ആർത്തവ പരിശോധനയെന്ന പേരിൽ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിപ്പിച്ചു; മഹാരാഷ്ട്രയിൽ സ്കൂൾ പ്രിൻസിപ്പാളും അധ്യാപകരും അറസ്റ്റിൽ

മാതാപിതാക്കൾ സ്കൂളിലെത്തി പ്രതിഷേധം നടത്തി

സ്കൂൾ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർത്ഥിനികളുടെ വസ്ത്രമഴിപ്പിച്ച സംഭവത്തിൽ മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ആർ എസ് ദമാനി സ്കൂൾ പ്രിൻസിപ്പാളും ജീവനക്കാരും അറസ്റ്റിൽ. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പെൺകുട്ടികളെയാണ് വിവസ്ത്രരാക്കി പരിശോധന നടത്തിയത്. പ്രിൻസിപ്പാളിനും നാല് അധ്യാപകർക്കെതിരെയും രണ്ട് ട്രെസ്റ്റികൾക്കെതിരെയും ഒരു അറ്റന്റർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്നാണ് സ്കൂൾ മാനേജ്മെന്റിനെതിരെ നടപടിയെടുത്തതെന്ന് പൊലീസ് പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോക്സോ നിയമപ്രകാരമാണ് സ്കൂൾ അധികൃതർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകർ അഞ്ച് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസിലെ പെൺകുട്ടികളെ കൺവെൻഷൻ ഹാളിലേക്ക് വിളിപ്പിക്കുകയും ആർത്തവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തതായി മാതാപിതാക്കൾ ആരോപിച്ചു. പ്രൊജക്ടറിൽ ശുചിമുറിയിലെ രക്തക്കറയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചാണ് കുട്ടികളെ ചോദ്യം ചെയ്തത്. ആരാണ് ഇതിന് ഉത്തരവാദി എന്ന നിലയിലാണ് പെൺകുട്ടികളെ അധ്യാപകർ വിചാരണ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ശേഷം ആർക്കെല്ലാമാണ് നിലവിൽ ആർത്തവമുള്ളതെന്ന് ചോദിക്കുകയും ചെയ്തു. ആർത്തവമുണ്ടെന്ന് അറിയിച്ച വിദ്യാർത്ഥിനികളുടെ വിരലടയാളം ഉൾപ്പെടെ ശേഖരിച്ച് അവരുടെ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. ശേഷം മറ്റുള്ള പെൺകുട്ടികളെ ശുചിമുറിയിലെത്തിച്ച് വസ്ത്രം അഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഒരു പെൺകുട്ടിയോട് പ്രിൻസിപ്പാൾ മോശമായ രീതിയിൽ സംസാരിച്ചതായും പരാതിക്കാരിലൊരാളായ രക്ഷിതാവ് പറഞ്ഞതായി പൊലീസ് അറിയിച്ചു. ആർത്തവമില്ലെങ്കിൽ എന്തിനാണ് സാനിറ്ററി പാഡ് ഉപയോ​ഗിക്കുന്നതെന്നും പെൺകുട്ടി കള്ളം പറയുകയാണെന്ന് ആരോപിച്ച് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും രക്ഷിതാവ് പറഞ്ഞു.

ആർത്തവം എന്ന സ്വാഭാവിക പ്രക്രിയയെക്കുറിച്ച് പെൺകുട്ടികൾക്ക് ശരിയായ ബോധവത്കരണം നൽകേണ്ടതിനു പകരം, അവരെ മാനസികമായി പീഡിപ്പിക്കുന്ന പ്രവൃത്തിയാണ് പ്രിൻസിപ്പലിന്റെ ഭാ​ഗത്ത് നിന്നുണ്ടായത് . ഇത് ലജ്ജാകരവും അപമാനകരവുമാണ്,” ഒരു രക്ഷിതാവ് പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ പേടിച്ച പെൺകുട്ടികൾ കുടുംബാംഗങ്ങളോട് വിവരം പങ്കുവെച്ചതിനെ തുടർന്ന്, മാതാപിതാക്കൾ സ്കൂളിലെത്തി ശക്തമായ പ്രതിഷേധം നടത്തിയതോടെയാണ് പുറംലോകം അറിയുന്നത്.

സ്കൂൾ അധികൃതരുടെ പ്രവൃത്തി കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ചാണ് രക്ഷിതാക്കൾ പ്രതിഷേധം നടത്തിയത്. തുടർന്ന് പൊലീസ് ഇടപെടുകയും പ്രിൻസിപ്പാളിനെയും നാല് അധ്യാപകരെയും രണ്ട് ട്രെസ്റ്റിമാരെയും അറ്റന്ററിനെയും അറസ്റ്റ് ചെയ്തത്. പൊലീസ് വിദ്യാർത്ഥികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി. വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

എല്ലാ പ്രതികൾക്കുമെതിരെ സെക്ഷൻ 74 (സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തുക എന്ന ഉദ്ദേശ്യത്തോടെ ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), 76 (ക്രിമിനൽ ബലപ്രയോഗം), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Content Summary: School principal arrested in Maharashtra for forcing girls to undress for menstruation check

This post was last modified on July 10, 2025 2:49 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment