നാസയിലെ ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ട്. വിപുലമായ പരിചയസമ്പത്തും വൈദഗ്ധ്യവും മാനേജ്‌മെന്റ് ഉത്തരവാദിത്തങ്ങളുമുള്ള ഉയർന്ന റാങ്കിലുള്ള 2,145 ജീവനക്കാരെയാണ് പിരിച്ചുവിടൽ ബാധിക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2026 സാമ്പത്തിക വർഷത്തേക്കുള്ള വൈറ്റ് ഹൗസ് ബജറ്റിൽ നാസയ്ക്കുള്ള ധനസഹായം ഏകദേശം 25 ശതമാനവും, ശാസ്ത്ര ബജറ്റ് ഏകദേശം 50 ശതമാനവും കുറയ്ക്കുന്നതിന് പുറമെ ഫെഡറൽ ബജറ്റും സർക്കാർ ജീവനക്കാരുടെ എണ്ണവും കുറയ്ക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ വെട്ടിച്ചുരുക്കൽ. നാസയിലെ 5,000-ത്തിലധികം ജീവനക്കാരെ കുറയ്ക്കണമെന്നാണ് ബജറ്റിലെ നിർദ്ദേശം.
പൊളിറ്റിക്കോയ്ക്ക് ലഭിച്ച രേഖകൾ പ്രകാരം, പിരിച്ചുവിടുന്ന 1,818 ജീവനക്കാരും ഉയർന്ന സർക്കാർ റാങ്കുകളിൽ ഉള്ളവരാണ്. ഇവരിൽ പലരും, ശാസ്ത്രം, മനുഷ്യന്റെ ബഹിരാകാശ യാത്രകൾ തുടങ്ങിയ പ്രധാന ദൗത്യ മേഖലകളിലും, ബാക്കിയുള്ളവർ ഇൻഫർമേഷൻ ടെക്നോളജി (ഐടി), ഫെസിലിറ്റി മാനേജ്മെന്റ്, ഫിനാൻസ് എന്നിവയുൾപ്പെടെയുള്ള സുപ്രധാന റോളുകളിൽ പ്രവർത്തിക്കുന്നവരും. മുതിർന്ന ജീവനക്കാരുടെ ഈ പിരിച്ചുവിടൽ നാസയുടെ തന്ത്രപരമായ പദ്ധതികളെയും നിലവിലുള്ള ദൗത്യങ്ങളെയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയെക്കുറിച്ചും വിദഗ്ധരും മുൻ നാസ നേതാക്കളും മുന്നറിയിപ്പ് നൽകുന്നുണ്ട്.
അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവോടെ, ജീവനക്കാരുടെ കൂട്ട പിരിച്ചുവിടലുകളും നിരവധി ശാസ്ത്ര പരിപാടികൾ റദ്ദാക്കിയുള്ള ബജറ്റ് വെട്ടിക്കുറവുകളും യുഎസ് ബഹിരാകാശ രംഗത്തും നാസയിലെ 18,000 പേരടങ്ങുന്ന ജീവനക്കാരുടെ ഇടയിലും കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 2026 ലെ ബജറ്റ് നിർദ്ദേശത്തിലെ നാസയുടെ ശാസ്ത്ര പ്രവർത്തനങ്ങൾക്കുള്ള ബജറ്റ് 47% വെട്ടിക്കുറയ്ക്കാനുള്ള നിർദ്ദേശത്തെ അപലപിച്ച് നാസയുടെ സയൻസ് മിഷൻ ഡയറക്ടറേറ്റിലെ ഏഴ് മുൻ മേധാവികൾ രംഗത്തെത്തിയിരുന്നു.
നാസയുടെ ബജറ്റ് വെട്ടിക്കുറവുകൾ ആഗോള ബഹിരാകാശ രംഗത്തെ യുഎസ് നേതൃത്വം, ചൈനയ്ക്ക് വിട്ടുകൊടുക്കുമെന്ന ആശങ്കയും വിദഗ്ധരും മുൻ ഏജൻസി ഉദ്യോഗസ്ഥരും ഉന്നയിക്കുന്നുണ്ട്. ചന്ദ്രൻ, ചൊവ്വ പര്യവേക്ഷണത്തിനപ്പുറം ശാസ്ത്ര-സാങ്കേതിക മേഖലകളിലേക്ക് ഈ ആശങ്ക വ്യാപിക്കുന്നു. ബഹിരാകാശ ശാസ്ത്രത്തിന് അഭൂതപൂർവമായ വെട്ടിക്കുറയ്ക്കലുകൾ നിരസിക്കാനും മുൻ ഉദ്യോഗസ്ഥർ ഹൗസ് അപ്രോപ്രിയേഷൻസ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ശാസ്ത്രരംഗത്തെ നാസയുടെ നിക്ഷേപങ്ങൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെയും സാങ്കേതിക നേതൃത്വത്തിന്റെയും ശക്തമായ ചാലകശക്തിയായിരുന്നു എന്നും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
ചൊവ്വയിലെ റോവർ പര്യവേക്ഷണങ്ങൾ, പ്രപഞ്ചത്തിന്റെ നിഗൂഢതകൾ അനാവരണം ചെയ്യാൻ കഴിയുന്ന ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി, സൂര്യനിൽ ആയിരക്കണക്കിന് ഡിഗ്രി താപനിലയെ അതിജീവിക്കാൻ കഴിയുന്ന ഒരു ബഹിരാകാശ പേടകം രൂപകൽപ്പന ചെയ്ത് പ്രവർത്തിപ്പിക്കുക, ഭൂമിയ്ക്കു ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിൽ നിന്നും ഭൗമേതര വസ്തുക്കളെ നിരീക്ഷിക്കാനായി നിർമ്മിക്കപ്പെട്ട ഹബിൾ ബഹിരാകാശ ദൂരദർശിനി, ചെറിയ ഉപഗ്രഹങ്ങൾ ശാസ്ത്രീയ ഗവേഷണത്തിനായി കൂടുതലായി ഉപയോഗപ്പെടുത്തുക തുടങ്ങിയ നിരവധി നേട്ടങ്ങളും നാസയ്ക്ക് അവകാശപ്പെടാനുണ്ട്. ചൊവ്വ, നെപ്റ്റ്യൂൺ പര്യവേക്ഷണം, തുടങ്ങി നിരവധി പദ്ധതികളെ ഒന്നാകെ ബാധിക്കുന്നതാണ് 2026 സാമ്പത്തിക വർഷത്തെ നാസ ബജറ്റ് നിർദ്ദേശമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.
content summary: Trump administration reportedly planning to fire 2,145 Nasa employees
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.