സ്നേഹത്തിന്റെ ‘സേതു’ ബന്ധനം

"അക്കങ്ങളിൽ കൊത്തി വെച്ച അക്ഷരങ്ങളിൽ" കാലത്തിന്റെ എഞ്ചുവടി കാത്ത് വെച്ച എഴുത്തുകാരന് ജൂൺ അഞ്ചിന് ശതാഭിഷേകം.

എം. ടി. വാസുദേവൻ നായർ ഒരിക്കൽ തന്റെ ഡൽഹി അനുഭവം വിവരിക്കുന്നതിനിടെ ഇങ്ങനെ പറഞ്ഞു: “ഡൽഹിയിൽ ഒരിക്കൽ ചെന്നപ്പോൾ കേരള ക്ലബ്ബിൽ വച്ച് എനിക്കൊരു സ്വീകരണം തന്നു. പത്തറുപത് പേരുണ്ടാവും സദസ്സിൽ. അവിടെ വെച്ചാണ് സേതുവിനെയും മുകുന്ദനെയും കാണുന്നത്. ഞാൻ പ്രസംഗിക്കുമ്പോൾ അവർ രണ്ടുപേരും പിൻവരിയിൽ ഇരിപ്പുണ്ട്. പുതിയ കഥാസാഹിത്യത്തെപ്പറ്റി പരാമർശിക്കുമ്പോൾ ഞാൻ പറഞ്ഞു: ‘രണ്ട് മികച്ച കഥാകൃത്തുക്കൾ ഇതാ ഇവിടെത്തന്നെയുണ്ട്’. എന്നിട്ട് ഒരു ക്ലാസ് മാസ്റ്ററെ പോലെ ഞാൻ പറഞ്ഞു: ‘മുകുന്ദൻ ആന്റ് സേതു, പ്ലീസ്.. എഴുന്നേറ്റ് നിൽക്കൂ. ആളുകൾ നിങ്ങളെ ഒന്ന് കാണട്ടെ’. രണ്ടുപേരും അല്പം ലജ്ജയോടെ എഴുന്നേറ്റുനിന്നു. പിന്നീട്, സേതു ക്രമത്തിൽ ഔദ്യോഗിക ജീവിതത്തിൽ ഉയർന്ന പല പടവുകളും കയറി. പല ഉന്നത പദവികളിൽ ഇരിക്കുമ്പോഴും സേതുവിനെ പൊതുരംഗത്ത് അങ്ങനെ കാണാറില്ല. എപ്പോഴും ഞാൻ ശ്രദ്ധിക്കാറുള്ള ഒരു കാര്യമുണ്ട്. മാസികക്കാരുടെയോ വിശേഷാൽ പ്രതിക്കാരുടെയോ നിർബന്ധത്തിന് വഴങ്ങി സേതു ഒന്നും എഴുതാറില്ല. പലരും ഓട്ടപ്പാത്രങ്ങളെപ്പോലെ കലമ്പൽ കൂട്ടുമ്പോൾ അക്കൂട്ടത്തിൽ പക്ഷെ സേതുവിനെ കാണില്ല. ഇടയ്ക്കിടെ പേര് പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ ഇടം നഷ്ടപ്പെട്ടു പോകുമോ എന്ന ഉത്കണ്ഠയുമില്ല അദ്ദേഹത്തിന്. അകത്തുനിന്നുള്ള സംഘർഷം പെരുകുമ്പോൾ മാത്രം സേതു എഴുതുന്നു. എഴുത്തുകാരന്റെ പക്വത തന്നെയാണ് വ്യക്തിയിലും ഇവിടെ കാണുന്നത്. അതുകൊണ്ട് സേതു എന്ന എഴുത്തുകാരനും വ്യക്തിയും എനിക്ക് പ്രിയപ്പെട്ടയാളായി മാറി.”

സേതുവും എം. ടി വാസുദേവൻ നായരും

സേതു എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ജനിച്ചു. നോവല്‍ കഥാ വിഭാഗങ്ങളില്‍ 38 കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് (അടയാളങ്ങള്‍), കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പേടിസ്വപ്‌നങ്ങള്‍, പാണ്ഡവപുരം), ഓടക്കുഴല്‍ അവാര്‍ഡ് (മറുപിറവി), മുട്ടത്തു വര്‍ക്കി അവാര്‍ഡ് (പാണ്ഡവപുരം), മലയാറ്റൂര്‍ അവാര്‍ഡ് (കൈമുദ്രകള്‍), പത്മരാജന്‍ അവാര്‍ഡ് (ഉയരങ്ങളില്‍), എഴുത്തച്ഛന്‍ അവാര്‍ഡ്, ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, സമസ്തകേരള സാഹിത്യ പരിഷത്ത് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ‘ഞങ്ങള്‍ അടിമകളു’ടെ ചലച്ചിത്രാവിഷ്‌കാരമായ ‘പൂത്തിരുവാതിര രാവില്‍’ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് നേടി. പല ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുള്ള ഒട്ടേറെ കഥകള്‍ക്കു പുറമേ, ‘പാണ്ഡവപുരം’, ഇംഗ്ലീഷ്, ജര്‍മന്‍, ഫ്രഞ്ച്, ടര്‍ക്കിഷ് എന്നിവയടക്കം പത്തു ഭാഷകളിലേക്കും ‘അടയാളങ്ങള്‍’ അഞ്ചു ഭാഷകളിലേക്കും ‘ആറാമത്തെ പെണ്‍കുട്ടി’ മൂന്നു ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ‘പാണ്ഡവപുരം’ മലയാളത്തിലും ബംഗാളിയിലും ചലച്ചിത്രമായിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയും ചെയര്‍മാനായിരുന്നു സേതു. ഭാര്യ രാജലക്ഷ്മി. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗമായ സേതുവിന്റെ ആത്മകഥയാണ് ‘അക്കങ്ങളിൽ കൊത്തി വെച്ച അക്ഷരങ്ങൾ’.

സേതുവും ഭാര്യ രാജലക്ഷ്മിയും

സേതു, പുനത്തിൽ കുഞ്ഞബ്ദുള്ളയുമായി ചേർന്ന് എഴുതിയ ‘നവഗ്രഹങ്ങളുടെ തടവറ’ ഖണ്ഡ:ശ പ്രസിദ്ധീകരിച്ച സമയത്താണ് സേതു എന്ന എഴുത്തുകാരൻ എന്റെ മനസ്സിലേക്ക് കയറിവന്നത്. ‘മലയാള നാട് ‘ വാരികയിൽ ‘നനഞ്ഞ മണ്ണ്’ എന്ന സേതുവിന്റെ ആദ്യനോവലും ആയിടയ്ക്ക് അച്ചടിച്ചു വന്നതോർക്കുന്നു. “പെട്ടെന്ന് വെള്ളിടിവെട്ടുന്നപോലെ ഒരോര്‍മ അയാളുടെ ബുദ്ധിയില്‍ മിന്നി. ഇവിടെ ഞാന്‍ വന്നിട്ടുണ്ട്. ഈ വായു ശ്വസിച്ചിട്ടുണ്ട്. ഈ കുന്നും കമ്പിവേലിയും കെട്ടിടവും എന്റെ തലച്ചോറില്‍ നിറംമങ്ങിയ ചിത്രങ്ങളായി കിടപ്പുണ്ട്. എന്നായിരുന്നു? എന്തിനായിരുന്നു? ഓരോരുത്തര്‍ക്കും വേണ്ടി എന്നോ തയ്യാറാക്കപ്പെട്ട മുറികളിലേക്ക് എന്തിനെന്നറിയാതെ തങ്ങളുടെ നിയോഗവും പേറി എത്തിച്ചേരുന്ന എട്ടുപേര്‍. ആരുടെയോ കൈകളിലെ അദൃശ്യമായ ചരടുകള്‍ അവരെ നിയന്ത്രിക്കുന്നു. നിശ്ചയിക്കപ്പെട്ട അന്ത്യവുമായി വരാനിരിക്കുന്ന ഒമ്പതാമനെ കാത്തിരിക്കുകയാണ്. എല്ലാറ്റിനും സാക്ഷിയും കാരണവുമായ കണിയാന്‍കോട്ട…” നല്ല വായനാനുഭവം സമ്മാനിച്ച ‘നവഗ്രഹങ്ങളുടെ തടവറ’ പക്ഷെ വേണ്ടത്ര സ്വീകാര്യത കിട്ടാതെ പോയ നോവലായി മാറി. എം. ടി യും എൻ. പിയും ചേർന്ന് ‘അറബിപ്പൊന്ന് ‘ എഴുതിയത് കണ്ടാണ് ഞങ്ങൾ ഇരുവരും ഈ ‘ജോയിന്റ് വെഞ്ച്വറിന് ‘ ഇറങ്ങിത്തിരിച്ചതെന്ന് ഒരു സ്വകാര്യ സംഭാഷണത്തിൽ പുനത്തിൽ കുഞ്ഞബ്ദുള്ള ഒരിക്കൽ പറഞ്ഞതോർക്കുന്നു.

സേതുവും പുനത്തിൽ കുഞ്ഞബ്ദുള്ളയും ചേർന്നെഴുതിയ “നവഗ്രഹങ്ങളുടെ തടവറ” എന്ന പുസ്തകം

പാണ്ഡവപുരം, ഞങ്ങൾ അടിമകൾ, കിരാതം, വനവാസം, ഏഴാം പക്കം, താളിയോല, വിളയാട്ടം, അയൽപക്കം, കയ്യൊപ്പും കൈവഴികളും, നിയോഗം, അറിയാത്ത വഴികൾ, അരുന്ധതിയുടെ വിരുന്നുകാരൻ, ആറാമത്തെ പെൺകുട്ടി, അടയാളങ്ങൾ, കൈമുദ്രകൾ, കിളിമൊഴികൾക്കപ്പുറം, പെണ്ണകങ്ങൾ, മറുപിറവി എന്നിവയാണ് സേതുവിന്റെ നോവലുകൾ. തിങ്കളാഴ്ചകളിലെ ആകാശം, വെളുത്ത കൂടാരങ്ങൾ, ദൂത്, ഗുരു, പ്രഹേളികാ കാണ്ഡം, സേതുവിന്റെ കഥകൾ, ചില കാലങ്ങളിൽ ചില ഗായത്രിമാർ, എന്റെ പ്രിയപ്പെട്ട കഥകൾ എന്നിവയാണ് സേതു എഴുതിയ പ്രധാനപ്പെട്ട കഥകൾ. പാണ്ഡവപുരം, നിയോഗം കൈമുദ്രകൾ എന്നിവ സേതുവിന്റെ മാസ്റ്റർപീസുകളാണ് എന്ന് പറയാം. ഫാന്റസിയുടെ മുഖ മറയ്ക്കുള്ളിൽ ‘പാണ്ഡവപുരം’ എന്ന സാങ്കൽപ്പിക ലോകം. ഈ ലോകത്ത് നിന്ന് ആയിരം നാഴിക അകലെ ആളൊഴിഞ്ഞ പ്ലാറ്റ്ഫോമിൽ അപരിചിതനായ വിരുന്നുകാരനെയും കാത്തിരിക്കുന്ന ദേവി. സ്ത്രീമനസ്സിന്റെ ഭ്രമകൽപ്പനയുടെ കുരുക്കുകളിലേക്കുള്ള യാത്രയാണ് ‘പാണ്ഡവപുരം’. അന്നും ആരെയോ കത്ത് തീവണ്ടി ഓഫീസിൽ പോയി തിരിച്ചെത്തിയ ദേവിയോട് ശ്യാമള ചോദിക്കുന്നു: “ഏട്ടത്തി എവിടെപ്പോയിരുന്നു?” ദേവി പറയുന്നു: “റെയിൽവേ സ്റ്റേഷനിൽ.” ശ്യാമള വീണ്ടും ചോദ്യം തുടരുന്നു: “എന്തിന്?” ദേവിയുടെ മറുപടി: “അയാളെ കാത്ത്”. ശ്യാമളയുടെ അടുത്ത ചോദ്യം: “ആരെ?” ദേവി: “പാണ്ഡവപുരത്തെ ജാരനെ…” ശ്യാമള പിന്നീട് ഒന്നും ചോദിച്ചില്ല. കണ്ണുകൾ ഒപ്പിക്കൊണ്ട് അകത്തേക്ക് നടന്നു. ആദ്യമായി ദേവി അന്യർ കേൾക്കെ യഥാർത്ഥ ലോകത്തിൽ, യഥാർത്ഥ സംവാദത്തിൽ, പാണ്ഡവപുരത്തെ ‘ജാരൻ’ എന്ന് ഉച്ചരിക്കുന്നു. അതാകട്ടെ, കഥയുടെ അവസാനവും ഉന്മാദത്തിന്റെ ആദ്യ ലഹരിയുമായി മാറിക്കഴിഞ്ഞിരുന്നു.

സേതു എഴുതിയ “പാണ്ഡവപുരം” എന്ന നോവൽ

കെ. പി അപ്പൻ അഭിപ്രായപ്പെട്ടത് ഇങ്ങനെ: “സാംസ്കാരിക- നരവംശ ശാസ്ത്രപരമായ യാഥാർത്ഥ്യങ്ങളുടെയും മന:ശാസ്ത്രപരമായ നീതികളുടെയും സഹായത്തോടെ നിർവചിക്കപ്പെടേണ്ട ഒരു വനിതയാണ് സേതുവിന്റെ നോവലിലെ ദേവി.” കാലത്തെക്കുറിച്ചുള്ള ഫാന്റസികളിലൂടെ, ബോധത്തിന്റെ വിഭ്രാന്തികളിൽ നമ്മെ ഉണർത്താൻ സേതു നടത്തുന്ന ശ്രമം ‘പാണ്ഡവപുര’ത്തിൽ എന്നതുപോലെ ‘നിയോഗം’ എന്ന നോവലിലും കാണാം. മലങ്കാറ്റിനോട് നടത്തുന്ന സംഭാഷണവും ജനനത്തെക്കുറിച്ച് കമലാക്ഷിയമ്മ ദാമോദരൻ മാഷിന് കൊടുക്കുന്ന വിവരണവുമൊക്കെ വാസ്തവികതയുടെ പഴുതുകളിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്. ജാരൻ പാണ്ഡവത്തുനിന്ന് വരുന്നതുപോലെ, മലങ്കാറ്റ് കിഴക്കൻ മലകളിൽ നിന്ന് വന്ന് ജന്മത്തിന്റെ വിത്തെറിഞ്ഞു പോകുന്നു. സേതുവിന്റെ ‘കൈമുദ്രകളി’ലാകട്ടെ, പ്രതീക്ഷകളും പ്രത്യാശകളും തെറ്റുന്ന കാലത്തിന്റെ ഒട്ടേറെ അടിക്കുറിപ്പുകൾ ഉണ്ട്. ജനങ്ങളെ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം അനിവാര്യമാക്കിയ വിപ്ലവ പ്രസ്ഥാനങ്ങൾ ഏതു വിധമാണ് മനുഷ്യാവകാശങ്ങളുടെ ലംഘകരായി മാറുന്നതെന്ന് ജോൺസണിലൂടെ നോവലിസ്റ്റ് വ്യക്തമാക്കുന്നു. ‘ദൂത് ‘എന്ന വിഖ്യാതമായ കഥ സേതുവിന്റെ രചനയ്ക്ക് ഭ്രമാത്മകതയുടെ ചാരുത പകരുന്നുണ്ട്. മൗനത്തിന്റെ ഇടവേളകളും കഥയുടെ വാമൊഴി വഴക്കവും ‘ദൂത്’ എന്ന കഥയെ എല്ലാ അർത്ഥത്തിലും വേറിട്ടതാക്കുന്നു. വിരക്തിയും മമതയും ഏറ്റുമുട്ടുന്ന, കാഴ്ചയുടെയും വാമൊഴിയുടെയും അനന്ത സാധ്യതകളിലൂടെയാണ് ‘ദൂതി’ൽ കഥാകൃത്ത് വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്നത്.

സേതു എഴുതിയ “ദൂത്” എന്ന നോവൽ

സേതുവിന്റെ ‘മറുപിറവി’ ഞാനിപ്പോൾ രണ്ടാം വായനക്കെടുത്തു. പാലിയം സമരം, ഇടപ്പള്ളി കേസ്, കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പ്, പിളർപ്പിനുശേഷം 1965- ലെ പൊതു തിരഞ്ഞെടുപ്പ്… രണ്ട് കമ്യൂണിസ്റ്റ് പാർട്ടികളും പോരടിക്കുന്നതിനിടയിൽ വടക്കേക്കര മണ്ഡലത്തിൽ, ജലീൽ സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയായി. സി. പി. ഐയുടെയും പിന്തുണ കിട്ടി സാമാന്യം നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും ആർക്കും മുൻതൂക്കം ഇല്ലാതെ അന്ന് അസംബ്ലി പിരിച്ചുവിട്ടപ്പോൾ എം. എൽ. എ ആകാനാവാതെ പിൻവാങ്ങേണ്ടിവന്നത് ജലീലിന്റെ മറ്റൊരു നിയോഗം ആകാം. അങ്ങനെ പാർലമെന്ററി വ്യാമോഹങ്ങൾക്ക് കീഴ്പ്പെടാതെ, നീണ്ടകാലത്തെ കളങ്കമേശാത്ത പൊതുപ്രവർത്തനത്തിന്റെ വിശുദ്ധി നഷ്ടപ്പെടുത്താതെ കടന്നുപോകാനായ ജനനേതാവ്… (മറുപിറവി പേജ് 123)… പക്ഷേ, ഇത് അയാളിൽ അവസാനിച്ചേക്കില്ല. പിന്നീട്, എന്നോ ഒരു എഴുത്തുകാരൻ, ശില്പി, പാട്ടുകാരൻ അങ്ങനെ ആരൊക്കെയോ ഒരിക്കലും മുറിയാത്ത കണ്ണികൾ ഇണക്കി ചേർക്കാനായി കാലത്തിന്റെ ഉൾവിളി കേട്ട്… പടിഞ്ഞാറ് സൂര്യൻ അന്തിച്ചുവപ്പിലേക്ക് മുങ്ങിക്കഴിഞ്ഞിരുന്നു. നനുത്ത ഇരുട്ട് അരിച്ചിറങ്ങുകയാണ്. അരവിന്ദൻ തെല്ലുനേരം കൂടി അവിടെ അങ്ങനെ നിന്നു. പുറകിൽ വാഹനങ്ങളുടെ കണ്ണുകൾ നിരയിടുകയാണ്. വരും നൂറ്റാണ്ടിലേക്ക് ഉറ്റു നോക്കിക്കൊണ്ട് വല്ലാർപാടം സജീവമാകുന്നു. വീണ്ടും ഒരു രാത്രി കൂടി. ഓർക്കാൻ, മറക്കാൻ, വീണ്ടും ഓർക്കാൻ. അരവിന്ദൻ പതിയെ തിരിഞ്ഞു നടന്നു. വരുംകാല രാത്രികളിലെ പിൻവിളികളിലേക്ക്. (‘മറുപിറവി’യിലെ അവസാന വരികൾ ).

Content Summary: Sethu is portrayed as one of Malayalam literature’s most respected writers, admired for his integrity and powerful novels such as Pandavapuram. The passage highlights his literary achievements, unique storytelling style, and lasting influence on Malayalam literature.

മുസാഫിര്‍

സൗദി അറേബ്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on June 5, 2026 10:19 am

മുസാഫിര്‍: സൗദി അറേബ്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍
Related Post
Leave a Comment