ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടുമൊരു നാടകീയ കളം മാറ്റത്തിനുള്ള തിരക്കഥയൊരുങ്ങുകയാണോ മഹാരാഷ്ട്രയില്‍! ഇത്തവണ കേന്ദ്ര കഥാപാത്രം ശരദ് പവാര്‍ ആണ്. പവാറിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന നീക്കങ്ങള്‍ ബിജെപിക്ക് അനുകൂലമാണ്.
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍.സി.പി) ഇരുവിഭാഗങ്ങളിലെയും മുതിര്‍ന്ന നേതാക്കള്‍ ചൊവ്വാഴ്ച രാത്രി വൈകി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസുമായി നടത്തിയ കൂടിക്കാഴ്ചകളാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിതുറന്നിരിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ ഭാവി എന്താകുമെന്ന ആശങ്കയില്‍ ഇരുപക്ഷവും നില്‍ക്കുന്ന ഘട്ടത്തിലാണ് ഈ അപ്രതീക്ഷിത ചര്‍ച്ചകള്‍ നടന്നിരിക്കുന്നത്.
എന്‍.സി.പി (ശരദ് പവാര്‍) വിഭാഗം സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ ആദ്യം ദക്ഷിണ മുംബൈയിലെ ശരദ് പവാറിന്റെ വസതിയായ ‘സില്‍വര്‍ ഓക്കില്‍’ എത്തി അദ്ദേഹത്തെ കണ്ട ശേഷമാണ് അന്ന് രാത്രി തന്നെ ഫഡ്നാവിസിനെ കാണാന്‍ പോയതെന്ന് ‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനുപിന്നാലെ ഭരണപക്ഷത്തുള്ള എന്‍.സി.പി വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കളായ സുനില്‍ തത്കരെയും പ്രഫുല്‍ പട്ടേലും ദേവേന്ദ്ര ഫഡ്നാവിസുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. എന്നാല്‍, ഈ കൂടിക്കാഴ്ചകളില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് വെളിപ്പെടുത്താന്‍ നേതാക്കളോ മുഖ്യമന്ത്രിയുടെയോ ഉപമുഖ്യമന്ത്രിയുടെയോ ഓഫീസുകളോ തയ്യാറായിട്ടില്ല. കൂടിക്കാഴ്ചയുടെ കൃത്യമായ അജണ്ടയെക്കുറിച്ച് ഇരുവിഭാഗങ്ങളിലെയും പ്രാദേശിക നേതാക്കള്‍ക്കും അറിവില്ലെന്നാണ് സൂചന.
2023 ജൂലൈയില്‍ അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍.സി.പി പിളരുകയും ബി.ജെ.പി നയിക്കുന്ന മഹായുതി സഖ്യത്തില്‍ ചേരുകയും ചെയ്തതിന് ശേഷം ശരദ് പവാര്‍ വിഭാഗം നേരിടുന്ന ഏറ്റവും വലിയ തന്ത്രപരമായ പ്രതിസന്ധി ഘട്ടത്തിലാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. നിലവില്‍ ശരദ് പവാര്‍ പക്ഷത്തുള്ള 10 എം.എല്‍.എമാരില്‍ പകുതിയോളം പേര്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിക്കുന്നതായാണ് വിവരം. പ്രതിപക്ഷത്തിരിക്കുന്നത് തങ്ങളുടെ മണ്ഡലങ്ങളിലെ വികസന ഫണ്ടുകള്‍ ലഭിക്കുന്നതിനും ഭരണപരമായ അനുമതികള്‍ നേടിയെടുക്കുന്നതിനും വലിയ തടസ്സമുണ്ടാക്കുന്നു എന്നാണ് ഈ എം.എല്‍.എമാരുടെ വാദം. എം.എല്‍.എമാര്‍ക്കിടയിലെ ഈ വികാരം ജയന്ത് പാട്ടീല്‍ അടുത്തിടെ പാര്‍ട്ടി യോഗത്തില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ശരദ് പവാര്‍ ഇക്കാര്യത്തില്‍ ഇതുവരെ പരസ്യമായി തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
നിയമസഭയില്‍ 10 എം.എല്‍.എമാരും ലോക്‌സഭയില്‍ 8 എം.പിമാരുമുള്ള എന്‍.സി.പി (ശരദ് പവാര്‍) വിഭാഗം നിലവില്‍ മഹാരാഷ്ട്രയില്‍ ദുര്‍ബലരാണെങ്കിലും കേന്ദ്രത്തില്‍ എന്‍.ഡി.എ മുന്നണിക്ക് അവരെക്കൊണ്ട് ഗുണമുണ്ടാകും. മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ല് ഉള്‍പ്പെടെയുള്ള പ്രധാന ലക്ഷ്യങ്ങള്‍ മുന്നിലുള്ള സാഹചര്യത്തില്‍ പാര്‍ലമെന്റിലെ തങ്ങളുടെ അംഗബലം വര്‍ദ്ധിപ്പിക്കാന്‍ എന്‍.സി.പി (ശരദ് പവാര്‍) പോലുള്ള ചെറുകക്ഷികളുടെ പിന്തുണ എന്‍.ഡി.എയ്ക്ക് ആവശ്യമാണ്.
