‘മന്ത്രിയുടെ നിർ​ദ്ദേശമുണ്ടായിട്ടും ശമ്പളം നൽകിയില്ല’ ; ഷിജോയുടെ ആത്മഹത്യയിൽ പ്രതികൾ നാറാണമൂഴി സ്കൂളും ഡിഇഒ ഓഫീസും

ശമ്പളവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ഉത്തരവ് നൽകിയിരുന്നു

ശമ്പളവും ആനുകൂല്യങ്ങളും ചുവപ്പ് നാടയിൽ കുടുങ്ങിയ പതിനാല് വർഷങ്ങൾ. ജോലി ചെയ്തിരുന്ന സ്കൂളിൽ നിന്ന് ഒരു നീണ്ട വർഷക്കാലത്തെ ശമ്പളം ലഭിക്കാൻ ലേഖയ്ക്ക് പകരം കൊടുക്കേണ്ടി വന്നത് സ്വന്തം ഭർത്താവിന്റെ ജീവനാണ്. മകന്റെ എഞ്ചിനീയറിംഗ് പ്രവേശനത്തിന് പണം കണ്ടെത്താനാവാതെയാണ് പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കുന്നത്.

നാറാണമൂഴി സെന്റ് ജോസഫ് സ്കൂളിൽ മറ്റൊരു അധ്യാപികയുടെ ഒഴിവിലേക്കാണ് 14 വർഷങ്ങൾക്ക് മുമ്പ് ലേഖയെത്തുന്നത്. ജോലിയെടുത്ത വ‍‍ർഷങ്ങളിലെ ലേഖയുടെ ശമ്പളവും കുടിശികയാണ്. എന്നാൽ രാജിവച്ചു പോയ ആൾ തിരികെ ജോലിയിലേക്ക് പ്രവേശിക്കാൻ താത്പര്യം പ്രകടിപ്പിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നത്. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാൻ തുടങ്ങിയതോടെ കൃഷിവകുപ്പിൽ ജോലി ചെയ്യുന്ന ഭർത്താവ് ഷിജോയുടെ പിന്തുണയോടെ ലേഖ ഡിഇഒ ഓഫീസിൽ പല തവണ കയറിയിറങ്ങി, ഫലമുണ്ടായില്ല. അതോടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസിൽ കുടുംബം നേരിട്ടെത്തി. പ്രശ്നം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. ശമ്പളം നൽകുന്ന കാര്യത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ വിഭ്യാഭ്യാസ വകുപ്പ് ഓഫീസിൽ നിർദേശവും നൽകി. എല്ലാം ശരിയാവുമെന്ന വിശ്വാസത്തിൽ കുടുംബം ഒരു ആറു മാസക്കാലം കൂടി കാത്തിരുന്നു.

ശമ്പളവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ഉത്തരവ് നൽകിയിരുന്നതാണ്. അത് നിഷേധിച്ച് കൊണ്ടാണ് ഡിഇഒ ഓഫീസ് ശമ്പളം തടഞ്ഞു വച്ചത്. ഷിജോ മരിക്കുന്നതിന്റെ തൊട്ടു മുമ്പത്തെ ദിവസം വരെ കുടിശിക വന്ന ശമ്പളം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബമിരുന്നത്. വൈകിട്ട് നാലു മണി വരെ കാത്തിരുന്നു. എന്നാൽ പ്രതീക്ഷ മുഴുവൻ നഷ്ടമായതോടെയാണ് ഷിജോ ആത്മഹത്യ ചെയ്യുന്നതെന്ന് പത്തനംതിട്ട ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരിയായ ഉദ്യോ​ഗസ്ഥ അഴിമുഖത്തോട് പറഞ്ഞു .

ശമ്പളം കൃത്യമായി നൽകിയിട്ടുണ്ട് എന്ന വാദത്തിൽ സ്കൂൾ ഉറച്ച് നിന്നിരുന്നു. എന്നാൽ ആ വാദം തെറ്റാണ്. ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ട് ഈ അടുത്ത ദിവസങ്ങളിൽ ഞാനും മന്ത്രിയെ ബന്ധപ്പെട്ടിരുന്നതാണ്. നീതിയുടെ ഭാഗത്ത് നിന്ന് മാത്രമാണ് അദ്ദേഹം പ്രവർത്തിക്കുന്നത് നടപടികൾ സ്വീകരിച്ചൂവെന്ന കാര്യം ശരിയാണെന്നും ഉദ്യോ​ഗസ്ഥ വ്യക്തമാക്കുന്നു. ജൂലൈ മാസത്തിലെ വരെ ശമ്പളം ലഭിച്ചൂവെന്ന രീതിയിലാണ് സ്കൂളിലെ മറ്റു അധ്യാപകർ പ്രതികരിക്കുന്നത് ആ വാദവും തെറ്റാണ്. ബഡ്സ് സ്കൂളുകളിലെ അധ്യാപകരെയും ഞാൻ ബന്ധപ്പെട്ടിരുന്നു. അവർക്കും ശമ്പളം ലഭിച്ചിട്ട് ഏതാണ്ട് ആറു മാസത്തോളമായി. ഞങ്ങൾക്ക് ലഭിച്ചത് 3 മാസം കൂടിയായിരുന്നു ശമ്പളം ലഭിച്ചതെന്നും ഉദ്യോ​ഗസ്ഥ വ്യക്തമാക്കുന്നു.

രാജി വച്ച് പോയ അധ്യാപിക ഈ തനിക്ക് ഇതേ തസ്തികയിലേക്ക് തിരികെ വരണമെന്ന് വ്യക്തമാക്കി കൊണ്ട് അപേക്ഷ നൽകി. ഇതുമായി ബന്ധപ്പെട്ട് ഒരു കേസും ഹൈക്കോടതിയിലുണ്ട്. അതോടെയാണ് ശമ്പളം കുടിശികയുള്ള വിവരം ചർച്ചയാവുന്നത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയെ നേരിട്ട് കുടുംബം കണ്ടിരുന്നു. ശമ്പളം നൽകാനായി മന്ത്രി നിർദേശിക്കുകയും ചെയ്തു. മന്ത്രിയുടെ നിർദേശം സ്കൂൾ മാനേജ്മെന്റ് തള്ളിക്കളഞ്ഞു. മാനസികമായി പീഡിപ്പിച്ചാൽ ലേഖ ഈ ജോലി ഉപേക്ഷിച്ച് പോകുമെന്ന ചിന്തയാവാം ഇങ്ങനെ ചെയ്യാൻ സ്കൂളിന് പ്രചോദനമായത്. എന്നാൽ ഷാജിയുടെ മരണത്തിന് ശേഷം ഡിഇഒ, ലേഖ ടീച്ചറെ ബന്ധപ്പെട്ട് ശമ്പളം നൽകാമെന്ന് പറഞ്ഞതായാണ് അറിയാൻ സാധിക്കുന്നത്.

കേസിൽ നിന്ന് പിന്മാറില്ലെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഷിജോയുടെ പിതാവ് ത്യാഗരാജൻ. ശമ്പളം വൈകുന്നതിന്റെ കാര്യം തിരക്കിയപ്പോൾ എന്നാൽ മന്ത്രി നേരിട്ട് വന്ന് കൊടുക്കട്ടേയെന്ന് പറഞ്ഞതായും ത്യാ​ഗരാജൻ വ്യക്തമാക്കുന്നുണ്ട്. നല്ല കുടുംബമായിരുന്നു ആത്മഹത്യ ചെയ്യാൻ പാകത്തിന് പ്രശ്നങ്ങളൊന്നും ആ കുടുംബത്തിലുണ്ടായിരുന്നില്ലെന്നാണ് ഷിജോയുടെ സുഹൃത്ത് പറയുന്നത്. സാമ്പത്തികമായി നല്ല ഞെരുക്കത്തിലായിരുന്നു കുടുംബം. കോടതി കയറിയിറങ്ങി പന്ത്രണ്ട് വർഷമായി കൈയിലുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ തീർന്നു. ഒരുപാട് മാനസിക സംഘർഷവും അനുഭവിച്ചിരുന്നു. ഷിജോയുടെ മരണത്തോടെ പൈസ ലഭിക്കണമെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് കുടുംബം. മകന്റെ വിദ്യാഭ്യാസത്തിന് അവർക്ക് മുന്നിൽ മറ്റു വഴികളില്ല.

content summary: Shijo’s suicide linked to unpaid salary despite minister’s recommendation, Naranamoozhi School and DEO office face accusations

This post was last modified on August 7, 2025 7:05 am

അഴിമുഖം പ്രതിനിധി:
Leave a Comment