July 13, 2025 |
Share on

ബ്രിക്സ് ഉച്ചകോടി; റഷ്യയുടെയും ചൈനയുടെയും ഉന്നത നേതാക്കൾ പങ്കെടുക്കില്ല

കാരണം അം​ഗത്വത്തിലെ വിപുലീകരണമോ?

അടുത്ത ദിവസം ബ്രസീലിൽ ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ റഷ്യയും ചൈനയും തങ്ങളുടെ പ്രധാന നേതാക്കളെ അയക്കില്ലെന്ന് റിപ്പോർട്ട്.

കഴിഞ്ഞ 12 വർഷമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ ഇത്തവണ ലി ചിയാങ് ആയിരിക്കും ഉച്ചകോടിയിൽ പങ്കെടുക്കുകയെന്നാണ് ദി ​ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഷെഡ്യൂളിംഗ് പ്രശ്നമാണ് പങ്കെടുക്കാൻ കഴിയാത്തതിന്റെ കാരണമായി പറഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് കാരണം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യതയുള്ളതായും റിപ്പോർട്ടിൽ പറയുന്നു. മറ്റ് ബ്രിക്‌സ് അംഗങ്ങളെ പോലെ ബ്രസീലും ഐസിസിയിൽ ഒപ്പുവച്ചിട്ടുണ്ട്. പുടിനെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനങ്ങളുയരുന്ന സാഹചര്യത്തിലാണ് ബ്രിക്സ് ഉച്ചകോടിയിൽ നിന്നും വിട്ടുനിൽക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്. 2023 ൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ നിന്ന് പുടിൻ വിട്ടുനിന്നിരുന്നു. ആയിരക്കണക്കിന് യുക്രേനിയൻ കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്നതാണ് ഐസിസി പുടിന് മേൽ ചുമത്തിയിരിക്കുന്ന കുറ്റം.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ചേർന്നാണ് ബ്രിക്സ് രൂപീകരിച്ചത്. കഴിഞ്ഞ വർഷം റഷ്യയിൽ നടന്ന ഉച്ചകോടിയിൽ ഇറാൻ, ഈജിപ്ത്‌, എത്യോപ്യ, യുഎഇ എന്നീ രാജ്യങ്ങൾ ബ്രിക്സിൽ അംഗത്വം നേടിയിരുന്നു. ഈ മാറ്റം സ്വേച്ഛാധിപത്യ സർക്കാരുകളിലേക്ക് ​ഗ്രൂപ്പ് ചായുന്നുവെന്ന വിമർശനത്തിനിടയാക്കുകയും ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെ അസ്വസ്ഥരാക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. തുർക്കി, അസർബൈജാൻ, മലേഷ്യ എന്നീ രാജ്യങ്ങൾ ബ്രിക്സിൽ അംഗത്വത്തിന്‌ അപേക്ഷിച്ചിട്ടുണ്ട്‌. യുഎസ്‌ ഡോളറിനെ ദുർബലപ്പെടുത്താൻ ശ്രമമുണ്ടായാൽ ബ്രിക്സ്‌ രാഷ്യങ്ങൾക്ക്‌ നൂറു ശതമാനം ചുങ്കം ചുമത്തുമെന്ന്‌ ട്രംപ്‌ നിരന്തരം ഭീക്ഷണിയുയർത്തുന്ന സാഹചര്യത്തിലാണ്‌ ഉച്ചകോടി.

ആഗോള ശക്തിയിലെ വലിയ മാറ്റത്തിന്റെ ഭാഗമായാണ് ബ്രസീൽ ബ്രിക്‌സിനെ കാണുന്നത്. ട്രംപിന്റെ താരിഫ് നയങ്ങൾ ലോകത്തെ കൂടുതൽ ബഹുധ്രുവ വ്യവസ്ഥയിലേക്ക് തള്ളിവിടുകയാണെന്ന് ബ്രസീലിന്റെ മുൻ വിദേശകാര്യ മന്ത്രി അന്റോണിയോ പാട്രിയോട്ട പറഞ്ഞു.

റഷ്യയിലെയും ചൈനയിലെയും ഉന്നത നേതാക്കൾ ബ്രിക്സ് ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ ചർച്ചയ്ക്ക് നേതൃത്വം നൽകാൻ ബ്രസീലിന് കൂടുതൽ സാധ്യത ലഭിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഊർജ്ജം, വാക്സിൻ, വ്യാപാര നിയമങ്ങൾ തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബ്രസീൽ ശ്രമിക്കുന്നത്.

Content Summary: Top leaders of Russia and China will not attend BRICS summit

Leave a Reply

Your email address will not be published. Required fields are marked *

×