June 30, 2026 |
Share on

ചാരയെന്നാരോപിച്ച് കൊലപാതകം; 36 വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റപത്രം, തെളിയിക്കപ്പെട്ട് ജെകെഎല്‍ഫ് ഗൂഡാലോചന

കശ്മീരി പണ്ഡിറ്റ് നഴ്‌സ് സരള ഭട്ട് കൊലപാതക കേസിലെ നിര്‍ണായക വിവരങ്ങള്‍

കശ്മീരി പണ്ഡിറ്റ് സമൂഹത്തിന് നേരെയുണ്ടായ ക്രൂരമായ അക്രമങ്ങളുടെയും നിര്‍ബന്ധിത പലായനത്തിന്റെയും കറുത്ത ഓര്‍മ്മപ്പെടുത്തലായ സരള ഭട്ട് കൊലപാതകക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. 1990-ല്‍ നഴ്സായ സരള ഭട്ടിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) ആസൂത്രണം ചെയ്ത വലിയൊരു ഭീകരഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് തെളിയിച്ചിരിക്കുകയാണ് ജമ്മു കാശ്മീര്‍ പൊലീസ്. കാശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ട് താഴ്വരയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും അവരെ അവിടെനിന്ന് ആട്ടിയോടിക്കാനുമായി ജെകെഎല്‍എഫ് നടത്തിയ ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു ഈ കൊലപാതകമെന്നാണ് കണ്ടെത്തല്‍.

കേസുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗം (എസ്‌ഐഎ) ശ്രീനഗറിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ 737 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചു. നിലവില്‍ മറ്റൊരു കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ ജെകെഎല്‍എഫ് തലവന്‍ യാസിന്‍ മാലിക്കാണ് കൊലപാതകത്തിന്റെ പ്രധാന സൂത്രധാരനെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഭീകരാക്രമണക്കേസുകളുടെ അന്വേഷണത്തില്‍ ഉണ്ടായ ഏറ്റവും വലിയ മുന്നേറ്റമാണിതെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിലെ ചരിത്രപരമായ നാഴികക്കല്ലാണിതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചു. ജമ്മു കാശ്മീര്‍ ഡി.ജി.പി.യുടെ ഉത്തരവിനെ തുടര്‍ന്ന് 2024 മാര്‍ച്ച് 18-നാണ് ഈ കേസിന്റെ അന്വേഷണം എസ്.ഐ.എ.യ്ക്ക് കൈമാറിയത്.

ക്രൂര പീഡനവും ആസൂത്രിത കൊലപാതകവും

1990 ഏപ്രില്‍ 18-നാണ് സൗരയിലെ ഷേര്‍-ഇ-കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എസ്‌കെഐഎംഎസ്) നിയോനാറ്റോളജി വിഭാഗം നഴ്സായിരുന്ന 27 വയസ്സുകാരി സരള ഭട്ടിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോകുന്നത്. യാസിന്‍ മാലിക്കിന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരം ജെകെഎലഎഫ്-ന്റെ നാല് ഭീകരര്‍ ചേര്‍ന്ന് സരളയെ ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്കിരയാക്കുകയും തുടര്‍ന്ന് റൈഫിള്‍ ഉപയോഗിച്ച് വെടിവെച്ചു കൊല്ലുകയുമായിരുന്നു. തൊട്ടടുത്ത ദിവസം, ഏപ്രില്‍ 19-ന് ശ്രീനഗറിലെ മല്ലബാഗ്-ഒമര്‍ കോളനി റോഡിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തുന്നത്.

കൊല്ലപ്പെട്ട സരള ഭട്ടിന്റെ ശരീരത്തിലുണ്ടായിരുന്ന ക്രൂരമായ പീഡനവിവരങ്ങള്‍ മെഡിക്കല്‍ പരിശോധനയിലും വ്യക്തമായിട്ടുണ്ട്. ഒന്നിലധികം വെടിയുണ്ടകള്‍ ശരീരത്തില്‍ തുളച്ചുകയറിയതിന്റെയും ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതരമായ പരിക്കുകളുടെയും വിവരങ്ങള്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം കണ്ടെത്തി. കൂടാതെ ദൃക്സാക്ഷിമൊഴികള്‍, ഡിജിറ്റല്‍ തെളിവുകള്‍, കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ജെകെഎല്‍എഫ് സംഭവസ്ഥലത്ത് ഉപേക്ഷിച്ച കത്ത് എന്നിവയെല്ലാം ചേര്‍ത്തുവെച്ച് ശക്തമായ ഒരു തെളിവുശൃംഖലയാണ് അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.

കുറ്റം മറയ്ക്കാന്‍ വ്യാജ പ്രചാരണം

സുരക്ഷാസേനയ്ക്കായി ചാരപ്പണി നടത്തി എന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് ഭീകരര്‍ സരള ഭട്ടിനെ കൊലപ്പെടുത്തിയത്. 1990 ഏപ്രില്‍ 8-ന് നര്‍വാരയില്‍ സുരക്ഷാസേന നടത്തിയ റെയ്ഡില്‍ നിരവധി ജെകെഎല്‍എഫ് ഭീകരര്‍ പിടിയിലാകുകയും, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യാസിന്‍ മാലിക്കിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ റെയ്ഡിന് പിന്നില്‍ സരള ഭട്ടാണെന്ന് വരുത്തിതീര്‍ക്കാനാണ് ഭീകരര്‍ ശ്രമിച്ചത്. എന്നാല്‍ ഈ ആരോപണം വെറും വ്യാജമായിരുന്നെന്നും, നേരത്തെ തന്നെ ആസൂത്രണം ചെയ്ത കൊലപാതകം ന്യായീകരിക്കാന്‍ ഭീകരര്‍ കണ്ടെത്തിയ ഒരു തന്ത്രം മാത്രമായിരുന്നു ഇതെന്നും എസ്.ഐ.എ അന്വേഷണത്തില്‍ വ്യക്തമായി.

സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത കത്തിലെ കൈയക്ഷരം ആരുടേതാണെന്ന് സ്ഥാപിക്കാന്‍ ന്യൂഡല്‍ഹിയിലെ സി.എഫ്.എസ്.എല്ലിന് സാധിച്ചില്ലെങ്കിലും, കൊലപാതകം നടന്ന തൊട്ടടുത്ത ദിവസങ്ങളില്‍ പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ഈ കത്തിലെ വിവരങ്ങളെ ശരിവെയ്ക്കുന്നതാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികള്‍

കേസിലെ പ്രധാന പ്രതിയായ യാസിന്‍ മാലിക്കിനെ കൂടാതെ ഖുര്‍ഷിദ് അഹമ്മദ് ചാല്‍ക്കൂ എന്നയാളും പ്രതിപ്പട്ടികയിലുണ്ട്. ഇയാള്‍ നിലവില്‍ ഒളിവിലാണെന്നും പാകിസ്ഥാന്‍ അധീന കാശ്മീരിലേക്ക് കടന്നതായും കരുതപ്പെടുന്നു. കേസിലുള്‍പ്പെട്ട മറ്റ് മൂന്ന് പ്രതികളായ അബ്ദുള്‍ ഹമീദ് ഷെയ്ഖ്, മുഹമ്മദ് യൂസഫ് സോഫി (ഇദ്രീസ്), ഗുലാം മുഹമ്മദ് തപ്ലൂ എന്നിവര്‍ ഇതിനകം മരണപ്പെട്ടിട്ടുണ്ട്.

1989 മുതല്‍ താഴ്വരയില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ വലിയ തോതിലുള്ള അക്രമങ്ങളാണ് അരങ്ങേറിയത്. ജമ്മു കശ്മീര്‍ പൊലീസ് 2008-ല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1989 മുതല്‍ കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍പ്പെട്ട 209 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 109 കൊലപാതകങ്ങളും നടന്നത് 1990-ല്‍ മാത്രമാണ്. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഇതിലും വളരെ ഉയര്‍ന്നതാണെന്നാണ് കശ്മീരി പണ്ഡിറ്റ് സംഘടനകള്‍ വ്യക്തമാക്കുന്നത്. മുപ്പതിലധികം വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും സരള ഭട്ടിന്റെ കൊലപാതകത്തിലെ പുതിയ വെളിപ്പെടുത്തലുകള്‍ കശ്മീരിലെ ഭീകരതയുടെ ആഴം വ്യക്തമാക്കുന്നതാണ്.

Content Summary; IA files a 737-page chargesheet naming JKLF chief Yasin Malik as key accused in the 1990 abduction and murder of Kashmiri Pandit nurse Sarla Bhat

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×