ഷൊയ്ബ് മാലിക്കില്‍ നിന്നും സാനിയ മിര്‍സ ഒരു വര്‍ഷം മുന്നേ വിവാഹമോചനം നേടിയിരുന്നതായി റിപ്പോര്‍ട്ട്. പാകിസ്താന്‍ നടി സന ജാവേദും ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ പാക് ചാനലായ ജിയോ ന്യൂസ് ആണ് സാനിയ-ഷൊയ്ബ് വിവാഹമോചന വാര്‍ത്തയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാനിയ ഷൊയ്ബില്‍ നിന്നും വിവാഹമോചനം നേടിയെന്ന് ടെന്നീസ് താരത്തിന്റെ പിതാവും സ്ഥിരീകരിച്ചിട്ടുണ്ട്. മുസ്ലിം സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടുന്നതിനുള്ള അവകാശമായ ‘ ഖുല’ പ്രകാരമാണ് സാനിയ ബന്ധം ഒഴിഞ്ഞതെന്ന് പിതാവ് ഇമ്രാന്‍ മിര്‍സ മാധ്യമങ്ങളോട് പറഞ്ഞു.
2022 ന്റെ അവസാനത്തോടെ സാനിയ-ഷൊയ്ബ് വിവാഹമോചനം നടന്നുവെന്നാണ് ജിയോ ന്യൂസ് പറയുന്നത്. ദീര്‍ഘകാലമായി ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നുവെന്നും ഇതിനൊടുവിലാണ് വിവാഹമോചനം നടന്നതെന്നും കുടുംബവൃത്തങ്ങളില്‍ നിന്നറിഞ്ഞ കാര്യമായി ജിയോ ന്യൂസ് പറയുന്നു. 2022 മുതല്‍ ‘ പവര്‍ കപ്പിള്‍സ്’ വേര്‍പിരിയലിന്റെ പേരില്‍ വാര്‍ത്ത തലക്കെട്ടുകളില്‍ സ്ഥിരമായി വന്നിരുന്നുവെങ്കിലും ഇരുവരുടെയും വിവാഹമോചനം സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.
മറ്റ് സ്ത്രീകളുമായി ഷൊയ്ബിന്റെ ബന്ധമാണ് ദമ്പതിമാര്‍ക്കിടയില്‍ വിള്ളലുണ്ടാക്കുന്നതെന്നാണ് പാക് മാധ്യമം പറയുന്നത്. ആദ്യകാലങ്ങളില്‍ സാനിയ നിശബ്ദത പാലിച്ചെങ്കിലും ക്ഷമ നശിച്ച ഘട്ടത്തിലാണ് ഷൊയ്ബുമായി പിരിയുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശനിയാഴ്ച്ചയാണ് തന്റെ മൂന്നാം വിവാഹത്തെക്കുറിച്ച് 41 കാരനായ ഷൊയ്ബ് ലോകത്തെ അറിയിച്ചത്. സനയുമൊത്തുള്ള വിവാഹ ചിത്രങ്ങള്‍ പാക് മുന്‍ ഓള്‍ റൗണ്ടര്‍ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ സന ജാവേദ് തന്റെ പേര് ഇന്‍സ്റ്റഗ്രാം ബയോയില്‍ സന ഷൊയ്ബ് മാലിക് എന്ന് മാറ്റുകയും ചെയ്തു. ഷൊയ്ബിന്റെ മാനേജറും കല്യാണക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഷൊയ്ബിന്റെ കുടുംബത്തിന് ഈ വിവാഹത്തില്‍ താത്പര്യമില്ലെന്നാണ് ജിയോ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഷൊയ്ബിന്റെ കുടുംബത്തില്‍ നിന്നും ആരും തന്നെ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. സാനിയയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതില്‍ കുടുംബത്തിന് ഷൊയ്ബിനോട് നീരസമുണ്ടെന്നാണ് ചില ബന്ധുക്കളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവാഹത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്നാണ് അറിയുന്നതെന്ന് ഷൊയ്ബിന്റെ സഹോദരി ഭര്‍ത്താവ് ഇമ്രാന്‍ സഫര്‍ ജിയോ ന്യൂസിനോട് പ്രതികരിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. കുടുംബാംഗങ്ങള്‍ ആരും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ലെന്ന് ഇമ്രാന്‍ സ്ഥിരികരിച്ചിട്ടുണ്ടെന്നും ജിയോ ന്യൂസ് പറയുന്നു.
2010-ലാണ് ഇന്ത്യന്‍ ടെന്നീസ് താരമായിരുന്ന സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരമായിരുന്ന ഷൊയ്ബ് മാലിക്കും വിവാഹിതരാകുന്നത്. വിവാഹശേഷം ഇരുവരും ദുബൈ ആയിരുന്നു ഒരുമിച്ച് താമസിക്കാന്‍ തെരഞ്ഞെടുത്തത്. 2018-ല്‍ ഇവര്‍ക്ക് മകനായ ഇഷാന്‍ മിര്‍സ-മാലിക് ജനിച്ചു.
സാനിയ-ഷൊയ്ബ് ബന്ധം തകരാതിരിക്കാന്‍ ഇരുവരുടെയും കുടുംബങ്ങള്‍ തീവ്രമായി പരിശ്രമിച്ചിരുന്നതായും വാര്‍ത്തകളില്‍ പറയുന്നു. താരങ്ങളുടെ ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 2022 അവസാനത്തോടെ രണ്ടു പേരുടെയും കുടുംബാംഗങ്ങള്‍ ദുബൈയില്‍ എത്തിയിരുന്നു. ഷൊയ്ബിന്റെ കുടുംബത്തിന് വിവാഹമോചനത്തോട് ഒട്ടും താത്പര്യമില്ലായിരുന്നു. വിവാഹമോചനം ഷൊയ്ബിന്റെ കുടുംബത്തെ ദുഖത്തിലാഴ്ത്തിയെന്നും വിവരം നല്‍കിയവര്‍ ജിയോ ന്യൂസിനോട് പറയുന്നു. ഈ സമയത്ത് ഷൊയ്ബും സനയും തമ്മില്‍ ബന്ധമുണ്ടായിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
2022-ല്‍ ഷൊയ്ബ്-സാനിയ വേര്‍പിരിയല്‍ വാര്‍ത്തകള്‍ പുറത്തു വന്നതിനൊപ്പം തന്നെ പാകിസ്താനിലും പുറത്തും സനയും ഷൊയ്ബും ഇരുവരുടെയും വിവാഹമോചനങ്ങളുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ നേരിട്ടുകൊണ്ടിരുന്നു. എന്നാല്‍, തങ്ങളുടെ ദാമ്പത്യ സ്ഥിതിയെ കുറിച്ച് ക്രിക്കറ്ററും അഭിനേത്രിയും നിശബ്ദത പാലിക്കുക മാത്രമാണ് ചെയ്തത്. മോഡലിംഗ് വഴി ടെലിവിഷന്‍ സീരിയലുകളില്‍ എത്തിയ സന അവിടെ നിന്നാണ് സിനിമ താരമാകുന്നത്. 2020 ഒക്ടോബറില്‍ അവര്‍ ഗായകന്‍ ഉമയര്‍ ജസ്വാളിനെ വിവാഹം കഴിച്ചു. 2023 നവംബര്‍ 28 നാണ് ഉമയര്‍ സനയില്‍ നിന്നും വിവാഹമോചനം നേടുന്നത്.
തങ്ങളുടെ പ്രിയപ്പെട്ട രണ്ട് താരങ്ങള്‍ക്കിടയില്‍ അകലം കൂടിയത് ആരാധകരെ വിഷമിപ്പിക്കുകയും അവരതിനെക്കുറിച്ച് ഷൊയ്ബിനോട് പലതവണ ചോദിച്ചപ്പോഴും, എല്ലാം അസംബന്ധമെന്ന് പറഞ്ഞു തള്ളിക്കളയുകയായിരുന്നു പാക് ടീം മുന്‍ ക്യാപ്റ്റന്‍. കൂടാതെ സാനിയയ്ക്കുള്ള സന്ദേശങ്ങളെന്ന പോലെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇടുകയും ചെയ്തിരുന്നു.
ഷൊയ്ബ് വിവാഹ വാര്‍ത്ത പുറത്തു വിടുന്നതിന് രണ്ടു ദിവസം മുമ്പ് തന്നെ തങ്ങളുടെ ബന്ധം അവസാനിച്ചതിന്റെ സൂചന നല്‍കി സാനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നിരുന്നു. വിവാഹവും വിവാഹമോചനവും കഠിനമാണെന്നും ഏതു വേണമെന്ന് നിങ്ങള്‍ തെരഞ്ഞെടുക്കണമെന്നും ജീവിതം ഒരിക്കലും എളുപ്പമല്ലെന്നും, അത് ബുദ്ധിമുട്ടേറിയതാണെന്നും ഏത് വേണമെന്ന് നമ്മള്‍ തെരഞ്ഞെടുക്കണമെന്നുമായിരുന്നു സാനിയയുടെ പോസ്റ്റ്.
Leave a Comment