January 21, 2025 |
Share on

ഒഴിഞ്ഞതോ, ഒഴിവാക്കിയതോ?

സിഡ്‌നി ടെസ്റ്റിനു മുമ്പേ സിലക്ടര്‍മാര്‍ നയം വ്യക്തമാക്കിയിരുന്നു

‘ഞങ്ങളുടെ നായകന്‍ അദ്ദേഹത്തിന്റെ നേതൃത്വപാടവം കാണിച്ചു, ഈ മത്സരത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ടീമിനുള്ളിലെ ഐക്യമാണ് ഇത് കാണിക്കുന്നത്’– അഞ്ചാം ടെസ്റ്റിനായി സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് വിജയിച്ച ശേഷം ജസ്പ്രീത് ബുംറയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. പെര്‍ത്തില്‍ തുടങ്ങിയത് സിഡ്‌നിയില്‍ അവസാനിക്കുമ്പോള്‍, നായകന്റെ കിരീടം വീണ്ടും ബുംറയുടെ തലയില്‍ എത്തിയിരുന്നു.

എല്ലാവര്‍ക്കും അറിയേണ്ടയിരുന്നത് ഒരു കാര്യമായിരുന്നു; രോഹിത് മാറിയതോ, മാറ്റിയതോ?

ബുംറ നേരിട്ട് ഒന്നും പറഞ്ഞില്ല. ഇതുവരെയായിട്ടും ആരും വേറെയൊന്നും പറഞ്ഞിട്ടുമില്ല. പക്ഷേ, കാര്യങ്ങള്‍ വ്യക്തമാണ്; രോഹിത് യുഗത്തിന് അവസാനമാകുന്നു.

എല്ലാം അറിഞ്ഞുള്ള പെരുമാറ്റം
സിഡ്‌നിയില്‍ ആദ്യ പന്ത് എറിയുന്നതിന് മുമ്പായി ഇന്ത്യ തങ്ങളുടെ അവസാനവട്ട തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍, രോഹിത് അവിടെയൊരു മൗന സാന്നിധ്യം മാത്രമായിരുന്നു. രാവിലെ ഒമ്പത് മണിക്കാണ് രോഹിതും ബാക്കി ടീം അംഗങ്ങളും സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍(എസ് സി ജെ) എത്തിച്ചേരുന്നത്. മറ്റുള്ളവര്‍ കളത്തിലേക്ക് ഇറങ്ങിയിട്ടും, 15 മിനിട്ടിനുശേഷം മാത്രമാണ് ക്യാപ്റ്റന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. ഈ സമയം ബുംറ പിച്ച് പരിശോധിച്ചും, കോച്ച് ഗംഭീറുമായി സംസാരിച്ചുമൊക്കെ ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു. 9.15 ഓടെ മാത്രമാണ് രോഹിത് ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. നേരേ പിച്ചിലേക്ക്. പതിവുപോലെ പിച്ച് പരിശോധന. ശേഷം സര്‍ഫറാസ് ഖാനും ഋഷഭ് പന്തിനുമൊപ്പം കുറച്ചു നേരം ഫുട്‌ബോള്‍ കളിച്ചു. വിരാട്, ഗംഭീര്‍ ഉള്‍പ്പെടെ ടീം അംഗങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് മൈതാനത്ത് ചര്‍ച്ച നടത്തിയപ്പോള്‍, രോഹിത് മനപൂര്‍വമെന്നോണം അവിടെ നിശബ്ദത പാലിക്കുകയായിരുന്നു. 9.40 ഓടെ രോഹിത് ഗ്രൗണ്ട് വിട്ടു. ടോസ് ചെയ്യാന്‍ അല്‍പ്പ സമയം മാത്രമായിരുന്നു ബാക്കി. ബൗണ്ടറി ലൈനിന് സമീപം റിസര്‍വ് താരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും ദേശീയ ഗാനത്തിന് നിരന്നു നില്‍ക്കുമ്പോഴും, എല്ലാത്തില്‍ നിന്നും ഒഴിഞ്ഞെന്ന പോലെ അവിടെയും അയാളുടെ സാന്നിധ്യമില്ലായിരുന്നു.

Rohit Sharma

രോഹിത് പിന്നീട് ദൃശ്യനാകുന്നത് ഡ്രസ്സിംഗ് റൂമിന് അടുത്തായാണ്. ശാന്തമായിരുന്നു ഇരിപ്പെങ്കിലും മുഖം ചിന്താമൂകമായിരുന്നു. ഇനി ഈ വെള്ളക്കുപ്പായത്തില്‍ താന്‍ ഉണ്ടാകില്ലെന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തുപെടുകയായിരുന്നു അദ്ദേഹം!

മാറിയതോ മാറ്റിയതോ?
ദി ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്, സിലക്ടര്‍മാര്‍ രോഹിതിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിരിക്കുന്നുവെന്നാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം റെഡ് ബോള്‍ ക്രിക്കറ്റില്‍ രോഹിതിനെ പരിഗണിക്കാന്‍ കഴിയില്ലെന്ന കാര്യം സിലക്ടര്‍മാര്‍ സിഡ്‌നി ടെസ്റ്റിന് മുമ്പ് തന്നെ രോഹിതിനെ അറിയിച്ചിരുന്നുവെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കര്‍, കോച്ച് ഗൗതം ഗംഭീര്‍ എന്നിവരുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് സിഡ്‌നി ടെസ്റ്റില്‍ കളിക്കുന്നില്ലെന്ന തീരുമാനത്തില്‍ രോഹിത് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത പ്രകടനമായിരുന്നു കഴിഞ്ഞ മൂന്നു ടെസ്റ്റിലും ക്യാപ്റ്റന്റെ ഭാഗത്ത് നിന്നുണ്ടായത്. 3, 6, 10, 3, 9 ഇതായിരുന്നു കഴിഞ്ഞ അഞ്ച് ഇന്നിംഗ്‌സുകളിലെ സ്‌കോര്‍. തീര്‍ത്തും ആത്മവിശ്വാസം നഷ്ടപ്പെട്ടവനെപ്പോലെയായിരുന്നു രോഹിത്. ക്യാപ്റ്റനെന്ന നിലയില്‍ ഗ്രൗണ്ടിലെ പ്രവര്‍ത്തികളിലും ആ നഷ്ടം രോഹിതില്‍ പ്രതിഫലിച്ചിരുന്നു.

