January 22, 2025 |

28 വർഷം മുൻപുള്ള കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനെന്ന് കോടതി

കേസിന് പിന്നിലെ യാഥാർഥ്യമെന്ത്

മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ 28 വർഷം മുൻപുള്ള കേസിൽ കുറ്റക്കാരനെന്നു ഗുജറാത്ത് പാലൻപുരിലെ സെഷൻസ് കോടതി വിധിച്ചു. 2024 മാർച്ച് ആദ്യ വാരം ഗുജറാത്ത് ഹൈക്കോടതി കസ്റ്റഡി പീഡനം ആരോപിച്ച് മറ്റൊരു കേസിൽ ഭട്ടിൻ്റെ ജീവപര്യന്തം ശിക്ഷ സ്ഥിരീകരിച്ചിരുന്നു.

1996 ലെ മയക്കുമരുന്ന് ആരോപണം

സഞ്ജീവ് ഭട്ട് 1995 ഒക്ടോബർ 13 മുതൽ 1996 ഒക്ടോബർ 18 വരെ ബനാസ്കാന്ത ജില്ലയിലെ പോലീസ് സൂപ്രണ്ടായിരുന്നു. ഇക്കാലയളവിൽ രാജസ്ഥാൻ ആസ്ഥാനമായുള്ള സുമേർ സിങ് രാജപുരോഹിത് എന്ന അഭിഭാഷകനെ ലഹരിമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. സഞ്ജീവ് ഭട്ടിൻ്റെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചുവെന്നാരോപിച്ച്, ഇന്ദ്രവദൻ വ്യാസ് എന്ന പോലീസ് ഇൻസ്പെക്ടർ പലൻപൂർ ഹോട്ടലിൽ റെയ്ഡ് നടത്തുകയും അവിടെ നിന്ന് 1.15 കിലോ ഒപിയം പിടിച്ചെടുക്കുകയും ചെയ്തു.  1996 ഒക്‌ടോബറിൽ, സഞ്ജീവ് ഭട്ടും ഇന്ദ്രവദൻ വ്യാസും മറ്റുള്ളവരും ചേർന്ന് തന്നെ കള്ള കേസിൽ മനഃപൂർവം കുടുക്കിയെന്നാരോപിച്ച് രാജപുരോഹിത് മജിസ്‌ട്രേറ്റിന് മുന്നിൽ പരാതി നൽകി.
ഗുജറാത്ത് ഹൈക്കോടതിയിലെ മുൻ ജഡ്ജിയുടെ നിർദ്ദേശപ്രകാരമാണ് സഞ്ജീവ് ഭട്ട് തന്നെ കുടുക്കിയതെന്ന് രാജപുരോഹിത് കോടതിയിൽ അവകാശപ്പെട്ടു. നവംബറിൽ രാജസ്ഥാനിലെ പാലിയിലെ കോട്വാലി പോലീസ് സ്റ്റേഷനിൽ 17 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പാലൻപൂർ എഫ്ഐആറുമായി ബന്ധപ്പെട്ട് ഇന്ദ്രവദൻ വ്യാസ് പിന്നീട് സിആർപിസി സെക്ഷൻ 169 (തെളിവുകളുടെ അവഭാവത്തിൽ പ്രതിയെ വിട്ടയക്കൽ) പ്രകാരം ഹോട്ടൽ മുറിയിലുണ്ടായിരുന്നയാൾ രാജപുരോഹിത് അല്ലെന്ന് സമ്മതിച്ചുകൊണ്ട് ഒരു റിപ്പോർട്ട് ഫയൽ ചെയ്തതിനെ തുടന്ന് രാജ്‌പുരോഹിതിനെ കേസിൽ കോടതി നിരുപാധികം വിട്ടയച്ചു. അഭിഭാഷകന്റെ ഹർജിയിൽ അന്വേഷണം പൂർത്തിയാക്കാൻ 2018 ൽ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2018 നവംബർ 2 ന് പാലൻപൂരിലെ എൻഡിപിഎസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമവും നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് ആക്ടിന്റെയും (എൻഡിപിഎസ് ആക്‌ട്). ഇതിന്റെ അടിസ്ഥാനത്തിൽ 22 വർഷങ്ങൾക്കു ശേഷമാണ് സഞ്ജീവിനെ അറസ്റ്റ് ചെയ്തത്.

2021 മാർച്ചിൽ, കുറ്റകൃത്യങ്ങളിൽ നിന്ന് മാപ്പ് ആവശ്യപ്പെട്ടുള്ള ഇന്ദ്രവദൻ വ്യാസിൻ്റെ അപേക്ഷ കോടതി സ്വീകരിച്ചു. എന്നാൽ കോടതിയുടെ തീരുമാനത്തെ സഞ്ജീവ് ഭട്ട് ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകികൊണ്ട് വെല്ലുവിളിച്ചു, പക്ഷെ 2021 ഓഗസ്റ്റിൽ അപ്പീൽ നിരസിച്ചു.

സഞ്ജീവ് ഭട്ടിനെതിരെയുള്ള നടപടികൾ

കേസിൻ്റെ വിചാരണ പലൻപൂർ ജില്ലാ കോടതിയിലെ ഏറ്റവും മുതിർന്ന അഡീഷണൽ സെഷൻസ് ജഡ്ജിക്ക് മാറ്റണമെന്നും ജൂണിലെ പാലൻപൂർ കോടതി ഉത്തരവ് റദ്ദാക്കണമെന്ന്, 2023 ഓഗസ്റ്റിൽ, ഭട്ട് സമർപ്പിച്ച രണ്ട് അപേക്ഷകൾ ഹൈക്കോടതി നിരസിച്ചു. കോടതിയെ അപകീർത്തിപ്പെടുത്താനും സമ്മർദ്ദം ചെലുത്താനുമുള്ള ശ്രമങ്ങളാണ് ഭട്ടിൻ്റെ ഹർജിയെന്ന് കോടതി വിശേഷിപ്പിക്കുകയും ചെയ്തു. പലൻപൂരിലെ പ്രിസൈഡിംഗ് ട്രയൽ ജഡ്ജി പക്ഷപാതപരമായ തീരുമാനങ്ങൾ എടുക്കുന്നുവെന്നും, നിഷ്പക്ഷമായ വിചാരണ നടത്തുന്നില്ലെന്നു ആരോപിച്ച് സഞ്ജീവ് ഭട്ട് ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു, എന്നാൽ തൻ്റെ അഭ്യർത്ഥന നിരസിച്ചതായും രണ്ട് തവണയും തന്റെ മേൽ പിഴ ചുമത്തിയതായും അദ്ദേഹം പറഞ്ഞിരുന്നു. 1990 ലെ കസ്റ്റഡിമരണ കേസുമായി ബന്ധപ്പെട്ടു നിലവിൽ ജയിലിൽ തുടരുകയാണ് സഞ്ജീവ് ഭട്ട്. ഗുജറാത്ത് കലാപത്തിന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഒത്താശ ചെയ്തെന്നാരോപിച്ചു 2011 ൽ സുപ്രീം കോടതിയിൽ ഭട്ട് സത്യവാങ്മൂലം നൽകിയതു മുതലാണ് ബിജെപിയുടെ കണ്ണിലെ കരടായത്. ജോലിയിൽ ഹാജരായില്ലെന്ന കാരണത്തിൽ 2015 ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഞ്ജീവ് ഭട്ടിനെ സർവീസിൽനിന്നു പുറത്താക്കുകയും ചെയ്തു.

×