മയക്കുമരുന്ന് ഉപയോഗിക്കുന്ന മനുഷ്യരുടെ കഥകള്‍ ഒരു വാര്‍ത്തയല്ല. എന്നാല്‍ ആഴക്കടലില്‍ കഴിയുന്ന സ്രാവുകളെ അതേ അവസ്ഥയില്‍ കാണേണ്ടി വരുമെന്ന് എപ്പോഴെങ്കിലും കരുതിയിരുന്നോ? ഒടുവില്‍ അതും സംഭവിച്ചു. മനുഷ്യരുടെ ദ്രോഹം ഈ ഭൂമിയിലെ സകല ജീവജാലങ്ങളെയും എത്രമാത്രം ദ്രോഹിക്കുന്നുന്നുണ്ടെന്നതിന്റെ കൂടി ഉദ്ദാഹരണമാണ് ഈ വാര്‍ത്ത.
ബ്രസീലിയന്‍ തീരത്താണ് കൊക്കെയ്ന്‍ അകത്തു ചെന്ന സ്രാവുകളെ കണ്ടെത്തിയത്. പരിശോധനയില്‍ സ്രാവിന്റെ ഉള്ളില്‍ ലഹരി മരുന്ന് എത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ബ്രസീലിയന്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്.
കൊക്കെയ്ന്‍ സ്രാവുകള്‍ എന്ന തലക്കെട്ടില്‍ സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്വിയോണ്മെന്റ് എന്ന സയന്‍സ് മാസികയിലാണ് ഈ വിവരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഷാര്‍പ്നോസ് ഇനത്തില്‍പ്പെട്ട 13 സ്രാവുകള്‍ റിയോ ഡി ജനീറോയിലെ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയിരുന്നു. ഇവയെ ശാസ്ത്രജ്ഞര്‍ പരിശോധിച്ചതില്‍ നിന്നാണ് സ്രാവുകളുടെ ഉള്ളില്‍ കൊക്കെയ്ന്‍ ചെന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. 13 സ്രാവുകളുടെയും പരിശോധന പോസിറ്റീവ് ആയിരുന്നു.
മനുഷ്യന് ഉപേക്ഷിക്കുന്ന കൊക്കെയ്ന്‍ അടക്കമുള്ള മയക്കുമരുന്നുകള്‍ കടല്‍, നദി, മലിനജനലക്കെട്ടുകള് എന്നിവയില്‍ മുമ്പും കണ്ടെത്തിയിട്ടുണ്ട്. ചെമ്മീന്‍ പോലുള്ള മറ്റു കടല്‍ ജീവികളിലും മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.
ബ്രസീലിയന്‍ സംസ്ഥാനമായ സാവോ പോളോയിലെ സാന്റോസ് ബേയില്‍ കണ്ടെത്തിയ ബ്രൗണ്‍ ചിപ്പികള്‍, മുത്തുച്ചിപ്പികള്‍, ഈല്‍ എന്നിവയിലും അളവിലധികമുള്ള കൊക്കെയ്ന്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവ ‘ഗുരുതരമായ വിഷശാസ്ത്രപരമായ ഫലങ്ങള്‍’ ഉണ്ടാക്കുമെന്നാണ് ഈയിടെ പുറത്തു വന്ന ഒരു പഠനം വെളിപ്പെടുത്തിയത്.
എന്നാല്‍, മേല്പറഞ്ഞ സമുദ്രജീവികളില്‍ കണ്ടെത്തിയ ലഹരി മരുന്നിനെക്കാള്‍ 100 മടങ്ങ് അധികമാണ് റിയോ ഡി ജനീറയില്‍ നിന്നും പിടിച്ച സ്രാവുകളില്‍ ഉണ്ടായിരുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
എങ്ങനെയാണ് ഇത്രയും കൊക്കെയ്ന്‍ സ്രാവുകള്‍ക്ക് ‘കിട്ടിയതെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്.
