മഹാപ്രളയത്തിൽ ഭൂഗർഭത്തിൽ നിന്നും പുറത്തെത്തി; മലപ്പുറത്തെ ജലാശയത്തിൽ അപൂര്‍വ്വയിനം വരാലിനെ കണ്ടെത്തി

ഗോലം സ്‌നേക്‌ഹെഡ് എന്നാണ് ഈ പുതിയ മത്സ്യ ഇനത്തിന് ഇംഗ്ലീ ഷില്‍ പേരിട്ടിരിക്കുന്നത്. ശാസ്ത്രനാമം അനിക്മാചന ഗോലം.

ഭൂഗര്‍ഭ ജലാശയത്തില്‍ ജീവിക്കുന്ന അപൂര്‍വ്വയിനം വരാല്‍ മത്സ്യത്തെ ലോകത്താദ്യമായി കേരളത്തില്‍ കണ്ടെത്തി. ഭൂമിയുടെ ഉപരിതലത്തിന് അടിയിലുള്ള ഭൂഗര്‍ഭ ശുദ്ധജലാശയങ്ങളിലാണ് ഇവ ജീവിക്കുന്നത്. കേരളാ ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയിലെ (കുഫോസ്) ഗവേഷകനായ ഡോ. രാജീവ് രാഘവന്‍ ഉള്‍പ്പെട്ട പഠന സംഘമാണ് സ്‌നേക്‌ഹെഡ്( വരാല്‍ ) കുടുംബത്തില്‍പ്പെട്ട പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയതിനു പിന്നില്‍.  ഗോലം സ്‌നേക്‌ഹെഡ് എന്നാണ് ഈ പുതിയ മത്സ്യ ഇനത്തിന്റെ ഇംഗ്ലീഷ് നാമം. ശാസ്ത്രനാമം അനിക്മാചന ഗോലം. ഇത് പുതിയൊരു മത്സ്യഇനം മാത്രമല്ല, വരാല്‍ കുടുംബത്തിലെ പുതിയൊരു വര്‍ഗ്ഗം കൂടിയാണെന്നാണ് ഡോ റാല്‍ഫ് ബ്രിറ്റ്‌സ് പറയുന്നത്.

മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള അജീറിന്റെ നെല്‍ വയലില്‍ നിന്നാണ് 9.2 സെന്റീമീറ്റര്‍ നീളത്തില്‍ ഈ പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയത്. കഴിഞ്ഞ ആഗസ്റ്റില്‍ കേരളത്തല്‍ ഉണ്ടായ മഹാപ്രളയത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ സ്വാഭാവിക ആവാസ വ്യവസ്ഥയായ ഭൂഗര്‍ഭ ജല അറയില്‍ നിന്ന് മത്സ്യം പുറത്തെത്തിയതാകാനാണ് സാധ്യതയെന്ന് ഡോ. രാജീവ് രാഘവന്‍ പറയുന്നു.

കേരളത്തില്‍ പൊതുവെ കാണുന്ന വരാല്‍ ഇനങ്ങള്‍ ഉള്‍പ്പെടെ സ്‌നേക് ഹെഡ് വിഭാഗത്തില്‍ ഇതുവരെ 50 ഇനങ്ങളെയാണ് ലോകത്താകമാനം കണ്ടെത്തിയിട്ടുള്ളത്. വടക്കെ അമേരിക്ക, ആഫ്രിക്ക, ഏഷ്യാഭൂഖണ്ഡങ്ങള്‍ എന്നിവിടങ്ങളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. ജലോപരിതലത്തില്‍ നിന്നും വായു ശ്വസിക്കുന്ന പ്രകൃതമാണ് ഇവയ്ക്ക്. അതിനാല്‍ തന്നെ കരയില്‍ വെള്ളമില്ലാത്ത അവസ്ഥയില്‍ ആഴ്ചകളോളം ജീവിക്കാന്‍ ഇവയ്ക്കു സാധിക്കും. കുളങ്ങളും വയലുകളും അടങ്ങുന്ന ആവാസവ്യവസ്ഥയിലാണ് ഇവ ജീവിക്കുന്നത്. ഇതിനു വിപരീതമായി ഇപ്പോള്‍ കണ്ടെത്തിയ പുതിയ ഇനം വരാല്‍ ഭൂഗര്‍ഭജല അറകള്‍ ആവാസവ്യവസ്ഥയായി സ്വീകരിച്ചിട്ടുള്ളവയാണ്. അതിനാല്‍ തന്നെ ഇവയ്ക്ക് ജലോപരിതലത്തില്‍ നിന്നും ശ്വസിക്കാനുള്ള കഴിവില്ല.

ശുദ്ധജല മത്സ്യങ്ങളുടെ വര്‍ഗവും ഇനവും തിരിച്ചുള്ള പഠനത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവാണ്‌ പുതിയ കണ്ടെത്തല്‍ എന്ന് കുഫോസ് വൈസ്ചാന്‍സലര്‍ ഡോ.എ രാമചന്ദ്രന്‍ പറയുന്നു. പുതിയ വരാല്‍ മത്സ്യ ഇനത്തെ കണ്ടെത്തിയ വിവരം ന്യൂസിലാന്‍ഡില്‍ നിന്നിറങ്ങുന്ന ഇന്റെര്‍ നാഷണല്‍ അനിമല്‍ ടാക്‌സോണമി ജേണലായ സൂടാക്‌സയുടെ പുതിയ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞനും പ്രമുഖ ഫിഷ് ടാക്‌സോണമിസ്റ്റുമായ ഡോ.റാല്‍ഫ് ബ്രിറ്റ്‌സ് ആണ് പഠന സംഘത്തെ നയിക്കുന്നത്. ഈ സംഘത്തില്‍ കുഫോസിലെ പി എച്ച് ഡി വിദ്യാര്‍ത്ഥിയായ അനൂപും അംഗമാണ്.

“ബില്‍ഡേഴ്‌സും നഗരസഭയും ചെയ്ത തെറ്റിന് പെരുവഴിയിലാവാന്‍ പോവുന്നത് ഞങ്ങള്‍’”; സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്ലാറ്റുകളുടെ ഉടമകള്‍ പറയുന്നു

This post was last modified on May 10, 2019 12:11 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment