അന്ന് സബ്രീന, ഇന്ന് ഹെല്ലെ; മോദിയോട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഭവിച്ചത്‌

ആഗോള പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 157-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വെറുതെയല്ല എന്ന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങള്‍

Helle Lyng-sabrina siddiqui- Journalists-PM Modi Press freedom

വിദേശ പര്യടനങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിനെക്കാള്‍ വലിയ നാണക്കേട് ഇന്ത്യക്ക് ഉണ്ടാക്കുന്നത്, മോദയോട് മനുഷ്യാവകാശങ്ങളെക്കുറിച്ചും പത്രസ്വാതന്ത്ര്യത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തുന്ന ക്രൂരമായ സൈബര്‍ ആക്രമണങ്ങളാണ്. ഇപ്പോള്‍ നോര്‍വേയില്‍ വെച്ച് നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ഹെല്ലെ ലാംഗ് നേരിട്ട അനുഭവവും, മുന്‍പ് അമേരിക്കയില്‍ വെച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടര്‍ സബ്രീന സിദ്ദിഖിക്ക് നേരെയുണ്ടായ വംശീയാധിക്ഷേപങ്ങളും കൂട്ടിവായിക്കുമ്പോള്‍, ഇന്ത്യ ജനാധിപത്യത്തില്‍ നിന്നും സ്വേച്ഛാധിപത്യത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ അടിവരയിടപ്പെടുകയാണ്.

ഓസ്ലോയിലെ ചോദ്യവും യോഗാ മറുപടിയും

കഴിഞ്ഞ ദിവസം നോര്‍വേ തലസ്ഥാനമായ ഓസ്ലോയില്‍ വെച്ച് നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് ‘ഡാഗ്സാവിസെന്‍’ പത്രത്തിലെ രാഷ്ട്രീയ നിരീക്ഷകയായ ഹെല്ലെ ലാംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാന്‍ ഭയപ്പെടുന്നത് എന്തിനാണെന്ന് ഉറക്കെ ചോദിച്ചത്. തൊട്ടുമുമ്പ് നടത്തിയ പ്രസംഗത്തില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് അവകാശപ്പെട്ട മോദി, ഈ ചോദ്യം ഉയര്‍ന്നതോടെ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി നടന്നുനീങ്ങുകയായിരുന്നു.

എന്തുകൊണ്ട് ചോദ്യങ്ങളെ ഭയക്കുന്നു? ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി മാധ്യമങ്ങളെ ഒളിക്കുമ്പോള്‍

തുടര്‍ന്ന് പ്രധാനമന്ത്രി ലിഫ്റ്റിലേക്ക് കയറുന്ന സമയത്തും ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ചോദ്യം ചോദിക്കാന്‍ ലാംഗ് ശ്രമിച്ചെങ്കിലും അതിനുമുമ്പ് ലിഫ്റ്റിന്റെ വാതിലുകള്‍ അടഞ്ഞു. പിന്നീട് രാത്രിയില്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് ലാംഗ് ഇതേ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍, വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സിബി ജോര്‍ജ് ഇതിന് കൃത്യമായ മറുപടി നല്‍കുന്നതിന് പകരം കോവിഡ് പ്രതിസന്ധി ഇന്ത്യ കൈകാര്യം ചെയ്ത രീതിയും വാക്‌സിന്‍ കയറ്റുമതിയും യോഗയുടെ പ്രാധാന്യവും നിരത്തി വിഷയം മാറ്റാനാണ് ശ്രമിച്ചത്. ഇതിന് പിന്നാലെ ലാംഗിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ ഭരണകൂട അനുകൂലികളുടെ വലിയ തോതിലുള്ള ട്രോളിംഗും സൈബര്‍ ആക്രമണവുമുണ്ടായി. താന്‍ ഏതെങ്കിലും വിദേശ ഗവണ്‍മെന്റ് നിയോഗിച്ച ചാരപ്പണിക്കാരിയല്ലെന്ന് അവര്‍ക്ക് എക്‌സിലൂടെ (ട്വിറ്റര്‍) പരസ്യമായി വ്യക്തമാക്കേണ്ടി വന്നു.

സബ്രീന സിദ്ദിഖി നേരിട്ട വംശീയാധിക്ഷേപം

ഹെല്ലെ ലാംഗിന് നേരിടേണ്ടി വന്ന ഈ സൈബര്‍ ആക്രമണം അന്താരാഷ്ട്ര സമൂഹത്തിന് പുതിയൊരു സംഭവമല്ല. മുന്‍പ് യു.എസ് സന്ദര്‍ശനവേളയില്‍, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമൊത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സമാനമായ ചോദ്യമുയര്‍ത്തിയ ദ വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ വൈറ്റ് ഹൗസ് റിപ്പോര്‍ട്ടര്‍ സബ്രീന സിദ്ദിഖി ഇതിലും ക്രൂരമായ വേട്ടയാടലിന് ഇരയായിരുന്നു.