രണ്ട് സാധ്യതകളാണ് പറയുന്നത്, ഒന്ന്, മയക്കുമരുന്ന് ഒരു കപ്പലില്‍ നിന്നോ ബോട്ടില്‍ നിന്നോ മറ്റൊന്നിലേക്കു മാറ്റുന്ന സമയത്ത് കടലില്‍ പോയിരിക്കാം. രണ്ടാമത്തെ സാധ്യത, പൊലീസ് ഏജന്‍സികളുടെ കൈയില്‍ പെടുന്നതിന് മുമ്പ് ലഹരി സംഘങ്ങള്‍ മരുന്ന് കടലില്‍ തള്ളിയതാണ്.
ബ്രസീല്‍ വലിയ തോതില്‍ മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്ന ഒരു രാജ്യമല്ല. എന്നാല്‍ ഈ ലാറ്റിന്‍ അമേരിക്കന്‍ രാജ്യം മയക്കുമരുന്ന് കയറ്റി അയക്കുന്നതില്‍ മുന്‍പന്തിയിലുണ്ട്. ഫസ്റ്റ് കാപിറ്റല്‍ കമാന്‍ഡ്(പിസിസി) പോലുള്ള മാഫിയ ഗ്യാങ്ങുകള്‍ ഇക്കാര്യത്തില്‍ ലോകത്ത് കുപ്രസിദ്ധി നേടിയവരാണ്. ഇത്ര സംഘങ്ങള്‍ കടല്‍ മാര്‍ഗം ടണ്‍ കണക്കിന് മയക്കുമരുന്നുകളാണ് യൂറോപ്പിലേക്ക് കയറ്റി അയക്കാറുള്ളത്.
മറ്റൊരു സാധ്യത കൂടി വിദഗ്ധര്‍ പറയുന്നുണ്ട്. കടലിലേക്ക് നീളുന്ന അഴക്കു ചാലുകള്‍ വഴിയും മയക്കുമരുന്ന് കടല്‍ ജലത്തില്‍ കലര്ന്നതാകാമെന്നതാണ് മൂന്നാമത്തെ നിഗമനം.
ഇതെങ്ങനെ വന്നു എന്നത് കണ്ടെത്തുക പ്രയാസമാണെങ്കിലും മനസിലാക്കേണ്ടൊരു കാര്യം ബ്രസീലില്‍ വലിയ തോതില്‍ മയക്കുമരുന്ന് വ്യാപാരം നടക്കുന്നുണ്ട് എന്നതാണെന്നാണ് ഓസ് വാലോ ക്രീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്റ്റഡി കോര്‍ഡിനേറ്റര്‍ എന്റിക്കോ മെന്‍ഡസ് സഗ്ഗിയോറോ, ദ ഗാര്‍ഡിയനോട് പ്രതികരിച്ചത്. കടല്‍ ജീവികളിലും കൊക്കെയ്ന്റെ സാന്നിധ്യം പെട്ടെന്ന് കണ്ടെത്താനാകുമെന്നാണ് ശാസത്രജ്ഞര്‍ പറയുന്നത്.
മുന്‍പ് നടന്നിട്ടുള്ള പഠനങ്ങളില്‍ കൊക്കെയ്ന്‍ സമുദ്രജലത്തില്‍ കലരുന്നത് കണ്ടെത്തിയിട്ടുണ്ടെങ്കിലും അത്, സ്രാവുകളുടെ ഉള്ളില്‍ ചെല്ലുന്നത്, അത് ഇത്രയും കൂടിയ അളവില്‍- അത്ഭുതപ്പെടുത്തുന്നതാണെന്നു സഗ്ഗിയോറോ പറയുന്നു.
ഷാര്പ്പ്നോസ് സ്രാവുകള്‍ ബ്രസീലുകാരുടെ തീന്മേശയിലെ ഒരു നിത്യ വിഭവമാണ്. ഇതുമൂലം കൊക്കെയ്ന്‍ അംശം മത്സ്യത്തില്‍ നിന്നും മനുഷ്യശരീരത്തിലേക്ക് കടക്കുന്നതിനു സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതെത്രത്തോളം അപകടകരമാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും, പഠനം ആവശ്യമാണെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ ഇതൊരു മുന്നറിയിപ്പായി എടുക്കുന്നത് നല്ലതായാരിക്കുമെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു. sharks test positive for cocaine off brazil coast, said scientists
Content Summary; sharks test positive for cocaine off brazil coast, said scientists