June 15, 2026 |

വര്‍ണയാമയെന്ന ശൈത്യവിസ്മയം

ശീതരക്തമുള്ള ഉരഗവര്‍ഗമായാണ് ഇവയെ കണക്കാക്കാറ്

വടക്കനമേരിക്കയിലെമ്പാടുമായി പരന്നു കിടക്കുന്ന തണ്ണീര്‍ത്തടങ്ങളിലെ നദികള്‍ക്ക് വേഗത പൊതുവെ കുറവാണ്. നിറം മാറിക്കൊണ്ടേയിരിക്കുന്ന ആകാശത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് കാടുകളും, കുളങ്ങളും താണ്ടിയൊഴുകന്ന ആ മന്ദപ്രവാഹിനികളില്‍ കഴിഞ്ഞുകൂടുന്ന ഒരു ജീവിയുണ്ട്. സൗന്ദര്യത്തിനൊപ്പം ഇത്രയും സഹനശക്തി കൈമുതലായുള്ള മറ്റൊരു മൃഗമുണ്ടോ എന്നു സംശയിച്ചുപോവും ആ ജീവചരിത്രം മനസിലാക്കിയാല്‍. ഡേവിഡ് ആറ്റന്‍ബറോയുടെ വീഡിയോയില്‍ നിന്നാണ് ഞാനിതിനെ ആദ്യമായി കാണുന്നതും മനസ്സിലാക്കുന്നതും. പിന്നീട് കൂടുതല്‍ വായിച്ചറിഞ്ഞു.

പ്രകൃതിയുടെ വർണക്കൂട്ട്

ക്രിസെമിസ് പിക്റ്റ എന്നു ശാസ്ത്രീയനാമമുള്ള ഈ വര്‍ണയാമയ്ക്ക് കഷ്ടിച്ച് അരയടി നീളമേ ഉള്ളൂ. എങ്കിലും നാലു മുതല്‍ പത്തിഞ്ച് വലിപ്പമുള്ളവരേയും കാണാം. പെണ്ണിനേക്കാള്‍ ആണല്പം ചെറുതാണ്. ചുവപ്പ്, മഞ്ഞ, പിംഗലം, ഒലീവ് നിറങ്ങള്‍ ഭംഗിയോടെ ഇരുണ്ടൊരു കാന്‍വാസില്‍ വരച്ചിട്ടതുപോലെയാണ് ഇവയുടെ കാഴ്ച. അതില്‍ വരകളും, പൊട്ടുകളും, ചന്ദ്രക്കലകളുമെല്ലാമുണ്ട്. പുറന്തോടാണല്ലോ ആമകളുടെ ഏറ്റവും സവിശേഷമായ അവയവം. മിനുസമുള്ളതും പരന്നതുമായ ഈ പുറന്തോടിന് അണ്ഡാകൃതിയാണ്. അടിഭാഗത്തുമുണ്ട് ഓറഞ്ചും മഞ്ഞയും കറുപ്പും ചേര്‍ന്ന മനോഹര നിറക്കൂട്ടുകള്‍. ശിരസ്സിലെന്നപോലെ നാലു കാലിലുമുണ്ട് വര്‍ണ്ണവരകള്‍. മഞ്ഞയാണതില്‍ പ്രധാനം. കഴുത്തിലൂടെ വാലിലേക്കു പോകുന്തോറും ചില ചുവപ്പന്‍ വരകളും കാണാം. പ്രാദേശികഭേദമനുസരിച്ച് നാല് സബ്‌സ്പീഷിസുകള്‍ ഉണ്ട് ഈ വര്‍ണകൂര്‍മങ്ങളില്‍.

വടക്കേ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കൂര്‍മജാതിയും ഇതുതന്നെ. ശീതരക്തമുള്ള ഉരഗവര്‍ഗമായാണ് ഇവയെ കണക്കാക്കാറ്. ഇക്കൂട്ടത്തില്‍ ഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്തായി കാണപ്പെടുന്നവരെക്കുറിച്ചാണ് ഞാന്‍ ഇപ്രാവശ്യം പറയാന്‍ പോകുന്നത്. അതായത്, മഞ്ഞുറയുന്ന കനേഡിയന്‍ ഭൂമിയില്‍ കഴിയുന്നവര്‍. ഇവരെ യഥാര്‍ത്ഥത്തില്‍ ഒരു ആര്‍ട്ടിക് ജീവിയായി കണക്കാക്കാറില്ല. വര്‍ഷം മുഴുവനും ഊഷരഹിമഭൂമിയായി കഴിയുന്ന ആര്‍ട്ടിക്കില്‍ ഇത്തരം ജലജീവികള്‍ക്ക് കഴിഞ്ഞുകൂടല്‍ എളുപ്പവുമല്ല. എങ്കിലും ആര്‍ട്ടിക്കിനെ വെല്ലുന്ന തണുപ്പുള്ള ഇടങ്ങളില്‍ ഈ വര്‍ണയാമകള്‍ എത്തിപ്പെടുന്നുണ്ട്. അവിടെ ജീവിക്കുന്നുമുണ്ട്. പ്രത്യേകിച്ചും ബ്രിട്ടീഷ് കൊളംബിയയിലെ ഹിമതടാകങ്ങളിലും, ഒണ്ടേറിയോവിലെ മഞ്ഞുറയുന്ന ജലപാതകളിലും.

മറ്റൊരു സബ്സ്പീഷീസ്

ഏതോ ഒരു മഹാചിത്രകാരന്റെ വര്‍ണ ബ്രഷുകള്‍ പതിഞ്ഞ കാന്‍വാസായേ വര്‍ണയാമകളെ കണ്ടാല്‍ തോന്നൂ. പക്ഷെ, ഇതേ കാന്‍വാസ് പ്രകൃതിയുടെ മാരകമായ തണുപ്പിനേയും, പ്രാണവായുരഹിതമായ അന്തരീക്ഷത്തേയും, തികഞ്ഞ ഒറ്റപ്പെടലിനേയും അതിജീവിക്കാനാവുന്ന വിധത്തില്‍ പരിണാമത്താല്‍ വരച്ചിടപ്പെട്ട മാസ്റ്റര്‍പീസ് കൂടിയാണെന്നറിയുമ്പോഴാണ് നാം ശരിക്കും അത്ഭുതപ്പെടുക. അതിശൈത്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് വസന്തത്തിലേക്ക് തിരിച്ചുനടക്കാന്‍ സഹായിക്കുന്ന അപാരമായൊരു സഹനശക്തി ഈ ജീവിയില്‍ ഉറങ്ങിക്കിടപ്പുണ്ട്- പ്രകൃതിയുടെ അനന്യചാതുര്യത്തിനൊരു ദൃഷ്ടാന്തമായി.

ശരത്കാലത്തിന്റെ അവസാനനാളുകളില്‍ കാനഡയിലെ പ്രശാന്തമായൊരു ജലാശയത്തെ സങ്കല്പിക്കുക. അതിന്റെ ഉപരിതലത്തിലും പരിസരത്തിലുമെങ്ങും വിവിധവര്‍ണത്തിലുള്ള ഇലകള്‍ കൊഴിഞ്ഞുവീണ് കിടപ്പുണ്ടാവും. ദിവസങ്ങള്‍ നീങ്ങുന്തോറും താപനില കുത്തനെ താഴോട്ടു വീഴുന്ന കാലം കൂടിയാണത്. ഇവിടെയുള്ള ജീവികളെല്ലാം സ്ഥലം വിടുന്ന സമയം. പക്ഷികള്‍ തെക്കോട്ടേക്കു ദേശാടനം തുടങ്ങും. സസ്തനികളാകട്ടെ, ഭൂമിയ്ക്കടിയിലേക്കു മാളങ്ങള്‍ തീര്‍ത്ത് അവിടെ വേണ്ടത്ര ഭക്ഷണങ്ങള്‍ ശേഖരിച്ച് തയ്യാറായിട്ടുണ്ടാവും. തണുപ്പില്‍ നിന്നു രക്ഷനേടാനുള്ള വിവിധ മാര്‍ഗങ്ങളാണവിടെ ആ സമയത്തരങ്ങേറുക.

ശീതനിദ്ര

പക്ഷെ, വര്‍ണയാമയ്ക്ക് ഇതൊന്നുമല്ല മുന്നിലുള്ള വഴി. അവര്‍ തങ്ങളുടെ ജലഗൃഹത്തില്‍ തന്നെ സ്ഥാനമുറപ്പിക്കും. തടാകത്തിനടിയിലെ മണ്‍തട്ടില്‍. ആ കുഴഞ്ഞ മണ്ണിലൊരു കുഴി കുഴിച്ചിട്ടുമുണ്ടാവും. നീണ്ട ശൈത്യകാലം തീരുവോളം അതിനുള്ളിലാണ് വാസം. ഓക്‌സിജനെന്നത് അവിടെ ഇല്ലെന്നു തന്നെ പറയാം. ഇനിയെങ്ങാനും കുറച്ച് ഓക്‌സിജന്‍ പരിസരത്തുണ്ടെങ്കില്‍ തൊലിയിലൂടെ അത് ആഗിരണം ചെയ്യാനും വര്‍ണയാമയ്ക്കു കഴിയുമത്രെ. അതും കഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ പാടെ മാറുകയായി. ചൂടിന്റേയും പ്രാണവായുവിന്റേയും അഭാവത്തില്‍ അപൂര്‍വമായൊരു ശൈത്യനിദ്രയിലേക്കാണ് വര്‍ണയാമ പ്രവേശിക്കുന്നത്. പൊതുവെ പറയുന്ന ഹൈബര്‍നേഷന്‍ എന്ന വാക്കല്ല ഇവിടെ ഉപയോഗിക്കുക. ഉഷ്ണരക്തജീവികളാണ് ഹൈബര്‍നേഷന്‍ ചെയ്യുക. ആമകള്‍ ഉള്‍പ്പെടുന്ന ഉരഗങ്ങള്‍ ശീതരക്തജീവികളാണ്. അവരുടെ ശൈത്യനിദ്ര അറിയപ്പെടുന്നതാകട്ടെ ബ്രുമേഷന്‍ എന്ന പേരിലും. കാരണം അതേറെ വ്യത്യസ്തവും, ദുഷ്‌കരവുമാണെന്നതിനാല്‍ ആറു മാസത്തോളം നീണ്ടുനിന്നേക്കും ഇവിടങ്ങളിലെ ശൈത്യകാലം എന്നോര്‍ക്കണം. അതായത് നവംബര്‍ മുതല്‍ ഏപ്രില്‍ വരെ.

ലോകത്തിലെ ഒരുപക്ഷേ, ഏറ്റവും കഠോരമായ കാലാവസ്ഥയാണത്. എല്ലാ തണ്ണീര്‍നിലങ്ങളും മഞ്ഞുറഞ്ഞുപോയിട്ടുണ്ടാവും. പുറത്തെ കരലോകവുമായി യാതൊരു ബന്ധവും അക്കാലത്ത് ജലജീവികള്‍ക്കുണ്ടാവില്ല. ഈ കാലത്തിന്റെ ദൈര്‍ഘ്യം മാത്രമല്ല അതിന്റെ അതിജീവനത്തെ അസാധാരണമാക്കുന്നത്മറ്റേതു ജീവിയും ഇല്ലാതായേക്കാവുന്ന ആ സാഹചര്യത്തിലും ശരീരത്തിലെ ജീവകണികയെ പിടിച്ചുനിര്‍ത്തുന്ന അങ്ങേയറ്റം അത്ഭുതകരമായ ശാരീരികരസതന്ത്രമാണ്.

ശീതനിദ്രയിൽ നിന്ന് ഉണരാനാവുന്നു

വര്‍ണയാമയുടെ അതിജീവനത്തിന്റെ അടിസ്ഥാനംതന്നെ അതിന്റെ ശ്രദ്ധേയമായ ഈ ശീതസഹനമാണെന്നു പറയാം. ഒരു എക്‌റ്റോതേം അഥവാ ശീതരക്തജീവിയായ വര്‍ണയാമയ്ക്ക് സ്വന്തമായി ശാരീരികോഷ്മാവ് ഉയര്‍ത്താനുള്ള കഴിവൊട്ടുമില്ല. അത് ചൂടുത്പാദിപ്പിക്കുന്നുമില്ല. പക്ഷേ, സസ്തനികള്‍ക്കതു കഴിയുമെന്നതിനാലാണ് അവര്‍ക്ക് ഇക്കാര്യം കുറച്ചുകൂടി എളുപ്പമാവുന്നത്. അതായത് ഉരഗങ്ങള്‍ ശൈത്യകാലത്തിന്റെ മൂര്‍ച്ഛയില്‍ കീഴടങ്ങുകയോ, മരണപ്പെടുകയോ ആണ് ഫലം. അതിനാല്‍ ആ അവസ്ഥയില്‍ നിന്നു നേരത്തെ തന്നെയവര്‍ ഒഴിഞ്ഞുമാറും.

പക്ഷേ, പരിണാമം വര്‍ണയാമയ്ക്കു മറ്റൊരു മാര്‍ഗമാണ് തുറന്നിട്ടുകൊടുത്തത്. രക്തം തണുത്തുറയാതിരിക്കാനുള്ള വസ്തുക്കള്‍ അവരിലുണ്ട്. അത്ര സങ്കീര്‍ണവും മറ്റെവിടേയും ഇല്ലാത്തതുമൊന്നുമല്ല അത്. തീര്‍ത്തും ലളിതമായൊരു വഴി. അതിഗാഢമായ ഗ്ലൂക്കോസും യൂറിയയുമാണ് ഇവിടെ നിര്‍ണായകമാവുന്നത്. ഇവയുടെ കൂടിയ സാന്ദ്രതയില്‍ മഞ്ഞുമൂലമുണ്ടാവുന്ന കേടുപാടുകളും കോശനാശവും വര്‍ണയാമകളില്‍ സംഭവിക്കുന്നില്ലത്രെ. പ്രത്യേകിച്ചും വര്‍ണയാമക്കുഞ്ഞുങ്ങളില്‍. ഒന്നാലോചിച്ചു നോക്കൂ, ജനിച്ചയുടനെയുള്ള ആ നിരാലംബശിശുക്കള്‍ ഈ കാലാവസ്ഥയില്‍ ഒരു മഞ്ഞുകട്ടയായി മാറാനും, അവയുടെ ഹൃദയമപ്പാടെ നിശ്ചലമാവാനും നിമിഷങ്ങള്‍ മാത്രം മതി. അതാണെങ്കില്‍ ഒന്നോ രണ്ടോ ദിവസത്തെ കാര്യവുമല്ല. മാസങ്ങള്‍ക്കു ശേഷം വന്നുചേരാവുന്ന ഊഷ്മകിരണങ്ങള്‍ വരെ ഇങ്ങനെത്തന്നെയായിരിക്കുമത്.

മഞ്ഞുരുകിത്തുടങ്ങി

പക്ഷേ, ഈ തണുത്തുറയല്‍ മാത്രമല്ല, ഇവിടെ ജീവികള്‍ക്ക് മാരകമാവുന്നത്. ഓക്‌സിജന്‍ ഇല്ലാതാവുന്നതും കൂടിയാണ്. മഞ്ഞുമൂടിയ തടാകത്തിലെ വെള്ളം പെട്ടെന്നാണ് പ്രാണവായുരഹിതമാവുക. ഉണ്ടായിരുന്ന അല്പം ഓക്‌സിജന്‍ തന്നെ വൈകാതെ ചീയലിനെ തുടര്‍ന്ന് അപ്രത്യക്ഷമാവും. ഇവിടെയാണ് വര്‍ണയാമ ഒരു പുതുപുത്തന്‍ അതിജീവനമാര്‍ഗം പുറത്തിടുക. അതതിന്റെ ശാരീരികപ്രവര്‍ത്തനത്തില്‍ വരുത്തുന്ന മാറ്റമാണ്. മാറ്റമെന്നു പറഞ്ഞാല്‍ പോര. തീര്‍ത്തും തകിടം മറിയുന്ന ഒരേര്‍പ്പാട്. ശരീരത്തിലെ ഏതു ചയാപചയ പ്രവര്‍ത്തനത്തിനും ഓക്‌സിജന്‍ അത്യന്താപേക്ഷിതമാണെന്നറിയാമല്ലോ. ഓക്‌സിജന്‍ ഇല്ലാതെ ജീവിക്കാനാവുക ഏതാനും സൂക്ഷ്മജീവികള്‍ക്കു മാത്രമാണ്. ഓക്‌സിജന്‍ ഈ ഭൂമിയില്‍ നിറയെ ഉണ്ടാവുന്നതിനും മുമ്പുള്ള ആദിഭൗമജീവനകാലത്തെ പാരമ്പര്യം പിന്തുടരുന്ന അനേറോബുകള്‍ക്കു മാത്രം സാധിക്കുന്ന ഏര്‍പ്പാട്. ഈ പ്രാണവായുരഹിതവ്യവസ്ഥയിലേക്കാണ് വര്‍ണയാമ സ്വയം മാറുക. ലോകമഹാത്ഭുതം എന്നു തന്നെ പറയണം ഇതിനെ. ദീര്‍ഘകാലം ഓക്‌സിജനില്ലാതെ ജീവിക്കാനാവുന്ന അനേറോബിക് ശക്തിയായി വര്‍ണയാമയിലെ ശാരീരികവ്യവസ്ഥ പാടെ രൂപാന്തരപ്പെടും.

ഈ ഘട്ടത്തില്‍ വര്‍ണയാമയുടെ ശരീരത്തിലെ ചയാപചയം ഒരു മന്ത്രണം പോലെയേ ഉണ്ടാവൂ. സാധാരണയുള്ളതിനേക്കാള്‍ പത്തിലൊന്നു മാത്രം. ഊര്‍ജ്ജാവശ്യം ആ സമയത്ത് ഏറ്റവും താഴ്ന്നായിരിക്കും നില്ക്കുക. അനേറോബിക് ജീവനപാതയായ ഗ്ലൈക്കോലിസിസ് എന്ന ഗ്ലൂക്കോസ് വിഘടനമാര്‍ഗമാണ് ഊര്‍ജ്ജോത്പാദനത്തിനു ഉപയോഗിക്കുക. ഊര്‍ജ്ജകണികയായ എ ടി പി അഥവാ അഡിനോസിന്‍ ട്രൈ ഫോസ്‌ഫേറ്റ് എന്ന രാസവസ്തുവാണ് ആ വിനിമയം നടത്തുന്നത്. സ്വാഭാവികമായും ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ ലാക്ടിക് ആസിഡിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിക്കും. പക്ഷെ, ആ സമയത്ത് പുറന്തോടില്‍ നിന്നും എല്ലുകളില്‍ നിന്നും ബഹിഷ്‌കൃതമാക്കുന്ന കാല്‍സ്യവും മഗ്‌നീഷ്യവും വര്‍ദ്ധിതാമ്ലതയെ നിയന്ത്രണത്തില്‍ കൊണ്ടുവരും. ഈ അത്യപൂര്‍വരീതി ലാക്ടിക് ആസിഡിനെ നിര്‍വീര്യമാക്കുക മാത്രമല്ല, രക്തത്തിലെ പിഎച്ചിനെ നിയന്ത്രിച്ചു നിര്‍ത്തുകയും ചെയ്യും. അല്ലെങ്കില്‍, എപ്പോഴോ വര്‍ണയാമ മരണവക്ത്രത്തില്‍ പോയി വീണേനേ. പരീക്ഷണങ്ങള്‍ കാണിക്കുന്നത് തണുത്തുറഞ്ഞ നിലയിലും ഓക്‌സിജന്‍ ഇല്ലാതെയുമായി വര്‍ണയാമയ്ക്ക് നൂറിലധികം ദിവസങ്ങള്‍ അതിജീവിക്കാനാവുമെന്നാണ്. ഇത്രയും കഠിനവും സുദീര്‍ഘവുമായ പ്രതിലോമ സാഹചര്യങ്ങളില്‍ ജീവന്‍ നിലനിര്‍ത്തുക എന്ന പ്രയത്‌നം ഇതിലും കാര്യക്ഷമതയോടെ മറ്റൊരു ജീവിയും ചെയ്തുകാണില്ല എന്നു തന്നെ കരുതണം. അതൊരു മഹത്തായ ജൈവതാളമാണ്. നിശ്ചലതയെന്തെന്നറിയാത്ത അനന്യസംഗീതം.

വെള്ളം ഉറയ്ക്കുന്ന ഊഷ്മാവിനു എത്രയോ താഴെയാണ് ശരീരതാപമെങ്കിലും, ഉള്ളില്‍ ചൂടുണ്ടാക്കാന്‍ യാതൊരു വഴിയുമില്ലാത്ത ഈ ജീവികളുടെ ശരീരത്തിലെ ജലാംശവും രക്തവുമൊന്നും ഉറച്ചുപോകുന്നില്ല എന്നതൊരു അത്ഭുതമല്ലേ. സത്യത്തില്‍ മരണവുമായുള്ള നൃത്തമാണത്. അതിലോലമായൊരു നൂല്‍പ്പാലത്തിലൂടെ കടന്നുപോകുംപോലെ.

വർണയാമക്കുഞ്ഞിൻ്റെ ശീതനിദ്ര

ഈ സമയത്ത് ശരീരത്തിലെ കോശങ്ങള്‍ക്കു പുറത്തുള്ള ഇടങ്ങളില്‍ തീര്‍ച്ചയായും ഹിമകണങ്ങള്‍ രൂപപ്പെടുന്നുണ്ടാവും. ഈ ഖരവല്ക്കരണം കോശത്തിനകത്തുള്ള ജലത്തെ പുറത്തേക്കു വലിക്കും. ഇത് കോശത്തിനുള്ളിലെ ലീനവസ്തുക്കളുടെ ഗാഢതയെ വര്‍ദ്ധിപ്പിക്കും. സത്യത്തില്‍ ഇതൊരു സുരക്ഷാ ഏര്‍പ്പാടാണ്. അല്ലെങ്കില്‍ പ്രധാന അവയവങ്ങള്‍ ഛിദ്രാവസ്ഥയില്‍ എത്താനിടയുണ്ട്. അതായത്, വര്‍ണയാമയുടെ ശരീരം ഈ അവസരത്തിലെ ദ്രവജല അഭാവത്തില്‍, കോശാനുകോശം ഒരു പരല്‍ശില്പമായി മാറുകയാണ് ചെയ്യുന്നത്. നേരത്തെ പറഞ്ഞ ബ്രുമേഷന്‍ എന്ന ശീതനിദ്രയിലേക്കു പ്രവേശിക്കുമ്പോള്‍ ഇതാണ് വര്‍ണയാമയുടെ ശരീരത്തിന്റെ സൂക്ഷ്മാവസ്ഥ.

ഈ അതിജീവനനിമിഷങ്ങളില്‍, അതായത് അത്രയും സങ്കീര്‍ണമായ പ്രക്രിയകള്‍ നടക്കുന്ന സമയത്ത് സ്ഥൂലമായി നോക്കിയാല്‍ വര്‍ണയാമയെ കണ്ടാല്‍ ഹിമധ്യാനത്തില്‍ ആണ്ടുപോയ ഒരു സന്ന്യാസിയെന്നേ തോന്നൂ. ഓരോ ശ്വാസവും നിശ്ശബ്ദതയുടേയും നിഴലാഴത്തിന്റേയും തലങ്ങളില്‍ സംരക്ഷിച്ചുവെക്കുന്ന വിസ്മയം. വര്‍ണയാമകള്‍ ഈ അതിജീവനരീതികള്‍ സ്വായത്തമാക്കിയിട്ട് സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്നതു കൂടി കൂട്ടിച്ചേര്‍ക്കട്ടെ.

ഇങ്ങനെയൊക്കെയാണെങ്കിലും അപകടരഹിതമൊന്നുമല്ല ഇവരുടെ ജീവിതം. കാലാവസ്ഥാവ്യതിയാനം, കണക്കു തെറ്റി വരുന്ന ഋതുമാറ്റങ്ങള്‍, ആവാസവ്യവസ്ഥയിലെ പരിസ്ഥിതിആഘാതങ്ങള്‍ ഇവയെല്ലാം വര്‍ണയാമകളുടെ നിലനില്പിനെ ആശങ്കയിലാക്കുന്നു. അതുകൊണ്ടുതന്നെ ഇത്രയും മികച്ച അതിജീവന രീതികള്‍ ഉണ്ടായിട്ടും ഈ സുന്ദരജീവികള്‍ വംശനാശഭീഷണിയുടെ മുന്നിലാണ്. ഇവരെ ഈ ഭൂമിയില്‍ നിലനിര്‍ത്തുന്നതിനു മനുഷ്യന്‍ വലിയൊരു പങ്ക് വഹിക്കേണ്ടതുണ്ടെന്നു പറയാതെ വയ്യ.

ജീവിതഗാഥയുടെ ബൃഹദ്ചിത്രത്തില്‍ വര്‍ണയാമകള്‍ അതിജീവനത്തിന്റെയും പൊരുത്തപ്പെടലുകളുടേയും ഏറ്റവും മികച്ച ഉദാഹരണങ്ങളാണെന്നു കാണാം. പുറമേക്കു കാണുന്ന ആ മനോഹരവര്‍ണക്കൂട്ടാകട്ടെ ആ ശരീരത്തിനകത്തെ എത്രയോ ഉന്നതവും സങ്കീര്‍ണവുമായ ആന്തരികചിത്രത്തിനൊരു മുഖവുര മാത്രവും. സമാന്തരങ്ങളില്ലാത്ത അതിജീവനകാവ്യമാണത്.

Content Summary: The painted Turtle : a winter marvel of North America

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി , അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ൽ യൂറോളജിസ്റ്റ്. പ്രശസ്ത എഴുത്തുകാരനും ക്വിസ് മാസ്റ്ററും യാത്രികനും. മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്.

More Posts

Leave a Reply

Your email address will not be published. Required fields are marked *

×