ഇന്ത്യ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്ന മഹത് വ്യക്തിത്വങ്ങളിലൊരാളായ സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ കൊച്ചുമകളുടെ മകളായ സബ്രീനയോട്, ഇന്ത്യയിലെ മുസ്ലീങ്ങളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നത് എന്നായിരുന്നു മോദിയോട് ചോദിച്ചത്. ഈ ചോദ്യത്തെ ഇന്ത്യയിലെ ബിജെപി ഇന്‍ഫര്‍മേഷന്‍ സെല്‍ മേധാവി അമിത് മാളവ്യ ഉള്‍പ്പെടെയുള്ളവര്‍ ‘ഇന്ത്യ വിരുദ്ധ’, ‘ഗൂഢലക്ഷ്യത്തോടെയുള്ള ചോദ്യം’ എന്ന് വിളിച്ച് ആക്ഷേപിച്ചു. മാളവ്യയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തീവ്രഹിന്ദുത്വ വാദികള്‍ സബ്രീനയെ ‘പാകിസ്താനി ഇസ്ലാമിസ്റ്റ്’ എന്ന് മുദ്രകുത്തി സൈബര്‍ ആക്രമണം അഴിച്ചുവിട്ടു. ‘ഇന്ത്യ വിരോധം ഡിഎന്‍എയിലുള്ള പാകിസ്താനി’ തുടങ്ങിയ അധിക്ഷേപങ്ങളുമായി സബ്രീനയുടെ മതവിശ്വാസത്തെയും പാരമ്പര്യത്തെയുമാണ് അവര്‍ ലക്ഷ്യം വെച്ചത്. തനിക്കെതിരെയുള്ള മത-വംശീയ ആക്രമണങ്ങള്‍ ശക്തമായപ്പോള്‍, 2011 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യന്‍ ടീമിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന തന്റെയും പിതാവിന്റെയും ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് സബ്രീന ഇതിന് മറുപടി നല്‍കിയത്.

അംഗീകരിക്കാനാകില്ലെന്ന് വൈറ്റ് ഹൗസ്, ഒപ്പം അന്താരാഷ്ട്ര മാധ്യമങ്ങളും

ഒരു മാധ്യമപ്രവര്‍ത്തക തന്റെ ജോലി ചെയ്യുന്നതിന്റെ പേരില്‍ മതപരമായും വംശീയമായും വേട്ടയാടപ്പെടുന്നതിനെതിരെ അമേരിക്കന്‍ ഭരണകൂടവും അന്താരാഷ്ട്ര മാധ്യമലോകവും ശക്തമായി രംഗത്തുവന്നിരുന്നു. വൈറ്റ് ഹൗസിന്റെ ദേശീയ സുരക്ഷ കൗണ്‍സിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ കോര്‍ഡിനേറ്ററായ ജോണ്‍ കിര്‍ബി, സബ്രീനയ്‌ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍ ‘ഏതു സാഹചര്യത്തിലായാലും അംഗീകരിക്കാനാകാത്തതാണെന്നും ജനാധിപത്യത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും’ വ്യക്തമാക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിനോ ഉപദ്രവിക്കുന്നതിനോ ഉള്ള ശ്രമങ്ങളെ അപലപിക്കുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറിയും അന്ന് വ്യക്തമാക്കി.

സൗത്ത് ഏഷ്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ (എസ്എജെഎ) ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമ സംഘടനകള്‍ സബ്രീനയ്ക്ക് വലിയ പിന്തുണയാണ് പ്രഖ്യാപിച്ചത്. മാധ്യമ സ്വാതന്ത്ര്യം ഏത് ജനാധിപത്യ രാജ്യത്തിന്റെയും മുഖമുദ്രയാണെന്ന് ഓര്‍മ്മിപ്പിച്ച സംഘടനകള്‍, സബ്രീനയുടെ ചോദ്യത്തോടുള്ള പ്രതികരണത്തേക്കാള്‍, കഴിഞ്ഞ ഒമ്പതോ പത്തോ വര്‍ഷമായി ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതേ ചോദ്യം എന്തുകൊണ്ട് സ്വന്തം പ്രധാനമന്ത്രിയോട് ചോദിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും ചൂണ്ടിക്കാണിച്ചു.

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടം

തന്റെ ഭരണകാലയളവില്‍ വിമര്‍ശനാത്മകമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന് പോലും നരേന്ദ്ര മോദി അഭിമുഖം അനുവദിച്ചിട്ടില്ല എന്ന വസ്തുതയും ഈ ഘട്ടത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. മോദി അവസാനമായി ഒരു ഓപ്പണ്‍ പ്രസ് കോണ്‍ഫറന്‍സ് അഭിസംബോധന ചെയ്തത് 2015 നവംബറില്‍ ലണ്ടനില്‍ വെച്ചായിരുന്നു. പിന്നീട് 2019 മേയില്‍ അമിത് ഷായ്‌ക്കൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നപ്പോഴും ഒരു ചോദ്യം പോലും നേരിടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ ആകെയുള്ള 180 രാജ്യങ്ങളുടെ ആഗോള പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 157-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വെറുതെയല്ല എന്ന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങള്‍. സ്വന്തം രാജ്യത്ത് ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ നിശ്ശബ്ദരാക്കാന്‍ ഭരണകൂടത്തിന് എളുപ്പം കഴിഞ്ഞേക്കാം, എന്നാല്‍ അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ന്നുവരുന്ന ജനാധിപത്യപരമായ ചോദ്യങ്ങളെ നേരിടാന്‍ വാക്ചാതുര്യം കൊണ്ടോ സൈബര്‍ ഗുണ്ടകളെക്കൊണ്ടുള്ള ആക്രോശങ്ങള്‍ കൊണ്ടോ കഴിയില്ലെന്ന് ഓസ്ലോയിലെയും വാഷിംഗ്ടണിലെയും സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

Content Summary: From Sabrina Siddiqui to Helle Lyng: International women journalists face intense cyberattacks and trolling for questioning PM Narendra Modi on human rights and press freedom

This post was last modified on May 19, 2026 11:32 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment