ഇനിയും അവസാനിക്കാതെ സീപോർട്ട് – എയർപോർട്ട് റോഡിലെ അപകട മരണങ്ങൾ. കാക്കനാട്, ഇരുമ്പനം ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് മുന്നിൽ ഇന്ന് രാവിലെയാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന 23 വയസുകാരി ടാങ്കർ ലോറിയിടിച്ച് മരിച്ചത്. ഇരുമ്പനം, മനയ്ക്കപ്പടി സ്വദേശി ശ്രീലക്ഷ്മിയാണ് അപകടത്തിൽ മരിച്ചത്. ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡിലേക്ക് ഗ്യാസുമായി എത്തിയ ലോറിയാണ് അപകടമുണ്ടാക്കിയത്.
ഇന്ന് രാവിലെ 8.30 ഓടെ കാക്കനാടേക്ക് ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചതെന്ന് പ്രദേശവാസികൾ അഴിമുഖത്തോട് പറഞ്ഞു. കാക്കനാട് – തൃപ്പൂണിത്തുറ റൂട്ടിലെ സീപോർട്ട് – എയർപോർട്ട് റോഡിൽ അപകടങ്ങൾ സ്ഥിരം സംഭവമാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL) എന്നീ ടെർമിനലുകളിലെത്തുന്ന ടാങ്കർ ലോറികൾ റോഡിൻ്റെ ഇരുവശത്തും അനധികൃതമായി പാർക്ക് ചെയ്യുന്നത് നിരവധി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അതേസംയം, ഇപ്പോഴും ടെർമിനലുകൾക്ക് സമീപം ടാങ്കർ ലോറികൾ പാർക്ക് ചെയ്യുന്നുമുണ്ട്.
ഇക്കഴിഞ്ഞ സെപ്റ്റംബർ നാലിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ സെക്യൂരിറ്റി ജീവനക്കാരൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ ടാങ്കർ ലോറിയിടിച്ച് മരിച്ചതാണ് അവസാനമായി റിപ്പോർട്ട് ചെയ്തത്. ഇരുമ്പനം ട്രാക്കോ കേബിൾ കമ്പനിയുടെ മുന്നിലെ ടാങ്കർ ലോറികളുടെ അനധികൃത പാർക്കിങ്ങിനെക്കുറിച്ച് അഴിമുഖം റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
ശ്രീലക്ഷ്മിയെ ഇടിച്ച ലോറി
വലിയ വാഹനങ്ങൾ റോഡ് സൈഡിൽ പാർക്ക് ചെയുന്നതും, ഇട റോഡിൽ നിന്നും പ്രധാന റോഡിലേക്ക് ശ്രദ്ധയില്ലാതെ കയറി വരുന്നതും വലിയ അപകടങ്ങൾ വരുത്തി വെക്കാറുണ്ടെന്നും ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡ് കുരുതിക്കളമാകുന്നതിൻ്റെ കാരണം അധികൃതർ കൂടിയാണെന്നും ഇരുമ്പനം സ്വദേശി അഴിമുഖത്തോട് പറഞ്ഞു. ‘റോഡ് മുറിച്ചു കടക്കാൻ തന്നെ വളരെ ബുദ്ധിമുട്ടാണ്. ജോലിക്ക് പോകുന്നവരും പഠിക്കാൻ പോകുന്നവരുമെല്ലാം ടൂ വിലർ ജംഗ്ഷനിൽ പാർക്ക് ചെയ്തിട്ട് ബസിലാണ് പോകുന്നത്. ഇൻഫോപാർക്ക് -ഇരുമ്പനം റോഡ് വഴി ചെറിയ വാഹനങ്ങളിൽ പോകാൻ ഭയമായത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് അവർ പറയാറുള്ളത്’, ഇരുമ്പനം സ്വദേശി പറയുന്നു.
