ഗോൾ നേടുന്നതിലെ അഡ്രിനാലിന് പകരം മറ്റൊന്നില്ല, അടുത്ത ലോകകപ്പോടെ വിരമിച്ചേക്കും: ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച് റൊണാൾഡോ!

അവൾ എൻ്റെ ജീവിതത്തിലെ സ്നേഹം

മൈതാനത്തെ തൻ്റെ ഓരോ ചലനത്തിലൂടെയും കാലത്തെ കീഴ്പ്പെടുത്തുന്ന മാന്ത്രികൻ. പോർച്ചുഗലിലെ മഡെയ്‌റയിൽ നിന്ന് ആരംഭിച്ച്, ഫുട്‌ബോളിൻ്റെ ചരിത്ര താളുകളിൽ തൻ്റെ പേര് സ്വർണ്ണ ലിപികളാൽ രേഖപ്പെടുത്തിയ, അടങ്ങാത്ത വാശിയുടെയും അർപ്പണബോധത്തിൻ്റെയും ജീവിക്കുന്ന ഇതിഹാസം: ക്രിസ്റ്റ്യാനോ റൊണാൾഡോ ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’. 30 വയസ്സ് പിന്നിട്ട ശേഷവും ഒരു യുവതാരത്തിൻ്റെ ഊർജ്ജസ്വലതയോടെ ഗോൾവല കുലുക്കുന്ന അദ്ദേഹത്തിൻ്റെ അസാമാന്യമായ സ്ഥിരത, കായികലോകത്തിന് ഒരു പാഠപുസ്തകമാണ്.

പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനുമായി, സൗദിയിലെ വീട്ടിലിരുന്ന് വിരമിക്കൽ ഉൾപ്പെടെയുള്ള ഭാവി കാര്യങ്ങളെക്കുറിച്ചും, തൻ്റെ മുൻ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും, കുടുംബബന്ധങ്ങളെക്കുറിച്ചുമെല്ലാം റൊണാൾഡോ നടത്തിയ തുറന്നുപറച്ചിലുകളാണ് ഇപ്പോൾ ഫുട്‌ബോൾ ലോകത്തെ ചർച്ചാ വിഷയം.

മാഞ്ചസ്റ്റർ യുണൈറ്റഡ് തകർച്ചയിൽ ദുഃഖം

തൻ്റെ മുൻ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ നിലവിലെ അവസ്ഥയിൽ കടുത്ത നിരാശ താരം മറച്ചു വെച്ചില്ല.

“ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് കൃത്യമായ ഒരു ഘടനയില്ല. ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബുകളിലൊന്നാണ് യുണൈറ്റഡ്. അതിനാൽ തന്നെ, ക്ലബ്ബിൻ്റെ സാധ്യതകൾ വളരെ വലുതാണ്. ഭാവിയിൽ മാറ്റങ്ങൾ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സത്യസന്ധമായി പറഞ്ഞാൽ യുണൈറ്റഡ് ഇപ്പോൾ ശരിയായ പാതയിലല്ല. മാറ്റങ്ങൾ അനിവാര്യമാണ്. എൻ്റെ അഭിപ്രായത്തിൽ, പരിശീലകൻ്റെയോ കളിക്കാരുടെയോ മാത്രം പ്രശ്നമല്ല ഇത്”.

യുണൈറ്റഡിൻ്റെ ഹെഡ് കോച്ച് റൂബൻ അമോറിമിനെക്കുറിച്ച് സംസാരിച്ചപ്പോഴും, അദ്ദേഹത്തിന് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയില്ലെനന്നായിരുന്നു റൊണാൾഡോയുടെ മറുപടി. “അദ്ദേഹം തന്നാലാവുന്നത് ചെയ്യുന്നുണ്ട്. നിങ്ങൾ എന്ത് ചെയ്യാനാണ് പോകുന്നത്? അത്ഭുതങ്ങൾ പ്രവർത്തിക്കാനോ? അത്ഭുതങ്ങൾ അസാധ്യമാണ്.”

ലോകത്തിലെ ആദ്യ ഫുട്‌ബോൾ ശതകോടീശ്വരൻ

“ആ സംഖ്യയിലേക്ക് എത്തുക എന്നത് എൻ്റെ ലക്ഷ്യം തന്നെയായിരുന്നു. പണത്തോട് എനിക്ക് ഒട്ടും ഭ്രമമില്ല. പക്ഷേ, ഒരു പ്രത്യേക നിലവാരത്തിൽ എത്തിക്കഴിഞ്ഞാൽ, പണം ഒരു വിഷയമേ അല്ലാതാകും. എങ്കിലും, കൂടുതൽ പണം കൈവശം വെക്കുന്നത് എപ്പോഴും നല്ല കാര്യമാണല്ലോ.” തൻ്റെ ജീവിതത്തിലെ ആഡംബരങ്ങളെക്കുറിച്ചും റൊണാൾഡോ മറച്ചുവെച്ചില്ല. “എൻ്റെ പക്കൽ എത്ര കാറുകളുണ്ടെന്ന് എനിക്ക് എണ്ണം നഷ്ടപ്പെട്ടിരിക്കുന്നു. ഞാൻ വിനയം നടിക്കുന്നില്ല, ഇതൊരു യാഥാർത്ഥ്യമാണ്,” അദ്ദേഹം പറഞ്ഞു.

തൻ്റെ ഏറ്റവും വലിയ ആഡംബര വാങ്ങലായി അദ്ദേഹം എടുത്തു പറഞ്ഞത് ഒരു വിമാനമാണ്. “ഞാൻ ഒരു സാധാരണ വ്യക്തിയല്ല. അതുകൊണ്ട് എനിക്ക് എയർപോർട്ടുകളിൽ ക്യൂ നിന്ന് നിൽക്കാൻ സാധിക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞാൻ കരഞ്ഞേക്കാം”: വിരമിക്കലിനെക്കുറിച്ച് റൊണാൾഡോ

അൽ നസർ ക്ലബ്ബുമായി 2027 വരെ കരാറുണ്ടെങ്കിലും, ഫുട്‌ബോൾ മൈതാനത്തോട് വിട പറയുന്നതിനെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ വികാരഭരിതനായി. അടുത്ത വർഷം നടക്കുന്ന ലോകകപ്പ് അദ്ദേഹത്തിന്റെ കരിയറിലെ അവസാന പ്രധാന ടൂർണമെന്റായേക്കാം.

“വിരമിക്കൽ ഉടൻ തന്നെയുണ്ടാകും. അത് ഏറെ കഠിനവും പ്രയാസകരവുമായിരിക്കും. ഒരുപക്ഷേ ഞാൻ കരഞ്ഞേക്കാം, അതെ. പക്ഷേ, 25-26 വയസ്സു മുതൽ ഞാൻ എൻ്റെ ഭാവിക്കുവേണ്ടി തയ്യാറെടുക്കുന്നുണ്ട്. ഒരു ഗോൾ നേടുമ്പോൾ ലഭിക്കുന്ന അഡ്രിനാലിൻ അനുഭവം മറ്റൊന്നിനും നൽകാൻ കഴിയില്ല. എങ്കിലും, എല്ലാത്തിനും ഒരു തുടക്കവും ഒടുക്കവും ഉണ്ടല്ലോ.” വിരമിക്കലിനു ശേഷം കുടുംബത്തിന് കൂടുതൽ സമയം നൽകാനാണ് താരം ആഗ്രഹിക്കുന്നത്.

“വിരമിച്ചാൽ എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി കൂടുതൽ സമയം കണ്ടെത്താൻ സാധിക്കും. മകൻ ക്രിസ്റ്റ്യാനോ ജൂനിയറിനെ (പോർച്ചുഗൽ അണ്ടർ-16 താരം) ശ്രദ്ധിക്കണം. അവൻ മണ്ടത്തരങ്ങൾ കാണിക്കാൻ സാധ്യതയുള്ള പ്രായത്തിലാണ്. ഞാൻ കുടുംബത്തോടൊത്ത് ജീവിക്കാനാണ് കൂടുതൽ ആഗ്രഹിക്കുന്നത്, അവർക്കൊപ്പം സജീവമായി ഉണ്ടാകണം.”

“അവൾ എൻ്റെ ജീവിതത്തിലെ സ്നേഹം”: ജോർജീനയെക്കുറിച്ച് റൊണാൾഡോ

തൻ്റെ ദീർഘകാല പങ്കാളി ജോർജീന റോഡ്രിഗസുമായുള്ള വിവാഹനിശ്ചയം ഉടനെന്ന് റൊണാൾഡോ. ഏറ്റവും ഇളയ കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ വിവാഹാഭ്യർത്ഥന നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

“ഇതാണ് ഏറ്റവും ശരിയായ നിമിഷം. അവൾ എൻ്റെ കുട്ടികളുടെ അമ്മയാണ് എന്നതുകൊണ്ട് മാത്രമല്ല, അവളാണ് എൻ്റെ ജീവിതത്തിലെ സ്നേഹം. ജോർജീന അതുല്യയാണ്.” “അവൾ എന്നെ ശ്രദ്ധിക്കുന്നു, അത് വളരെ പ്രധാനമാണ്. കുടുംബത്തെയും വീടിനെയും അവൾ നോക്കുന്നു. അതിന് വലിയ അധ്വാനം ആവശ്യമാണ്. ഇതാണ് ഞാൻ തേടുന്ന വ്യക്തി. അവളാണ് എന്നെ മനസ്സിലാക്കുകയും എന്നെയും എൻ്റെ കുടുംബത്തെയും സംരക്ഷിക്കുകയും ചെയ്യുന്നത്.”

ജീവിതത്തിലെ ദുരന്തം ബന്ധം ദൃഢമാക്കി

2022-ൽ ഇവർക്ക് നഷ്ടപ്പെട്ട മരിച്ച നിലയിൽ ജനിച്ച മകനെക്കുറിച്ചുള്ള ഓർമ്മകളും റൊണാൾഡോ പങ്കുവെച്ചു. ആ ദുരന്തം തങ്ങളെ കൂടുതൽ അടുപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

“ഒരുപക്ഷേ ആ പ്രയാസകരമായ കാലഘട്ടത്തിലാണ് ഞങ്ങളുടെ ബന്ധം കൂടുതൽ ദൃഢമായത്. എല്ലാം ഒരു കാരണത്തോടെയാണ് സംഭവിക്കുന്നത്. ഞങ്ങൾ അനുഗ്രഹീതരായ കുടുംബമാണ്.”

content summary: Ronaldo shocks football world, hints at retirement after world cup

This post was last modified on November 5, 2025 4:13 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment