കഴിഞ്ഞ ദിവസം അന്തരിച്ച നടനും ചലച്ചിത്ര നിര്‍മാതാവുമായ സഞ്ജയ് ഖാന്റെ ഭാര്യ സറീന്‍ ഖാന്റെ അന്ത്യകര്‍മങ്ങളുടെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ, മുസ്ലിം ആചാരങ്ങള്‍ ഒഴിവാക്കി എന്തുകൊണ്ടാണ് ഹിന്ദു ആചാരപ്രകാരം സംസ്‌കാരം നടത്തിയത് എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുകയാണ്. ഒരു പുരോഹിതന്റെ നിര്‍ദ്ദേശമനുസരിച്ച് മകന്‍ സായിദ് ഖാന്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും പേരക്കുട്ടികള്‍ ഭൗതികശരീരം വഹിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
സംസ്‌കാര ചടങ്ങില്‍ സിനിമാ രംഗത്തുനിന്നുള്ള കുടുംബ സുഹൃത്തുക്കളടക്കം നിരവധി പേര്‍ പങ്കെടുത്തു. സുസെയ്ന്‍ ഖാന്‍, സായിദ് ഖാന്‍, ഫറാ അലി ഖാന്‍, സിമോണ്‍ ഖാന്‍ എന്നിവരാണ് സഞ്ജയ്-സറീന്‍ ദമ്പതികളുടെ മക്കള്‍. സുസെയ്നിന്റെ മുന്‍ ഭര്‍ത്താവ് ഹൃത്വിക് റോഷനും ജാക്കി ഷ്രോഫ്, ഇഷ ഡിയോള്‍, കാജോള്‍ തുടങ്ങിയ താരങ്ങളും അന്തിമോപചാരം അര്‍പ്പിച്ചു.
ഹിന്ദു ആചാരപ്രകാരമുള്ള ശവസംസ്‌കാരത്തിന് കാരണം
ഒരു ഹിന്ദുവായാണ് സരീന്‍ ഖാന്‍ ജനിച്ചത്. അന്നവരുടെ പേര് സരീന്‍ കത്രക് എന്നായിരുന്നു. സഞ്ജയ് ഖാനുമായുള്ള വിവാഹശേഷം ഇവര്‍ ഇസ്ലാം മതം സ്വീകരിച്ചിരുന്നില്ല. അതുകൊണ്ടാണ് സറീന്റെ അന്ത്യാഭിലാഷം നിറവേറ്റിക്കൊണ്ട്, ഹിന്ദു ആചാരപ്രകാരമുള്ള അന്ത്യകര്‍മങ്ങള്‍ നടത്തിയത്.
സറീന്‍-സഞ്ജയ് പ്രണയകഥ
സറീന് 14 വയസ്സുള്ളപ്പോഴാണ് സഞ്ജയുടെ അമ്മയായ ബീബി ഫാത്തിമ ബീഗം ഖാന്‍ വഴി ഇരുവരും കണ്ടുമുട്ടിയത്. 1966-ല്‍ ആരംഭിച്ച പ്രണയം പിന്നീട് വിവാഹത്തിലേക്ക് വഴിമാറി. വിവാഹത്തിന് മുന്‍പ് സറീന്‍ കട്രാക് 1960-കളിലെ പ്രശസ്ത മോഡലായി തിളങ്ങിയിരുന്നു. ‘തേരെ ഘര്‍ കെ സാംനെ’, ‘ഏക് ഫൂല്‍ ദോ മാലി’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ തന്റെ സൗന്ദര്യവും പ്രതിഭയും കൊണ്ട് അവര്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു. എന്നാല്‍ ഖാന്‍ കുടുംബാംഗമായ ശേഷം സറീന്‍ അഭിനയം ഉപേക്ഷിച്ച് ഇന്റീരിയര്‍ ഡിസൈനിംഗിലും വീട്ടുപകരണങ്ങളുടെ അലങ്കാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. വര്‍ഷങ്ങളായി അവര്‍ പാചക പുസ്തകങ്ങളും ജീവിതശൈലി ലേഖനങ്ങളും എഴുതിക്കൊണ്ട് തന്റെ സര്‍ഗ്ഗാത്മകത നിലനിര്‍ത്തി.
Content Summary: Sanjay Khan’s wife’s funeral: why Muslim rituals were omitted
This post was last modified on November 8, 2025 12:42 pm
Leave a Comment