സംഭാല്‍ സംഘര്‍ഷത്തില്‍ ആയുധങ്ങള്‍ നല്‍കിയതിന്റെ ഓഡിയോ ക്ലിപ് പുറത്ത്

ഷാഹി ജുമാ മസ്ജിദിന് സമീപം ആയുധധാരികളായ കൂടുതല്‍ ആളുകളെ അണിനിരത്തണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് കണ്ടെടുത്ത ഓഡിയോ ക്ലിപ്പിലുള്ളത്

പള്ളി സര്‍വ്വേയുടെ പേരില്‍ സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശിലെ സംഭാലില്‍ ആക്രമണത്തിനായി ജനങ്ങള്‍ക്ക് ആയുധം നല്‍കിയെന്ന് വെളിപ്പെടുത്തുന്ന ഓഡിയോ ക്ലിപ് പുറത്ത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്നാണ് അന്വേഷണ സംഘത്തിന് ഓഡിയോ ക്ലിപ് ലഭിച്ചത്. ഷാഹി ജുമാ മസ്ജിദിന് സമീപം ആയുധധാരികളായ കൂടുതല്‍ ആളുകളെ അണിനിരത്തണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് കണ്ടെടുത്ത ഓഡിയോ ക്ലിപ്പിലുള്ളത്. എന്നാല്‍ ആക്രമണത്തിന് ആഹ്വാനം നല്‍കുന്ന വ്യക്തി ആരാണെന്ന് കണ്ടെത്താനായിട്ടില്ല. പോലീസും ജനങ്ങളുമായിട്ടുള്ള ഏറ്റുമുട്ടലില്‍ അഞ്ച് പേരാണ് മരിച്ചത്.Sambhal violence audio clip reveals

സംഘര്‍ഷത്തില്‍ 25 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഏഴ് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എംപിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ സിയാവുര്‍ റഹ്‌മാന്‍ ബര്‍ഖ്, എംഎല്‍എ ഇഖ്ബാല്‍ മഹ്‌മൂദിന്റെ മകന്‍ സുഹൈല്‍ മഹ്‌മൂദ് എന്നിവരുടെ പേരുകളും എഫ്ഐആറിലുണ്ട്. പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നതനുസരിച്ച് സിയാവുര്‍ റഹ്‌മാന്‍ ഒന്നാം പ്രതിയും സുഹൈല്‍ മഹ്‌മൂദ് രണ്ടാം പ്രതിയുമാണ്. സമൂഹമാധ്യമങ്ങളിലൂടെ ആക്രമണത്തിന് പ്രേരിപ്പിച്ചു, പ്രകോപനപരമായ പ്രസംഗം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് സിയാവുര്‍ റഹ്‌മാന്‍ ബര്‍ഖ് ഷാഹി ജുമാ മസ്ജിദ് സന്ദര്‍ശിച്ചതായും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതായും പോലീസ് എഫ്ഐആറില്‍ ആരോപിച്ചു.

Shahi Jama Masjid

ഹിന്ദുക്ഷേത്രം പൊളിച്ചുമാറ്റിയാണ് ഷാഹി ജുമാ മസ്ജിദ് നിര്‍മിച്ചതെന്ന ആരോപണത്തെ തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരമാണ് സര്‍വ്വേ നടത്താന്‍ ഉദ്യാഗസ്ഥര്‍ എത്തിയത്. സര്‍വ്വേ നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഒരു കൂട്ടം ജനങ്ങള്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പോലീസിന് നേരെ കല്ലേറുണ്ടായപ്പോഴാണ് സംഘര്‍ഷം രൂക്ഷമായത്. നിരവധി വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചു. സംഘര്‍ഷത്തില്‍ 20 ഓളം പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരുന്നവരുടെ ചിത്രങ്ങള്‍ അടുത്തിടെ ഉത്തര്‍പ്രദേശ് പോലീസ് പുറത്തുവിട്ടിരുന്നു. പ്രതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പോലീസും ജില്ല ഭരണകൂടവും സംഭാലില്‍ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസിനെയും ദ്രുതകര്‍മ സേനയെയും നിയോഗിച്ചിട്ടുണ്ട്. അതേസമയം, പുറത്തുനിന്നുള്ളവര്‍ സംഭാലിലേക്ക് പ്രവേശിക്കുന്നത് നവംബര്‍ 30 വരെ വിലക്കിയിട്ടുണ്ട്.Sambhal violence audio clip reveals

Content Summary: Sambhal violence audio clip reveals

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment