50 വർഷം മുൻപ് എസ്. ജാനകി ആലപിച്ച മനോഹരമായൊരു ശോകഗാനമുണ്ട്. അവർ പാടിയ അനേകം വിഷാദഗാനങ്ങളിൽ ഈണത്തിൻ്റെ മനോഹാരിത കൊണ്ടും ആലാപനത്തിൻ്റെ വശ്യത കൊണ്ടും ലളിതമായ വരികളാലും വേറിട്ടു നിൽക്കുന്ന ഒരു ഗാനം. “തുഷാര ബിന്ദുക്കളെ നിങ്ങൾ” എന്ന ഗാനം. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ഗാനാസ്വാദകരുടെ മനസ്സുകളിൽ ഇപ്പോഴും നേർത്ത തേങ്ങലായി ഒരു ജാനകി ഗാനം.
“തുഷാരബിന്ദുക്കളെ നിങ്ങൾ
എന്തിനു വെറുതെ ചെമ്പനീരലരിൽ
വിഷാദ ഭാവങ്ങൾ അരുളീ
തുഷാര ബിന്ദുക്കളേ…”
ഗാനത്തിലെ വിഷാദം എന്ന പദം ഉച്ചാരണമാരംഭിക്കുമ്പോൾ തന്നെ ആ വികാരത്തിൻ്റെ സാമാന്യ പ്രതിഫലനം സ്വരത്തിലൂടെ ശ്രോതാവിന് അനുഭവപ്പെടുന്നു. മിതമായി മാത്രം ഉപയോഗിച്ച സംഗീത ഉപകരണങ്ങൾ കൊണ്ട് ഒരുക്കിയ ഈണം കൊണ്ട് എ.ടി. ഉമ്മർ ആ ആലാപനത്തിന് അടിവരയിട്ടിരിക്കുന്നു. ഇതൊക്കെ കൊണ്ടാണ് ഈ ഗാനത്തിൻ്റെ ഫീൽ മനസ്സിനെ സ്പർശിക്കുന്നതായതും ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ നമ്മൾ ആഗ്രഹിക്കുന്നതും. ജാനകിയുടെ വശ്യമായ ആലാപനത്തിൽ അത് ഒരു ദുഃഖഗാനമായി അനുഭവപ്പെടുന്നില്ല എന്നതാണ് സത്യം. അത് തന്നെയാണ് ആ ഗാനത്തെ ഇത്ര മനോഹരമാക്കുന്നത്.
“ഇതുവഴി വന്നവർ പോയവർ പലരും
അഴകേ നിൻ കഥ എഴുതീ
ഇനിയും വനിയിൽ പൂവുകൾ
പലതും വിരിയും കൊഴിയും
പൂങ്കാറ്റിൽ വിരിയും കൊഴിയും പൂങ്കാറ്റിൽ”
എത്ര മനോഹരമായാണ് ഈ ഗാനത്തിൻ്റെ ആലാപനം അവർ അവസാനിപ്പിക്കുന്നത്. മലയാളത്തിലെ അതുവരെ പാടിയ അന്യഭാഷാ ഗായികമാരിൽ മലയാള ഭാഷ ഏറ്റവും ഭംഗിയായി ഉച്ചാരണശുദ്ധിയിൽ ആലപിക്കുന്ന ഗായിക എസ് ജാനകിയാണെന്ന് എല്ലാവരും അംഗീകരിക്കാൻ ഈ ഗാനം മാത്രം കേട്ടാൽ മതി. ഐ.വി. ശശി സംവിധാനം ചെയ്ത അദ്ദേഹത്തിൻ്റെ രണ്ടാമത്തെ ചിത്രമായ ‘ആലിംഗന’ത്തിലേതാണ് (1976) ഈ ഗാനം. ബിച്ചുതിരുമലയും സംഗീത സംവിധായകൻ എ.ടി. ഉമ്മറും ആദ്യമായി ഒന്നിച്ച ചിത്രമാണ് ‘ആലിംഗനം’. ചിലപ്പോഴൊക്കെ മികച്ച ഗാനങ്ങളുമായി രംഗത്ത് വരുന്ന ബിച്ചു തിരുമലയുടെ ആദ്യകാല ഹിറ്റായ ഈ ഗാനം ആലപിച്ചതിന് എസ്. ജാനകിക്ക് മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്കാരം (നാലാം തവണ) 1976 -ൽ ലഭിച്ചു. മികച്ച സംഗീത സംവിധാനത്തിന് ആദ്യമായി എ.ടി. ഉമ്മറിനും സംസ്ഥാന പുരസ്കാരം ലഭിച്ചു. ആയിടെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട പ്രശസ്ത നടി റാണി ചന്ദ്രയുടെ അവസാന ചിത്രങ്ങളിൽ ഒന്നാണ് ‘ആലിംഗനം’.
പോസ്റ്റർ
ഒരു മലയാള സിനിമാഗാനത്തിൻ്റെ ഈണത്തിൻ്റെ പിതൃത്വം വിവാദമായ ആദ്യത്തെ സംഭവം ഈ ഗാനത്തെ ചുറ്റിപ്പറ്റിയായിരുന്നു. ഗാനം ഹിറ്റായി അവാർഡ് നേടി. പക്ഷേ ഇത് ബിച്ചു തിരുമല രചിച്ച ‘ദണ്ഡകാരണ്യം’ എന്ന നാടകത്തിന് വേണ്ടി ബിച്ചു തന്നെ എഴുതി കണ്ണൂർ രാജൻ ഈണമിട്ട നാടകഗാനമാണെന്ന് ഒരു വാദമുയർന്നു. ഈ ഗാനം ആദ്യം പാടിയത് ഗായിക ലതികയാണ്. ലതിക പാടിയ ടേപ്പ് ചെയ്ത ആ ഗാനം കേൾക്കാനിടയായ ഐ.വി. ശശിക്ക് അത് വളരെ ഇഷ്ടപ്പെട്ടു. തൻ്റെ അടുത്ത ചിത്രത്തിൽ അത് ഉൾപ്പെടുത്തി. പക്ഷേ, സംഗീത സംവിധായകനും ഗായികയും മാറി. ഇതിനെതിരെ പ്രതിഷേധവുമായി കണ്ണൂർ രാജൻ രംഗത്ത് വന്നില്ല. കുറച്ച് പേർക്കെങ്കിലും അറിയാവുന്ന സത്യമായി അത് അവശേഷിച്ചു. അക്കാലത്ത് കണ്ണൂർ രാജൻ നാടക രംഗത്ത് സജീവമായിരുന്നു. എസ്. എൽ. പുരം സദാനന്ദൻ്റെ ഒരു നാടകത്തിന് വേണ്ടി പാട്ടൊരുക്കുമ്പോഴാണ് അവാർഡ് പ്രഖ്യാപനം വന്നത്. സംഭവം അറിഞ്ഞ നാടകകൃത്തായ എസ്. എൽ. പുരം സദാനന്ദൻ ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറായി. പക്ഷേ, കണ്ണൂർ രാജൻ പ്രതികരിക്കാതെ പിൻവാങ്ങി. എ.ടി. ഉമ്മർ പാട്ട് തന്നെ പഠിപ്പിച്ചത് ഓർക്കുന്നതായി പിന്നീട് എസ്. ജാനകി വ്യക്തമാക്കിയിരുന്നു. ഈണം ആരുടെതാണെങ്കിലും ജാനകിയുടെ സ്വരത്തിൽ ആ ഗാനം അനശ്വരമായി.
കേരള പിറവി കഴിഞ്ഞ് 50 വർഷം പൂർത്തിയായപ്പോൾ മലയാള മനോരമ ദിനപത്രം സുവർണ്ണ കേരളം എന്നൊരു പ്രത്യേക പതിപ്പിന് വേണ്ടി മലയാളത്തിലെ മികച്ച പത്ത് ചലചിത്ര ഗാനങ്ങൾ തിരഞ്ഞെടുത്തു. സിനിമയിൽ ജന്മമെടുത്ത ആയിരക്കണക്കിനു ഗാനങ്ങളിൽ ഹിറ്റുകളെന്നു പറയാവുന്ന നൂറുകണക്കിനു ഗാനങ്ങളിൽ നിന്ന് ഏറ്റവും മികച്ച 10 ഗാനങ്ങൾ കണ്ടെത്തുകയെന്നത് ഒരു ഭഗീരഥ പ്രയത്നമാണ്. ചലച്ചിത്ര സംവിധായകരായ ഫാസിൽ, ടി.കെ. രാജീവ്കുമാർ, സംഗീത നിരൂപകനായ രവി മേനോൻ എന്നിവരായിരുന്നു ഈ ഗാന തെരഞ്ഞെടുപ്പ് നടത്തിയത്. അരനൂറ്റാണ്ടു കാലത്തെ ഏറ്റവും മികച്ച ചലച്ചിത്ര ഗാനമായി എകപക്ഷീയമായി തെരഞ്ഞെടുത്തത് ഭാർഗവിനിലയത്തിലെ ‘താമസമെന്തേ വരുവാൻ’, എന്ന ഗാനമായിരുന്നു. ഗാനത്തിൻ്റെ വരികളും ഈണവും ഗായകനും ശ്രോതാവും എല്ലാം ഹൃദയം കൊണ്ട് ഒന്നായിത്തീരുന്ന അപൂർവ സംഗീതാനുഭവമാണ് ഈ ഗാനം. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ ഗാനങ്ങളിൽ ഒന്നാണിത്. ഗാനത്തിന്റെ ഭംഗി ചോർന്നു പോകാതെ ഇതു ചിത്രീകരിക്കാൻ മൂന്നു ദിവസം എടുത്തുവെന്ന് ‘ഭാർഗവിനിലയ’ത്തിന്റെ സംവിധായകൻ എ. വിൻസൻ്റ് പറഞ്ഞ പി. ഭാസ്‌ക്കരൻ – ബാബുരാജ് ഗാനം.
സംവിധായകൻ ഫാസിലും രവി മേനോനും ഒരു പോലെ മികച്ചതെന്ന് നിർദേശിച്ച ജാനകി പാടിയ ‘തളിരിട്ടകിനാക്കൾ’ ആയിരുന്നു രണ്ടാമത്തെ മികച്ച ഗാനം. മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നാണിത്. എസ്. ജാനകിയുടെ മധുര ശബ്ദത്തിൽ അല്ലാതെ ഇതു സങ്കല്പ്‌പിക്കുക അസാധ്യം. രാത്രിയിലെ നിശബ്ദതയിൽ വെറുതെകേട്ടു കൊണ്ടിരുന്നാൽ മനസ്സിൽ മഞ്ഞുതുള്ളി വീണതു പോലെ തോന്നും. മദ്രാസിലെ ഭരണി സ്‌റ്റുഡിയോവിൽ ഈ ഗാനത്തിന്റെ റെക്കോഡിങ് നടക്കുകയാണ്. സംവിധായകനായ രാമു കാര്യാട്ടും ഗാനരചയിതാക്കളായ ഭാസ്‌കരൻ മാഷും യൂസഫലി കേച്ചരിയും അവിടെയുണ്ട്. ബാബുരാജ് നല്ല മൂഡിലാണ്. ഭാസ്‌കരൻ മാഷ് പരിചയപ്പെടുത്തിയ ചെറുപ്പക്കാരിയായ ഗായികയ്ക്ക് ആലപിക്കാനുള്ള നിർദേശങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. ഓരോ അക്ഷരം ഉച്ചരിക്കുമ്പോഴും ബാബുരാജിൻ്റെ കൈവിരലുകൾ താളത്തിൽ ഉയരുകയും താഴുകയും ചെയ്യുന്നു. ആ നിർദേശങ്ങളെല്ലാം മനസ്സിലാക്കിയാണ് അന്യഭാഷക്കാരിയായ ഗായിക പാടുന്നത്. ‘തളിരിട്ട കിനാക്കൾതൻ’ ഗാനം ആലാപനം അവസാനിച്ചപ്പോൾ സ്റ്റുഡിയോയിൽ ഉള്ളവരുടെയെല്ലാം മുഖത്ത് നിറഞ്ഞ സംതൃപ്‌തി. റെക്കോർഡിങ് റൂമിൽനിന്ന് ഗായിക പുറത്തിറങ്ങിയപ്പോൾ ബാബുരാജ് വല്ലാതെ വികാരാധീനനായി. ബാബുരാജ് പുതിയ ഗായികയോട് ചോദിച്ചു “എങ്ങനെയാണ് ഇത്രയും കൃത്യതയോടെ മലയാളത്തിൽ പാടാൻ കഴിയുന്നത്…?” ഗായികയുടെ മറുപടി: “അതിമനോഹരമായി ഇത്രയും നല്ല ഈണമിട്ട് തന്നാൽ പാടാതിരിക്കുന്നതെങ്ങനെയാണ്…” മലയാളത്തിൻ്റെ എന്നത്തെയും പ്രിയപ്പെട്ട ഗായിക എസ് ജാനകിയായിരുന്നു അത്. എം. എസ്. ബാബുരാജിൻ്റെ സംഗീതസംവിധാനത്തിൽ എസ് ജാനകിയുടെ ആദ്യ ഗാനമായിരുന്നു “തളിരിട്ട കിനാക്കൾ”. ആ റെക്കോഡിങ് ഒരു മികച്ച കൂട്ടുകെട്ടിന് തുടക്കമിട്ടു. ബാബുരാജിൻ്റെ സംഗീതം, എസ് ജാനകിയുടെ ആലാപനം. പിന്നീട് ബാബുരാജിന്റെ ഏറ്റവും പ്രിയപ്പെട്ട ഗായികയായി എസ് ജാനകി.
എം. എസ്. ബാബുരാജിൻ്റെ ഗാനങ്ങളിൽ ഭൂരിഭാഗവും അവിസ്‌മരണീയമാക്കിയത് എസ്. ജാനകിയുടെ മാന്ത്രിക ശബ്ദമാണ്. ‘തളിരിട്ട കിനാക്കൾ തൻ…’ (മൂടുപടം -1963), ‘വാസന്ത പഞ്ചമിനാളിൽ…’ (ഭാർഗവിനിലയം – 1964), ‘താമരക്കുമ്പിളല്ലോ മമഹൃദയം… (ഓളവും തീരവും – 1970), ‘വൈഡൂര്യ രത്നമാല ചാർത്തി… (പുള്ളിമാൻ – 1972), ഇങ്ങനെ നീളുന്നു മികച്ച ഗാനങ്ങൾ. ഇതിൽ ‘തളിരിട്ട കിനാക്കൾ’ ജാനകിയെ മലയാളത്തിൽ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചതിൽ പ്രധാന പങ്കുവഹിച്ച ഗാനമായി. കഥാപാത്രത്തിൻ്റെ മനസ്സിലേക്ക് ഇറങ്ങിച്ചെന്നാണ് ബാബുരാജ് പാട്ട് ചിട്ടപ്പെടുത്തിയിരുന്നത്. ആ കഥാപാത്രത്തിനനുസരിച്ച ഭാവത്തിൽ പാടാൻ കഴിഞ്ഞിരുന്നു ജാനകിക്ക്. ജാനകിയുടെ പാട്ടുകളിൽ ബാബുരാജിന് ഏറ്റവും പ്രിയപ്പെട്ടതും തളിരിട്ട കിനാക്കളാണ്. എസ് ജാനകിയുടെ മറ്റൊരു ഹിറ്റായ ‘വാസന്ത പഞ്ചമിനാളിൽ’ എന്ന ഗാനവും (ഭാർഗവിനിലയം) അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടതായിരുന്നു.
1959 -ൽ രംഗനാഥൻ്റെ സംഗീതസംവിധാനത്തിൽ ‘മിന്നൽപ്പടയാളി’ എന്ന സിനിമയ്ക്കു വേണ്ടിയാണ് എസ്. ജാനകി ആദ്യമായി മലയാളത്തിൽ പാടുന്നത്. എ. എം. രാജയോടൊപ്പം ‘രാക്കുയിലേ’ എന്ന ഗാനം പി. ഭാസ്‌കരൻ മാഷിൻ്റെ രചനയാണ്. ഫാസിലും ടി.കെ. രാജീവ്കുമാറും രവി മേനോനും ഒരുമിച്ച് തിരഞ്ഞെടുത്ത 50 വർഷത്തെ 10 പാട്ടുകളിൽ ഒരൊറ്റ യുഗ്മഗാനമേ ഉണ്ടായിരുന്നുള്ളു. ‘റസ്റ്റ് ഹൗസി’ലെ (1969) ശ്രീകുമാരൻ തമ്പി എഴുതി എം.കെ. അർജ്ജുനൻ മാസ്റ്റർ ഈണമിട്ട ജയചന്ദ്രനോടൊപ്പം ജാനകി ആലപിച്ച “യദുകുല രതിദേവനെവിടെ” എന്ന ഗാനം.
രാധാകൃഷ്‌ണ പ്രണയത്തിലെ രതിയുടെ ഭാവമാണ് “യദുകുല രതിദേവനെവിടെ” എന്ന ഗാനത്തിലുള്ളത്. ജയചന്ദ്രൻ്റെയും എസ്. ജാനകിയുടെയും ഹൃദ്യമായ ആലാപന ശൈലി ഈ ഗാനത്തിൻ്റെ ശ്രോതാക്കളെ നിർവൃതിയിലാക്കുന്നു. 50 വർഷത്തെ, മികച്ച പത്തിൽപ്പെടുന്ന ഏക യുഗ്മഗാനമെന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.
ഉച്ചാരണ ശുദ്ധിയുടെ കാര്യത്തിൽ എസ്. ജാനകിയോടൊപ്പം നിൽക്കാൻ മലയാളത്തിൽ പാടിയ ഒരു അന്യഭാഷാ ഗായികക്കും സാധിച്ചിട്ടില്ല. 1960 -കൾ തൊട്ട് 80 -കളുടെ അവസാനം വരെയുള്ള ശരാശരി മലയാളി സ്ത്രീയുടെ മാനസികവികാരങ്ങളുടെ സാമാന്യപ്രതിഫലനം ജാനകിയുടെ ഗാനങ്ങളിൽ നമുക്കു ദർശിക്കാനാവുന്നു. കാമുകിയായാലും ഭാര്യയായാലും കുടുംബിനിയായാലും പ്രണയവും, ഭക്തിയും, ആത്മനൊമ്പരവും വാത്സല്യവും ആ ഗാനങ്ങളിൽ കുടികൊള്ളുന്നുണ്ട്. ഈ വികാരവൈവിധ്യത്തിൻ്റെ ആത്മഭാവങ്ങൾ ജാനകിയോളം ഒരു ഗായികയും മലയാള സിനിമാ സംഗീതത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടാവില്ല. മലയാള സിനിമകളിലെ ഏറ്റവും മികച്ച പ്രേതഭാവഗാനങ്ങൾ ആലപിച്ചത് ജാനകിയാണ് . ‘യക്ഷി’യിൽ ആലപിച്ച “ചന്ദ്രോദയത്തിലെ” (1968) എന്ന ഗാനമാണ് ആദ്യം ശ്രദ്ധേയമായത്. പിന്നീട് 50 വർഷം മുൻപ് പാടിയ ‘യക്ഷഗാനം’(1976) എന്ന ചിത്രത്തിലെ “നിശീഥിനി നിശീഥിനി ഞാനൊരു രാപ്പാടി” എന്ന വയലാർ – എം.എസ്. വിശ്വനാഥൻ കൂട്ട് കെട്ടിലെ ഗാനം ഈ ഗാനവിഭാഗത്തിലെ സർവ്വകാല ഹിറ്റായി.
ഈ ഗാനത്തെ അനുകരിച്ചാണ് പിന്നീട് ഇത്തരം പാട്ടുകൾ മലയാളത്തിൽ വന്നത്. “നിഴലായ് ഒഴുകി വരും ഞാൻ”, “യാമിനി” തുടങ്ങിയ ഗാനങ്ങൾ. അത് ആലപിക്കാൻ ജാനകി തന്നെ വേണമെന്ന് സംഗീത സംവിധായകർ നിഷ്കർഷിച്ചത് ആ സന്ദർഭം പാടി ഫലിപ്പിക്കാനുള്ള ശബ്ദത്തിൻ്റെ മാസ്മരികത കാരണമായിരുന്നു. ‘കുട്ടിച്ചാത്തൻ’(1975) എന്ന മലയാള സിനിമ ഇപ്പോൾ ഓർമ്മിക്കപ്പെടുന്നത് ആർ.കെ. ശേഖറിൻ്റെ ഈണത്തിൽ വയലാർ രചിച്ച ജാനകി പാടിയ അതിലെ “കാവേരി കാവേരി കരിമ്പിൻ കാട്ടിലൂടെ” എന്ന പ്രശസ്ത ഗാനത്തിലൂടെയാണ്.
മലയാള ഗാനങ്ങളുടെ രാജശിൽപ്പിയായ ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങൾ അധികമൊന്നും പാടിയില്ല എന്നത് മാത്രമാണ് എസ് . ജാനകിയെന്ന ഗായികയുടെ നഷ്ടം . ‘ചിത്രമേള’ (1967) എന്ന ആന്തോളജി ചലചിത്രത്തിൽ എട്ട് ഗാനങ്ങൾ ഉണ്ട്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഈണം പകർന്ന ദേവരാജൻ മാസ്റ്റർ അതിലെ 7 ഗാനങ്ങളും പാടിച്ചത് യേശുദാസിനെ കൊണ്ടാണ്. ‘മദം പൊട്ടി ചിരിക്കുന്ന മാനം’ എന്ന ഗാനം പാടിയ യേശുദാസിനോടൊപ്പം ഹംമ്മിംഗ് എസ് ജാനകിക്ക് നൽകി. ആ യുഗ്മഗാനത്തിൻ്റെ മനോഹാരിത പൂർണ്ണമാകുന്നത് ജാനകിയുടെ ഹമ്മിംഗ് കേൾക്കുമ്പോഴാണ്. ആ ഗാനത്തിനതൊരു പൂർണ്ണത നൽകി.
മലയാളത്തിൽ ഏറെക്കാലത്തിന് ശേഷം ‘ചാന്തു പൊട്ട്’ (2005) എന്ന സിനിമയിൽ ‘ആഴക്കടലിന്റെ അങ്ങേക്കരയിലായ്’ എന്ന ഗാനത്തിലൂടെ തൻ്റെ മാസ്മരിക സാന്നിധ്യം ഒരിക്കൽ കൂടി അറിയിച്ച് എസ് ജാനകി മലയാളഗാനാസ്വാദകരെ ആഹ്ലാദിപ്പിച്ചിരുന്നു. ഗാനങ്ങൾക്ക് പ്രസക്തി കുറയുന്ന ഈ കാലഘട്ടത്തിലും, ആ പാട്ട് കേട്ടവർ അതിലെ മാന്ത്രിക സ്വരം തിരിച്ചറിഞ്ഞ് ആഹ്ലാദത്തോടെ പറഞ്ഞു: “ഇത് നമ്മുടെ എസ്. ജാനകിയല്ലെ?” ആയിരക്കണക്കിന് മലയാള ഗാനങ്ങളിലൂടെ തന്റേതായ ഒരിടം മലയാള ഗാനശാഖയിൽ രൂപപ്പെടുത്തിയിട്ടാണ് എസ്. ജാനകി വിട പറയുന്നത്. ആലാപന വൈവിധ്യം അനശ്വരമാക്കിയ എസ്. ജാനകിയെന്ന അനശ്വര ഗായികക്ക് ആദരാജ്ഞലികൾ.
“പണ്ടത്തെ പാട്ടിന്റെ വരികള്
ചുണ്ടത്ത് തേൻതുള്ളിയായ്
കൽക്കണ്ട കുന്നിന്റെ മുകളില്
കാക്കാച്ചീ മേയുന്ന തണലിൽ
ഊഞ്ഞാലേ… പാടിപ്പോയ്…
ഊഞ്ഞാലേ.. പാടിപ്പോയ്…”
Content Summary: A tribute to legendary singer S. Janaki, celebrating her timeless Malayalam songs, unmatched vocal expression, flawless pronunciation, and enduring legacy in film music.
This post was last modified on July 13, 2026 1:44 pm
Leave a Comment