June 03, 2026 |
Share on

രാഹുല്‍ ഇപ്പോഴും ‘ചങ്ക്’; പഴി മുഴുവന്‍ സിപിഎമ്മിനും ബിജെപിക്കും

ക്ലീന്‍ ചിറ്റ് നല്‍കാനാണ് ഷാഫിയുടെ ശ്രമം

മാധ്യമപ്രവര്‍ത്തകയും യുവനടിയുമായ റിനി ആന്‍ ജോര്‍ജ് ഉള്‍പ്പെടെ നിരവധി യുവതികളുടെ ആരോപണങ്ങള്‍ക്കിടയിലും രാഹുല്‍ മാങ്കൂട്ടത്തിലിനെ ചേര്‍ത്ത് പിടിക്കുന്ന നിലപാടാണ് ഷാഫി പറമ്പില്‍ എംപി നടത്തിയിരിക്കുന്നത്.

നിയമപരമായി പരാതികള്‍ ഉയരുന്നതിന് മുമ്പ് തന്നെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞെന്ന് പറഞ്ഞ് പ്രതിരോധം തീര്‍ക്കുകയാണ് ഷാഫി. ആരോപണങ്ങള്‍ ഉയര്‍ന്ന സിപിഎം നേതാക്കള്‍ക്ക് എതിരെ ഇത്തരം നടപടി ഉണ്ടായിട്ടുണ്ടോ എന്നാണ് ചോദിച്ച് വിഷയത്തെ ലഘൂകരിക്കുകയാണ് ഷാഫി.

‘രാഹുല്‍ രാജിവച്ചത് പോലെ ഏതെങ്കിലും സിപിഎം നേതാക്കളാണ് രാജിവച്ചതെങ്കില്‍ മാദ്ധ്യമങ്ങള്‍ ധാര്‍മികതയുടെ ക്ലാസെടുക്കുമായിരുന്നു. ഒരു യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഇങ്ങനെ ഒരു ആരോപണം ഉയര്‍ന്നപ്പോള്‍ രാജിസന്നദ്ധത സ്വമേധയ പാര്‍ട്ടിയെ അറിയിച്ചു. നേതൃത്വം മറ്റ് പാര്‍ട്ടികള്‍ പിന്തുടരുന്ന അതേ ശൈലി തുടരാതെ ആ തീരുമാനത്തെ ശരിവയ്ക്കുകയും ഉത്തരവാദിത്തപ്പെട്ട പദവിയില്‍ നിന്ന് ഒഴിയുകയും ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ തീരുമാനം പാര്‍ട്ടി അംഗീകരിച്ചു. പദവി ഒഴിഞ്ഞിട്ടും കോണ്‍ഗ്രസ് എന്ത് ചെയ്തു എന്ന കുറ്റപ്പെടുത്തലുകളാണ്’ എന്നാണ് ഷാഫി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

കൂടാതെ ‘സി.പി.എമ്മുകാര്‍ക്കെതിരെ സമാന രീതിയില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാറില്ല. എല്‍.ഡി.എഫിലെ ഒരു എം.എല്‍.എക്കെതിരെ പോലീസ് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചിട്ട് കുറ്റക്കാരനെന്ന് വിധിക്കുംവരെ തുടരട്ടെ എന്ന് തീരുമാനിച്ചവര്‍ക്ക് എങ്ങനെ കോണ്‍ഗ്രസ് എം.എല്‍.എയുടെ രാജി ആവശ്യപ്പെടാന്‍ സാധിക്കും. പോക്‌സോ കേസ് പ്രതിയെ പാര്‍ലമെന്റ് അംഗമാക്കിയ പാര്‍ട്ടിയായ ബി.ജെ.പിയുടെ പ്രവര്‍ത്തകര്‍ക്ക് എങ്ങനെ എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് സമരം നടത്താന്‍ സാധിക്കുക’ എന്നാണ് ഷാഫി ചോദിക്കുന്നത്.

നിരവധി യുവതികള്‍ കെപിസിസി ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവൃത്തിയെ തെറ്റാണെന്ന് പറയാനോ അംഗീകരിക്കാനോ ഷാഫി തയ്യാറായിട്ടില്ല. അവിടെയും മറ്റ് പാര്‍ട്ടികളിലെ തെറ്റുകളെ ഉയര്‍ത്തിക്കാട്ടി രാഹുലിന് ക്ലീന്‍ ചിറ്റ് നല്‍കാനാണ് ഷാഫി ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരൊയ വിവാദത്തില്‍ ഷാഫി കൂടി പ്രതിസ്ഥാനത്തുണ്ടെന്ന ആരോപണങ്ങളും ശക്തമാണ്. രാഹുലിന്റെ വിശ്വസ്തന്‍ എന്ന നിലയില്‍ എല്ലാം ഷാഫിയുടെ അറിവോടെ ആണെന്ന ആരോപണങ്ങളും, പരാതികള്‍ ഷാഫിക്കും ലഭിച്ചിട്ടുണ്ടാകാമെന്ന വിലയിരുത്തലുകളുമാണ് ഉയരുന്നത്. എന്നാല്‍ രാഹുലിനെതിരെ തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നാണ് ഷാഫിയുടെ പ്രതികരണം. Shafi stands by Rahul; blames the entire LDF and BJP

Content Summary: Shafi stands by Rahul; blames the entire LDF and BJP

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×