Also read: മരണം പാര്‍ക്ക് ചെയ്യുന്ന സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്; ചോര വീഴുന്ന റോഡില്‍ കണ്ണടച്ച് പൊലീസ്
ഇന്ന് നടന്ന അപകടത്തെക്കുറിച്ചും റോഡിലെ അനധികൃത പാർക്കിങ്ങിനെക്കുറിച്ചും സംസാരിക്കുന്നതിനായി പിറവം എംഎൽഎ അനൂപ് ജേക്കബിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ അപകടം നടന്നതിനെക്കുറിച്ച് എംഎൽഎ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അനധികൃത പാർക്കിങ്ങ് ഇപ്പോഴും വലിയ പ്രശ്നമാണെന്നും വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്നും എംഎൽഎ അഴിമുഖത്തോട് പറഞ്ഞു.
‘എട്ട് വർഷങ്ങൾക്ക് മുൻപ് ടെർമിനലുകൾക്ക് മുന്നിലെ പാർക്കിങ്ങ് പ്രശ്നത്തിൽ ഞാൻ ഇടപെട്ടിരുന്നതാണ്. സിയാലിൻ്റെ ഡയറക്ടറായ സുഹാസ് എറണാകുളം കളക്ടറായിരുന്ന സമയത്ത്, അദ്ദേഹം നേരിട്ട് ചെന്ന് അവിടെ പരിശോധന നടത്തിയിരുന്നു. പാർക്കിങ്ങ് അവിടെ അനുവദനീയമല്ല എന്ന് കാണിച്ച് കമ്പനികൾക്ക് അന്ന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ അവർ അത് കൃത്യമായി പാലിച്ചില്ല. കുറച്ച് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം കമ്പനി ചെയ്ത് കൊടുത്തിരുന്നെങ്കിലും കമ്പനികളിലേക്കെത്തുന്ന മുഴുവൻ വാഹനങ്ങൾക്കും പാർക്കിങ്ങ് സൗകര്യം ചെയ്ത് കൊടുക്കാൻ അവർക്കായിട്ടില്ല.
രണ്ട് വർഷം മുൻപ് എൻ്റെ നേതൃത്വത്തിലാണ് പാർക്കിങ്ങ് ഒഴിവാക്കാൻ വേണ്ടി റോഡിൻ്റെ വശങ്ങളിൽ മൈൽ കുറ്റികൾ സ്ഥാപിച്ചത്. എന്നാൽ ലോറികൾ തന്നെ മനപൂർവ്വം അത് നശിപ്പിക്കുകയാണ് ചെയ്തത്. അവിടെയുള്ള സിഐടിയു പോലുള്ള യൂണിയനുകൾ വാഹനം അവിടെ പാർക്ക് ചെയ്യാനായി ഡ്രൈവർമാർക്ക് മൗനാനുവാദം നൽകുകയുമാണ്. വിഷയത്തിൽ നിയമപരമായി ചെയ്യാൻ കഴിയുന്ന എല്ലാ ഇടപെടലുകളും ഇതിൽ ചെയ്തിട്ടുണ്ട്.
കാക്കനാട് – കരിങ്ങാച്ചിറ റൂട്ടിലെ റോഡിൻ്റെ വീതി കൂട്ടുന്ന വിഷയെ എൻ്റെ മണ്ഡലത്തിലെ പ്രധാന പ്രോജക്ട് ആയി ഞാൻ എപ്പോഴും പറയുന്നതാണ്. രണ്ട് വർഷം മുൻപ് പി. രാജീവ് മന്ത്രിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിയുമായി ഈ വിഷയം സംസാരിക്കുകയും ചെയ്തിരുന്നു. അത്യാവശമായി ചെയ്യേണ്ടത് പാർക്കിങ്ങ് നിർത്തുക എന്നത് തന്നെയാണ്. അതിൽ എന്തായാലും ഉടൻ നടപടി സ്വീകരിക്കും’, എംഎൽഎ അനൂപ് ജേക്കബ് അഴിമുഖത്തോട് പറഞ്ഞു.
ഇരുമ്പനം ഭാഗത്തെ നിയമലംഘനത്തെക്കുറിച്ച് അറിവുണ്ടായിട്ടും പൊലീസ് നടപടിയൊന്നും എടുക്കാറില്ലായെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Content Summary: seaport airport road accidents and illegal parking of tanker lorries. 23 year old lady dies in accident
This post was last modified on September 26, 2025 3:31 pm
Leave a Comment