വര്‍ഷം 1616. ഗലീലിയോ ഗലീലി താന്‍ പുതുതായി കണ്ടുപിടിച്ച ദൂരദര്‍ശിനിയിലൂടെ ആകാശാത്ഭുതങ്ങള്‍ കണ്ടുകൊണ്ടിരിക്കവെ ഒന്നമ്പരന്നു. അക്കാലത്ത് പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു ഗലീലിയോ. ആറു വര്‍ഷം മുമ്പദ്ദേഹം ലോകത്തിനു കാണിച്ചു കൊടുത്ത നാല് ഉപഗ്രഹങ്ങള്‍ അത്രമാത്രം ജനശ്രദ്ധയാണ് പിടിച്ചുപറ്റിയത്. അയോ, യുറോപ്പ, ഗാനിമേഡ്, കലിസ്റ്റോ എന്നീ വ്യാഴചന്ദ്രന്മാരുടെ കണ്ടുപിടുത്തത്തെത്തുടര്‍ന്ന് ഗലീലിയോയുടെ ഖ്യാതി നാടെങ്ങും പരക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് അദ്ദേഹത്തിന്റെ കണ്ണുകള്‍ ശനിഗ്രഹത്തില്‍ പതിയുന്നത്. ശനിയുടെ ഉപഗ്രഹങ്ങള്‍ക്കു പിന്നാലെ കണ്ട കാഴ്ച ഗലീലിയോയ്ക്കാദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
ശനിക്കൊരു ഒരു കൈയ്യോ, കൈപ്പിടിപോലെയോ എന്തോ ഒന്ന്. എന്താണതെന്നു മനസ്സിലാവുന്നേയില്ല.
ആ കാഴ്ച കഴിഞ്ഞ്, നാലു ദശകങ്ങള്‍ കൂടി കഴിയേണ്ടി വന്നു അതെന്താണെന്നു തിരിച്ചറിയാന്‍. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ ക്രിസ്റ്റ്യാന്‍ ഹൈഹന്‍സ് ആണ് ഗലീലിയോയെ അത്ഭുതപ്പെടുത്തിയ കാഴ്ച ശനിഗ്രഹത്തിനു ചുറ്റുമുള്ള വലയമാണെന്ന് ആദ്യമായി മനസ്സിലാക്കിയത്. സൂര്യനില്‍നിന്ന് വ്യാഴത്തിലേക്കുള്ളതിന്റെ ഇരട്ടി ദൂരമുണ്ട് ശനിയിലേക്ക്. പക്ഷെ, ആ വലയത്തിന്റെ തെളിച്ചവും വലിപ്പവും കാരണം ദൂരദര്‍ശിനിയിലത് എളുപ്പം തെളിയും. വലയമാണതെന്നു മനസ്സിലാക്കാന്‍ കഴിയാഞ്ഞതില്‍ ഗലീലിയോയെ തെറ്റു പറയാനാവില്ല. കാരണം, പല കാലത്തും പല കാഴ്ചയാണ് ഭൂമിയില്‍ നിന്ന് ശനിവലയത്തിന്റേതായി ലഭിക്കുക. ഈ വലയത്തിന് ശനിയുടെ പ്രദക്ഷിണ വഴിയുമായി 27 ഡിഗ്രി ചെരിവുണ്ട്. 29 കൊല്ലം വേണം ശനിയുടെ സൗരപ്രദക്ഷിണത്തിനെന്ന വസ്തുതതയും, ഭൂമിയില്‍ നിന്നുള്ള നോട്ടത്തിന്റെ കോണും കൂടി കണക്കിലെടുത്താല്‍ ആ വലയക്കാഴ്ച കാലത്തിനു ആപേക്ഷികമായി മാറാനിടയുണ്ട്. അതായത്, മനുഷ്യന്‍ ഓരോ കാലവും കാണുന്ന കാഴ്ചയില്‍ അതു വലയം തന്നെയോ എന്ന സംശയത്തിനൊപ്പം, വലയത്തിന്റെ രൂപം തന്നെയും മാറിമാറി വന്നേക്കാം. 29 ഭൗമവര്‍ഷം നീണ്ടു നില്ക്കുന്ന ശനിവര്‍ഷത്തിന്റെ പകുതിയോളം കാലം വലയത്തിന്റെ മുകളിലും ബാക്കി പകുതിയില്‍ താഴെയുമാണ് സൂര്യവെളിച്ചം വീഴാറ്. അങ്ങനെ വലയനിഴലുകള്‍ പതിഞ്ഞ ശനിഗ്രഹത്തിന്റെ കാഴ്ചയാകട്ടെ, സൗരയൂഥത്തിലെ ഏറ്റവും മനോഹരദൃശ്യങ്ങളിലൊന്നും.
എന്താണീ അപൂര്‍വ്വമാം വലയങ്ങള്‍? കാലാകാലങ്ങളായുള്ള സൂക്ഷ്മപരിശോധനയിലൂടെ ഇന്നു നമുക്കറിയാം അതു ചെറുചന്ദ്രത്തുള്ളികളുടെ വ്യൂഹം ആണെന്ന്. ഈ വലയത്തിന്റെ കട്ടി രണ്ടു നാഴികയിലും താഴെയെ ഉള്ളൂ എന്നളന്നിട്ട് അധികമായിട്ടില്ല. 1966-ല്‍ ഔദ്വീന്‍ ദോള്‍ഫസ് ആണ് ആദ്യത്തെ വലയമാപനം നടത്തിയത്. ഇന്നത്തെ കണക്ക് അതിലും എത്രയോ കൃത്യമാണ്.
പയനീര്‍ 11, പിന്നെ വൊയേജര്‍ പര്യവേക്ഷണങ്ങള്‍ എന്നിവയിലൂടെ ഇന്നു നമുക്ക് ശനിവലയങ്ങളെക്കുറിച്ച് കൂടുതലായറിയാം. വൊയേജറില്‍ നിന്നെടുത്ത സൂര്യപ്രകാശത്തില്‍ തിളങ്ങുന്ന ശനിവലയചിത്രം ലോകപ്രശസ്തമാണല്ലോ. അതിലൂടെയാണ് ഈ വലയം സത്യത്തില്‍ നനുത്ത ചെറുവലയങ്ങള്‍ ചേര്‍ന്നതാണ് എന്നു മനസ്സിലാക്കിയത്.
ഈ വലയങ്ങളെ പ്രധാനവും അപ്രധാനവുമായി തരംതിരിച്ചിട്ടുണ്ട്. എ, ബി, സി എന്നിവയാണ് പ്രധാന വലയങ്ങള്‍. ഡി, ഇ, എഫ്, ജി, ഫീബി എന്നിവ നേര്‍ത്ത വലയങ്ങളാണ്. ഇതില്‍ അവസാനത്തെ നാലും വ്യത്യസ്ത എന്‍സലാഡസ്, പണ്ടോറ, പ്രൊമിത്യൂസ്, ഫീബി എന്നീ ഉപഗ്രഹങ്ങളോടു ചേര്‍ന്നു നില്ക്കുന്നു. എ വലയത്തിനും ബി വലയത്തിനുമിടയില്‍ വലിയൊരു വിടവുണ്ട്. കസ്സീനി വിടവ് എന്നാണതിന്റെ പേര്. ഇറ്റാലിയന്‍ ഗണിത-ജ്യോതിശാസ്ത്രജ്ഞനായിരുന്ന ജോവന്നി കസ്സീനിയാണത് ആദ്യമായി നമ്മുടെ ശ്രദ്ധയില്‍ പെടുത്തിയത്.
നിങ്ങള്‍ക്കെല്ലാമറിയുന്ന പ്രസിദ്ധ സിനിമയുടെ ഓര്‍മ്മയില്‍ ശനിഗ്രഹത്തെ ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് അഥവാ വലയപ്രഭു എന്നു വിളിച്ചത് റഷ്യക്കാരാണ്.
അവസാനമായി ശനിയെ തേടിപ്പോയത് കസ്സീനിയെന്ന പേടകമായിരുന്നു. ഗലീലിയോയുടെ കാഴ്ചയ്ക്കു നാനൂറു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള മഹാപര്യവേക്ഷണം. പത്തു കൊല്ലക്കാലം കസ്സീനി ശനിയെ നിരീക്ഷിച്ചു. പഠിച്ചു. വിവരങ്ങള്‍ കൈമാറി. വലയത്തിന്റെ കൂടുതല്‍ അത്ഭുതകരവും മനോഹരവുമായ ദൃശ്യങ്ങള്‍ നമുക്കതോടെ ലഭ്യമായി. വലയത്തിന് എല്ലായിടത്തും ഒരുപോലെയല്ല കട്ടി എന്നപ്പോഴാണ് ശ്രദ്ധിച്ചത്. ചിലയിടത്ത് ഒരു കിലോമീറ്റര്‍, മറ്റിടങ്ങളില്‍ പത്തു കിലോമീറ്റര്‍ വരെ. ഈ വലയങ്ങളില്‍ ചെറുകൂര്‍പ്പുകളും കാണാറുണ്ട്. എല്ലാം ചെറുകണങ്ങള്‍ ചേര്‍ന്നത്. അതാകട്ടെ 99.8% വും മഞ്ഞുകട്ടകളാണെന്നത് വലിയൊരു തിരിച്ചറിവായിരുന്നു. അതു മണല്‍ത്തരിയോളം ചെറുതും മലയോളം വലുതുമാവാം. ഇനി എല്ലാം കൂടി ഒന്നു തൂക്കിനോക്കിയാലോ? 16 ക്വാഡ്രില്യന്‍ ടണ്‍. അതായത്, അതായത് 16 കഴിഞ്ഞാല്‍ പതിനഞ്ചു പൂജ്യങ്ങള്‍ നിരത്തണം. അപാരം എന്നു തോന്നിയേക്കാം ആ ഭാരം. എങ്കിലും നമ്മുടെ ചന്ദ്രന്റെ ഭാരത്തിനോടു താരതമ്യപ്പെടുത്തിയാല്‍ അതു വെറും അയ്യായിരത്തില്‍ ഒന്നു മാത്രം. അങ്ങനെയാണ്, ഈ വലയകണങ്ങളെല്ലാം പണ്ടെങ്ങോ പൊട്ടിത്തെറിച്ച പോയ ഉപഗ്രഹമായിരുന്നിരിക്കുമോ എന്ന സംശയം ജനിച്ചത്.
ഈ മഞ്ഞുകണങ്ങള്‍ക്കിടയിലേക്കു പ്രപഞ്ചധൂളികളും ഉല്‍ക്കാപ്പൊടികളുമെല്ലാം ചേരുമ്പോഴാണ് വലയത്തിനു കറുപ്പുനിറം വരുന്നത്. ആ ധൂളികളിലും ഹിമകണങ്ങളിലും തട്ടി സൂര്യരശ്മികള്‍ പ്രതിഫലിക്കുമ്പോള്‍ നിറങ്ങളും വിടരും. വൊയേജര്‍ ചിത്രം വര്‍ണ്ണപ്രഭമാവുന്നതും അതുകൊണ്ടുതന്നെ.
കൂടുതല്‍ ശക്തമായ ദൂരദര്‍ശിനികള്‍ വന്നതോടെ ഇന്നു നമുക്കറിയാം ഈ വലയങ്ങള്‍ ശനിയുടെ മാത്രം കുത്തകയൊന്നുമല്ല എന്ന്. വ്യാഴത്തിനും യുറാനസിനും നെപ്ട്യൂണിനുമൊക്കെയുണ്ട് ഇത്തരം വലയങ്ങള്‍. വളരെ നേര്‍ത്തതാണവയെന്നു മാത്രം.
എദുവാര്‍ദ് റോഷിന്റെ ഒരു സിദ്ധാന്തമുണ്ട്. ഒരു ചന്ദ്രന്‍ അതിന്റെ ഗ്രഹത്തില്‍ നിന്നുള്ള ഒരു നിശ്ചിത അകലത്തിനകത്തേക്കു കടന്നാല്‍ ഇവ തമ്മിലുള്ള ഗുരുത്വാകര്‍ഷണബലങ്ങളുടെ സന്തുലിത നഷ്ടപ്പെടുകയും ചന്ദ്രന്‍ പൊട്ടിച്ചിതറുകയും ചെയ്യാം എന്നതായിരുന്നു ആ സിദ്ധാന്തം. അതു സംഭവിക്കാനുള്ള സാധ്യതയുടെ പരമാവധി അകലത്തെ റോഷ് പരിധി എന്നും വിളിക്കുന്നു. ഒരു ഗ്രഹത്തിന്റെ വ്യാസാര്‍ദ്ധത്തിന്റെ രണ്ടരയിരട്ടിയാണ് റോഷ് പരിധി എന്നു കണക്കാക്കിയിട്ടുണ്ട്. നമ്മുടെ ഭൂമിയുടെ റോഷ് പരിധി പതിനായിരം കിലോമീറ്ററിലും താഴെയാണ്. അതായത്, 380000 കിലോമീറ്റര്‍ അകലത്തിലുള്ള നമ്മുടെ ചന്ദ്രന്റെ സ്ഥാനം സുരക്ഷിതമാണെന്ന്. എന്നാല്‍ ശനിയെ സംബന്ധിച്ചിടത്തോളം ഈ പരിധി 87000 കിലോമീറ്ററാണ്. ശനിയുടെ ഏറ്റവും അകലെയുള്ള എ വലയം ഈ പരിധിക്കുള്ളിലാണ് എന്നു വസ്തുതയില്‍ നിന്ന് റോഷ് സിദ്ധാന്തത്തില്‍ കാര്യമുണ്ടെന്നു മനസ്സിലാക്കാം. എങ്കിലും ഒന്നിലധികം ചെറുചന്ദ്രന്മാര്‍ കൂട്ടിയിടിച്ചുണ്ടായതാണെന്ന ചിന്തയും തള്ളിക്കളഞ്ഞിട്ടില്ല.
കഴിഞ്ഞ വര്‍ഷം കസ്സീനി പേടകം വലയത്തിനും ശനിക്കുമിടയിലെ ഏഴായിരം കിലൊമീറ്ററിനിടയില്‍ പോയി നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അന്നൊരു കാര്യം മനസ്സിലായി. വലയങ്ങള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നുണ്ട്. ചെറുചന്ദ്രകണങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചും ചിതറിമാറിയും വളരെ ചലനാത്മകമായ അന്തരീക്ഷമാണ് അവിടെ നിലനില്ക്കുന്നത്. വലയങ്ങള്‍ക്കിടയിലൂടെയുള്ള കസ്സീനിയുടെ യാത്രയില്‍ അതു നേരിട്ട വലയാകര്‍ഷണ പ്രഭാവം കണക്കാക്കി ഈ വലയവസ്തുക്കളുടെ ഭാരനിര്‍ണ്ണയം നടത്താന്‍ കഴിയും. ശനിയുടെ ഗുരുത്വാകര്‍ഷണം ഈ വലയങ്ങളില്‍ ചില തരംഗങ്ങളും ഉണ്ടാക്കുന്നു. സി വലയത്തിലെ അത്തരമൊരു തരംഗം കസ്സീനി ഉപഗ്രഹം നേരിട്ടു കാണുകയുമുണ്ടായി. പിന്നൊന്ന്, ശനിയുടെ ചന്ദ്രന്മാരും വലയങ്ങളും തമ്മില്‍ നടക്കുന്ന കണികാകൈമാറ്റമാണ്. കസ്സീനിയിലൂടെയാണതു തിരിച്ചറിഞ്ഞത്. മാത്രവുമല്ല, ഈ കണങ്ങള്‍ ചാന്ദ്രമഴയെന്നോണം ശനിയിലേക്ക് ഇടയ്ക്കിടെ പെയ്യുന്നുമുണ്ട്. മഴയെന്നാല്‍ മഹാവര്‍ഷം തന്നെ. ഓരോ സെക്കന്റിലും നാല്പതു ടണ്‍ മഞ്ഞുകട്ടികള്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 430 മുതല്‍ 2870 കിലോഗ്രാം വെള്ളമാണ് ശനിയിലേക്ക് ഓരോ സെക്കന്റിലും പതിച്ചുകൊണ്ടിരിക്കുന്നത്. മൂര്‍ എന്ന ശാസ്ത്രജ്ഞന്‍ ഇതിനെ വിളിക്കുന്നത് വലയവൃഷ്ടിയെന്നാണ്. അതിനടിയിലെങ്ങാനും പോയി നിന്നാലത്തെ സ്ഥിതിയൊന്നാലോചിച്ചു നോക്കൂ. ഈ മഞ്ഞുമഴയ്‌ക്കൊപ്പം മീതേന്‍, അമോണിയ, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍, മറ്റു ഓര്‍ഗാനിക സംയുക്തങ്ങളും ചേരുന്നുണ്ട്.
2017 സെപ്റ്റംബര്‍ 17-ന് പ്രവര്‍ത്തനരഹിതമായി ശനിയിലേക്കു പതിക്കുന്നതിനു മുമ്പുള്ള കസ്സീനിയുടെ അവസാന മാസങ്ങളില്‍ ഡി വലയത്തിന്റെ ഉള്ളിലേക്കു നടത്തിയ കുതിച്ചുചാട്ടം വലിയ വിവരങ്ങളാണ് ശാസ്ത്രലോകത്തിനു സമ്മാനിച്ചത്. കസ്സീനിയെ ടൈറ്റന്‍, എന്‍സിലാഡസ് എന്നീ ഉപഗ്രഹങ്ങളെ കൃത്യമായി ഒഴിവാക്കി ശനിയിലേക്കു തന്നെ പതിപ്പിച്ചതിനു ഒരു കാരണമുണ്ട്. അതു ഭാവിയിലേക്കുള്ള കരുതലാണ്. ഈ രണ്ടുപഗ്രഹങ്ങളിലും എന്നെങ്കിലും മനുഷ്യനു താമസിക്കാനായേക്കുമെന്നൊരു നേരിയ വിശ്വാസം ശാസ്ത്രത്തിനുണ്ട്. അത്തരമൊരിടത്തില്‍ ഭൗമാണുക്കളെയൊന്നും ഇത്ര നേരത്തെ കൊണ്ടുചെന്നിടണ്ട എന്ന ചിന്തയാണ് ആ കരുതലിനു പിന്നില്‍.
ഇങ്ങനെ തുടര്‍ച്ചയായി പെയ്തു കൊണ്ടിരുന്നാല്‍ ഒരുനാള്‍ ശനിയുടെ വലയം ഇല്ലാതാവുമോ? സംശയം ന്യായമാണ്. ഒന്നോ പത്തോ കോടി വര്‍ഷങ്ങള്‍ കൂടിയേ ഈ വലയങ്ങള്‍ക്കു നിലനില്പുള്ളൂ. ശനിയെ വേറിട്ടു നിര്‍ത്തുന്ന ഈ മഹാപ്രതിഭാസം ഭാവിയില്‍ ഇല്ലാതായതു തന്നെ. ഡി വലയം ആയിരിക്കും ആദ്യം ഇല്ലാതാവുക. അതിന് എഴുപതിനായിരം കൊല്ലമൊക്കെ ധാരാളം. അടുത്ത ഊഴം സി വലയത്തിന്റേതാവും. അതപ്രത്യക്ഷമാവാന്‍ ദശലക്ഷം വര്‍ഷങ്ങള്‍ എടുത്തേക്കും.
ഏറ്റവും രസകരമായ കാര്യമെന്തെന്നു വെച്ചാല്‍ ഈ വലയങ്ങള്‍ ഉണ്ടായിട്ടും അത്ര തന്നെ വര്‍ഷങ്ങളേ ആയിട്ടുള്ളൂ എന്നതാണ്. അതായത് ഒരു നൂറു കോടി വര്‍ഷങ്ങള്‍ക്കുമുമ്പ്, ഡൈനസോറുകള്‍ അരങ്ങുവാണിരുന്ന ഈ ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ശനിക്ക് ഈ വലയങ്ങള്‍ ഉണ്ടായിരുന്നില്ലത്രെ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ശനിവലയങ്ങളുടെ ആയുസ്സിന്റെ മധ്യത്തിലാണ് നമ്മളിപ്പോള്‍. വലയത്തിന്റെ പ്രായം കാണക്കാക്കുന്നതിനു ഒരു വഴിയുണ്ട്. വലയത്തിലെ കറുപ്പിന്റെ അളവു നോക്കി മഞ്ഞും മറ്റു ധൂളികളും തമ്മിലുള്ള തോതു കണക്കാക്കാം. ആ തോതില്‍ നിന്നാണ് വലയത്തിന്റെ ആയുസ്സൊക്കെ ഗണിച്ചെടുക്കുന്നത്.
നിശ്ചയമായും നിങ്ങള്‍ ദൂരദര്‍ശിനിയിലൂടെ ആകാശമൊന്നു കാണണം. ശനിഗ്രഹത്തെ പ്രത്യേകിച്ചും. ആ വലയപ്രഭു വലയമില്ലായ്മയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നു ഓര്‍ത്തുകൊണ്ട് ശനിവലയങ്ങളെ കണ്ടാസ്വദിക്കണം. മറക്കരുത്. Saturn’s Rings: A Source of Wonders
Content Summary; Saturn’s Rings: A Source of Wonders