June 18, 2025 |
Share on

സെലിബ്രിറ്റി ഡീപ് ഫേക്ക് വീഡിയോയിലൂടെ തട്ടിയത് 35 മില്ല്യണ്‍ ഡോളര്‍

യുകെയില്‍ നിന്നുള്ളവരാണ് തട്ടിപ്പിനിരയായവരില്‍ അധികവും

സെലിബ്രിറ്റി ഡീപ് ഫേക്ക് വീഡിയോയിലൂടെ തട്ടിപ്പ് സംഘം 35 മില്ല്യണ്‍ ഡോളര്‍ തട്ടിയതായി കണ്ടെത്തല്‍. ജോര്‍ജിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘമാണ് യുകെ, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ നിരവധി പേരില്‍ നിന്ന് പണം തട്ടിയത്.

മാര്‍ട്ടിന്‍ ലൂയിസ്, സോ ബോള്‍, ബെന്‍ ഫോഗിള്‍ എന്നിവരെ ഉള്‍പ്പെടുത്തി വ്യാജ വീഡിയോകളും വ്യാജ വാര്‍ത്തകളും ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ വ്യാജ ക്രിപ്റ്റോകറന്‍സിയും നിക്ഷേപ പദ്ധതികളും പ്രോത്സാഹിപ്പിച്ചത്. യുകെയില്‍ നിന്നുള്ളവരാണ് തട്ടിപ്പിനിരയായവരില്‍ അധികവും. 45 ശതമാനം സ്‌കാം കോളുകളാണ് യുകെ നമ്പരുകളിലേക്ക് വന്നിരിക്കുന്നത്.

ഒസിസിആര്‍പി , ദി ഗാര്‍ഡിയന്‍, മറ്റ് അന്താരാഷ്ട്ര പത്രപ്രവര്‍ത്തകര്‍ എന്നിവരുമായി സ്വീഡിഷ് ബ്രോഡ്കാസ്റ്റര്‍ എസവിടി പങ്കിട്ട സ്‌കാം കോള്‍ സെന്റര്‍ ഡാറ്റയിലൂടെയാണ് തട്ടിപ്പ് പുറത്തുവന്നത്. 2022 മെയ് മുതലുള്ള വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

യുകെ സര്‍ക്കാര്‍ പുതിയ ഓണ്‍ലൈന്‍ സുരക്ഷാ നിയമങ്ങള്‍ പാസാക്കിയിട്ടുണ്ടെങ്കിലും, വഞ്ചനാപരമായ പരസ്യങ്ങള്‍ക്കെതിരായ നിയമങ്ങള്‍ ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല.

ഇരകള്‍ എങ്ങനെയാണ് കബളിപ്പിക്കപ്പെട്ടതെന്ന് വെളിപ്പെടുത്തുന്ന ഒരു മില്ല്യണിലധികം റെക്കോര്‍ഡിങ്ങുകളാണ് പുറത്തുവന്നിരിക്കുന്നത്. പെന്‍ഷന്‍ വാങ്ങുന്നവര്‍, ജീവനക്കാര്‍, ചെറുകിട വ്യസായികള്‍ തുടങ്ങിയവരുടെ സമ്പാദ്യത്തില്‍ നിന്ന് ദശലക്ഷക്കണക്കിന് രൂപയാണ് തട്ടിപ്പ് സംഘം കബളിപ്പിച്ച് നേടിയത്.

ഇലോണ്‍ മസ്‌കിനെ വരെ ഉപയോഗിച്ചുള്ള വ്യാജ പരസ്യങ്ങള്‍ ഉപയോഗിച്ചാണ് സംഘം ഇരകളുടെ വിശ്വാസം പിടിച്ചുപറ്റിയത്. ഇത്തരം വ്യാജ പരസ്യങ്ങളിലൂടെ ഇരകളുമായി അജ്ഞാതരായ വ്യക്തികള്‍ ആശയവിനിമയം നടത്തുകയും അവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

റിവോള്‍ട്ട് , ചേസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ അക്കൗണ്ടുകള്‍ തുറക്കാന്‍ തട്ടിപ്പുകാര്‍ ഇരകളില്‍ സമ്മര്‍ദം ചെലുത്തുന്നതായും ലീക്ക് ചെയ്യപ്പെട്ട റെക്കോര്‍ഡിങ്ങുകളില്‍ നിന്ന് വ്യക്തമാണെന്ന് ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം യുകെ ബാങ്കിങ്ങ് ലൈസന്‍സ് ലഭിച്ച റിവോള്‍ട്ടാണ് ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടത്.

കമ്പനിയുടെ പേരില്‍ നടത്തുന്ന ഇത്തരം തട്ടിപ്പുകളെ ഗൗരവമായി തന്നെ കാണുമെന്ന് റിവോള്‍ട്ട് , ചേസ, ക്രൂ തുടങ്ങിയവര്‍ അറിയിച്ചു.

2023ല്‍ യുകെ ഉപഭോക്താക്കളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തട്ടിപ്പുകളില്‍ 60 ശതമാനവും മെറ്റാ പ്ലാറ്റ്ഫോമുകളില്‍ (ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്) നിന്നാണ് ആരംഭിച്ചതെന്നും എന്നാല്‍ മെറ്റാ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയോ ഇരകള്‍ക്ക് പണം തിരികെ നല്‍കുകയോ ചെയ്തിട്ടില്ലായെന്നും കമ്പനികള്‍ പറഞ്ഞു.

Content Summary: Scammers from georgia, Celebrity Deepfake Video Steals $35 Million
Scammer Deepfake Video 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×