July 03, 2026 |
Share on

അതിർത്തി കടന്ന് ഇന്ത്യ യുദ്ധം ചെയ്തത് മോദി ഭരണകാലത്തോ? തരൂരിനെ പിന്തുണച്ച് ബിജെപി, വിമർശിച്ച് കോൺഗ്രസ്

വിമർശനങ്ങളെയും ട്രോളുകളെയും സ്വാ​ഗതം ചെയ്യുന്നുവെന്ന് ശശി തരൂർ

ബിജെപി സർക്കാരിന് അനുകൂലമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് കോൺ​ഗ്രസിൽ നിന്നും വിമർശനങ്ങൾ നേരിടുന്ന ശശി തരൂർ എംപിക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് കേന്ദ്ര മന്ത്രി കിരൺ റിജിജു. കോൺ​ഗ്രസ് പാർട്ടിക്ക് എന്താണ് വേണ്ടതെന്നും അവർ രാജ്യത്തെക്കുറിച്ച് എത്രമാത്രം ചിന്തിക്കുന്നുണ്ടെന്നും വിമർശിച്ച കിരൺ റിജിജു, ഇന്ത്യൻ പ്രതിനിധി സംഘം വിദേശത്തെത്തി ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കെതിരെയും സംസാരിക്കുകയാണോ വെണ്ടെതെന്ന് ചോദിച്ചു. രാഷ്ട്രീയ നിരാശയ്ക്ക് ഒരു പരിധിയുണ്ടെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു. അതേസമയം, പനാമ വിഷയത്തെതുടർത്തുണ്ടായ വിവദാത്തിൽ മറുപടിയുമായി ശശി തരൂർ എംപിയും രം​ഗത്തെത്തി. താൻ പരാമർശിച്ചത് ഭീകരാക്രമണത്തെക്കുറിച്ചാണെന്നും മുൻപ് നടന്ന യുദ്ധങ്ങളെക്കുറിച്ചല്ലെന്നും ശശി തരൂർ എക്സിൽ കുറിച്ചു. വിമർശനങ്ങളെയും ട്രോളുകളെയും സ്വാ​ഗതം ചെയ്യുന്നുവെന്നും ശശി തരൂർ കുറിപ്പിൽ പറഞ്ഞു.

ശശി തരൂരിന്റെ പനാമ പ്രസം​ഗമാണ് നിലവിൽ കോൺ​ഗ്രസിൽ അതൃപ്തിയുണ്ടാക്കിയിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഗ്ലോബല്‍ ഔട്ട്‌റീച്ച് മിഷന് നേതൃത്വം നല്‍കി പ്രതിനിധി സംഘത്തിനൊപ്പം പനാമയിലെത്തിയ തരൂർ, പ്രധാനമന്ത്രിയുടെ നടപടിയെ പിന്തുണച്ച് സംസാരിച്ചിരുന്നു.

പഹൽ​ഗാം ഭീകരാക്രമണത്തിലൂടെ രാജ്യത്തെ 26 സ്ത്രീകളുടെ സിന്ദൂരം ഭീകരവാദികൾ മായ്ച്ചിരുന്നെന്നും അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി മറുപടി നൽകിയെന്നും ശശി തരൂർ പറഞ്ഞിരുന്നു. പനാമ അസംബ്ലി പ്രസിഡന്റ് ഡാന കസ്റ്റനെഡ ഉള്‍പ്പെടെയുള്ള പാര്‍ലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ടായിരുന്നു തരൂർ സംസാരിച്ചത്. നേതാക്കളെല്ലാം വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളവരാണെഹ്കിൽ കൂടി, രാജ്യത്തിന് വേണ്ടി ഒരുമിച്ച് നിന്നു. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ പാകിസ്ഥാൻ സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുക്കുമെന്ന് കാത്തിരുന്നതിന് ശേഷമാണ് ഇന്ത്യ മെയ് ഏഴിന് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. ഒരു യുദ്ധം ആരംഭിക്കാന്‍ നമുക്ക് താല്‍പര്യമുണ്ടായിരുന്നില്ല, എന്നാല്‍ ഒരു ഭീകരപ്രവര്‍ത്തനം ശിക്ഷിക്കപ്പെടാതെ പോകരുതെന്ന് ഞങ്ങള്‍ക്ക് തോന്നി, ശശി തരൂർ പറഞ്ഞു.

ഭീകരവാദികളെ തിരിച്ചറിയുന്നതിനും വിചാരണ ചെയ്യുന്നതിനും പനാമ ഇന്ത്യയെ സഹായിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വേദനയും മുറിവുകളും നഷ്ടങ്ങളും സഹിക്കുന്നത് സ്വീകാര്യമല്ലെന്നും ശശി തരൂര്‍ എംപി പറഞ്ഞു. 1989ലെ കശ്മീരിലെ ആദ്യ ആക്രമണം മുതല്‍ സാധാരണക്കാര്‍ ഇരകളായ നിരവധി ആക്രമണങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആക്രമണങ്ങള്‍ക്ക് തങ്ങള്‍ വില നല്‍കേണ്ടി വരുമെന്ന് തീവ്രവാദികള്‍ തിരിച്ചറിഞ്ഞുവെന്ന് ശശി തരൂര്‍ പറഞ്ഞു. ‘2015ലെ ഉറി ആക്രമണത്തിലാണ് ഇന്ത്യ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) മറികടന്നത്. അതുവരെ എല്‍ഒസി കടന്നിരുന്നില്ല. കാര്‍ഗില്‍ യുദ്ധ സമയത്ത് പോലും അത് ചെയ്തിരുന്നില്ല. ഉറിയില്‍ അത് ചെയ്തു. ഇത്തവണ നമ്മള്‍ എല്‍ഒസി മാത്രമല്ല, അന്താരാഷ്ട്ര അതിര്‍ത്തിയും മറി കടന്നു. ബാലകോട്ടിലെ തീവ്രവാദികളുടെ കേന്ദ്രവും അക്രമിച്ചു. ഒമ്പത് ഭീകരകേന്ദ്രങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയവ ആക്രമിച്ചുവെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

Content Summary: Sasi tharoor ‘LoC never Breached’comment; BJP supports Tharoor

Leave a Reply

Your email address will not be published. Required fields are marked *

×