യുക്രെയ്ന്‍ യുദ്ധത്തിന് നാലാണ്ട്: അവസാനിക്കാത്ത രക്തച്ചൊരിച്ചിലും തളരാത്ത പോരാട്ടവും

സ്വതന്ത്രമായ യുക്രെയ്ന്‍ എന്നതാണ് കീവിന്റെ ലക്ഷ്യം

2022 ഫെബ്രുവരി 24. ലോകത്തെ നടുക്കിക്കൊണ്ട് റഷ്യന്‍ ടാങ്കുകള്‍ യുക്രെയ്ന്‍ അതിര്‍ത്തി ഭേദിച്ച് ഇരച്ചുകയറി. ഒരു മാസത്തിനുള്ളില്‍ യുക്രെയ്ന്‍ നഗരം കീഴടക്കാമെന്നും, വ്ളാഡിമിര്‍ സെലെന്‍സ്‌കിയുടെ സര്‍ക്കാരിനെ താഴെയിറക്കി റഷ്യന്‍ ഭരണകൂടത്തെ പ്രതിഷ്ഠിക്കാമെന്നുമായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ആ നീക്കങ്ങളെ യുക്രെയ്ന്‍ പ്രതിരോധിച്ചതോടെ, അധിനിവേശം നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും മോസ്‌കോയുടെ വിജയപ്രതീക്ഷകള്‍ പാതിവഴിയിലാണ്.

കഴിഞ്ഞ മാസം റഷ്യ-യുക്രെയ്ന്‍ യുദ്ധം മറ്റൊരു ചരിത്ര നാഴികക്കല്ല് കൂടി പിന്നിട്ടു. 1,418 ദിവസങ്ങള്‍! രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി, ജര്‍മ്മനിയെ പരാജയപ്പെടുത്താന്‍ സോവിയറ്റ് യൂണിയന്‍ എടുത്ത അതേ കാലയളവാണിത്. എട്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബെര്‍ലിനിലേക്ക് ഇരച്ചുകയറിയ അതേ റെഡ് ആര്‍മിയുടെ പിന്‍മുറക്കാര്‍, ഇന്ന് യുക്രെയ്‌നിന്റെ കിഴക്കന്‍ വ്യാവസായിക മേഖലകളില്‍ ഓരോ ഇഞ്ച് മണ്ണിനും വേണ്ടി പോരാടുകയാണ്. അധിനിവേശത്തിന് ശേഷം യുക്രെയ്‌നിന്റെ ഏകദേശം 20 ശതമാനം ഭാഗം റഷ്യ പിടിച്ചടക്കിയെങ്കിലും, കഴിഞ്ഞ രണ്ട് വര്‍ഷമായി അവരുടെ മുന്നേറ്റം വളരെ മന്ദഗതിയിലാണ്. ഇത് വെറുമൊരു അധിനിവേശമല്ല, മറിച്ച് യൂറോപ്പിന്റെ ഭൂപടത്തെയും ലോകക്രമത്തെയും മാറ്റിമറിയ്ക്കുന്ന മഹാദുരന്തമായി മാറിയിരിക്കുകയാണ്.

യുദ്ധം വരുത്തിവെച്ച മനുഷ്യനഷ്ടം ഇരുരാജ്യങ്ങള്‍ക്കും സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ മനുഷ്യക്കുരുതിയായി റഷ്യ-യുക്രെയ്ന്‍ യുദ്ധം മാറി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇരുവശത്തുനിന്നുമായി ഏകദേശം 20 ലക്ഷം സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. റഷ്യന്‍ പക്ഷത്ത് മാത്രം 3,25,000 പേര്‍ കൊല്ലപ്പെട്ടതായാണ് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് കണക്കാക്കുന്നത്.

യുക്രെയ്‌നുണ്ടായ ആഘാതവും ചെറുതല്ല. 1,40,000-ല്‍ അധികം സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇത് വെറുമൊരു ഭൂപ്രദേശത്തിന് വേണ്ടിയുള്ള യുദ്ധമല്ല, മറിച്ച് യുക്രേനിയന്‍ ജനതയുടെ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമാണ്. അതുകൊണ്ട് തന്നെ ഇതൊരു വംശീയയുദ്ധമായി മാറിക്കഴിഞ്ഞു. ആരുടെ പക്കല്‍ കൂടുതല്‍ സൈനികരും ആയുധങ്ങളും അവശേഷിക്കുന്നുവോ അവര്‍ മാത്രം അതിജീവിക്കുന്ന ക്രൂരമായ പോരാട്ടത്തിനാണ് നാല് വര്‍ഷമായി ലോകം സാക്ഷ്യംവഹിക്കുന്നത്.

യുക്രെയ്‌നിന്റെ ഊര്‍ജ്ജ സംവിധാനങ്ങളെ ലക്ഷ്യം വച്ചുള്ള റഷ്യന്‍ മിസൈല്‍ ആക്രമണങ്ങള്‍ ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. കൊടും തണുപ്പില്‍ ദിവസവും മണിക്കൂറുകളോളം വൈദ്യുതിയില്ലാതെ ജനങ്ങള്‍ വലയുന്നു. പവര്‍ ഗ്രിഡുകളെ ഒറ്റപ്പെട്ട ദ്വീപുകളാക്കി മാറ്റി രാജ്യത്തെ നിശ്ചലമാക്കുക എന്ന തന്ത്രമാണ് റഷ്യ പയറ്റുന്നത്. ഇതിന് മറുപടിയായി റഷ്യയുടെ സാമ്പത്തിക സ്രോതസ്സായ എണ്ണക്കയറ്റുമതിയെയാണ് യുക്രെയ്ന്‍ ലക്ഷ്യമിട്ടത്.

സൈനിക ചരിത്രത്തില്‍ ആദ്യമായി ഡ്രോണുകള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന യുദ്ധമാണിത്. ഒപ്റ്റിക്കല്‍ ഫൈബര്‍ ബന്ധിപ്പിച്ച ഡ്രോണുകളും ഇലക്ട്രോണിക് ജാമിംഗ് ഉപകരണങ്ങളും യുദ്ധഭൂമിയെ ഒരു ‘കില്‍ സോണ്‍’ ആക്കി മാറ്റി. ഒരു വശത്ത് ഒന്നാം ലോകമഹായുദ്ധത്തിന് സമാനമായ ‘ട്രെഞ്ച് വാര്‍ഫയര്‍’ അഥവാ കിടങ്ങ് യുദ്ധം നടക്കുമ്പോള്‍, മറുവശത്ത് അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഓരോ നീക്കവും. യുക്രെയ്ന്‍ തിരിച്ചടി തുടങ്ങിയതോടെ കരിങ്കടലിലെ റഷ്യന്‍ കപ്പലുകള്‍ക്ക് വരെ ഉള്‍വലിയേണ്ടി വന്നു. ‘സ്‌പൈഡര്‍വെബ്’ എന്ന രഹസ്യ ഓപ്പറേഷനിലൂടെ റഷ്യയുടെ വ്യോമതാവളങ്ങള്‍ വരെ യുക്രെയ്ന്‍ ആക്രമിച്ചു.

യുദ്ധക്കളത്തിലെന്നപോലെ ലോകരാഷ്ട്രങ്ങള്‍ക്കിടയിലും തന്ത്രപരമായ ചതുരംഗക്കളിയാണ് നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥനായി എത്തിയതോടെ സമാധാന ചര്‍ച്ചകള്‍ക്ക് സാധ്യത തെളിയുന്നുണ്ടെങ്കിലും നിബന്ധനകള്‍ കടുത്തതാണ്. പിടിച്ചെടുത്ത നാല് മേഖലകള്‍ വിട്ടുതരണമെന്നും യുക്രെയ്ന്‍ നാറ്റോയില്‍ ചേരരുത് എന്നുമാണ് പുടിന്റെ ആവശ്യം. എന്നാല്‍ സുരക്ഷാ ഗ്യാരണ്ടി ഇല്ലാതെ ഒരു വെടിനിര്‍ത്തലിന് സെലെന്‍സ്‌കി തയ്യാറല്ല. റഷ്യന്‍ സ്വാധീനമില്ലാത്ത, സ്വതന്ത്രമായ യുക്രെയ്ന്‍ എന്നതാണ് കീവിന്റെ ലക്ഷ്യം. ട്രംപും പുടിനും തമ്മിലുള്ള ‘അലാസ്‌ക ഉച്ചകോടിയിലെ’ കരാറുകള്‍ക്ക് പിന്നാലെ, യുക്രെയ്‌നിലെ ജനവിധി അറിയാന്‍ ഒരു റഫറണ്ടം എന്ന ആശയവും ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ ട്രംപും പുടിനും തമ്മിലുള്ള താല്‍ക്കാലിക കരാറുകള്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന ഭയവും യുക്രെയ്‌നിനുണ്ട്.

നാല് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ യുക്രെയ്‌നും റഷ്യയും സാമ്പത്തികമായും സാമൂഹികമായും തളര്‍ന്ന് കഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങള്‍ക്കിടയിലും റഷ്യന്‍ സമ്പദ്വ്യവസ്ഥ തകരാതെ നില്‍ക്കുന്നത് ലോകത്തെ അത്ഭുതപ്പെടുത്തുന്നു. ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങളും ആഭ്യന്തര ആയുധ നിര്‍മ്മാണത്തിന് നല്‍കുന്ന മുന്‍ഗണനയും പുടിന് കരുത്തേകുന്നു. റഷ്യന്‍ സമ്പദ്വ്യവസ്ഥ സൈനിക ആവശ്യങ്ങള്‍ക്കായി മാറ്റിവെക്കപ്പെട്ടിരിക്കുകയാണ്. പണപ്പെരുപ്പവും തൊഴിലാളി ക്ഷാമവും റഷ്യയെ ഉലയ്ക്കുന്നുണ്ടെങ്കിലും യുദ്ധം തുടരാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് പുടിന്‍ ഉറച്ചുവിശ്വസിക്കുന്നു. മറുവശത്ത്, പാശ്ചാത്യ പിന്തുണയോടെ തങ്ങളുടെ മണ്ണ് തിരിച്ചുപിടിക്കാന്‍ യുക്രെയ്‌നും പോരാടുന്നു.

നാല് വര്‍ഷങ്ങള്‍, ലക്ഷക്കണക്കിന് മരണങ്ങള്‍, ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കപ്പെട്ട നഗരങ്ങള്‍. എങ്കിലും യുദ്ധം എന്ന് അവസാനിക്കും എന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. ജൂണ്‍ മാസത്തോടെ ഒരു പരിഹാരം ഉണ്ടാകുമെന്ന് ലോകം പ്രതീക്ഷിക്കുമ്പോഴും കലാപഭൂമിയിലെ ജനതകളുടെ മുന്നിലൂടെ വെടിയുണ്ടകള്‍ പായുകയാണ്.

Content Summary: Russia–Ukraine war enters fourth year: 1,418 days of conflict

This post was last modified on February 24, 2026 11:06 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment