്‍ കാരണക്കാരനായ എഴുത്തുകാരനാണ് എം ടി വാസുദേവന്‍ നായര്‍. എത്രയെത്ര കഥകളിലൂടെ നിളയെ നമുക്ക് പരിചയപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു… കഥകളിലെ കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ സ്ഥലങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വിവരിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കുന്ന എഴുത്തുകാരനാണ് എംടി. ‘അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാള്‍ അറിയുന്ന എന്റെ നിളാ നദിയാണെനിക്കിഷ്ടം’ എന്ന് എം ടി പറയുമ്പോള്‍ തന്നെ നമുക്ക് ഊഹിക്കാം അദ്ദേഹത്തിന് നിളയോടുള്ള പ്രിയം.river Nila in MT Vasudevan nair stories

ഏത് നാട്ടില്‍ പോയി ഏതൊക്കെ നദികളെ കണ്ടാലും നിള കഴിഞ്ഞെ എനിക്ക് മറ്റെന്തുമുള്ളൂ എന്ന പറച്ചിലില്‍ നാടിനോടുള്ള സ്‌നേഹവും തുളുമ്പി നില്‍ക്കുന്നില്ലെ… ആ കൂടല്ലൂരിലെ ഗ്രാമവും താന്നിക്കുന്നും കണ്ണാന്തളിപ്പൂക്കളും മലമക്കാവും നിളയുമൊന്നുമില്ലാതെ എം ടി വാസുദേവന്‍ നായര്‍ എന്ന എഴുത്തുകാരനോ, അദ്ദേഹത്തിന്റെ കൃതികളോ ഉണ്ടാകുമോ? കൂടല്ലൂര്‍ എന്ന സ്ഥലത്തെ ലോകത്തിന് പരിചയപ്പെടുത്തിയ എഴുത്തുകാരന്‍ എന്ന മുദ്ര സ്വയം അഭിമാനത്തോടെ എടുത്ത് അണിയുകയാണ് എം ടി.

mt

നിളയെയും അതിന്റെ ചാരുതയും സാഹിത്യ ലോകത്തിനും സിനിമാ ലോകത്തും എത്തിക്കാന്‍ എംടിക്ക് കഴിഞ്ഞിട്ടുണ്ട്. നിള ഒരു കഥയിലും വന്ന് പോകുന്ന വെറുമൊരു നദിയല്ല അദ്ദേഹത്തിന്റെ കഥകളില്‍, മറിച്ച് കഥയോടൊപ്പമൊഴുകി കഥ തീര്‍ന്നാലും അവസാനിക്കാത്ത നിരന്തര പ്രവാഹമാണ്.

കാലാന്തരത്തില്‍ നിളയ്ക്കുണ്ടായ അപചയങ്ങളെ ഏറെ ദുഃഖത്തോടെ അദ്ദേഹം നോക്കിക്കണ്ടിട്ടുണ്ട്. പലപ്പോഴും ഉള്ളിലടക്കിപ്പിടിക്കുന്ന രോഷം അദ്ദേഹം നിളയ്ക്ക് വേണ്ടി എഴുതി. ഞങ്ങള്‍ക്ക് നിളാദേവി കാരുണ്യം നിറഞ്ഞ അമ്മയാണ്. ഞങ്ങളുടെ രഹസ്യസ്വപ്‌നങ്ങളെ താലോലിച്ചു കാത്ത് പോന്നത് അവരാണ്. കാലക്കേടുകൊണ്ട് പിഴച്ച് പോയ ഞങ്ങളുടെ കുട്ടികളുടെ നിരാശയും നാണക്കേടും വേദനയോടെ ഏറ്റുവാങ്ങിയത് ഈ പുഴയുടെ കയങ്ങളാണ്. മരിച്ചുപോയ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി ഞങ്ങള്‍ നടത്തിയ കര്‍മങ്ങള്‍ ഈ അമ്മയെ സാക്ഷിയാക്കിയാണ് അവര്‍ ഏറ്റുവാങ്ങിയത്. അങ്ങനെയാണ് അവര്‍ സമാധാനത്തോടെ പരലോകയാത്രകളിലേക്ക് വഴി തിരിഞ്ഞത്. എന്നെ ഏറെ പ്രചോദിപ്പിക്കുകയും എന്റെ ഉള്ളിലെ വൈരുദ്ധ്യങ്ങളെ കരുണയോടെ പൊറുക്കുകയും എന്റെ വളര്‍ച്ചയ്ക്ക് സാക്ഷി നില്‍ക്കുകയും ചെയ്ത നിളാനദി, ഇതാ, ഊര്‍ദ്ധ്വന്‍ വലിക്കുകയായി… ഓര്‍മകളിലെ നിള എന്ന ലേഖനത്തില്‍ തന്റെ നിളയ്ക്ക് വേണ്ടി എം ടി എഴുതി.

mt

എംടിയുടെ കഥകളിലെ എല്ലാ പുഴകളിലും നിളയുണ്ടെന്ന് പലപ്പോഴും തോന്നാറുണ്ട്, അദ്ദേഹത്തിന്റെ എല്ലാ അമ്മകളിലും സ്വന്തം അമ്മയുള്ളത് പോലെ. മണല്‍വാരിയിട്ടും കര കയ്യേറിയിട്ടും നിള ഇന്നും വറ്റാതൊഴുകുന്നത് പോലെ ചിരിക്കാത്ത എംടിയുടെ മുഖത്തിന് പിന്നില്‍ ആര്‍ദ്രതയുടെ ഒരു വറ്റാത്ത ചിരിയുണ്ട്. എംടിയുടെ സാഹിത്യ ലോകത്തെ ഒഴുകുന്ന പുഴയുടെ അടിയൊഴുക്കാണ് നിള.

എംടിയുടെ ഏറ്റവും മനോഹരമായ കൃതിയാണ് കാലം. സേതുവിന്റെയും സുമിത്രയുടെയും മാത്രം കഥ പറയുന്ന പുസ്തകമല്ല കാലം, മറിച്ച് അതില്‍ മലവെള്ളം സ്വപ്‌നം കണ്ട പുഴയുടെ ഒഴുക്കിന്റേത് കൂടിയാണ്. കാലം അവസാനിക്കുന്നിടത്തും ഇരുകരകളും ആര്‍ത്തലച്ച് ഒഴുകുന്ന നിളയെ നമുക്ക് കാണാനാവും. സേതു എപ്പോഴും തന്നെ മാത്രമേ സ്‌നേഹിച്ചിട്ടുള്ളു, എന്നാല്‍ നിളയോ?

പ്രിയപ്പെട്ട എഴുത്തുകാരന്റെ ഈ ചോദ്യം കേള്‍ക്കാതിരിക്കാനാവുമോ..തിരിച്ചു തരുമോ നിളയെ, എന്റെ നിളാദേവിയെ….river Nila in MT Vasudevan nair stories

content summary; river Nila in MT Vasudevan nair stories

×