ലൈംഗികാരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഒഴിഞ്ഞേക്കില്ല. പാര്‍ട്ടിയില്‍ നിന്നും ഇക്കാര്യത്തില്‍ രാഹുലിന് പിന്തുണ ഉണ്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുല്‍ രാജിവച്ചിരുന്നു. തത്കാലം ആ നടപടിയില്‍ നിര്‍ത്താനാണ് പാര്‍ട്ടിയും ആലോചിക്കുന്നത്. കെപിസിസി ഒരു സമിതിയെ നിയോഗിച്ച് രാഹുലിനെതിരായ പരാതികളില്‍ അന്വേഷണം നടത്തുമെന്നും അറിയുന്നു.
ഇടതുപക്ഷവും ബിജെപിയും രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭത്തിലാണ്. ആ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഗുരുതരമായ ആക്ഷേപങ്ങളാണ് രാഹുലിനെതിരേ ഉയര്‍ന്നിരിക്കുന്നതെങ്കിലും, സമാന ആരോപണങ്ങള്‍ നേരിട്ട എംഎല്‍എമാരോ മന്ത്രിമാരോ രാജിവച്ചിട്ടില്ലെന്നതാണ് രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടി പറയാന്‍ പോകുന്ന വാദം. എതിര്‍പക്ഷത്ത് മാത്രമല്ല, കോണ്‍ഗ്രസിനുള്ളിലും ആരോപണവിധേയരുണ്ട്. കോവളം എംഎല്‍എ എം.വിന്‍സെന്റ്, പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ ലൈംഗികാരോപണ കേസുകള്‍ നേരിടുന്നവരാണ്. ഇവരോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല. അതേ സമീപനം തന്നെ മതി രാഹുലിനോടും എന്നാണ് പാര്‍ട്ടിയുടെ തീരുമാനം. ആരോപണങ്ങളും തെളിവുകളും പുറത്തു വരുന്നുണ്ടെങ്കിലും രാഹുലിനെതിരേ ഇതുവരെയും ആരും പരാതി നല്‍കിയിട്ടില്ല. ഔദ്യോഗിക പരാതികളോ, അതിന്റെ പേരിലുള്ള കേസുകളോ നേരിടേണ്ടി വന്നിട്ടില്ല എന്നതുകൊണ്ട് കൂടി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതിന്റെ ആവശ്യം ഇല്ലെന്നാണ് പാര്‍ട്ടി കരുതുന്നത്. നേതാക്കളാരും ഇങ്ങനെയൊരു ആവശ്യം ഉയര്‍ത്തിയിട്ടില്ലെന്നതും നേതൃത്വത്തിന് ആശ്വാസം നല്‍കുന്നുണ്ട്. മാത്രമല്ല, രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെ പാര്‍ട്ടി അച്ചടക്കനടപടി ഉണ്ടായെന്ന വാദം ഉയര്‍ത്തുകയും ചെയ്യാം. ഇടതുപക്ഷത്തെ നേരിടാന്‍ എം. മുകേഷ് എംഎല്‍എ, മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവരുടെ കേസുകള്‍ ഉയര്‍ത്തി കാണിക്കാമെന്നും പാര്‍ട്ടി കരുതുന്നു. മുകേഷിനെതിരേ ഒരു അഭിനേത്രി നല്‍കിയ ലൈംഗിക ചൂഷണ പരാതിയില്‍ കേസ് എടുക്കുകയും മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ശശീന്ദ്രനെതിരേ ലൈംഗികാരോപണം ഉണ്ടായപ്പോള്‍ മന്ത്രി സ്ഥാനത്ത് നിന്നും കുറച്ചു കാലം മാറി നിന്നതല്ലാതെ എംഎല്‍എ സ്ഥാനം രാജിവച്ചിരുന്നില്ല. ഇക്കാര്യങ്ങള്‍ പറഞ്ഞ് സിപിഎമ്മിനെ നേരിടാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.
എതിര്‍പാളയത്തിലെക്കാള്‍ സ്വന്തം കൂടാരത്തില്‍ തന്നെയുള്ളവരുടെ കേസുകളായിരിക്കും രാഹുലിന് ഗുണം ചെയ്തിരിക്കുക. വിന്‍സെന്റിനെതിരായ പീഡന പരാതിയില്‍ കേസ് എടുത്ത് കുറ്റപത്രം നല്‍കിയിരുന്നു. കുറച്ചു കാലം കോവളം എംഎല്‍എ ജയിലില്‍ കിടക്കുകയും ചെയ്തതാണ്. കേസിന്റെ വിചാരണം സമീപകാലത്ത് തന്നെ തുടങ്ങുകയും ചെയ്യും. പീഡനാരോപണത്തില്‍ ജയിലില്‍ കിടക്കേണ്ടി വന്നിട്ടും വിന്‍സെന്റിനോട് രാജി ആവശ്യപ്പെടാന്‍ പാര്‍ട്ടി തയ്യാറായില്ല. പാര്‍ട്ടി പരിപാടികളില്‍ നിന്നും തത്കാലത്തേക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയെന്നു മാത്രം. വിന്‍സെന്റ് ഇപ്പോള്‍ പാര്‍ട്ടി വേദികളില്‍ സജീവമാണ്.
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളായിരുന്നു ഉണ്ടായത്.ലൈംഗികാതിക്രമം, തട്ടിക്കൊണ്ടു പോകല്‍, കൊലപാതക ശ്രമം എന്നീ കുറ്റങ്ങളാണ് പെരുമ്പാവൂര്‍ എംഎല്‍എയ്‌ക്കെതിരേ ഉള്ളത്. പൊലീസ് ഈ കേസില്‍ കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. വിന്‍സെന്റിന്റെ കാര്യത്തിലെന്നപോലെ, എല്‍ദോസിനെയും കുറച്ചു നാള്‍ പാര്‍ട്ടി വേദികളില്‍ നിന്നും അകറ്റി നിര്‍ത്തിയെന്നല്ലാതെ, ഗുരുതര ആരോപണങ്ങള്‍ നിറഞ്ഞ കേസ് ഉണ്ടായിട്ടും നിയമസഭ സമാജികത്വം ഒഴിയാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടില്ല.
രാഹുലിന്റെ കാര്യത്തില്‍ അദ്ദേഹത്തിനും പിന്തുണക്കാര്‍ക്കും പറയാനുള്ള പ്രധാന പോയിന്റ് എല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നാണ്. ആരോപണങ്ങള്‍ ഉയര്‍ത്തിയവര്‍ ആരും പരാതി നല്‍കിയിട്ടില്ല. ഒരു പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതിന്റെയടക്കം തെളിവുകള്‍ പുറത്തു വന്നിരുന്നു. കൂടാതെ ഒരു ട്രാന്‍സ് യുവതിയെ ബലാത്സംഗം ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്ന ആരോപണവും പുറത്തു വന്നു. ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. രാഹുല്‍ സ്വയം പ്രതിരോധിക്കാന്‍ ആയുധം കണ്ടെത്തുന്നതും പരാതികള്‍ ഇല്ലല്ലോ എന്നു വാദിച്ചാണ്. പരാതി കൊടുക്കുകയല്ല, രാഹുലിനെ സമൂഹത്തില്‍ തുറന്നു കാട്ടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് മുന്നോട്ടു വന്ന സ്ത്രീകളെല്ലാം ചൂണ്ടിക്കാണിച്ചത്. നിയമത്തിന്റെയല്ല, ധാര്‍മികതയുടെ മുന്നിലാണ് രാഹുല്‍ മറുപടി പറയേണ്ടതെന്നാണ് അവരുടെ ആവശ്യം.
പുറത്തു നിന്നുള്ളവര്‍ മാത്രമല്ല, പാര്‍ട്ടിക്കുള്ളില്‍ നിന്നും രാഹുലിനെതിരേ പരാതികളുണ്ട്. ഒരു മുന്‍ എംപിയുടെ മകള്‍ ഉള്‍പ്പെടെ അക്കൂട്ടത്തിലുണ്ട്. ഇതില്‍ പല പരാതികളും കേന്ദ്ര നേതൃത്വത്തില്‍ എത്തിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് ഇടപെട്ടതോടെയാണ് സംസ്ഥാന നേതൃത്വം മൗനം വെടിഞ്ഞതു തന്നെ. അതുകൊണ്ട് നിലവില്‍ എംഎല്‍എ സ്ഥാനം ഒഴിയേണ്ടി വരില്ലെങ്കിലും മാസങ്ങള്‍ക്ക് അപ്പുറം നടത്തുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും പാലക്കാട് മത്സരിക്കാമെന്ന് രാഹുല്‍ കരുതേണ്ടതില്ലെന്ന വ്യക്തമായ സന്ദേശം ഡല്‍ഹിയില്‍ നിന്നും കിട്ടിയിട്ടുണ്ട്. മാങ്കൂട്ടത്തിലിനെതിരായ പരാതികള്‍ കെപിസിസി അന്വേഷിക്കുമെന്നാണ് പുതിയ വിവരം. ആ അന്വേഷണം രാഹുലിന് അനുകൂലമായാല്‍ തന്നെയും രാഹുലിന് വീണ്ടും സീറ്റ് കൊടുക്കുന്നതില്‍ സഹായം ചെയ്യില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെയുള്ള വിവരം. Sexual allegations: Rahul Mamkootathil won’t resign as MLA.
Content Summary; Sexual allegations: Rahul Mamkootathil won’t resign as MLA.
Leave a Comment