സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ സ്കൂളുകളിലെ പാചക തൊഴിലാളികളുടെ ശമ്പളം പ്രതിമാസം 1100 രൂപ വർദ്ധിപ്പിച്ചിരിക്കയാണ് സംസ്ഥാന സർക്കാർ. പാചകത്തൊഴിലാളികളുടെ മാസവേതനം വൈകുന്നതിനെതിരെ പ്രതിഷേധങ്ങൾ ശക്തമായിരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം.
ശമ്പളം വർദ്ധിപ്പിച്ച സർക്കാർ നടപടിയെ പ്രശംസിക്കുമ്പോഴും, ഈ മാസത്തിലെ ശമ്പളം തങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ആലപ്പുഴ ചേർത്തലയിലെ പാചകത്തൊഴിലാളിയായ രാധാമണി പറയുന്നത്. അതിന് പുറമേ മൂന്ന് മാസത്തിന് മേലെയായി കേന്ദ്രവിഹിതമായ 1000 രൂപ ഓണറേറിയവും ലഭിക്കുന്നില്ലെന്ന് രാധാമണി വ്യക്തമാക്കുന്നുണ്ട്.
50 രൂപ വർദ്ധിപ്പിച്ച സംസ്ഥാനത്തിന്റെ നീക്കത്തിൽ തങ്ങൾ സംതൃപ്തരല്ലെന്നാണ് പാചകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന ഭാരവാഹിയായ ജയരാമനും പറയുന്നത്.
മാസം 1100 രൂപയുടെ വർദ്ധനവാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 600 രൂപയാണ് പാചകതൊഴിലാളികൾക്ക് ലഭിക്കുന്ന ദിവസവേതനം. 20 പ്രവൃത്തിദിവസം 600 രൂപയെന്ന കണക്കിൽ നോക്കിയാൽ തൊഴിലാളികളുടെ മാസ വേതനം 12,000 രൂപയാണ്. ഒരു മാസം ആയിരം രൂപയാണ് കേന്ദ്ര സർക്കാർ ഓണറേറിയമായി നൽകുന്നത്. എന്നാൽ, ഇക്കഴിഞ്ഞ നാലു മാസമായി കേന്ദ്രവിഹിതമായി ലഭിക്കുന്ന ഓണറേറിയം കിട്ടിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
500 കുട്ടികൾക്ക് ഒരു പാചക തൊഴിലാളി എന്നാണ് നിലവിൽ പിന്തുടരുന്ന രീതി. എന്നാൽ അഞ്ഞൂറിന് മേലെ കുട്ടികളുള്ള സ്കൂളിൽ കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ഒരാൾക്ക് 75 പൈസ വീതം നൽകും. അങ്ങനെയെങ്കിൽ ഒരു തൊഴിലാളിയ്ക്ക് 75 രൂപ അധികമായി ലഭിക്കും. 20 പ്രവൃത്തിദിനത്തിൽ നിലവിൽ വേതനമായി ലഭിക്കുന്ന 12,000 , കേന്ദ്രവിഹിതം 1000 , ഈ മേൽ പറഞ്ഞ 75 രൂപ എന്നിങ്ങനെയാവുമ്പോൾ തൊഴിലാളികളുടെ ആകെ വേതനം 13075 രൂപയാണ്.
ഇതിൽ കൂടുതലായി ഒന്നും തന്നെ ലഭിക്കുന്നില്ല. 2018ന് ശേഷം ഇതാദ്യമായാണ് ഫലത്തിൽ 50 രൂപ കൂട്ടിയിരിക്കുന്നതെന്ന് ജയരാമൻ പറയുന്നു.
പാചകത്തൊഴിലാളുകളുടെ വേതനം 800 രൂപയാക്കണം എന്നതായിരുന്നു ഇക്കഴിഞ്ഞ കാലയളവിൽ തൊഴിലാളികൾ ഉന്നയിച്ച ആവശ്യം. സ്കൂളുകളിലെ പുതുക്കിയ മെനു അനുസരിച്ച് ഒരു സ്കൂളിൽ ഒരു തൊഴിലാളി എന്നത് അസാധ്യമാണ്. 500 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളിയെന്ന അനുപാതം നടപ്പിലാക്കിയിരിക്കുന്നത് കേരളത്തിൽ മാത്രമാണ്.
രണ്ടായിരത്തിന്റെ തുടക്കത്തിലെ സ്കൂളുകളിലെ സാഹചര്യം നോക്കിയാൽ ജോലിഭാരം കുറവായിരുന്നു. എന്നാൽ, ഈ മെനു പുതുക്കിയ സാഹചര്യത്തിൽ വേതനം കൂടി കൂട്ടേണ്ടതാണല്ലോ. 500 കുട്ടികളുള്ള സ്കൂളിൽ ഒരു പാചകത്തൊഴിലാളി മാത്രമാണുണ്ടാവുക. ആഴ്ചയിൽ ഒരു ദിവസം മുട്ടയും പാലും വിദ്യാർത്ഥികൾക്ക് നൽകണമെന്ന നിയമം കൊണ്ടുവന്നപ്പോൾ അത് നടപ്പിലാക്കാനായി ഒരു തൊഴിലാളിയ്ക്ക് മേലെ വരുന്ന ജോലിഭാരം എത്രമാത്രമുണ്ടെന്ന് വിലയിരുത്തുന്നില്ല.
ഒരു പാചകത്തൊഴിലാളിയെ സംബന്ധിച്ച് അടിമകളെപ്പോലെ പണിയെടുക്കുന്നുവെന്ന് പറയുന്നതിൽ തെറ്റില്ല. 2018ന് ശേഷം ശമ്പള പരിഷ്കരണം വരാത്തത് കൊണ്ട് ഒന്നിടവിട്ട വർഷങ്ങളിലെ ബഡ്ജറ്റിലെങ്കിലും 50 രൂപ വച്ച് കൂട്ടിയിരുന്നെങ്കിൽ കുഴപ്പമില്ലാത്ത ഒരു തുക തന്നെ ഇവർക്ക് ലഭിച്ചേനെ. 3 തവണയായി 50 രൂപ കൂട്ടുമ്പോൾ, നിലവിൽ തൊഴിലാളികളുടെ ശമ്പളത്തിൽ 150 രൂപ വർദ്ധനവുണ്ടാവുകയും വേതനം 750 ആവുകയും ചെയ്തേനെ. ഈ സാഹചര്യത്തിലാണ് ഇപ്പോൾ വെറും 50 രൂപ മാത്രം വർദ്ധിപ്പിച്ചിരിക്കുന്നതെന്ന് ജയറാം പറയുന്നു.
സ്കൂളുകളിലെ കുട്ടികളുടെ പ്രകടനത്തെ നിർണ്ണയിക്കാൻ തന്നെ പാചകത്തൊഴിലാളികൾക്ക് സാധിച്ചേക്കും. കുഞ്ഞുങ്ങളുടെ വിശപ്പകറ്റുകയെന്ന ശ്രേഷ്ഠമായ ജോലിയാണ് ഇവർ ചെയ്യുന്നത്. പല മാനേജ്മെന്റ് സ്കൂളുകളിലും ശുചിമുറി വൃത്തിയാക്കുന്നതടക്കം ഇവരുടെ ജോലിയിൽ ഉൾപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ് മാറ്റം വന്നത്. പുതിയ മെനു വന്നതിൽ ഞങ്ങൾക്കൊക്കെ സന്തോഷമുണ്ട് കുട്ടികൾ പോഷകാഹാരം കഴിച്ച് തന്നെ വളരണം. എന്നാൽ പാചകത്തൊഴിലാളികളുടെ ദുരിതം കാണാൻ ഒരു തൊഴിലാളി വർഗ സർക്കാരിന് സാധിക്കുന്നില്ല.
ഓഗസ്റ്റിൽ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ ഒരു യോഗത്തിൽ ഉന്നയിച്ച പല ആവശ്യങ്ങളും ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല. രോഗാതുരത കൊണ്ട് ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ള ആളുകൾക്ക് തങ്ങളുടെ ബന്ധത്തിലുള്ള ആരെയെങ്കിലും സഹായത്തിനായി വിളിക്കാം. എന്നാൽ ആ സാഹചര്യത്തിൽ നിലവിൽ കിട്ടുന്ന ശമ്പളം പകുത്തു പോവുകയാണ്. ഇക്കാരണങ്ങൾ മുൻനിർത്തിയാണ് ചില ആവശ്യങ്ങൾ ഉന്നയിച്ചത്. 300 കുട്ടികൾക്ക് ഒരു തൊഴിലാളിയെന്നും, ഗ്രാറ്റുവിറ്റിയായി വേതനം ഗുണനം വർഷം കണക്കിൽ നൽകണമെന്നും ആവശ്യപ്പെടുന്നത്. എന്നാൽ അത് നടപ്പിലാക്കിയിട്ടില്ല. മുപ്പത് കുട്ടികൾക്ക് ഒരാളെന്ന കണക്കിലാണ് മറ്റു സംസ്ഥാനങ്ങളിൽ സ്കൂളുകളിൽ പാചകത്തൊഴിലാളികളെ നിയമിക്കുന്നത്. എന്നാൽ, ആ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ശമ്പളം കൂടുതൽ കേരളത്തിലാണ്. 300 രൂപയിൽ തുടങ്ങിയ ഈ വേതനം ഇപ്പോൾ 12,000ത്തിൽ എങ്കിലും എത്തിച്ചത്തിൽ ട്രേഡ് യൂണിയനുകൾക്ക് വലിയ പങ്കുണ്ട്.
ഒരു എൽപി സ്കൂളിലെ അധ്യാപികയുടെ ശമ്പളം 60,000 രൂപയ്ക്ക് മുകളിലാണ്. രണ്ട് മൂന്ന് മണിക്കൂർ ജോലി ചെയ്യുന്ന അധ്യാപകരേക്കാൾ ഭാരിച്ച ജോലിയാണ് പാചകത്തൊഴിലാളികൾ ചെയ്യുന്നത്. 2015ലാണ് കേന്ദ്രത്തിൽ നിന്നുള്ള ഓണറേറിയം 600ൽ നിന്ന് ആയിരമാക്കിയത്. എ ഐറ്റിയുസിയുടെ സംസ്ഥാന ഭാരവാഹിത്വത്തിലുള്ള വ്യക്തിയാണ് ഞാൻ. സിപിഎം പാർട്ടി നിയമസഭയിലൊന്നും ഇതുവരെ പാചകത്തൊഴിലാളികളുടെ കാര്യം അവതരിപ്പിച്ചിട്ടില്ല. എന്നാൽ ഇതിന് വേണ്ടി യൂണിയൻ നടത്തിയ നീക്കങ്ങൾ കുറേയാളുകൾ പിന്തുണയ്ക്കാതെ വന്നപ്പോഴാണ് പാർട്ടിയിൽ നിന്ന് ഞാൻ പിന്മാറുന്നത്. യൂണിയനുകളുടെ ശ്രമഫലത്തിനൊടുവിലാണ് അപേക്ഷ നൽകുകയും 2015ൽ ഓണറേറിയം 1000 ആയി വർദ്ധിപ്പിക്കുകയും ചെയ്തത്.
വിദ്യാർത്ഥികൾക്ക് മുട്ടയും പാലും നൽകണമെന്ന ഉത്തരവിറക്കിയ കേന്ദ്രം എന്ത് കൊണ്ട് ഇത് പാകം ചെയ്യുന്നതിന് പിന്നിലെ അധ്വാനം കാണുന്നില്ല. ഒരു തൊഴിലാളി എന്നുള്ള പരിഗണന സ്കൂൾ പാചകത്തൊഴിലാളികൾക്ക് ഇതുവരെ നൽകിയിട്ടില്ല. സംസ്ഥാന സർക്കാർ അവരുടെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളിൽ പോലും തീരുമാനമെടുക്കുന്നില്ല. അമ്പത് രൂപ കൂട്ടിയാൽ അതുകൊണ്ട് എന്താവാനാണ്. ഇത്തരം വാഗ്ദാനങ്ങളൊക്കെ നടത്തുന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് ജയറാം ചൂണ്ടിക്കാണിക്കുന്നു.
content summary: In seven years, pay rose by only 50 Rupees, and the central share hasn’t come for four months. Cooking staff say they’re unhappy with the hike
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.