Post Thumbnail
അറിയാം ടീം ട്രംപിനെവായിക്കുക

rohit-bumrah-gambhir

സിഡ്‌നി ടെസ്റ്റില്‍ നിന്നും രോഹിത് സ്വയം ഒഴിവായതാണോ, ഒഴിവാക്കപ്പെട്ടതാണോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. എന്തായാലും രോഹിതിന് ശേഷമുള്ള കാര്യത്തെക്കുറിച്ച് സിലക്ടര്‍മാര്‍ തീരുമാനമെടുക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നതിനാല്‍ ഊഹിക്കും വിധം തന്നെയാകും കാര്യങ്ങള്‍ പോവുക. ചാമ്പ്യന്‍സ് ട്രോഫിയോടെ രോഹിതിന് സമ്പൂര്‍ണ വിരമിക്കിലിന് പദ്ധതിയൊരുക്കാനായിരിക്കും ലക്ഷ്യം.

ഗവാസ്‌കറും ശാസ്ത്രിയും പറയുന്നത്
രോഹിതിന്റെ ടെസ്റ്റ് കരിയര്‍ അവസാനിക്കുന്നു എന്നാണ് സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ യോഗ്യത നേടാത്ത പക്ഷം മെല്‍ബണ്‍ ടെസറ്റ് രോഹിതിന്റെ അവസാന ടെസ്റ്റ് ആയിരിക്കും” എന്നായിരുന്നു അഞ്ചാം ടെസ്റ്റിന്റെ ലഞ്ച് ബ്രേക്കില്‍, കമന്ററേറ്ററായ ഗവാസ്‌കര്‍ പ്രവചിച്ചത്. ഭാവിയിലേക്ക് വേണ്ടി യുവതാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരിക്കും സിലക്ടര്‍മാര്‍ ശ്രമിക്കുകയെന്നാണ് ഗവാസ്‌കറുടെ അഭിപ്രായം. മുന്‍ പരിശീലകന്‍ രവി ശാസ്ത്രിക്കും സമാന അഭിപ്രായമാണ്. സിഡ്‌നി ടെസ്റ്റിന്റെ അവസാനത്തോടെ രോഹിത് തന്റെ തീരുമാനം പ്രഖ്യാപിച്ചേക്കാമെന്നാണ് ശാസ്ത്രി പറയുന്നത്. ഹോം മാച്ചുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷേ തന്റെ തീരുമാനം രോഹിത് നീട്ടുമായിരുന്നു, പക്ഷേ അത്തരം സാധ്യതകളും ഇല്ലാത്തതിനാല്‍ തീരുമാനം ഇവിടെ വച്ച് തന്നെയുണ്ടാകാമെന്നാണ് ശാസ്ത്രി പറയുന്നത്. രോഹിതിന് ഇനിയും ചെറുപ്പമായി നില്‍ക്കാനാകില്ല, ഇവിടെ ആവശ്യത്തിലധികം ചെറുപ്പക്കാര്‍ ഉണ്ടുതാനും. കഴിവുള്ള ചെറുപ്പക്കാര്‍ അവസരത്തിനായി കാത്തു നില്‍ക്കുകയാണ്. പുതിയ താരങ്ങളെക്കൊണ്ട് ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കേണ്ട സമയമായി. തീരുമാനം എടുക്കുന്നത് കഠിനമാണ്, പക്ഷേ എല്ലാത്തിനും അതിന്റെതായ സമയമുണ്ട്” രവി ശാസ്ത്രി ഓര്‍മിപ്പിക്കുന്നു.

Ajit Agarkar-Virat Kohli

കോഹ്‌ലിയുടെ കാര്യത്തിലും തീരുമാനം?
ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷം വിരാട് കോഹ്‌ലിയുമായും സിലക്ടര്‍മാര്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഭാവി തീരുമാനം എടുക്കാന്‍ കോഹ്‌ലിയെ നിര്‍ബന്ധിക്കുക തന്നെയാണ് ലക്ഷ്യം. എന്തായാലും ഓസീസ് പര്യടനത്തിന് ശേഷം ടീം ഇന്ത്യ ശ്രദ്ധേയമായൊരു പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കും. അതേസമയം, മറ്റൊരു സീനിയര്‍ താരമായ രവീന്ദ്ര ജഡേജയ്ക്ക് സമയം നീട്ടിക്കിട്ടാനാണ് സാധ്യത. ഇന്ത്യന്‍ ടീമില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും വിശ്വസ്യനീയനായ ഓള്‍ റൗണ്ടര്‍ ജഡേജ തന്നെയാണെന്നാണ് സിലക്ടര്‍മാര്‍ കരുതുന്നത്. പുതിയവര്‍ വരുമ്പോള്‍ അനുഭവ സമ്പന്നനായൊരു ഓള്‍ റൗണ്ടര്‍ ടീമിലുള്ളത് ഗുണം ചെയ്യുമെന്ന് അഗാര്‍ക്കറും സംഘവും കരുതുന്നു.  Rohit Sharma’s Test career is over?

 

 

Content Summary; Rohit Sharma’s Test career is over?

×