June 04, 2026 |
Share on

ഈ നോട്ടുകള്‍ എന്തുചെയ്യണം? പ്രധാനമന്ത്രിയ്ക്ക് ലൈംഗികത്തൊഴിലാളിയുടെ ട്വീറ്റ്

ജോലി വാഗ്ദാനം നല്‍കിയാണ് യുവതിയെ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലെത്തിച്ചത്

പൂനെയിലെ ബുധ്‌വാര്‍പ്പേട്ടിലെ വേശ്യാലയം നടത്തിപ്പുകാരില്‍ നിന്നും രക്ഷപ്പെട്ട ബംഗ്ലാദേശി യുവതി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അപേക്ഷിച്ച് ട്വീറ്റ് ചെയ്തു. വേശ്യാലയം ഉടമയുടെ തടവിലായിരുന്ന കാലത്ത് തനിക്ക് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച നിരോധിച്ച നോട്ടുകള്‍ പുതിയ നോട്ടുകളായി മാറ്റി നല്‍കണമെന്നാണ് ട്വീറ്റില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ ആകെയുള്ള സമ്പദ്യമാണ് ഇതെന്നും എന്നാല്‍ ഇപ്പോള്‍ ഇതിന് യാതൊരു വിലയുമില്ലെന്നും യുവതി ട്വീറ്റില്‍ പറയുന്നു.

കയ്യെഴുത്ത് പ്രതി ട്വീറ്ററില്‍ പോസ്റ്റ് ചെയ്താണ് ഇവര്‍ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും കത്തയച്ചിരിക്കുന്നത്. ജോലി വാഗ്ദാനം നല്‍കിയാണ് യുവതിയെ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലെത്തിച്ചത്. ഇവിടെയെത്തിച്ചവര്‍ പിന്നീട് യുവതിയെ ലൈംഗിക തൊഴിലിനായി വില്‍ക്കുകയായിരുന്നു. ഇവരെ തിരികെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ബംഗ്ലാദേശ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നോട്ട് അസാധുവാക്കിയ സമയത്ത് താന്‍ വേശ്യാലയം നടത്തിപ്പുകാരുടെ തടവിലായിരുന്നെന്നും അതിനാലാണ് പണം മാറ്റാന്‍ സാധിക്കാതെ പോയതെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹിതയായിരുന്ന ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ചതിന് ശേഷമാണ് ഒരു തൊഴിലിന് വേണ്ടി അന്വേഷണം ആരംഭിച്ചതെന്ന് ഇവരുടെ ട്വീറ്റില്‍ പറയുന്നു. ഒരു വസ്ത്ര സ്ഥാപനത്തില്‍ 9,000 രൂപ മാസശമ്പളത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇന്ത്യയില്‍ നിന്നും ജോലി വാഗ്ധാനമുണ്ടായത്. 15,000 രൂപ ശമ്പളമുള്ള ജോലി വാങ്ങി നല്‍കാമെന്ന് തന്റെയൊരു സഹപ്രവര്‍ത്തകയാണ് പറഞ്ഞതെന്ന് ഇവര്‍ പറയുന്നു.

അങ്ങനെയാണ് താന്‍ വശിയിലെത്തിയതെന്നും അതോടെയാണ് തന്റെ ജീവിതം ദുരന്തപൂര്‍ണമായതെന്നും ഇവര്‍ കത്തില്‍ വിശദീകരിച്ചിരിക്കുന്നു. വശിയില്‍ വച്ച് തന്റെ സഹപ്രവര്‍ത്തകയായ യുവതി ഒരു നേപ്പാളി യുവതിയ്ക്ക് തന്നെ 50,000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. അതോടെ തന്നെ ബംഗളൂരുവിലേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച് താന്‍ ലൈംഗികത്തൊഴിലിന് നിര്‍ബന്ധിക്കപ്പെട്ടെന്നും യുവതിയുടെ കത്തില്‍ പറയുന്നു. തന്നെ ബംഗ്ലാദേശിലേക്ക് തിരികെയയ്ക്കാമെന്ന അവിടെ വച്ച് ഉറപ്പ് ലഭിച്ചെങ്കിലും ആ യാത്ര അവസാനിച്ചത് പൂനെയിലെ വേശ്യാലയത്തിലാണ്.

ഒന്നര വര്‍ഷം നീണ്ട പീഡനങ്ങള്‍ക്കൊടുവില്‍ 2016 ഡിസംബറിലാണ് ഇവര്‍ മോചിപ്പിക്കപ്പെട്ടത്.

കൂടുതല്‍ വായിക്കാന്‍

Leave a Reply

Your email address will not be published. Required fields are marked *

×