February 19, 2025 |
Share on

ബഹിരാകാശ നിലയത്തിൽ വൈദ്യുതിത്തകരാർ; സ്പേസ്എക്സ് ലോഞ്ച് മുടങ്ങി

തകരാറിലായിട്ടുള്ള സ്വിച്ച് മാറ്റേണ്ട ജോലിയാണ് നാസയ്ക്ക് അടുത്തതായി ചെയ്യാനുള്ളത്.

അന്തർദ്ദേശീയ ബഹിരാകാശ നിലയത്തിൽ വൈദ്യുതിത്തകരാർ സംഭവിച്ചത് നാസ എൻജിനീയർമാർ അന്വേഷിക്കുന്നു. സ്റ്റേഷന്റെ ചില വൈദ്യുതി ചാനലുകൾക്കാണ് തകരാർ സംഭവിച്ചിരിക്കുന്നത്. ഒരു സ്വിച്ചിന് സംഭവിച്ച തകരാറുകളെക്കുറിച്ചാണ് റിപ്പോർട്ടുകൾ പറയുന്നത്. തിങ്കളാഴ്ചയായിരുന്നു ഇത്. ബഹിരാകാശ നിലയത്തിൽ വൈദ്യുതിയുണ്ടെങ്കിലും ചില ഭാഗങ്ങളുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടുണ്ട്. ഇക്കാരണത്താൽ നാസയുടെ ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത പറക്കൽ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

തകരാറിലായിട്ടുള്ള സ്വിച്ച് മാറ്റേണ്ട ജോലിയാണ് നാസയ്ക്ക് അടുത്തതായി ചെയ്യാനുള്ളത്. ഈ പ്രശ്നം ബഹിരാകാശ നിലയത്തിലെ ക്ര്യൂവിനെ ബാധിച്ചിട്ടില്ലെന്നാണ് നാസ പറയുന്നത്. എങ്കിലും പുതിയ സ്പേസ്ക്രാഫ്റ്റ് നിലയത്തിലെത്തണമെങ്കിൽ ഈ തകരാർ പരിഹരിച്ചിരിക്കണം.

എട്ട് വലിയ സോളാർ പാനലുകളിലൂടെയാണ് അന്തർദ്ദേശീയ ബഹിരാകാശ നിലയം വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഈ വൈദ്യുതി നാല് പ്രധാന സ്വിച്ചുകളിലൂടെ ചാനൽ ചെയ്ത് നിലയത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചാനൽ ചെയ്ത് വിടുന്നു. ആകെ എട്ട് ചാനലുകളാണുള്ളത്. ഒരു സ്വിച്ച് കേടായതോടെ ഇവയിൽ രണ്ട് ചാനലുകളുടെ പ്രവർത്തനം തകരാറിലായിട്ടുണ്ട്.

നിലവിൽ ആറുപേരാണ് നിലയത്തിലുള്ളത്. ഇവർ സുരക്ഷിതരാണ്. എലൺ മസ്കിന്റെ കമ്പനി നിർമിച്ച സ്പേസ്എക്സ് കാർഗോ സ്പേസ്ക്രാഫ്റ്റാണ് ഈയാഴ്ച നിലയത്തിലെത്താൻ പദ്ധതിയിട്ടിരുന്നത്. ഈ കാപ്സ്യൂൾ എത്തുമ്പോൾ നിലയത്തിന്റെ റോബോട്ടിക് കരങ്ങൾ കൊണ്ടാണ് പിടിച്ചെടുത്ത് നിലയത്തിനു പുറത്തായി സൂക്ഷിക്കുക. ഇതിന് വൈദ്യതി ആവശ്യമാണ്. ഇപ്പോൾ വൈദ്യുതിയില്ലാത്ത ചാനലുകളിലൊന്നിന്റെ കൂടി സഹായം വേണം ഈ റോബോട്ടിക് കരങ്ങൾ പ്രവർത്തിക്കാൻ. എല്ലാ വൈദ്യുതി ചാനലുകളും നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ മാത്രമേ നാസ സ്പേസ്എക്സിനെ അയയ്ക്കുകയുള്ളൂ. ഏതെങ്കിലും സാഹചര്യത്തിൽ കാപ്സ്യൂൾ പിടിച്ചെടുക്കാൻ സാധിക്കാതെ വരുന്നത് ഒഴിവാക്കാനാണിത്. ഏപ്രിൽ 30നാണ് സ്പേസ്എക്സിന്റെ ലോഞ്ച് നിശ്ചയിച്ചിരുന്നത്.

×