മാധ്യമ ചക്രവര്‍ത്തിയെന്ന് വിശേഷിപ്പിക്കാവുന്ന റുപര്‍ട്ട് മര്‍ഡോക്കും മക്കളും തമ്മില്‍ നിയമയുദ്ധത്തിലാണെന്ന് വിവരം. ദ ന്യൂയോര്‍ക്ക് ടൈംസ് തങ്ങള്‍ക്ക് ലഭിച്ച രേഖകള്‍ അടിസ്ഥാനമാക്കി ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നത്, മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യത്തിന്റെ അനന്തരാവകശവുമായി ബന്ധപ്പെട്ട് ഒരു രഹസ്യ നിയമ പോരാട്ടം നടക്കുന്നുണ്ടെന്നാണ്.
93 കാരനായ മര്‍ഡോക് തന്റെ കാലശേഷം മാധ്യമ വ്യവസായത്തിന്റെ പൂര്‍ണ കടിഞ്ഞാണ്‍ മൂത്തമകന്‍ ലോക്‌ലന്‍ മര്‍ഡോക്കിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചുവെന്നാണ് വിവരം. ഇതാണ് മറ്റു മക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. നിലവില്‍ മര്‍ഡോകിന്റെ മാധ്യമ സാമ്രാജ്യത്തിന്റെ നടത്തിപ്പുകാര്‍ കുടുംബ ട്രസ്റ്റാണ്. ഈ ട്രസ്റ്റില്‍ ഇളയ മകന്‍ ജെയിംസ്, സഹോദരി എലിസബത്ത്, അര്‍ദ്ധ സഹോദരി പ്രുഡന്‍സ് എന്നിവരും അംഗങ്ങളാണ്. ശതകോടീശ്വരനായ മര്‍ഡോക്കിന്റെ കാലശേഷം, ലോകത്തെ തന്നെ നിയന്ത്രിക്കാന്‍ ശക്തിയുള്ള മാധ്യമ ബിസിനസിന്റെ അവകാശികള്‍ ഈ നാലു മക്കളുമാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച മുദ്രവച്ച രേഖകളില്‍ പറയുന്ന കാര്യമായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്, കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ഫോക്‌സ് ന്യൂസ്, ദ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, ദ ന്യൂയോര്‍്ക് പോസ്റ്റ്, ദ ഓസ്‌ട്രേലിയന്‍ എന്നീ മാധ്യമസ്ഥാപനങ്ങളും യുകെ ആസ്ഥാനമായുള്ള ദ സണ്‍, ദ ടൈംസ് എന്നിവയുടെയും നിയന്ത്രണങ്ങള്‍ ലോക്‌ലനെ ഏല്‍പ്പിക്കാനാണ് മര്‍ഡോക് തീരുമാനിച്ചിരിക്കുന്നതെന്നാണ്.
മര്‍ഡോക്കിന്റെ മക്കളില്‍ കടുത്ത യാഥാസ്തികനായി അറിയപ്പെടുന്നയാളാണ് ലോക്‌ലന്‍ മര്‍ഡോക്. വലതുപക്ഷ വ്യതിയാനമുള്ള തന്റെ മാധ്യമലോകത്തിന്റെ മൂല്യങ്ങള്‍ നിലനില്‍ത്താന്‍ ലോക്‌ലന്റെ രാഷ്ട്രീയ വിശ്വാസങ്ങള്‍ അനിവാര്യമാണെന്നാണ് അച്ഛന്‍ മര്‍ഡോക് വാദിക്കുന്നത്. തന്റെ മാറിയ തീരുമാനം കൊണ്ട് ട്രസ്റ്റിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുമെന്ന വിശ്വാസം തെളിയിക്കാന്‍ സാധിക്കുമെങ്കില്‍ ട്രസ്റ്റിന്റെ കാര്യത്തില്‍ വില്‍പത്രം മാറ്റിയെഴുതാന്‍ മര്‍ഡോക്കിന് കഴിയുമെന്നാണ് നെവാഡയിലെ മരണപത്ര സാക്ഷ്യ വിഭാഗം കമ്മീഷണര്‍ അറിയിച്ചതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വില്‍പത്രം തിരുത്താന്‍ വില്യം ബാറിനെയാണ് മര്‍ഡോക് ഏല്‍പ്പിച്ചിരിക്കുന്നത്. ജോര്‍ജ് ഡബ്ല്യു ബുഷിന്റെയും ട്രംപിന്റെയും കാലത്ത് യു എസ് അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ചയാളാണ് ബാര്‍.
റുപര്‍ട് മര്‍ഡോക്കിന്റെ തീരുമാനത്തില്‍ കുടുംബം ഏകപക്ഷീയമായ തീരുമാനത്തില്‍ എത്താത്തപക്ഷം, ഫോക്‌സിന്റെ ഭാവിക്കായുള്ള നിയമപോരാട്ടം ഈ സെപ്തംബറില്‍ കോടതിയിലെത്തും. അതായത് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടു മാസം മുമ്പ്.
തന്റെ മരണശേഷം കുടുംബത്തില്‍ സ്വത്തിന്റെ പേരില്‍ തമ്മില്‍ തല്ല് നടക്കരുതെന്ന ലക്ഷ്യത്തിലാണ് മര്‍ഡോക് ഉള്ളതെന്നും അതുകൊണ്ടാണ് വില്‍പത്രത്തെ അദ്ദേഹം ‘ പ്രൊജക്ട് ഹാര്‍മണി’ എന്നു പേരിട്ട് വിശേഷിപ്പിക്കുന്നതെന്നും അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. എന്നാല്‍ ഇങ്ങനെയൊരു തീരുമാനം അച്ഛന്‍ എടുത്തതില്‍ എല്ലാ മക്കളും സന്തോഷത്തിലല്ല. അവര്‍ക്ക് എതിര്‍പ്പുണ്ട്. ഈ വിഷയത്തില്‍ എന്തെങ്കിലും പ്രതികരണം നടത്താന്‍ ഫോക്‌സ് ഇതുവരെ തയ്യാറായിട്ടില്ല.
മാധ്യമ ലോകത്തെ പരിവര്‍ത്തന ദിശയിലേക്ക് നയിക്കുകയും അതേ സമയം വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു കൊണ്ട് ചരിത്രത്തില്‍ ഇടം നേടിയ മാധ്യമ രാജാവ് കഴിഞ്ഞ നവംബറിലാണ് ഏഴ് പതിറ്റാണ്ട് കാലം നീണ്ട ബിസിനസ് ജീവിതത്തിന് വിരാമമിട്ട് വിശ്രമത്തിനായി വഴിമാറിയത്. അതിനു ശേഷം ഫോക്‌സ് ന്യൂസിന്റെ മാതൃ കമ്പനിയായ ന്യൂസ് കോര്‍പ്പറേഷന്‍ ആന്‍ഡ് ഫോക്‌സ് കോര്‍പ്പറേഷന്റെ അധികാര കസേരയില്‍ ലാച്‌ലന്‍ മര്‍ഡോക് ഇരിക്കാന്‍ തുടങ്ങിയത്.
ഒരുകാലത്ത് മര്‍ഡോകിന്റെ പിന്‍ഗാമിയായി അറിയപ്പെട്ടിരുന്ന ജെയിംസായിരുന്നു. എന്നാല്‍ ഫോക്‌സ് നടത്തുന്ന കാലാവസ്ഥ വ്യതിയാന നിഷേധത്തിന്റെ വിമര്‍ശകനായത് മുതല്‍ ജെയിംസിന്റെ പിന്‍ഗാമി സ്ഥാനത്തിനും ഇളക്കം തട്ടി. അമേരിക്കന്‍ മാധ്യമങ്ങളുടെ ശക്തനായ വിമര്‍ശകനാണ് ജെയിംസ്. വഞ്ചനാപരമായ പ്രചാരണങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണ് മാധ്യമങ്ങളെന്നായിരുന്നു ജെയിംസ് കുറ്റപ്പെടുത്തിയത്. Rupert murdoch in legal battle with children over his media empire
Content Summary; Rupert murdoch in legal battle with children over his media empire