ഡോ. ഷിജു സാം വറുഗീസിന്റെ ശാസ്ത്രവിമര്‍ശം: സാമൂഹികജ്ഞാനസിദ്ധാന്ത സമീപനങ്ങള്‍ (ഡിസി ബുക്‌സ്, കോട്ടയം, 2025) എന്ന പുതിയ പുസ്തകത്തെ പരിചയപ്പെടുത്തുകയും, വായനയുടെ ചില സാധ്യതകളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശം. Science and Technology Studies എന്ന ബൃഹത്തായ വിജ്ഞാനമേഖലയെ മലയാളത്തില്‍ സമഗ്രമായി അവതരിപ്പിക്കുകയാണ് ഈ പുസ്തകം. ശാസ്ത്രസാമൂഹികതാ ഗവേഷണരംഗത്തെ സാമൂഹികജ്ഞാനസിദ്ധാന്ത ചര്‍ച്ചകളും, സമീപനരീതികളും വിശദമായ കേസ് സ്റ്റഡികളിലൂടെ ചര്‍ച്ചയ്‌ക്കെടുക്കുന്നു.
ശാസ്ത്രത്തെക്കുറിച്ച് മലയാളത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ പശ്ചാത്തലമാണ് പുസ്തകത്തിന്റെ മുഖവുരയില്‍. ആമുഖം, ശാസ്ത്രസാങ്കേതികവിദ്യകളുടെ സാമൂഹികപഠനങ്ങളെന്ന വിജ്ഞാനമേഖല രൂപപ്പെട്ടുവന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. തുടര്‍ന്ന്, നാലുഭാഗങ്ങളിലായി പതിനെട്ട് അധ്യായങ്ങളായാണ് പുസ്തകം ക്രമപ്പെടുത്തിയിരിക്കുന്നത്. പരീക്ഷണശാലയിലെ ശാസ്ത്രം, ഉടലറിവുകള്‍, പൊതുജനവും ശാസ്ത്രവും, ശാസ്ത്രത്തിന്റെ ഭാവി, ഭാവിയുടെ ശാസ്ത്രം എന്നിവയാണ് ഈ നാലു ഭാഗങ്ങള്‍, ഓരോ ഭാഗവും ഈ ഗവേഷണരംഗത്തുള്ള ഒരു മേഖലയെയോ, അല്ലെങ്കില്‍ ഒരു കൂട്ടം ചര്‍ച്ചകളെയോ, അവതരിപ്പിക്കുന്നു. Postcolonial Studies of Science, Sociology of Scientific Knowledge, Feminist / Queer and Disability Studies of science, Public Engagement of Science and Technology , Science and Democracy തുടങ്ങിയ വിഷയ മേഖലകളെയാണ് ഈ ഭാഗങ്ങളില്‍ നമ്മള്‍ പരിചയപ്പെടുന്നത്.
ഓരോ അധ്യായവും ഈ ഗവേഷണമേഖലകളിലൊന്നിലെ ഒരു പ്രത്യേക വിഷയത്തെയോ രീതിശാസ്ത്രത്തെയോ ഉദാഹരണസഹിതം വിശദീകരിക്കുന്നു. ഈ ഉദാഹരണങ്ങളിലൂടെ അതാത് മേഖലകളില്‍ നടന്നിട്ടുള്ള പ്രധാന പഠനങ്ങളെയും ചിന്തകരെയും വായനക്കാര്‍ പരിചയപ്പെടുന്നുണ്ട്. അങ്ങനെ വളരെ ബൃഹത്തായ ഒരു വൈജ്ഞാനിക വിഷയത്തിലെ, വിവിധമായ ചര്‍ച്ചകളെ എല്ലാം ഒന്നിച്ചു കൊണ്ടുവരിക എന്നതിനൊപ്പം, മലയാളി വായനക്കാരോട് പ്രത്യേകമായി സംവദിക്കുകയും ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് ഷിജു പുസ്തകത്തില്‍ ഏറ്റെടുത്തിരിക്കുന്നത്.
എന്റെ വായനാനുഭവത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍, ഈ പഠനമേഖലയുടെ പുറത്തുനിന്നുള്ള ഒരാളുമായും വളരെ ഫലപ്രദമായി സംവദിക്കുന്നു എന്നതാണ് പുസ്തകത്തിന്റെ പ്രധാന ശക്തികളെന്ന് പറയാം. പുസ്തകം തുറന്നിടുന്ന വായനയുടെ ചില സാധ്യതകള്‍ നോക്കാം: ഓരോ ഉദാഹരണപഠനവും ഒരാശയത്തിലേക്കോ രീതിശാസ്ത്രത്തിലേക്കോ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നു എന്നതിനാല്‍ അധ്യായങ്ങള്‍ക്കിടയിലെ ആശയപ്പൊരുത്തമില്ലായ്മകളാണ് വായനക്കാരെ കാത്തിരിക്കുന്നത് എന്നും, രീതിശാസ്ത്രങ്ങള്‍ തമ്മിലുള്ള സൂക്ഷ്മവ്യത്യാസങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ പരമാവധി ആകര്‍ഷിക്കാനാണ് ഇത്തരമൊരു ഉള്ളടക്ക സംവിധാനത്തിലൂടെ താന്‍ ശ്രമിക്കുന്നത് എന്നും ശാസ്ത്രവിമര്‍ശത്തിന്റെ മുഖവുരയില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട്.
പ്രധാനമായും രണ്ട് തരത്തില്‍ ഈ പുസ്തകത്തെ സമീപിക്കാനാവും. ഒന്ന്, ‘ശാസ്ത്രത്തിന്റെ സാമൂഹികതാപഠനങ്ങള്‍’ എന്ന സബ്‌ജെക്ടിലേക്ക് നേരിട്ടിറങ്ങിച്ചെല്ലുന്ന വായന. വിഷയത്തെ പരിചയപ്പെടാനും അതില്‍ നടന്നിട്ടുള്ള ചര്‍ച്ചകളെ ആഴത്തില്‍ മനസിലാക്കാനുമുള്ള വായനയാണിത്. ‘എന്താണു സയന്‍സ്?’ എന്ന വളരെ അടിസ്ഥാനപരമായ ചോദ്യത്തിലാണ് ഇതാരംഭിക്കുന്നത്. ശാസ്ത്രം സാമൂഹികേതരമാണെന്ന സാമ്പ്രദായിക തത്ത്വശാസ്ത്രചിന്ത എങ്ങനെ വികസിച്ചു? ഈ ആന്തരികവാദസമീപനത്തെ വിമര്‍ശിക്കുന്ന സാമൂഹികശാസ്ത്രാന്വേഷണ ധാരകളേതെല്ലാമാണ്? ഇവയെ ചരിത്രപരമായി അടയാളപ്പെടുത്തുന്നതെങ്ങനെ? ഈ വിഷയങ്ങളെല്ലാം ”ശാസ്ത്രം വിമര്‍ശിക്കപ്പെടേണ്ടതുണ്ടോ?” എന്ന ആമുഖത്തില്‍ ഷിജു വളരെ വിശദമായി ചര്‍ച്ചയ്ക്കെടുക്കുന്നുണ്ട്. മേല്‍പ്പറഞ്ഞ ഉദ്ദേശ്യത്തോടെ പുസ്തകത്തെ സമീപിക്കുന്ന വായനക്കാര്‍ക്ക് ആമുഖത്തില്‍ നിന്ന് ആരംഭിക്കുന്ന ക്രമമായ വായനയായിരിക്കും കൂടുതല്‍ ഉപകാരപ്പെടുക. ആമുഖലേഖനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ചില സമീപനങ്ങളെ കൂടുതല്‍ അടുത്തു മനസിലാക്കാനായി ആദ്യ മൂന്നു ഭാഗങ്ങളിലെ ഉദാഹരണ പഠനങ്ങളില്‍ ചിലത് തെരഞ്ഞെടുത്തു വായിക്കാവുന്നതാണ്. ജനാധിപത്യസമൂഹത്തിന്റെ വികാസത്തിനുതകുന്ന അറിവ് എന്തായിരിക്കണമെന്നാരായുന്ന ശാസ്ത്രത്തിന്റെ ഭാവി, ഭാവിയുടെ ശാസ്ത്രം എന്ന നാലാംഭാഗത്തെ ലേഖനങ്ങളും, ശാസ്ത്രസാമൂഹികതാപഠനങ്ങളിലൂടെ തെളിയുന്ന ശാസ്ത്രവിമര്‍ശത്തിന്റെ സ്വഭാവത്തെ സംക്ഷിപ്തമായി ചര്‍ച്ച ചെയ്യുന്ന ഉപസംഹാരവും ഈ വായനയെ പൂര്‍ണ്ണമാക്കുന്നു.
പാര്‍ശ്വങ്ങളില്‍നിന്ന് ആരംഭിക്കുന്നതാണ് രണ്ടാമത്തെ വായനാരീതി: പുസ്തകത്തിലെ ഏതെങ്കിലും ഒരു ഭാഗത്തോടോ, ഒരു ഉദാഹരണപഠനത്തോടോ ഉള്ള വൈയക്തികമായ താത്പര്യത്തെ പിന്തുടര്‍ന്നുള്ള വായന. ഉദാഹരണത്തിന്, ഒരു ആര്‍ക്കിയോളജിസ്റ്റായ എന്റെ entry point പരീക്ഷണശാലയിലെ ശാസ്ത്രം എന്ന ഭാഗത്തെ ലേഖനങ്ങളാണ്. ആര്‍ക്കിയോളജിയുടെ ഫീല്‍ഡ് രീതികള്‍ മനസിലാക്കപ്പെടുന്നത് പലപ്പോഴും സാമൂഹികേതരമായി, ശാസ്ത്രത്തെക്കുറിച്ചുള്ള പോസ്റ്റിവിസ്റ്റ് ധാരണകളെ മുന്‍നിര്‍ത്തിയാണ്. ആര്‍ക്കിയോളൊജിക്കല്‍ ഉത്ഖനന സൈറ്റ് ലബോറട്ടറിക്കു തുല്യമാണെന്ന പ്രയോഗം സാധാരണയാണ്. അതിസാങ്കേതികം എന്ന ധാരണയില്‍ പലപ്പോഴും സാമൂഹികശാസ്ത്രജ്ഞര്‍ കൈവെക്കാന്‍ മടിക്കുന്ന ഇടങ്ങളാണല്ലോ പരീക്ഷണശാലകള്‍; ഉത്ഖനന സൈറ്റും അങ്ങനെതന്നെ. അതുകൊണ്ടുതന്നെ, മൂല്യനിഷ്പക്ഷം എന്ന് പരക്കെ കരുതപ്പെടുന്ന, പരീക്ഷണശാലയെന്ന സങ്കേതത്തിന്റെ സാമൂഹികമാനങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കുന്ന ഈ ഭാഗത്തെ ലേഖനങ്ങള്‍ ഞാനെന്ന വായനക്കാരിയെ പുസ്തകത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നുണ്ട്. ”ക്രോമോസോമുകളെ എണ്ണുന്നതെങ്ങനെ?” എന്ന അധ്യായം ഉദാഹരണമായെടുക്കാം. ‘എണ്ണുക’ എന്ന, സങ്കീര്‍ണതകള്‍ക്കപ്പുറമെന്നും, സ്വാഭാവികമെന്നും നമ്മള്‍ കരുതിവരുന്ന പ്രവൃത്തിയെ, മനുഷ്യരിലെ ക്രോമോസോമുകളെ ശാസ്ത്രജ്ഞര്‍ എണ്ണിത്തിട്ടപ്പെടുത്തിയതിന്റെ രസകരവും കലുഷിതവുമായ ചരിത്രത്തിലൂടെ ഈ അധ്യായം പ്രശ്‌നവത്കരിക്കുന്നു. ഇങ്ങനെ ശാസ്ത്രസംബന്ധിയായ ചില അടിസ്ഥാനധാരണകളെ ഉലയ്ക്കുന്നു എന്നതിനാല്‍ത്തന്നെ ഈ അധ്യായങ്ങള്‍ ഓരോന്നും വായനക്കാരുടെ സജീവപങ്കാളിത്തവും വിമര്‍ശനബുദ്ധിയും ആവശ്യപ്പെടുന്നു.
ഈ വിധം വ്യത്യസ്തങ്ങളായ എന്‍ട്രി പോയിന്റുകളിലൂടെ വായനക്കാര്‍ക്ക് പുസ്തകത്തിലേക്ക് കടക്കാനാവും. ശാസ്ത്രചരിത്രത്തിലെ രസകരമായ ഒരേടോ, സ്‌കൂള്‍കാലം തൊട്ടേ കേട്ടുവരുന്ന സി. വി. രാമന്‍, ലൂയി പാസ്ചര്‍ തുടങ്ങിയ പേരുകളോ, ശരീരം, ജനാധിപത്യം, കേരളത്തിന്റെ പ്രത്യേക ചിന്താപരിസരം തുടങ്ങിയ വിഷയങ്ങളുമായി ശാസ്ത്രത്തിന്റെ സാമൂഹികത എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന അന്വേഷണമോ, ജനകീയശാസ്ത്രപ്രസ്ഥാനങ്ങളിലുള്ള വായനക്കാരുടെ പങ്കാളിത്തമോ എന്തും ആകാം ഈ എന്‍ട്രി പോയിന്റ്. വിഷയത്തിന് പുറത്തുള്ള നില പുസ്തകത്തിന്റെ വായനയ്ക്ക് ഒരുതരത്തിലും തടസ്സമാവുന്നില്ല എന്നു ഞാന്‍ മുന്നേ സൂചിപ്പിച്ചത് ഇതുകൊണ്ടാണ്.
ഒരു പ്രത്യേക വിഷയത്തെ അവതരിപ്പിക്കുന്ന ആമുഖകൃതികള്‍ക്ക് പലപ്പോഴും എന്‍സൈക്ലോപീഡിക് സ്വഭാവമാണുള്ളത്. ആശയങ്ങളെ അടുക്കോടും ചിട്ടയോടുംകൂടി അവതരിപ്പിക്കുമ്പോള്‍തന്നെ, രചയിതാവിന്റെ ശബ്ദം ഇവയില്‍ തീരെ വെളിവാകാതെ പോകാറുണ്ട്. നിലനില്‍ക്കുന്ന ധാരണകളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഈ സമീപനം വായനക്കാരെ അല്പം ആശയക്കുഴപ്പത്തിലാക്കാന്‍ ഇടയുണ്ട്. ഇത്തരമൊരു പുസ്തകസമീപനം പലപ്പോഴും ആപേക്ഷികതാവാദത്തില്‍ ചെന്നു കുടുങ്ങി നില്‍ക്കുന്നതായി വായനക്കാര്‍ക്ക് അനുഭവപ്പെടാം. ഇതില്‍നിന്നും വ്യത്യസ്തമായി, കേരളത്തിലും പുറത്തും നടക്കുന്ന ചര്‍ച്ചകളെ അവതരിപ്പിക്കുന്നതിലൂടെയും, പുതിയൊരു ജനകീയശാസ്ത്ര സമീപനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതിലൂടെയും ഇവിടെ രചയിതാവ് തന്റെ നിലപാടുകള്‍ അവതരിപ്പിക്കുകയും, ചിലയിടങ്ങളിലെല്ലാം ശക്തമായി അവയ്ക്കുവേണ്ടി വാദിക്കുകയും ചെയ്യുന്നുണ്ട്. സാധാരണ ഇന്‍ട്രൊഡക്ടറി പുസ്തകങ്ങളില്‍നിന്നും വ്യത്യസ്തമായി, ആശയങ്ങളുടെ ശേഖരം എന്നതിലുപരിയായി പുസ്തകത്തെ ഒന്നാകെ ഒരു എന്റിറ്റി എന്ന നിലയ്ക്ക് സമീപിക്കാനുള്ള സാധ്യതയാണ് ഇതിലൂടെയുണ്ടാകുന്നത്.
ശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രവും സമൂഹവുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള പ്രബലമായ ധാരണകളും ചിന്താധാരകളും നിലനില്‍ക്കുന്ന വായനാ / പ്രവൃത്തി പരിസരമാണല്ലോ കേരളത്തിലേത്. അതിനാല്‍ത്തന്നെ, വായനക്കാരെ ചില കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിക്കുക എന്നതിലുപരിയായി, പുസ്തകത്തെ സംവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമായി രചയിതാവ് തുറന്നിടുന്നു എന്നത് എടുത്തുപറയണ്ട സംഗതിയാണ്.
Content Summary: Science criticism: social epistemological approaches