ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ അപകട മരണം വെറും തമാശയായി കണ്ട സംഭവത്തില്‍ അടിയന്തരമായി നടപടി വേണമെന്ന് ഇന്ത്യ. അമിത വേഗതയിലെത്തിയ പൊലീസ് പട്രോളിംഗ് കാര്‍ ഇടിച്ചാണ് 23 കാരിയായ ജാന്‍വി കണ്ടുള കൊല്ലപ്പെടുന്നത്. ഈ വിവരം മേലുദ്യോഗസ്ഥരോട് പങ്കുവയ്ക്കുന്നതിനിടയിലാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും മനുഷ്യരഹിതമായ പ്രവര്‍ത്തിയുണ്ടായത്. കാര്യക്ഷമമായ അന്വേഷണം നടത്തി നടപടി വേണമെന്ന ശക്തമായ നിലപാടിലാണ് ഇന്ത്യന്‍ അംബാസിഡര്‍. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വാഷിംഗ്ടണ്‍ അറിയിച്ചിട്ടുണ്ടെന്നാണ് ന്യൂസ് ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിയാറ്റില്‍ വച്ച് ജനുവരി 23 ന് നടന്ന അപകടത്തിലാണ് ജാന്‍വി കൊല്ലപ്പെടുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന വീഡിയോ ദൃശ്യത്തിലാണ് പൊലീസുകാരന്റെ ഹീനമായ പ്രവര്‍ത്തികള്‍ പുറം ലോകം അറിഞ്ഞത്. സാമൂഹ്യ മാധ്യമങ്ങളിലും വീഡിയോ വൈറല്‍ ആയി. ഭയവും ഞെട്ടലും ഉണ്ടാക്കുന്ന കാര്യം എന്നാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ കണ്ടശേഷം ഇന്ത്യന്‍ നയതന്ത്രകാര്യലയം പ്രതികരിച്ചത്.
സിയാറ്റില്‍, വാഷിംഗ്ടണ്‍ അധികൃതര്‍ക്കു മുമ്പാകെ അംബാസിഡര്‍ ഇന്ത്യയുടെ ആവശ്യം ഉയര്‍ത്തിയതിനു പിന്നാലെയാണ്, വിഷയം തങ്ങള്‍ ഗൗരവത്തോടെ കാണുന്നുവെന്നു നയതന്ത്ര കാര്യാലയത്തിനും ഇന്ത്യന്‍ സര്‍ക്കാരിനും അമേരിക്കന്‍ ഭരണകൂടം ഉറപ്പ് നല്‍കിയതെന്നാണ് നയതന്ത്രകാര്യലയ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസിന്റെ പുരോഗതിയും അന്വേഷണവും എങ്ങനെ പോകുന്നുവെന്ന കാര്യം വാഷിംഗ്ടണുമായി ബന്ധപ്പെട്ട് നിരീക്ഷിക്കുമെന്നും ഇന്ത്യന്‍ നയതന്ത്ര കാര്യാലയം അറിയിച്ചിട്ടുണ്ട്.
2023 ജനുവരി 23 ന് ആയിരുന്നു ദാരുണമായ ആ സംഭവം നടക്കുന്നത്. കെവിന്‍ ഡേവ് എന്ന ഉദ്യോഗസ്ഥനായിരുന്നു കാര്‍ ഒടിച്ചിരുന്നത്. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുകയായിരുന്ന ജാന്‍വിയെ മണിക്കൂറില്‍ 119 കിലോമീറ്റര്‍ വേഗതയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആ 23 കാരി നൂറ് മീറ്ററോളം തെറിച്ചു പോയി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി പോവുകയായിരുന്നു ഡേവ്. അപകടം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഡേവ് ലഹരിയായിലായിരുന്നോ എന്ന കാര്യം അന്വേഷിക്കാന്‍ സിയാറ്റില്‍ പൊലീസ് ഓഫിസേഴ്‌സ് ഗില്‍ഡ് വൈസ് പ്രസിഡന്റ് കൂടിയായ നാര്‍കോട്ടിക്ക് വകുപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഡാനിയേല്‍ ഓര്‍ഡററിനെ ചുമതലപ്പെടുത്തി. കെവിന്‍ ഡേവ് ഏതെങ്കിലും തരത്തിലുള്ള ലഹരിയിലായിരുന്നില്ലെന്നും നടന്നത് സാധാരണ അപകമായിരുന്നുവെന്നുമെന്ന റിപ്പോര്‍ട്ടാണ് ഡാനിയേല്‍ നല്‍കിയത്.
ഡാനിയേല്‍ ഓര്‍ഡറര്‍ സിയാറ്റല്‍ പൊലീസ് ഓഫിസേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് മൈക്ക് സോളനുമായി അപകടത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ്, ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ അപകട മരണം വെറും തമാശയെന്നപോലെ അവതരിപ്പിച്ചത്. ഡാനിയേലിന്റെ ശരീരത്ത് ഘടിപ്പിച്ചിരിക്കുന്ന കാമറയിലാണ് രണ്ടു മിനിട്ട് നേരമുള്ള സംഭാഷണം പതിഞ്ഞത്. ചിരിച്ചുകൊണ്ടാണ് ഡാനിയേല്‍ ഒഡറര്‍ ജാന്‍വിക്ക് സംഭവിച്ച അപകടം മൈക്ക് സോളനോട് വിവരിക്കുന്നത്. ‘പരിമിതമായ മൂല്യം’ എന്നായിരുന്നു ജാന്‍വിയുടെ ജീവനെ പരിഹാസരൂപേണ ആ പൊലീസ് ഉദ്യോഗസ്ഥന്‍ നിസ്സാരവത്കരിച്ചത്. 23 വയസില്‍ അവളുടെ ജീവിതം അവസാനിച്ചതിലുള്ള വ്യാജമായ സഹതാപ പ്രകടനമായിരുന്നു ആ പരിഹാസം. ‘ അല്ല, ഒരു സാധാരണ വ്യക്തി. അതേ, ഒരു ചെക്ക് എഴുതു, പതിനോരായിരം ഡോളര്‍…’ തുടര്‍ന്നുള്ള ഡാനിയേലിന്റെ വാക്കുകളാണിത്. ഒരു മനുഷ്യ ജീവന് മുതിര്‍ന്നൊരു നിയമപാലകന്‍ നല്‍കുന്ന പരിഗണന എത്രത്തോളമാണെന്ന് വ്യക്തമാക്കുന്ന വാക്കുകള്‍… മറുവശത്ത് നിന്നും മൈക്ക് സോളന്‍ എന്താണ് പറയുന്നതെന്ന് വീഡിയോയില്‍ കേള്‍ക്കുന്നില്ല. തിങ്കളാഴ്ച്ചയാണ് വീഡിയോ പുറത്തു വന്നത്. വൈകാതെ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ അത് വൈറലാവുകയും ചെയ്തു. ഈ വീഡിയോ കണ്ട എല്ലാവരും തന്നെ പൊലീസ് ഉദ്യോഗസ്ഥന്റെ വാക്കുകളോട് ഞെട്ടലോടെയാണ് പ്രതികരിച്ചിട്ടുള്ളത്.
ആന്ധ്രപ്രദേശ് സ്വദേശിയായ ജാന്‍വി കണ്ടുള സൗത്ത് ലേക്ക് യൂണിയനിലെ നോര്‍ത്ത് ഈസ്‌റ്റേണ്‍ സര്‍വകലാശയിലെ വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ മാസ്റ്റര്‍ ഡിഗ്രിക്ക് ചേര്‍ന്നത്. ജനുവരി 23, തിങ്കളാഴ്ച്ച രാത്രിയിലാണ് തോമസ് സ്ട്രീറ്റും ഡിക്‌സ്റ്റര്‍ അവന്യു നോര്‍ത്തും ചേരുന്ന ജംഗ്ഷനില്‍ വച്ച് ഡേവിന്റെ കാര്‍ ജാന്‍വിയെ ഇടിച്ചു തെറിപ്പിക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആ രാത്രി പുലരും മു്‌ന്നേ ആ പെണ്‍കുട്ടി മരിച്ചു.
This post was last modified on September 14, 2023 5:21 pm
Leave a Comment