പ്രതിസന്ധികള്‍ ശരദ് പവാര്‍ ക്യാമ്പില്‍ മാത്രമല്ല ഉള്ളത്. മറുഭാഗത്തും പ്രശ്‌നങ്ങളുണ്ട്. സുനേത്ര പവാറിന്റെ നേതൃത്വത്തിനെതിരേ അപസ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിന് ആക്കം കൂട്ടിക്കൊണ്ട് കഴിഞ്ഞ ദിവസം മുന്‍ എന്‍.സി.പി ദേശീയ സെക്രട്ടറി സച്ചിദാനന്ദ് സിംഗ് സുനേത്ര പവാറിനെ പാര്‍ട്ടി അധ്യക്ഷയായി തിരഞ്ഞെടുത്തതിന്റെ നിയമസാധുത ചോദ്യം ചെയ്ത് നോട്ടീസ് അയച്ചിരുന്നു. പാര്‍ട്ടിയിലെ സംഘടനാ തിരഞ്ഞെടുപ്പില്‍ അപാകതകള്‍ ഉണ്ടെന്നാണ് നോട്ടീസിലെ ആരോപണം. ഈ നോട്ടീസ് അടിസ്ഥാനരഹിതമാണെന്നും പാര്‍ട്ടി സുനേത്ര പവാറിനൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും സംസ്ഥാന അധ്യക്ഷന്‍ സുനില്‍ തത്കരെ വ്യക്തമാക്കിയെങ്കിലും, രാജ്യസഭാ എം.പി പാര്‍ത്ഥ് പവാറിന് പാര്‍ട്ടിയിലുള്ള അമിത സ്വാധീനത്തില്‍ വലിയൊരു വിഭാഗം നേതാക്കള്‍ക്കുള്ള അതൃപ്തിയാണ് ഈ നോട്ടീസിലൂടെ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലെ ബി.എം.സി തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാലെ ഇരു എന്‍.സി.പി വിഭാഗങ്ങളും വീണ്ടും ഒന്നിക്കുമെന്ന വലിയ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ജനുവരി അവസാനം അജിത് പവാറിന്റെ മരണത്തോടെ ആ ചര്‍ച്ചകള്‍ വഴിമുട്ടി. തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ശരദ് പവാര്‍ വിഭാഗം കോണ്‍ഗ്രസില്‍ ലയിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും കോണ്‍ഗ്രസിനുള്ളിലെ പ്രാദേശിക എതിര്‍പ്പുകള്‍ കാരണം അത് നടന്നിരുന്നില്ല. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ എന്‍.ഡി.എ സഖ്യത്തിലേക്ക് ഒരു വിഭാഗം നീങ്ങുന്നു എന്ന സൂചനകള്‍ നല്‍കിക്കൊണ്ടുള്ള പുതിയ കൂടിക്കാഴ്ചകള്‍. മഹായുതി സഖ്യത്തിലും മഹാരാഷ്ട്ര രാഷ്ട്രീയത്തിലും വലിയൊരു മാറ്റത്തിന് ഈ ചര്‍ച്ചകള്‍ വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Summary; Late-night meetings between NCP leaders and Devendra Fadnavis spark speculation over Sharad Pawar’s next move and a potential alliance with the BJP-led NDA ahead of crucial bills
This post was last modified on July 15, 2026 3:42 pm
Leave a Comment