തരൂരിൽ തട്ടി കോൺഗ്രസ്; മനക്കോട്ട കെട്ടി ബിജെപി, ചരടുവലികൾ ലക്ഷ്യം കാണുമോ?

ഇനി അറിയേണ്ടത് തരൂരിന്റെ നിലപാടുകള്‍

കഴിഞ്ഞ കുറച്ച് നാളുകളായി കോണ്‍ഗ്രസിന്റെ കണ്ണിലെ കരടായി ശശി തരൂര്‍ മാറിയിട്ട്. അതിന് കാരണങ്ങളും പലതാണ്. ദേശീയ-കേരള കോണ്‍ഗ്രസിനെ മുഷിപ്പിക്കുന്ന തരത്തില്‍ തന്നെയായിരുന്നു ശശി തരൂരിന്റെ അടുത്തിടെ ഉണ്ടായ പല പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് ദിവസം തരൂര്‍ നടത്തിയ ചില വെളിപ്പെടുത്തലുകള്‍. വയനാട് എംപിയും കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ എല്ലാ തലങ്ങളിലുമുള്ള നേതാക്കള്‍ നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി നിരത്തിലിറങ്ങിയപ്പോള്‍, തരൂരിന്റെ അഭാവം ഏറെ ചര്‍ച്ചയായിരുന്നു.

തരൂര്‍ നിലമ്പൂരിലെത്താത്തതിന് കാരണമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞത്, വിദേശ യാത്രയിലായതിനാല്‍ തരൂരിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നായിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വമോ ദേശീയ നേതൃത്വമോ നിലമ്പൂരിലേക്ക് തന്നെ ക്ഷണിച്ചില്ലെന്നും മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം. തരൂരിന്റെ പരാമര്‍ശം വന്നതിന് പിന്നാലെ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ടാണ് കോണ്‍ഗ്രസ് പ്രതിരോധം തീര്‍ത്തത്. പട്ടിക പ്രകാരം എട്ടാം സ്ഥാനത്താണ് തരൂരിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കോണ്‍ഗ്രസിലെ പടലപിണക്കങ്ങള്‍ കെട്ടടങ്ങാതെ രാഷ്ട്രീയ ചര്‍ച്ചയായി മാറുമ്പോള്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ഉള്‍പ്പെടെ തരൂര്‍ എടുത്ത നിലപാടുകളെ മുന്‍നിര്‍ത്തി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കാണാനാണ് തരൂര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിലമ്പൂരില്‍ തരൂരിന്റെ പ്രസ്താവനയെ അവഗണിക്കാനാണ് കെപിസിസിയുടെ തീരുമാനം. തരൂരില്‍ തട്ടി പാര്‍ട്ടിയിലെ അനൈക്യത്തെ ചര്‍ച്ചയാക്കേണ്ടെന്ന നിലപാടാണ് തത്കാലം കോണ്‍ഗ്രസ് എടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ തരൂര്‍ വിഷയത്തില്‍ പരസ്യ പ്രസ്താവന വേണ്ടെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസിനകത്ത് നിന്നുകൊണ്ട് നേതൃത്വത്തോടുള്ള അപ്രീതി തരൂര്‍ പണ്ടേ വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തിലെയും ദേശീയ കോണ്‍ഗ്രസിലെയും നേതാക്കള്‍ക്ക് മികച്ച നേതൃപാടവമില്ല എന്ന തരൂരിന്റെ കണ്ടെത്തല്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ചില്ലറയായിരുന്നില്ല. അതേസമയം കേന്ദ്ര നേതൃത്വത്തോടുള്ള തരൂരിന്റെ അനുകൂലമായ പരസ്യ നിലപാടുകള്‍ ബിജെപിയിലേക്ക് ചേക്കാറാനുള്ള സാധ്യതയായാണ് രാഷ്ട്രീയ നിരീക്ഷകരും പരിഗണിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് ഇനിയും അഴിച്ചു പണിക്ക് മുതിര്‍ന്നില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞാലും പ്രതിപക്ഷ സ്ഥാനം അലങ്കരിക്കേണ്ടി വരുമെന്ന ശശി തരൂരിന്റെ മുന്‍കാല മുന്നറിയിപ്പും അതിന് ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ വിവാദങ്ങളും, അതിനോടുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണങ്ങളും കൂട്ടിവായിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് പടിയിറങ്ങി മോദി അനുകൂലിയായ തരൂര്‍ ബിജെപിയിലേക്ക് ചേക്കേറുമോ എന്ന ചോദ്യം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്.

