June 26, 2026 |
എ സജീവന്‍
എ സജീവന്‍
Share on

കെ.പി.സി.സി പ്രസിഡൻ്റിനെ തീരുമാനിക്കേണ്ടത് പട്ടക്കാരോ?

എ.കെ ആൻ്റണിക്കും ഉമ്മൻചാണ്ടിക്കും ശേഷം ഒരു ക്രിസ്ത്യാനിയും സംസ്ഥാന കോൺഗ്രസ്സിൽ താക്കോൽ സ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിൽപ്പോലും ഇരുന്നിട്ടില്ലാത്തതിനാലും കറകളഞ്ഞ വിശ്വാസിയായ ഒരു കത്തോലിക്കൻ സമീപകാല ചരിത്രത്തിലൊന്നും ആ സ്ഥാനം അലങ്കരിച്ചിട്ടില്ലാത്തതിനാലും ഇത്തവണത്തെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് കത്തോലിക്കൻ തന്നെ അവരോധിക്കപ്പെടണമെന്ന് സഭ ശഠിക്കുന്നുണ്ടെന്നാണ് വാർത്ത

കെ.പി.സി.സി പ്രസിഡൻ്റ് കസേരയിൽ നിന്നു കെ.സുധാകരനെ ചെവിക്കു പിടിച്ചു പുറത്തെറിയണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം ആ പാർട്ടി ദേശീയ നേതൃത്വത്തിനാണ്. എന്നുവച്ചാൽ, സാക്ഷാൽ രാഹുൽഗാന്ധിയ്ക്ക്. പുതിയ അധ്യക്ഷനായി ആരു വേണമെന്നു നിശ്ചയിക്കുന്നതും അദ്ദേഹം തന്നെ. നിർബന്ധമാണെങ്കിൽ മല്ലികാർജുൻ ഖാർഗെയുടെ പേര് പ്രസ്താവനയിൽ എഴുതിക്കാണിക്കാം.
രാഹുലിനു വേണ്ട ഉപദേശം പകരാൻ കനഗോലുവും കെ.സി വേണുഗോപാലുമൊക്കെ ഉണ്ട് എന്നും നമുക്കറിയാം. സംസ്ഥാനത്തു വിവരശേഖരണം നടത്തി റിപ്പോർട്ട് നൽകാൻ ദീപദാസ് മുൻഷിയുമുണ്ട്. അതൊക്കെ അതിൻ്റെ പാട്ടിനു നടക്കട്ടെ. ഗുണമായാലും ദോഷമായാലും അനുഭവിക്കേണ്ടത് നമ്മളല്ലല്ലോ, മൂന്നാംവട്ടവും അധികാരം കൈവിട്ടുപോയ കോൺഗ്രസ് നേതാക്കളല്ലേ? അതുകൊണ്ട് നമുക്ക് അതിനെക്കുറിച്ചു വേവലും ആധിയും വേണ്ട. വേണമെങ്കിൽ അതു നന്നായെന്നോ അബദ്ധമായെന്നോ ഒക്കെ ചില അഭിപ്രായങ്ങൾ തട്ടിവിടാം.priest decide KPCC President

ഇനി മറ്റൊരു കാര്യം. കോൺഗ്രസ് എന്നല്ല, കമ്യൂണിസ്റ്റ് പാർട്ടികൾ പോലും പഞ്ചായത്തു മുതൽ പാർലമെൻ്റ് വരെയുള്ള തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് അതതു മണ്ഡലങ്ങളിലെ ജാതിമത സമവാക്യങ്ങൾ തൂക്കിനോക്കിയിട്ടാണെത് പച്ചപ്പരമാർത്ഥം. ചിലർ അത് അരമനരഹസ്യമാണെന്നു സ്വയംതെറ്റിദ്ധരിച്ചു പുറത്തുപറയില്ല. കോൺഗ്രസ് പോലുള്ള ‘മതേതര’ പാർട്ടികളിൽ പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിൽ അവരോധിക്കുന്നതും ഇത്തരം പരിഗണകൾ മാനദണ്ഡമാക്കിയാണ് എന്നതും സത്യം. സ്വന്തം പാർട്ടി ഹൈക്കമാൻഡിൽ ശുപാർശചെയ്യാൻ സ്ഥാന’ആർത്തി’കൾ സമുദായനേതാക്കളുടെ തിണ്ണ നിരങ്ങാറുമുണ്ട്. ഏറെക്കാലമായി നടന്നു വരുന്ന അഭ്യാസമായതിനാൽ അതും അതിൻ്റെ പാട്ടിനു പോകട്ടെ എന്നു ചിന്തിക്കാം.

പക്ഷേ, അതുപോലെയുള്ള ‘കഥ’യല്ലല്ലോ കെ.പി.സി.സി പ്രസിഡൻ്റ് നിയമന പരിശ്രമ വാർത്തകളിൽ പറഞ്ഞുകേൾക്കുന്നത്. എ.കെ ആൻ്റണിക്കും ഉമ്മൻചാണ്ടിക്കും ശേഷം ഒരു ക്രിസ്ത്യാനിയും സംസ്ഥാന കോൺഗ്രസ്സിൽ താക്കോൽ സ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിൽപ്പോലും ഇരുന്നിട്ടില്ലാത്തതിനാലും കറകളഞ്ഞ വിശ്വാസിയായ ഒരു കത്തോലിക്കൻ സമീപകാല ചരിത്രത്തിലൊന്നും ആ സ്ഥാനം അലങ്കരിച്ചിട്ടില്ലാത്തതിനാലും ഇത്തവണത്തെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് കത്തോലിക്കൻ തന്നെ അവരോധിക്കപ്പെടണമെന്ന് സഭ ശഠിക്കുന്നുണ്ടെന്നാണ് വാർത്ത. ക്രിസ്ത്യൻവോട്ടുകൾ ബി.ജെ.പി അടിച്ചെടുത്തു കൊണ്ടുപോവുകയും തദ്വാരാ മൂന്നാംവട്ടവും കേരളത്തിൽ അധികാരനഷ്ടമുണ്ടാകുകയും ചെയ്യുമോ എന്ന ഭയം മൂലം കോൺഗ്രസ് ഹൈക്കമാൻഡ് അതിനു വഴങ്ങിയെന്നും വാർത്തയുണ്ട്.
മെത്രാൻസഭയുടെ വക്താവ് ഈ വാർത്തകളെ അടിമുടി നിഷേധിച്ചിട്ടുണ്ട് എന്നതു മറക്കുന്നില്ല. ഒരു പാർട്ടിയുടെയും ആഭ്യന്തരകാര്യങ്ങളിൽ തങ്ങൾ ഇടപെടാറേയില്ലെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നു. അതു സത്യമാണെങ്കിൽ നല്ല കാര്യം.

സത്യമല്ലെങ്കിലോ? അതു ജനാധിപത്യത്തിൻ്റെയും മതേതരത്വത്തിൻ്റെയും കടയ്ക്കൽ കോടാലി പ്രയോഗം നടത്തലാകും. പള്ളിക്കാരും പട്ടക്കാരും മൗലവിമാരും പൂജാരിമാരുമൊക്കെയാണ് പാർട്ടികളുടെ തലപ്പത്തിരിക്കേണ്ടവരെ നിശ്ചയിക്കുന്നതെന്നു വന്നാൽ പിന്നെ മാതേതരമെന്ന വാക്ക് അശ്ലീലമായിപ്പോകാതിരിക്കുമോ? വ്യക്തികളല്ല, മതനേതാക്കളാണ് വോട്ട് ആർക്ക് എന്നു തീരുമാനിക്കുന്നത് എന്നു വന്നാൽ ജനാധിപത്യമെന്നത് കോമാളിത്തമാകാതിരിക്കുമോ?

ഇനി മെത്രാൻ സഭ വക്താവിൻ്റെ ചില പരാമർശങ്ങൾ താഴെ കൊടുക്കാം.

1- വഖഫ് നിയമ ഭേദഗതിയിലൂടെ മുനമ്പം വിഷയത്തിൽ ശാശ്വത പരിഹാരമുണ്ടാകുമെന്നാണല്ലോ ബി.ജെ.പിക്കാർ പറഞ്ഞത്. അവർ അതൊന്നു നടത്തിക്കാണിക്കട്ടെ.
2- വഖഫ് ബോർഡിൻ്റെ കടിഞ്ഞാൺ സംസ്ഥാന സർക്കാരിൻ്റെ കൈകളിലാണല്ലോ. അവർ മുനമ്പം വിഷയത്തിൽ എന്തു പരിഹാരം കണ്ടെത്തുമെന്നും നോക്കട്ടെ’
3- ക്രിസ്ത്യാനികൾ ആർക്കു വോട്ടു ചെയ്യണമെന്നു ഞങ്ങൾ പറഞ്ഞു കൊടുക്കേണ്ട. അവർ തീരുമാനിക്കും ആർക്കു ചെയ്യണമെന്ന്.priest decide KPCC President

content summary; Should the KPCC President be decided by the catholic priest

എ സജീവന്‍

എ സജീവന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×