June 04, 2026 |

”കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് ചെയ്തു; 2002 ല്‍ സ്ഥലത്തില്ലായിരുന്നെന്ന കാരണത്താല്‍ വോട്ട് ചെയ്യാനാകില്ലേ”?

ലക്ഷ്യം തെറ്റുന്ന തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം

തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണം (SIR) പ്രഖ്യാപിക്കപ്പെട്ടതോടെ അര്‍ഹരായ നിരവധി വോട്ടര്‍മാര്‍ ആശങ്കയിലായിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തിയവര്‍ പോലും പട്ടികയില്‍ നിന്ന് പുറത്താകുമോ എന്ന ഭയത്തിലാണ്.

”കത്തോലിക്കാ പുരോഹിതനായ ഞാന്‍ 2002 ല്‍ തമിഴ്‌നാട്ടില്‍ ആയിരുന്നു. അതുകൊണ്ട് തന്നെ അന്ന് തയ്യാറാക്കിയ വോട്ടര്‍ പട്ടികയില്‍ എന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു താമസം. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തിലധികമായി എറണാകുളത്തായിരുന്നു താമസിച്ചത്. ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഞാന്‍ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. എന്നാലിപ്പോള്‍ പുതിയ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് വന്ന ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) പറയുന്നത് 2002 ലെ പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ എനിക്ക് വോട്ട് രേഖപ്പെടുത്താന്‍ പറ്റുമോ എന്ന കാര്യം സംശയമാണെന്നാണ്” ഫാ. എംടി റോയ് അഴിമുഖത്തോട് പറയുന്നു.

”എന്റെ അച്ഛനും അമ്മയും നേരത്തെ മരണപ്പെട്ടു. സഹോദരങ്ങളുടെ പേര് വിവരങ്ങള്‍ റെഫറന്‍സായി നല്‍കിയാലും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നാണ് ബിഎല്‍ഒ പറഞ്ഞത്. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ വോട്ടര്‍ പട്ടികയില്‍ എന്റെ പേര് ഉള്‍പ്പെടുത്തുക വളരെ പ്രയാസകരമായ കാര്യമായി മാറിയിരിക്കുന്നു.

”തുടര്‍ നടപടികള്‍ക്കായി തിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിപ്പിക്കുമ്പോള്‍, അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത്, ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കണം എന്നാണ് ലഭിച്ചിരിക്കുന്ന വിവരം. എനിക്ക് ഇപ്പോള്‍ 60 വയസ്സിന് അടുത്തായി. ഈ പ്രായത്തില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ ജനന സര്‍ട്ടിഫിക്കറ്റോ പോലുള്ള രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടാല്‍ എന്നേപ്പോലെയുള്ളവര്‍ എവിടെ നിന്നാണ് കൊണ്ടുവരിക? ആധാര്‍ കാര്‍ഡ് വിലാസം തെളിയിക്കുന്ന രേഖയായി മാത്രമേ പരിഗണിക്കൂ എന്നും പറയുന്നു. നമ്മുടെ എല്ലാ രേഖകളും ആധാറുമായി ബന്ധിപ്പിച്ചിട്ടും, ആധാര്‍ കാര്‍ഡിന് പോലും വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തില്‍ അംഗീകാരം നല്‍കുന്നില്ല എന്നത് ദുഃഖകരമാണ്. എന്നേപ്പോലെ സന്യസ്തരായ സഭയില്‍ ഉള്ള പലരും സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്” ഫാ. എംടി റോയ് പ്രതികരിക്കുന്നു.

2002 ലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കിയാണ് നിലവില്‍ പരിശോധന പുരോഗമിക്കുന്നത്. നേരത്തെ വോട്ട് രേഖപ്പെടുത്തിയവര്‍ക്ക് പോലും വീണ്ടും പൗരത്വം തെളിയിക്കേണ്ടിവരുന്ന ഈ അവസ്ഥ, തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ലക്ഷ്യത്തെ കൂടിയാണ് ചോദ്യം ചെയ്യുന്നത്. 2002ലെ പട്ടികയില്‍ വിവരങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് അവരുടെ മാതാപിതാക്കളുടെ വിവരങ്ങള്‍ നല്‍കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ മാതാപിതാക്കള്‍ നേരത്തെ മരണപ്പെട്ടവരും, അവരുടെ വിവരങ്ങള്‍ ലഭ്യമല്ലാത്തവരും പൂര്‍ണ്ണമായും ആശങ്കയുടെ നിഴലിലാണ്.

”2002 ല്‍ ഞാന്‍ നെയ്യാറ്റിന്‍കരയിലായിരുന്നു താമസം. അന്ന് പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് എന്നെ ആരും സമീപിച്ചിരുന്നില്ല. എന്നാല്‍ 2006 ലും തുടര്‍ന്നിങ്ങോട്ടും ഞാന്‍ വോട്ട് ചെയ്തിട്ടുണ്ട്” ചാലക്കുടി സ്വദേശിയായ വിന്‍സെന്റ് പറയുന്നു.

2002 ലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ എന്റെ പേര് ഇല്ലാത്തത് കൊണ്ട്, അന്നത്തെ വോട്ടര്‍ പട്ടികയില്‍ അച്ഛന്റെയും അമ്മയുടെയും പേരുകള്‍ ഉണ്ടായിരുന്നതിനാല്‍ ആ റെഫറന്‍സ് ആണ് ഞാന്‍ നല്‍കിയിരിക്കുന്നത്. ഇനി എന്താകും അവസ്ഥയെന്ന് അറിയില്ല” വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു.

ആധാര്‍ വിശ്വാസ്യതയില്ലാത്ത രേഖയോ?

വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണത്തിനിടെ ഉണ്ടായിരിക്കുന്ന ഈ ആശങ്ക ഒന്നോ രണ്ടോ പേരെ മാത്രം ബാധിക്കുന്നതല്ല. വോട്ടര്‍ പട്ടികയുടെ സമഗ്രവും സൂക്ഷ്മവുമായ പരിശോധനയിലൂടെ വ്യാജ വോട്ടര്‍മാരെ ഒഴിവാക്കാനാകുമെന്ന് പറയുമ്പോള്‍ പുറത്താക്കപ്പെടുന്നത് അര്‍ഹരായ നിരവധി വോട്ടര്‍മാരാണ്.

നമ്മുടെ എല്ലാ ഔദ്യോഗിക വിവരങ്ങളും ലിങ്ക് ചെയ്യപ്പെട്ടിരിക്കുന്ന ആധാര്‍ കാര്‍ഡ്, വെറും അഡ്രസ്സ് പ്രൂഫ് (വിലാസം തെളിയിക്കുന്ന രേഖ) ആയി മാത്രമേ പരിഗണിക്കുകയുള്ളൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇലക്ഷന്‍ കമ്മീഷന്‍ തന്നെ നല്‍കിയ വോട്ടര്‍ ഐഡി കാര്‍ഡിനോ റേഷന്‍ കാര്‍ഡിനോ പൗരത്വം തെളിയിക്കുന്നതില്‍ വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല എന്നത് വിരോധാഭാസമാണ്.

2002 പട്ടികയില്‍ ചേര്‍ക്കപ്പെടാതിരുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ ചേര്‍ക്കാമെന്നും ബിഎല്‍ഒ മാര്‍ പറയുന്നുണ്ട്. പക്ഷേ, വിദൂരസ്ഥലങ്ങളില്‍ ഉള്ളവര്‍ക്ക് ഓണ്‍ലൈനില്‍ സൗകര്യമുണ്ടെന്ന് പറയുമ്പോഴും എല്ലാ രേഖകളിലും പേരും മറ്റ് വിവരങ്ങളും ഒരുപോലെ തന്നെയാകണം. ഇനീഷ്യലിലോ പേരിലോ അഡ്രസിലോ അക്ഷരത്തെറ്റുണ്ടെങ്കില്‍ പോലും അവ മാറ്റാന്‍ നേരിട്ട് വരേണ്ട സ്ഥിതിയാണ്. ഇത് സ്ഥലത്തില്ലാത്ത പല വോട്ടര്‍മാരിലും ആശങ്ക വര്‍ധിപ്പിക്കുകയാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലാണ് വോട്ടര്‍ പട്ടിക. വ്യാജ വോട്ടര്‍മാരെ പുറത്താക്കുന്നതോടൊപ്പം പുറന്തള്ളപ്പെടുന്നവരില്‍ ഒരു വലിയൊരു ശതമാനം വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളവരും, കാലങ്ങളായി വോട്ട് ചെയ്യുന്നവരുമാണ്.

ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള ആധാര്‍ കാര്‍ഡോ, ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ വോട്ടര്‍ കാര്‍ഡും, റേഷന്‍ കാര്‍ഡും വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണത്തില്‍ രേഖയായി ഉള്‍പ്പെടുന്നില്ല. 2002 ലെ പട്ടികയില്‍ വിവരങ്ങള്‍ ലഭ്യമല്ലാത്തവരുടെ മാതാപിതാക്കളുടെ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അത് നല്‍കാവുന്നതാണ്. എന്നാല്‍ മാതാപിതാക്കളുടെ വിവരങ്ങള്‍ ലഭ്യമല്ലാത്തവരെ ആശങ്കയിലാഴ്ത്തുന്നതാണ് നിലവിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്നും ആശങ്കയിലായവര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിനും രാജ്യത്തിനും വെളിയില്‍ ജോലി ചെയ്തിരുന്ന നിരവധി പേര്‍ ഇതോടെ ആശങ്കയിലാണ്. വോട്ടര്‍ പട്ടികയുടെ സമഗ്ര പരിഷ്‌കരണത്തിലൂടെ വോട്ട് ചെയ്യാന്‍ അര്‍ഹരായവര്‍ക്ക് ലളിതമായ പ്രക്രിയകള്‍ കൂടി ഉറപ്പാക്കണമെന്നാണ് പലരുടെയും ആവശ്യം. അല്ലാത്തപക്ഷം ജനാധിപത്യ പ്രക്രിയയില്‍ നിന്ന് യഥാര്‍ത്ഥ പൗരന്മാര്‍ അകന്നുനില്‍ക്കുന്ന അവസ്ഥയാകും ഉണ്ടാകുകയെന്നും ഇവര്‍ പറയുന്നു.

Content Summary: Intensive Voter List Revision is leading to the exclusion of eligible citizens

Leave a Reply

Your email address will not be published. Required fields are marked *

×