June 26, 2026 |

വില്ലന്‍ ഭക്ഷണമോ?ഷിഗല്ല പടരുന്നു, കരുതിയിരിക്കാം

ഷിഗെല്ല ടോക്‌സിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടും

വര്‍ഷകാലം ആരംഭിച്ചതോടെ രോഗങ്ങളും പടര്‍ന്ന് പിടിക്കുകയാണ്. പ്രത്യേകിച്ച് കുട്ടികളില്‍. ഇന്നലെ കുട്ടികളില്‍ സ്ഥിരീകരിച്ചത് ഷിഗല്ലയാണ്. മലപ്പുറം ജില്ലയിലെ നാല് കുട്ടികള്‍ക്കാണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധയുണ്ടായിരുന്നു. പിന്നാലെ ചികില്‍സ തേടിയ 127 കുട്ടികളില്‍ നാല് പേര്‍ക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്.മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ടെന്നാണ് വിവരം.സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ രോഗവ്യാപനത്തിന്റെ കാരണം വ്യക്തമാകു. അതേസമയം, രോഗലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ചുവയസ്സിനുതാഴെ രോഗമുള്ള കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മരണസാധ്യത കൂടുതലാണ്. Shigella outbreak.

വെള്ളത്തിലൂടെ പകരുന്ന ഷിഗല്ല

മലിന ജലത്തിലൂടെയും ഭക്ഷണ പദാര്‍ഥങ്ങളിലൂടെയുമാണ് ഷിഗല്ല ബാക്ടീരിയ ശരീരത്തിലെത്തുന്നത്. ബാക്ടീരിയയുടെ സാന്നിധ്യം മതി രോഗം വരാന്‍. ബാക്ടീരിയ കുടലിലെ സ്തരങ്ങളിലെത്തുമ്പോള്‍ ഷിഗെല്ല ടോക്‌സിന്‍ എന്ന വിഷവസ്തു ഉല്‍പ്പാദിപ്പിക്കപ്പെടും. പിന്നാലെ അസാധാരണ വയറിളക്കവും രക്തംകലര്‍ന്ന മലവുമാണ് ഉണ്ടാവുക. ഒപ്പം പനി, വയറുവേദന, ഛര്‍ദി, ക്ഷീണം എന്നിവയും പിടിപെടാം. ഗുരുതരമായാല്‍ അപസ്മാരവും അബോധാവസ്ഥയിലേക്കും നയിക്കാം. രണ്ടുമുതല്‍ ഏഴുദിവസംവരെ രോഗലക്ഷണങ്ങള്‍ കാണും.

നിര്‍ജ്ജലീകരണം അപകടം

അസുഖാവസ്ഥയില്‍ വെള്ളം കുടിക്കാന്‍ കുട്ടികള്‍ പൊതുവെ തയ്യാറാവില്ല. ഷിഗല്ല ബാധിക്കുന്നവരില്‍ രോഗം അപകട ഘട്ടത്തിലേക്ക് പോവുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് നിര്‍ജ്ജലീകരണമാണ്. നിര്‍ജ്ജലീകരണം അധികമായാല്‍ മരണം വരെ സംഭവിക്കാം. നിര്‍ജ്ജലീകരണം തടയുകയാണ് രോഗപ്രതിരോധ മാര്‍ഗവും. ശരീരത്തില്‍ നിന്ന് ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നതിന് അനുസരിച്ച് അത് ശരീരത്തിലെത്തിക്കണം. ഒ.ആര്‍.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവ ധാരാളം നല്‍കണം.
സാധാരണ വയറിളക്ക രോഗങ്ങളെപ്പോലെ രോഗബാധിതന്റെ വിസര്‍ജ്ജ്യം ഭക്ഷണത്തിലൂടെയോ കുടിവെള്ളത്തിലൂടെയോ മറ്റൊരു വ്യക്തിയുടെ ഉള്ളിലേക്ക് കടക്കുമ്പോള്‍ ബാക്ടീരിയ ബാധയുണ്ടാകുന്നു. ബാക്ടീരിയയുടെ തോത് കുറവാണെങ്കില്‍ പോലും അത് രോഗമുണ്ടാക്കാം. രോഗവാഹകനായ വ്യക്തി ഭക്ഷണം തയ്യാറാക്കുമ്പോഴും മറ്റും രോഗം മറ്റൊരു വ്യക്തിയിലേക്ക് വ്യാപിക്കാം. അല്ലെങ്കില്‍ രോഗബാധിതനായ വ്യക്തിയുടെ വിസര്‍ജ്യം കുടിവെള്ള സ്രോതസ്സില്‍ കലര്‍ന്നോ ഈച്ചകള്‍ വഴിയോ അത് മറ്റുള്ളവരില്‍ രോഗവ്യാപനത്തിന് ഇടയാക്കും.

പകര്‍ച്ചാരീതിയും ചികില്‍സയും

മലിനജലം, കേടായ ഭക്ഷണം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗബാധിതരായവര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗല്ലോസിസ് പകരുന്നത്.മലപരിശോധനയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. രോഗതീവ്രത കുറയ്ക്കാനായി ഷിഗെലോസിസ് ചികിത്സക്കായി ആന്റിബയോട്ടിക്കുകളാണ് ഉപയോഗിക്കാറ്.

പ്രതിരോധ മാര്‍ഗങ്ങള്‍

പനി, രക്തംകലര്‍ന്ന മലവിസര്‍ജനം എന്നിവയുണ്ടായാല്‍ ചികില്‍സ തേടുക

പാല്‍, മുട്ട, മത്സ്യം, മാംസം എന്നിവ നിശ്ചിത താപനിലയില്‍ സൂക്ഷിക്കുക

ഫ്രിഡ്ജിലെ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം ഉപയോഗിക്കുക

പാകം ചെയ്ത ഭക്ഷണം പലതവണ ചൂടാക്കിക്കഴിക്കുന്ന രീതി ഉപേക്ഷിക്കുക

നഖങ്ങള്‍ വൃത്തിയായി വെട്ടിയൊതുക്കുക. നഖം കടി ഒഴിവാക്കുക

ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക

കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളംമാത്രം ഉപയോഗിക്കുക

പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക

വീട്ടിലെ ഈച്ചശല്യം ഒഴിവാക്കുക

പഴങ്ങളും പച്ചക്കറികളും കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക

കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക

 

കടപ്പാട്: ഡോക്ടര്‍ അനൂപ്, മിംസ്, കോഴിക്കോട്‌

 

English summary: Shigella outbreak in Kerala

 

Leave a Reply

Your email address will not be published. Required fields are marked *

×