ഇന്ത്യന്‍ സമൂഹത്തിലെ ജാതീയത പ്രമേയമാക്കി ഒരു സിനിമ നിര്‍മിക്കണമെന്ന ആഗ്രഹം ബെനഗലിനുണ്ടായിരുന്നു. അങ്കൂര്‍ പോലുള്ള സിനിമകളില്‍ ജാതീയതയേക്കാള്‍ ഫ്യൂഡല്‍ വ്യവസ്ഥിതി നിര്‍മിക്കുന്ന ഉച്ചനീചത്വങ്ങളാണ് പശ്ചാത്തലഘടകമായി നിലകൊള്ളുന്നത്. ജാതീയതയുടെ ചാട്ടവാര്‍കൊണ്ട് അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുകൊണ്ട് ബെനഗല്‍ സുസ്മന്‍ എന്ന ചിത്രത്തിന്റെ പ്രമേയം രൂപപ്പെടുത്തി. പ്രശസ്തമായ പോച്ചംപള്ളി സാരികളുടെ ഉറവൂിടമായ ആന്ധ്രപ്രദേശിലെ പോച്ചംപിള്ളി എന്ന നെയ്ത്ത് ഗ്രാമത്തിലെ നെയ്ത്തുകാരനായ രാമുലുവിനൊപ്പമാണ് സുസ്മന്‍ (സത്ത എന്ന് മലയാളം) എന്ന ചിത്രം സഞ്ചരിക്കുന്നത്. Shyam Benegal a voice of Indian cinema
1986 ല്‍ ഈ ചിത്രം നിര്‍മിക്കുവാനുള്ള സാമ്പത്തികസഹായം നല്‍കിയത് കൈത്തറി നെയ്ത്തുവേലയെ പ്രോത്സാഹിപ്പിച്ചിരുന്ന സഹകരണ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് കോ ഓപ്പറേറ്റീവ്സ് ആന്‍ഡ് അപ്പക്സ് സൊസൈറ്റീസ് ഓഫ് ഹാന്‍ഡ്ലൂം ആണ്. പോച്ചംപള്ളി സാരി ലോകം മുഴുവനും ആഘോഷിക്കുമ്പോഴും അതിന്റെ മികവിന് പിന്നില്‍ കഠിനാധ്വാനം നടത്തുന്ന നെയ്ത്തുകാരന് അര്‍ഹിക്കുന്ന പ്രതിഫലമോ അംഗീകാരമോ ലഭിക്കുന്നില്ലെന്ന പരമാര്‍ത്ഥത്തിലേക്കുള്ള ഒരു വാതില്‍ തുറന്നുവയ്ക്കുവാനാണ് ബെനഗല്‍ ശ്രമിച്ചത്. തങ്ങള്‍ നിര്‍മിക്കുന്ന കൈത്തറി തുണികളുടെ മേല്‍ നെയ്ത്തുകാര്‍ക്ക് യാതൊതുവിധ നിയന്ത്രണവുമില്ല. മധ്യവര്‍ത്തികളാണ് ഇവിടെ വ്യാപാരം നിയന്ത്രിക്കുന്നത്, അവരാണ് അധ്വാനിക്കാതെ വലിയ ലാഭമുണ്ടാക്കുന്നത്. പാവം നെയ്ത്തുകാരുടെ വിധാതാക്കള്‍.
ഈ ചിത്രത്തിന്റെ ആത്മാവെന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രമാണ് രാമുലു എന്ന നെയ്ത്തുകാരന്‍. ഈ കഥാപാത്രമായി പരകായപ്രവേശം നടത്തിയ വിഖ്യാതനടന്‍ ഓംപുരി ഏതാണ് രണ്ട് മാസത്തോളം കൈത്തറിനെയ്ത്ത് പരിശീലനത്തിലേര്‍പ്പെട്ടു. പരിശീലനത്തിനിടയില്‍ അദ്ദേഹം ശ്യാം ബെനഗലിനും ഗോവിന്ദ് നിഹലാനിക്കും ശബ്ന ആസ്മിക്കുമെല്ലാം ധാരാളം സ്‌കാര്‍ഫുകള്‍ നെയ്തുനല്‍കി. ഓംപുരി ശരിക്കുമൊരു നെയ്ത്തുകാരനായി. രാമുലു എന്ന നെയ്ത്തുകാരനായി അഭിനയിക്കുകയല്ല ജിവിക്കുകയായിരുന്നു ഓംപുരി.

ഓംപുരി
നഗരത്തില്‍ കൈത്തറിസാരികളുടെ പ്രദര്‍ശനം നടക്കുന്നതിന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. നഗരത്തിലെ പ്രശസ്ത ക്ലോത്ത് ഡിസൈനറായ മന്ദിരറായ് (നീനാ ഗുപ്ത) പോച്ചംപള്ളി ഗ്രാമത്തിലെ നെയ്ത്തുകാരില്‍നിന്ന് തന്റെ ഏജന്റും നെയ്ത്തുകാരനുമായ നരസിംഹ (കുല്‍ഭൂഷണ്‍ കര്‍ബന്ദ) വഴി സാരികള്‍ ശേഖരിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയാണ്. പോച്ചംപള്ളിയിലെ ഏറ്റവും മികച്ച കൈത്തറിസാരികളുടെ ഒരു ശേഖരം പ്രദര്‍ശനത്തിനെത്തിക്കുകയാണ് മന്ദിരയുടെയും നരസിംഹയുടെയും ലക്ഷ്യം. ഈ സാരികള്‍ പാരീസ് എക്സിബിഷനിലേക്ക് കൊണ്ടുപോകാനും അവര്‍ പദ്ധതിയിടുന്നുണ്ട്. അതിനായി നരസിംഹയോടൊപ്പം പോച്ചംപള്ളി ഗ്രാമത്തിലെത്തുന്ന അവര്‍ സര്‍വ്വാദരണീയനായ നെയ്ത്തുകാരന്‍ രാമുലുവിനെ പരിചയപ്പെടുന്നു. പോച്ചംപള്ളി എന്ന ഗ്രാമം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത് നെയ്ത്തുകാര്‍ അവരുടെ ഉല്പന്നങ്ങള്‍ ഈശ്വരന്റെ അനുഗ്രഹം ലഭിക്കുന്നതിനായി ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുന്ന ദൃശ്യത്തോടെയാണ്. സ്ത്രീകള്‍ തലയില്‍ കുടവുമേന്തി ഭക്തിഗീതങ്ങള്‍ പാടിയാണ് ക്ഷേത്രത്തിലേക്ക് നീങ്ങുന്നത്. രാമുലുവും തന്റെ തറിയില്‍ നെയ്തെടുത്ത പട്ട് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുവാന്‍ എത്തുന്നു. മന്ദിര തന്റെ കൈയ്യിലുള്ള പൂമാല ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നില്‍ സമര്‍പ്പിക്കുന്നു.
പോച്ചംപള്ളിയിലെ നെയ്ത്തുകാര്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സഹകരണസംവിധാനമുണ്ട്. പക്ഷേ, അഴിമതിക്കാരായ ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് അതിന്റെ പ്രവര്‍ത്തനത്തെ അട്ടിമറിക്കുന്നു. പ്രസിഡന്റിന്റെ മൗനാനുവാദത്തോടെ അയാളുടെ താഴെയുള്ള സഹകാരികള്‍ അസംസ്‌കൃത വസ്തുക്കള്‍ മറിച്ചുവില്‍ക്കുന്നു. സര്‍ക്കാറിന്റെ അശ്രദ്ധമൂലം സഹകരണസംവിധാനം തകരാറിലാകുന്നു. നഗരത്തിലെ പവര്‍ലൂമുകള്‍ പോച്ചംപള്ളിയിലെ പാവപ്പെട്ട നെയ്ത്തുകാരുടെ വയറ്റത്തടിക്കുന്നു. കൈത്തറി അന്യംനിന്നുപോകാവുന്ന ഒരു കരകൗശലവിദ്യയായി മാറുന്നതിന്റെ സൂചനകള്‍ പ്രതൃക്ഷമാക്കുന്നു. ഇന്ത്യയിലെ പൗരാണിക കരകൗശലവിദ്യകളെ വിദേശരാജ്യങ്ങളില്‍ പ്രചരിപ്പിക്കുവാനായി |സര്‍ക്കാര്‍ വ്യാവസായികാടിസഥാനത്തില്‍ നടത്തുന്ന ശ്രമങ്ങളാണ് പാവം നെയ്ത്തുകാര്‍ക്ക് തിരിച്ചടിയാകുന്നത്.
ഇനി രാമുലു എന്ന ആദരണീയനായ നെയ്ത്തുകാരനിലേക്ക് വരാം. രാമുലുവും ഭാര്യ ഗൗരമ്മ (ശബാന ആസ്മി), മകള്‍ ചിന്ന (പല്ലവി ജോഷി), രാമുലുവിന്റെ അനുജന്‍, അയാളുടെ ഭാര്യ എന്നിവരാണ് ആ കുടുംബത്തിലുള്ളത്. വീട്ടുനടത്തിപ്പിനെ ചൊല്ലി കലഹങ്ങളില്ലാത്ത ദിവസങ്ങളില്ല ആ വീട്ടില്‍. രാമുലുവിന്റെ അനുജനും ഭാര്യയും എപ്പോഴും കലഹിച്ചുകൊണ്ടിരിക്കും. ഗൗരമ്മ എപ്പോഴും ചിന്തിക്കുന്നത് മകള്‍ ചിന്നയെ വിവാഹം ചെയ്തയയ്ക്കുന്നതിനെക്കുറിച്ചും അതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചുമാണ്. തന്റെ സ്ഥിതിയോര്‍ത്ത് വ്യാകുലനാണെങ്കിലും രാമുലു എപ്പോഴും തന്റെ ജോലിയില്‍ ഏര്‍പ്പെട്ടു. നെയ്ത്തുകാരനും തറിയും തമ്മിലുള്ള ആത്മബന്ധം കാവ്യാത്മകമായി അവതരിപ്പിക്കുകയാണ് കബീര്‍ദാസിന്റെ വരികള്‍ ആ ദൃശ്യപശ്ചാത്തലത്തില്‍. ‘ജീവിതമെന്ന വസ്ത്രത്തിന്റെ ഇഴകള്‍ നെയ്തെടുക്കുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’വെന്നാണാ വരികളിലൊന്ന്. നെയ്ത്തുകാരനും തറികളും ആ വരികള്‍ക്കിടയിലൂടെ മാറിമാറി പ്രത്യക്ഷപ്പെടുന്നു.

ശ്യാം ബെനഗല്‍
ഭരണകൂടത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക ദല്ലാളുകള്‍ നഗരത്തില്‍നിന്ന് നെയ്ത്തുകാരെ രക്ഷിക്കാനെന്ന വ്യാജേന ഗ്രാമത്തിലെത്തുന്നു. മുന്‍പ് സൂചിപ്പിച്ചതുപോലെ നഗരത്തിലെ ഫാഷന്‍ ഡിസൈനറായ മന്ദിര സവിശേഷമായ ഒരു സാരി രൂപകല്‍പന ചെയ്ത് നെയ്തെടുക്കുവാനുള്ള ഓര്‍ഡര്‍ നല്‍കുന്നു. അത്രിനായി അവര്‍ നല്‍കിയ പട്ടുനൂലില്‍നിന്ന് മകളുടെ വിവാഹസമയത്ത് ഉടുപ്പിക്കുവാനായി ഒരു സാരി നെയ്തെടുക്കുന്നതിനുവേണ്ട പട്ടുനൂല്‍ ഗൗരമ്മ മാറ്റിവയ്ക്കുന്നു. രാമുലു അത് സമ്മതിക്കുന്നില്ല. ആ സാരിയുടെ പിന്നിലുള്ള സമയവും അദ്ധ്വാനവും നമ്മളുടേതാണെന്ന് ഗൗരമ്മ വാദിക്കുന്നു. അത് മോഷണമാണെന്ന് രാമുലു വാദിക്കുന്നു. മോഷ്ടിച്ചെടുത്ത നൂലുകൊണ്ട് രാമുലു സാരി നെയ്തുവെന്ന് മനസ്സിലാക്കിയ മന്ദിരയും നരസിംഹവും രാമുലുവിനെ അപമാനിക്കുന്നു. ആത്മാഭിമാനമുള്ള നെയ്ത്തുകാരനായ രാമുലു തന്റെ തൊഴില്‍ ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുന്നു. മന്ദിര നല്‍കിയ ഓര്‍ഡര്‍ ഗൗരമ്മ തന്റെ കൂട്ടാളികളുടെ സഹായത്തോടെ പൂര്‍ത്തിയാക്കുന്നു. അതിനുള്ള പണം ഗൗരമ്മ നേരത്തേ കൈപ്പറ്റിയിരുന്നു.
തൊഴിലുപേക്ഷിച്ച് മൗനവ്രതത്തിലാണ്ടിരിക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥകണ്ട് ഗൗരമ്മ പരിഭ്രാന്തയാകുന്നു. അവര്‍ ഭര്‍ത്താവിനടുത്തുവന്ന് മാപ്പ് ചോദിക്കുന്നു. നെയ്ത്തുതൊഴില്‍ പുനരാരംഭിക്കുവാന്‍ അവള്‍ ഭര്‍ത്താവിനോടപേക്ഷിക്കുന്നു. രാമുലു മദ്യപാനത്തിലേര്‍പ്പെടുന്നു. ഒരിക്കല്‍ ഗൗരമ്മ രാമുലുവിനോട് പ്രകോപിതയായി സംസാരിക്കുന്നു. കോപാകുലനായ രാമുലു അടുക്കളയില്‍നിന്ന് ഒരു തീക്കൊള്ളി എടുത്തുകൊണ്ടുവന്ന് തറിക്ക് തീ കൊടുക്കാനൊരുങ്ങുന്നു. ഗൗരമ്മ തീ കെടുത്തുന്നു. തുടര്‍ന്ന് രണ്ടുപേരും പ്രത്യാശ നഷ്ടപ്പെട്ടവരെപ്പോലെ കരയുന്നു. ഓംപുരിയും ശബനാ ആസ്മിയും ഗംഭീരമായി അഭിനയിച്ച ഒരു രംഗമാണത്.
അഷ്ടിക്ക് വക കണ്ടെത്താന്‍ കഴിയാത്ത അവസ്ഥ സംജാതമായതിനാല്‍ പോച്ചംപള്ളിയിലെ നെയ്ത്തുകാര്‍ ആ തൊഴിലുപേക്ഷിക്കുന്ന സാഹചര്യമെത്തിക്കഴിഞ്ഞു. പലരും സ്വന്തം മക്കളെ ഈ തൊഴില്‍ ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നില്ല. അവര്‍ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കി മറ്റു തൊഴിലുകളിലേക്കയക്കുവാന്‍ ആഗ്രഹിക്കുന്നു. രാമുലുവിന്റെ അനുജന്‍ മാര്‍ക്കറ്റിങ്ങ് ഏജന്റിന്റെ പാത തിരഞ്ഞെടുക്കുന്നു.
രാമുലുവിന്റെ മകള്‍ ചിന്നയെ മുംബൈയിലെ ഭീവണ്ടിയില്‍ ജോലി ചെയ്യുന്ന, ആ ഗ്രാമത്തില്‍നിന്നുതന്നെയുള്ള നാഗേശ്വര്‍ എന്ന യുവാവ് വിവാഹം ചെയ്യുന്നു. പവര്‍ലൂമുകളില്‍ ജോലി ചെയ്യുന്നതിനുള്ള തൊഴിലാളികളെ ഗ്രാമങ്ങളില്‍നിന്ന് നഗരത്തിലേക്ക് എത്തിച്ചുകൊടുക്കലാണ് അയാളുടെ തൊഴില്‍. ദല്ലാളുമാര്‍ തൊഴിലാളികളെ വാഗ്ദാനങ്ങള്‍ നല്‍കി നഗരത്തിലേക്കാകര്‍ഷിക്കുന്നു. ബോംബെയിലെ മില്‍ തൊഴിലാളികളിലേക്കും, 1980-കളില്‍ ബോംബെയില്‍ നടന്ന സമരത്തിലേക്കും ബെനഗല്‍ വെളിച്ചം വീശുന്നു. വിവാഹിതയായ ചിന്ന നഗരത്തിലെ ചേരിയില്‍ ദുരിതാവസ്ഥയില്‍ ഭര്‍ത്താവിനൊപ്പം ജീവിക്കുന്നു. അവിടെ ജീവിക്കുവാന്‍ ഒട്ടും സാധിക്കാതായപ്പോള്‍ അവള്‍ പോച്ചാംപള്ളി ഗ്രാമത്തിലേക്ക് മടങ്ങുന്നു. ഹാന്‍ഡ്ലും രംഗത്തെ പ്രശ്‌നങ്ങള്‍ മന്ദിരയും അവളുടെ കാമുകനായ സേത്തും തമ്മിലുള്ള പരുഷമായ സംഭാഷണത്തിലൂടെ പ്രകടമാകുന്നുണ്ട്. തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കുടില്‍വ്യവസായത്തെ സഹായിക്കുവാന്‍ സര്‍ക്കാര്‍ വായ്പകള്‍ക്കോ പ്രദര്‍ശനങ്ങള്‍ക്കോ സാധിക്കില്ലെന്നാണ് സേത്തിന്റെ വാദം. അയാളുടെ മുതലാളിത്ത നയത്തെ എതിര്‍ക്കുന്ന മന്ദിര ആ വാദത്തിന് ശക്തമായ മറുപടി നല്‍കുന്നു. ‘നെയ്ത്ത് ജീവന്‍ തുടിക്കുന്ന കലയാണ്. വൈകാരികമായിത്തന്നെ വേണം അതിനെ സമീപിക്കുവാന്‍’, മന്ദിര പറയുന്നു. നെയ്ത്ത് ജീവന്‍തുടിക്കുന്ന കലയാണെന്ന് പറയുമ്പോള്‍തന്നെ അതിനെ സഹായിക്കുന്ന പ്രവൃത്തികളൊന്നും അവള്‍ ചെയ്യുന്നില്ല എന്നതും ശ്രദ്ധേ
യം.

ഇതിനിടയില്‍ രാമുലു സ്വന്തം തറിയിലേക്ക് മടങ്ങിയെത്തുന്നു. എക്സിബിഷന്‍ ഓര്‍ഡറുകള്‍ അയാള്‍ പൂര്‍ത്തിയാക്കുന്നു. വീവേഴ്‌സ് കോ ഓപ്പറേറ്റീവിന്റെ പ്രസിഡന്റായി രാമുലു തെരഞ്ഞെടുക്കപ്പെടുന്നു. മഹാനായ ആ നെയ്ത്തുകാരന്‍ പാരീസ് എക്‌സിബിഷനിലേക്ക് ക്ഷണിക്കപ്പെടുന്നു. വ്യവസായവല്‍ക്കരണത്തിനിടയില്‍ ഈ കരകൗശലകലയ്ക്ക് എങ്ങനെ പിടിച്ചുനില്‍ക്കാനാകുമെന്ന് ഒരു പത്രപ്രവര്‍ത്തകന്‍ രാമുലുവിനോട ചോദിക്കുന്നു. സ്വന്തം മനസ്സ് സമര്‍പ്പിച്ച് ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി മറ്റെന്തിനേക്കാളും വലുതാണെന്ന് അയാള്‍ മറുപടി നല്‍കുന്നു. ‘കരകൗശലവിദഗ്ധര്‍ക്ക് മാത്രമായി ഒരു കമ്പോളം കണ്ടെത്താനുള്ള മാര്‍ഗ്ഗമാണ് ഉരുത്തിരിയേണ്ടത്” എന്ന് മന്ദിര പറയുന്നുണ്ടെങ്കിലും ഈ കലയെ വെറും പ്രദര്‍ശനച്ചരക്കാക്കി വില്‍ക്കുന്നതിന് മുന്‍പന്തിയില്‍ നില്‍ക്കുന്നതും മന്ദിര തന്നെ എന്നതാണ് ഇവിടത്തെ വൈരുധ്യം.
പോച്ചുംപള്ളിയില്‍ നിരവധി നെയ്ത്തുകാര്‍ ആത്മഹത്യ ചെയ്തതായുള്ള വാര്‍ത്തകള്‍ വരികയുണ്ടായി. ഈ ബെനഗല്‍ ചിതം ഈ പ്രവണത പറയാതെ പറയുന്നു. പോച്ചംപള്ളിയിലെ ഒരു നെയ്ത്തുകാരന്‍ പറയുന്നത് നെയ്ത്തുകാര്‍ക്ക് അവരുടെ നിര്‍മ്മിതികളില്‍ യാതൊരു നിയന്ത്രണവുമില്ലെന്നാണ്. ആ നിയന്ത്രണമില്ലാത്തിടത്തോളം കാലം നെയ്ത്തുകാരന്റെ മേലുള്ള ചുഷണം അതുപോലെ തുടരും.
ഷ്മാ സെയ്ദിയാണ് ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. വന്‍രാജ് ഭാട്ടിയയുടെ സംഗീതവും പണ്ഡിറ്റ് ജസ് രാജിന്റെ ആലാപനവും ഈ ചിത്രത്തിന് മുതല്‍ക്കുട്ടായി. നിശ്ശബ്ദതകൊണ്ട് മികച്ച അഭിനയം കാഴ്ചവെക്കുന്ന ശീലമുള്ള ഓംപുരി ഈ ചിത്രത്തിലും ഈ സിദ്ധി പ്രകടമാക്കുന്നു.Shyam Benegal a voice of Indian cinema
‘ശ്യാം ബെനഗല്‍: ഇന്ത്യന്‍ സിനിമയുടെ സൗമ്യ സൂര്യന്‍’ എന്ന രാജന്‍ തുവ്വാരയുടെ പുസ്തകത്തിലെ ഒരധ്യായമാണ് അഴിമുഖം പ്രസിദ്ധീകരിക്കുന്നത്
Content Summary : Shyam Benegal a voice of Indian cinema
indian movies shyam benegal bengali film maker film industry indian film industry latest news national news top news entertainment