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ദുര്‍ബലമാക്കാന്‍ തരൂര്‍ നിരന്തരം ശ്രമിക്കുകയാണെന്നാണ് യുഡിഎഫിനകത്തെ വിലയിരുത്തല്‍. എന്നാല്‍ ശശി തരൂരിനെതിരെ വിവാദങ്ങള്‍ തലപ്പൊക്കിയ ആദ്യ നാള്‍ മുതലേ ബിജെപിയിലേക്ക് ഇല്ലെന്ന് അദ്ദേഹം തന്നെ ആവര്‍ത്തിക്കുന്നുണ്ട്. തരൂര്‍ പാര്‍ട്ടി വിടില്ലെന്ന് ഹൈക്കമാന്‍ഡും പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ഒറ്റയാനായി എത്രനാള്‍ തരൂരിന് തുടരാനാകുമെന്ന് കണ്ടറിയണം. അതേസമയം, തരൂരിനെ പുറത്താക്കി വിമര്‍ശനം ഏറ്റുവാങ്ങാന്‍ യുഡിഎഫും തയ്യാറല്ല. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി വിദേശപര്യടനം പൂര്‍ത്തിയാക്കിയ തരൂര്‍ എ.ഐ.സി.സി നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടും പാര്‍ട്ടി നേതൃത്വം അതിന് പച്ചക്കൊടി കാണിക്കാന്‍ വിമുഖത കാട്ടുന്നുണ്ടെന്ന അണിയറ രഹസ്യവും, പുകഞ്ഞ കൊള്ളി പുറത്തെന്ന സൂചന തന്നെയാണ് നല്‍കുന്നത്. കോണ്‍ഗ്രസ് പേര് നല്‍കാതെ തന്നെ ശശി തരൂര്‍ യാത്രാ സംഘത്തലവനായതും നേതാക്കളെ അസ്വസ്ഥരാക്കിയിരുന്നു.

അതേസമയം, നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന തരൂരിന്റെ പ്രതികരണത്തെ രൂക്ഷമായാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചത്. നിലമ്പൂരിലേക്ക് വിളിക്കാന്‍ ആരുടെയും സംബന്ധമല്ല നടക്കുന്നതെന്നും ആരെയും ക്ഷണിച്ചിട്ടല്ല നിലമ്പൂരിലെത്തിയതെന്നും നേതാക്കന്മാര്‍ അവരുടെ സൗകര്യം അറിയിച്ച് എത്തിയതാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി തരൂരിന്റെ കൂറ് നരേന്ദ്ര മോദിയോടും ശരീരം കോണ്‍ഗ്രസിലുമായാണ് നില്‍ക്കുന്നതെന്നും ഉണ്ണിത്താന്‍ വിമര്‍ശിച്ചു.

ഇതിനിടെ തരൂർ വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നതായി വാർത്തകളും പുറത്തു വന്നിരുന്നു. വിദേശകാര്യ പാർലമെന്ററി സമിതി അധ്യക്ഷനെന്ന നിലയിൽ യു.കെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനാണ് രണ്ടാഴ്ചയോളം നീളുന്ന യാത്രകൊണ്ട് ഉദ്ദേശിക്കുന്നത്. നയതന്ത്രതല കൂടിക്കാഴ്ച ഉൾപ്പെടെയുള്ളവ യാത്രയുടെ ഭാഗമാണെങ്കിലും യാത്രക്കായുള്ള അനുമതി കോൺഗ്രസ് നേതൃത്വത്തോട്  തേടിയിട്ടില്ലെന്നാണ് വിവരം.

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന വികസനങ്ങള്‍ തുറന്ന് പറഞ്ഞു കൊണ്ട് കേരളത്തിലെ വ്യവസായ രംഗത്തെ പ്രശംസിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ തരൂരിന്റെ ലേഖനം ഭരണപക്ഷത്തിന് വലിയ പ്രചാരണായുധമാക്കാനിട നല്‍കിയിരുന്നു. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്നാണ് തരൂര്‍ പ്രസ്താവിച്ചത്. കോണ്‍ഗ്രസിനുള്ളിലെ ഭിന്നതയുടെ കൂടുതല്‍ തെളിഞ്ഞ ചിത്രം പുറത്തുവരാന്‍ ആ ലേഖനം തന്നെ ധാരാളമായിരുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന നയങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രശംസയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയെ അഭിനന്ദിച്ചതും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ടാക്കിയ കാര്യങ്ങളായിരുന്നു.

കോണ്‍ഗ്രസ് പറയാതെ പറഞ്ഞെന്ന മട്ടില്‍ തരൂരിന് നേരെ വാതില്‍ അടയ്ക്കുമ്പോള്‍ ബിജെപിയാകട്ടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ശശി തരൂരിനെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തി മാറ്റി സ്വന്തം പക്ഷത്തേക്ക് കൊണ്ടുവന്നാല്‍ അത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന അക്കൂട്ടത്തില്‍ ചേര്‍ത്ത് വായിക്കാവുന്നതാണ്.

വാദപ്രതിവാദങ്ങളും രാഷ്ട്രീയ ഭിന്നതയും പുകമറ നീക്കി പുറത്ത് വരുമ്പോള്‍ ഇനി അറിയേണ്ടത് തരൂരിന്റെ നിലപാടുകള്‍ മാത്രമാണ്. പ്രത്യേകിച്ച് കേരളം ഒരു തിരഞ്ഞെടുപ്പ് കാലത്തേക്ക് കടക്കുന്ന ഈ നാളുകളില്‍.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ തരൂരിനെ കോണ്‍ഗ്രസ് ഒഴിവാക്കിയാലും തരൂര്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയാലും അത് രാഷ്ട്രീയമായി തന്നെ പ്രതിരോധം തീര്‍ക്കുക കോണ്‍ഗ്രസിന് തന്നെയാകും.

content summary: Shashi Tharoor’s recent statements upsetting the congress

This post was last modified on June 21, 2025 11:25 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment