ജീവനക്കാര്‍ക്ക് മൂന്നു കോടിയിലധികം ബോണസ്: ചരിത്രപരമായ ലാഭവിഹിത കരാറുമായി സാംസങ്

കരാറില്‍ ഒപ്പുവെക്കാന്‍ സാധിച്ചില്ലെങ്കില്‍ ശക്തമായ പണിമുടക്കിലേക്ക് നീങ്ങുമെന്ന് തൊഴിലാളി യൂണിയന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു

Samsung Electronics workers bonus

ജീവനക്കാര്‍ ചരിത്രപരമായ ലാഭവിഹിത കരാറിന് അംഗീകാരം നല്‍കി ആഗോള ഇലക്ട്രോണിക്‌സ് ഭീമന്മാരായ സാംസങ് ഇലക്ട്രോണിക്‌സ്. മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ 74 ശതമാനം യൂണിയന്‍ അംഗങ്ങളുടെ പിന്തുണയോടെ ഈ നിര്‍ണ്ണായക കരാര്‍ പാസായത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) മേഖലയിലുണ്ടായ വന്‍ കുതിച്ചുചാട്ടത്തെത്തുടര്‍ന്ന് കമ്പനിയുടെ മെമ്മറി ചിപ്പ് വിഭാഗം നേടിയ വന്‍ ലാഭം ജീവനക്കാര്‍ക്ക് എങ്ങനെ വീതിച്ചുനല്‍കണം എന്നതായിരുന്നു തര്‍ക്കവിഷയം. കരാറില്‍ ഒപ്പുവെക്കാന്‍ സാധിച്ചില്ലെങ്കില്‍ ശക്തമായ പണിമുടക്കിലേക്ക് നീങ്ങുമെന്ന് തൊഴിലാളി യൂണിയന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബുധനാഴ്ച സാംസങ്ങിന്റെ ഓഹരി വിലയില്‍ 6 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായി.

പുതിയ കരാര്‍ അനുസരിച്ച്, സാംസങ്ങിന്റെ സെമികണ്ടക്ടര്‍ വിഭാഗത്തിലെ 78,000 ജീവനക്കാര്‍ക്കായി കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തിന്റെ 10.5 ശതമാനം മാറ്റിവെക്കും. ഈ വര്‍ഷം സാംസങ് 327 ട്രില്യണ്‍ വോണ്‍(ഏകദേശം 20.73 ലക്ഷം കോടി രൂപ) പ്രവര്‍ത്തന ലാഭം നേടുമെന്നാണ് കെ.ബി സെക്യൂരിറ്റീസ് പ്രവചിക്കുന്നത്. ഇത് കണക്കിലെടുക്കുമ്പോള്‍ ബോണസ് തുക മാത്രം ഏകദേശം 34 ട്രില്യണ്‍ വോണ്‍ (2,260 കോടി ഡോളര്‍-ഏകദേശം 1.90 ലക്ഷം കോടി രൂപ) വരും. നിലവിലുള്ള ബോണസ് സ്‌കീമുകള്‍ വഴി നല്‍കുന്ന 1.5 ശതമാനത്തിന് പുറമെയാണിത്. ഈ ആകെ തുകയുടെ 40 ശതമാനം ചിപ്പ് വിഭാഗത്തിലെ എല്ലാ ജീവനക്കാര്‍ക്കും തുല്യമായി വീതിച്ചുനല്‍കും. ബാക്കിയുള്ള 60 ശതമാനം തുക ഓരോ ബിസിനസ്സ് യൂണിറ്റുകളുടെയും പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കിയായിരിക്കും നല്‍കുക.

കരാര്‍ പ്രകാരം വന്‍ ലാഭമുണ്ടാക്കിയ മെമ്മറി ചിപ്പ് വിഭാഗത്തിലെ ഓരോ ജീവനക്കാരനും ശരാശരി 600 മില്യണ്‍ വോണ്‍ (ഏകദേശം 4,00,000 ഡോളര്‍- ഏകദേശം 3.85 കോടി രൂപ) ബോണസായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ നിലവില്‍ നഷ്ടത്തില്‍ ഓടുന്ന ഫൗണ്ടറി, സിസ്റ്റം എല്‍.എസ്.ഐ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് 150 മില്യണ്‍ മുതല്‍ 200 മില്യണ്‍ വോണ്‍ വരെയായിരിക്കും(ഏകദേശം 84 ലക്ഷം രൂപ മുതല്‍ 1.12 കോടി രൂപ വരെ) ലഭിക്കുക. സാംസങ്ങിന്റെ പ്രധാന എതിരാളികളായ എസ്.കെ ഹൈനിക്‌സ് കഴിഞ്ഞ വര്‍ഷം സമാനമായ ഒരു കരാര്‍ നടപ്പിലാക്കിയിരുന്നു. അടുത്ത 10 വര്‍ഷത്തേക്ക് തങ്ങളുടെ പ്രവര്‍ത്തന ലാഭത്തിന്റെ 10 ശതമാനം ജീവനക്കാര്‍ക്ക് നല്‍കുമെന്നായിരുന്നു അവരുടെ കരാര്‍. ഇതനുസരിച്ച് എസ്.കെ ഹൈനിക്‌സിലെ 35,000 ജീവനക്കാര്‍ക്ക് ശരാശരി 710 മില്യണ്‍ വോണ്‍(ഏകദേശം 3.98 കോടി രൂപ) ബോണസ് ലഭിക്കാന്‍ സാധ്യതയുണ്ട്. എ.ഐ സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്ന ഹൈ-ബാന്‍ഡ്വിഡ്ത്ത് മെമ്മറി ചിപ്പുകളുടെ ആഗോള ഡിമാന്‍ഡ് ആണ് ഇരു കമ്പനികള്‍ക്കും ഈ വലിയ നേട്ടം സമ്മാനിച്ചത്. അടുത്തിടെ 1 ട്രില്യണ്‍ ഡോളര്‍(ഏകദേശം 84 ലക്ഷം കോടി രൂപ) വിപണി മൂല്യം കൈവരിക്കുന്ന ആദ്യ ദക്ഷിണ കൊറിയന്‍ കമ്പനിയായി സാംസങ് മാറിയിരുന്നു. തൊട്ടുപിന്നാലെ ബുധനാഴ്ച എസ്.കെ ഹൈനിക്‌സും, ചൊവ്വാഴ്ച യു.എസ് ചിപ്പ് നിര്‍മ്മാതാക്കളായ മൈക്രോണും 1 ട്രില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടംപിടിച്ചു.

എന്നിരുന്നാലും, സാംസങ് ഒരു സമ്പൂര്‍ണ്ണ ചിപ്പ് നിര്‍മ്മാണ കമ്പനി മാത്രമല്ലാത്തതിനാല്‍ സ്ഥാപനത്തിനുള്ളില്‍ ചില ആഭ്യന്തര തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. സ്മാര്‍ട്ട്ഫോണുകള്‍, ടെലിവിഷനുകള്‍, മറ്റ് ഗാഡ്ജെറ്റുകള്‍ എന്നിവ നിര്‍മ്മിക്കുന്ന ഡിവൈസ് എക്‌സ്പീരിയന്‍സ് വിഭാഗത്തിലെ ജീവനക്കാര്‍ക്ക് കേവലം 6 മില്യണ്‍ വോണ്‍(ഏകദേശം 3.36 ലക്ഷം രൂപ) മാത്രമായിരിക്കും ബോണസ് ലഭിക്കുകയെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ചൈനീസ് കമ്പനികളില്‍ നിന്നുള്ള കടുത്ത മത്സരവും, ചിപ്പുകള്‍ക്ക് വിലവര്‍ദ്ധിച്ചതുമാണ് ഡി.എക്‌സ് വിഭാഗത്തിന്റെ ലാഭക്ഷമത കുറയാന്‍ കാരണം. ചിപ്പ് വില വര്‍ദ്ധനവ് സെമികണ്ടക്ടര്‍ വിഭാഗത്തിന് ലാഭമുണ്ടാക്കിയപ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിന് അത് തിരിച്ചടിയായി.

ഡി.എക്‌സ് വിഭാഗത്തിനെതിരെയുള്ള ഈ വിവേചനം തടയുന്നതില്‍ തങ്ങള്‍ക്ക് സജീവമായ ഒരു തന്ത്രം രൂപീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് നാഷണല്‍ സാംസങ് ഇലക്ട്രോണിക്‌സ് യൂണിയന്റെ ആക്ടിങ് പ്രസിഡന്റ് വൂ ഹാ-ക്യുങ് സമ്മതിച്ചു. മുന്‍പ് സെമികണ്ടക്ടര്‍ ബിസിനസ്സ് പ്രതിസന്ധിയിലായിരുന്നപ്പോള്‍ സ്മാര്‍ട്ട്ഫോണുകളും ഗൃഹോപകരണങ്ങളും വിറ്റാണ് കമ്പനിയെയും ചിപ്പ് വിഭാഗത്തെയും വളര്‍ത്തിയത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സാംസങ്ങിലെ രണ്ട് പ്രമുഖ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായാണ് കമ്പനിയുമായി ഈ പുതിയ കരാറിലെത്തിയത്. എന്നാല്‍ ഡി.എക്‌സ് വിഭാഗത്തിലെ ജീവനക്കാര്‍ കൂടുതലുള്ള ‘സാംസങ് ഇലക്ട്രോണിക്‌സ് കമ്പനി യൂണിയന്‍’ എന്ന ചെറിയ മൂന്നാമതൊരു സംഘടന ഈ കരാറിനെതിരെ കോടതിയെ സമീപിച്ച് സ്റ്റേ ഓര്‍ഡറിനായി അപേക്ഷ നല്‍കിയിട്ടുണ്ട്.

Content Summary: Samsung Electronics workers approve a landmark profit-sharing deal, securing massive bonuses of up to $400,000 for memory chip division employees amid the AI boom

This post was last modified on May 27, 2026 5:21 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment