ട്രംപിന്റെ ഭീഷണി വകവയ്ക്കുന്നില്ല; ക്യൂബയ്ക്ക് എണ്ണയുമായി റഷ്യ

ക്യൂബയെ എപ്പോള്‍ വേണമെങ്കിലും താന്‍ പിടിച്ചടക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം

Cuba- no Power

അമേരിക്കന്‍ ഉപരോധത്തെത്തുടര്‍ന്ന് കടുത്ത ഊര്‍ജ്ജപ്രതിസന്ധി നേരിടുന്ന ക്യൂബയിലേക്ക് റഷ്യയില്‍ നിന്നും ലക്ഷക്കണക്കിന് ബാരല്‍ ഇന്ധനം എത്തുന്നതായി റിപ്പോര്‍ട്ട്. ക്യൂബയെ പിടിച്ചെടുക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കുകയും സാമ്പത്തിക ഉപരോധം കര്‍ശനമാക്കുകയും ചെയ്യുന്നതിനിടെയാണ് റഷ്യന്‍ എണ്ണക്കപ്പലുകള്‍ ദ്വീപ് രാഷ്ട്രത്തിലേക്ക് നീങ്ങുന്നത്.

മാരിടൈം ട്രാക്കിംഗ് ഡാറ്റ പ്രകാരം, അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉപരോധം ഏര്‍പ്പെടുത്തിയ ‘അനറ്റോളി കൊളോഡ്കിന്‍’ എന്ന റഷ്യന്‍ ടാങ്കര്‍ മാര്‍ച്ച് 8-ന് റഷ്യയിലെ പ്രിമോര്‍സ്‌ക് തുറമുഖത്ത് നിന്ന് 7,30,000 ബാരല്‍ ക്രൂഡ് ഓയില്‍ ശേഖരിച്ചു. റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സോവ്‌കോംഫ്‌ലോട്ട് കമ്പനിയുടെ ഈ കപ്പല്‍ മാര്‍ച്ച് 23-ഓടെ ക്യൂബയിലെ മറ്റാന്‍സാസ് ഓയില്‍ ടെര്‍മിനലില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. ഇതിനുപുറമെ, ഏകദേശം രണ്ട് ലക്ഷം ബാരല്‍ ഡീസലുമായി ‘സീ ഹോഴ്‌സ്’ എന്ന മറ്റൊരു കപ്പലും ക്യൂബന്‍ തീരത്തേക്ക് നീങ്ങുന്നുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയതിന് പിന്നാലെ ക്യൂബയ്ക്ക് മേലുള്ള സമ്മര്‍ദ്ദം അമേരിക്ക ശക്തമാക്കിയിരുന്നു. വെനസ്വേലയില്‍ നിന്നുള്ള എണ്ണ വിതരണം ട്രംപ് തടയുകയും ക്യൂബയ്ക്ക് എണ്ണ നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരെ കനത്ത നികുതി ഭീഷണി മുഴക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ജനുവരി 9-ന് ശേഷം ക്യൂബയിലേക്ക് ഇന്ധന ഇറക്കുമതി നടന്നിട്ടില്ല. അമേരിക്കന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മെക്‌സിക്കോയും വിതരണം നിര്‍ത്തിവെച്ചതോടെ രാജ്യം കടുത്ത വൈദ്യുതി തടസ്സവും സാമ്പത്തിക പ്രതിസന്ധിയും നേരിടുകയാണ്.

ക്യൂബയുടെ ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടയില്‍, തനിക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്നും ക്യൂബയെ കൈക്കലാക്കാനുള്ള ബഹുമതി തനിക്കുണ്ടാകുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു(‘ക്യൂബ പിടിച്ചടക്കുക’; ട്രംപിന്റെ അടുത്ത ലക്ഷ്യം). അമേരിക്കന്‍ ഉപരോധം മൂലം ശ്വാസംമുട്ടുന്ന ക്യൂബയ്ക്ക് റഷ്യയുടെ ഈ നീക്കം വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.

Content Summary: US Economic blockade and Trump’s Threats, Hundreds of thousands of barrels of Russian oil are heading to Cuba

This post was last modified on March 19, 2026 9:08 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment