സമാധാനമായി വിശ്രമിക്കൂ സഖാവെ…
ആഴത്തിലുള്ള പ്രത്യയശാസ്ത്ര വ്യക്തതയും രാഷ്ട്രീയ വിവേകവും അസാമാന്യ നർമബോധവുമുള്ള അസാധാരണനായ ഒരു സഖാവായിരുന്നു സീതാറാം യെച്ചൂരി. രാഷ്ട്രീയ നേതാക്കളോ തൊഴിലാളികളോ വിദ്യാർത്ഥികളോ മാധ്യമപ്രവർത്തകരോ ആരുമായി കൊള്ളട്ടെ, അൽപ്പം സമയമെങ്കിലും അദ്ദേഹത്തോടൊപ്പം ചെലവഴിച്ചവർക്കെല്ലാം പങ്കുവയ്ക്കാൻ അമൂല്യമായ അനുഭവങ്ങളുടെ ശേഖരമുണ്ടാകും.
Sitaram Yechury’s death.
2007-ൽ ഇന്ത്യയിലെ ബ്രിട്ടീഷ് കമ്മിഷണർ ആയിരുന്ന സർ മൈക്കിൾ തന്റെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു.
പ്രസംഗത്തിനോടുള്ള യെച്ചൂരിയുടെ സരസമായ പ്രതികരണം അദ്ദേഹത്തിന്റെ നർമബോധത്തിന് ഉത്തമ ഉദാഹരണമാണ്. ഇന്ത്യയുടെ അനന്യതയെ കുറിച്ചും ജനങ്ങളുടെ സ്‌നേഹത്തെ കുറിച്ചും സംസ്‌കാരത്തേയും പാരമ്പര്യത്തെക്കുറിച്ചും വാചാലനായ ശേഷം മൈക്കിൾ പറഞ്ഞു: ”ഇന്ത്യ വിട്ടുപോകാൻ എനിക്ക് മടി തോന്നുന്നു”
”ഇന്ത്യ വിട്ടുപോകാൻ ബ്രിട്ടീഷുകാർ എപ്പോഴും മടി കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നേ ഇല്ല”- സീതാറാം യെച്ചൂരിയുടെ പൊടുന്നനേയുള്ള പ്രതികരണത്തിൽ സദസാകെ ചിരിയിൽ മുങ്ങി.Sitaram Yechury’s death.
ഈ നർമ്മബോധം അദ്ദേഹത്തെ സകലർക്കും പ്രിയങ്കരനാക്കി. 18 വർഷം നീണ്ട ഉജ്ജ്വലമായ തന്റെ രാജ്യസഭാ കാലത്ത് എതിർപക്ഷത്തുള്ള ബി ജെ പി നേതാക്കളോട് യെച്ചൂരി ആവർത്തിച്ച് പറയും: ‘ഹിന്ദു മതത്തെക്കുറിച്ച് പറയാൻ നിങ്ങളെക്കാൾ യോഗ്യത എനിക്കുണ്ട്. കാരണം എന്റെ പേരിൽ സീതയും രാമനുമുണ്ട്’. Sitaram Yechury’s death.
ഈ നർമ്മബോധത്തോടൊപ്പം കാര്യങ്ങളെ ലളിതവും യുക്തിപരവുമായി കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് രാഷ്ട്രീയ സമവായങ്ങൾ സൃഷ്ടിക്കുന്നതിൽ അദ്വിതീയനാക്കി മാറ്റി. മുതിർന്ന നേതാക്കളായ ജ്യോതി ബസു, ഹർകിഷൻ സിംഗ് സുർജീത് തുടങ്ങിയവരുമായുള്ള ദീർഘകാല സഹവാസവും അവരിൽ നിന്ന് ലഭിച്ച പരിശീലനവും പ്രശ്‌നപരിഹാരകൻ എന്ന യെച്ചൂരിയുടെ കഴിവിനെ തേച്ചുമിനുക്കി. സിപിഎമ്മിന്റെ നിലപാടുകൾ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിൽ മാത്രമല്ല, ദേശീയ മാധ്യമങ്ങളിൽ പാർട്ടി നിലപാടുകൾക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും യെച്ചൂരിക്ക് കഴിഞ്ഞു.
സ്ഥിതിവിവര കണക്കുകളും സംഖ്യകളും രാഷ്ട്രീയ പദപ്രയോഗങ്ങളും യെച്ചൂരിക്ക് എളുപ്പത്തിൽ വഴങ്ങുന്നതായിരുന്നു. കണക്കുകളിലുള്ള അദ്ദേഹത്തിന്റെ പാടവമാണ് സാക്ഷാൽ ഫിഡൽ കാസ്‌ട്രോയെ വരെ ആകർഷിച്ചത്. നാല് വട്ടം കാസ്‌ട്രോയുമായി സീതാറാം യെച്ചൂരി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബി ജെ പിയുടെ ‘ ഷൈനിങ് ഇന്ത്യ ‘ അഥവാ തിളങ്ങുന്ന ഇന്ത്യ എന്ന പ്രചരണത്തിന് ബദലായി ‘ സഫറിങ് ഇന്ത്യ ‘ അഥവാ ‘ ക്ലേശപ്പെടുന്ന ഇന്ത്യ ‘ എന്ന പ്രയോഗം നടത്തിയത് യെച്ചൂരിയാണ്. ‘ഷൈനിങ് ഇന്ത്യ വേഴ്‌സസ് സഫറിങ് ഇന്ത്യ’ എന്ന ആ പ്രയോഗം ഇന്ത്യയുടെ വർദ്ധിച്ച് വരുന്ന സാമ്പത്തിക അസമത്വത്തിനെ വിശദീകരിക്കുന്നതായിരുന്നു. അതുപോലെ തന്നെ ചങ്ങാത്ത മുതലാളിത്തത്തെ കുറിച്ചുള്ള യെച്ചൂരിയുടെ വിമർശനങ്ങളും വലിയ സ്വീകാര്യത ആർജ്ജിച്ചതാണ്.
ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, തെലുങ്ക് എന്നീ ഭാഷകളിലുള്ള അയത്‌നലളിതമായ പ്രാവീണ്യത്തിന് പുറമേ തമിഴ്, മലയാളം ഭാഷകൾ മനസിലാക്കുന്നതിനും യെച്ചൂരിക്ക് സാധിച്ചിരുന്നു. ഒരു കൂട്ടം മനുഷ്യർക്കിടയിൽ നിന്ന് അവരോട് വ്യത്യസ്ത ഭാഷകളിൽ സംസാരിക്കാനുള്ള സീതാറാം യെച്ചൂരിയുടെ ഈ കഴിവ് കണ്ടിട്ടാണ് അദ്ദേഹത്തെ ‘ അപകടകാരിയായ ഒരു മനുഷ്യൻ ‘ എന്ന് തമാശയായി ജ്യോതിബസു വിശേഷിപ്പിച്ചത്. കാരണം ആ ആൾക്കൂട്ടത്തിലെ ഒരാൾക്ക് പോലും മറ്റുള്ളവരോട് യെച്ചൂരി എന്താണ് പറയുന്നത് എന്ന് മനസിലാവുകയേ ഇല്ല.
നല്ല ഭക്ഷണവും ചാർമിനാർ സിഗരറ്റും സീതാറാം യെച്ചൂരിക്ക് പ്രിയപ്പെട്ടതായിരുന്നു. അത് ഹൃദ്യമായി അദ്ദേഹം ആസ്വദിക്കുമായിരുന്നു. സതിസമർത്ഥനായ വിദ്യാർത്ഥിയായിരുന്നു യെച്ചൂരി. അക്കാദമിക രംഗത്ത് അന്താരാഷ്ട്ര മേഖലയിൽ തിളങ്ങേണ്ടിയിരുന്ന പ്രതിഭ. പക്ഷേ അദ്ദേഹത്തിന്റെ മാർഗ്ഗം രാഷ്ട്രീയമായിരുന്നു.
തെലങ്കാന പ്രക്ഷോഭമാണ് അദ്ദേഹത്തിന്റെ മനസ്സിൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള കനൽകോരിയിട്ടത്. അടിയന്തരാവസ്ഥ ഈ കനലിനെ ആളിക്കത്തിച്ചു. അടിയന്തരാവസ്ഥക്കെതിരായ വിദ്യാർത്ഥി പ്രതിരോധങ്ങളിൽ പ്രധാന മുഖങ്ങളിലൊന്ന് യെച്ചൂരിയുടേത് ആയിരുന്നു. പ്രകാശ് കാരാട്ടിനൊപ്പം ജവഹർലാൽ നെഹ്രു സർവ്വകലാശാലയെ വിദ്യാർത്ഥി രാഷ്ട്രീയ രംഗത്തെ ഇടത്പക്ഷത്തിന്റെ കോട്ടയാക്കി മാറ്റിയെടുത്തതിനുള്ള അടിത്തറയിട്ടത് സീതാറാം യെച്ചൂരി കൂടിയാണ്. സെന്റ് സ്റ്റീഫൻസ് കോളേജിൽ ഏറ്റവും മികച്ച വിദ്യാർത്ഥിയെ ജെ എൻ യു രാഷ്ട്രീയ ജ്ഞാനസ്‌നാനം ചെയ്യുകയായിരുന്നു. അതിന് ശേഷം പിന്നെ അദ്ദേഹത്തിന്റെ വഴി അത് തന്നെയായി മാറി.
ബംഗാളികളും മലയാളികളും ചേർന്ന് സൃഷ്ടിച്ച ഒരു സംഘടനയുടെ അകത്തേയ്ക്ക് പ്രവേശിച്ച അദ്ദേഹം അവരിൽ ഒരാളായി മാറി എന്നോ അവരേക്കാൾ മികച്ച ഒരാളായി മാറിയെന്നോ പറയാം. എങ്ങനെയാണ് നാം അദ്ദേഹത്തേയും സംഘടനയേയും നോക്കി കാണുന്നത് എന്നതാകും അതിന്റെ മാനദണ്ഡം.
സൗമ്യമായ പെരുമാറ്റങ്ങൾക്കും ഇടപെടലുകൾക്കും അപ്പുറം അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര വ്യക്തത ആഴത്തിൽ വേരുള്ളതായിരുന്നു. കാൽക്കീഴിലെ മണ്ണ് ഒലിച്ച് പോകുന്നത് മനസിലാക്കാൻ പറ്റാത്ത പാർട്ടിയിലെ തലമുതിർന്ന തീവ്ര നിലപാടുകാരെ എതിർത്തുകൊണ്ടും പലപ്പോഴും രാഷ്ട്രീയ സന്ദർഭങ്ങൾക്കനുയോജ്യമായ രീതിയിൽ ഉയർന്ന് പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇങ്ങനെ ആയിരിക്കുമ്പോഴും ആത്യന്തികമായി കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ അദ്ദേഹം മുറുകെ പിടിച്ചു. അല്പം വൈകി, സിപിഐഎമ്മിന്റെ പ്രതാപകാലത്തിനു ശേഷമാണ് അദ്ദേഹം പാർട്ടി ജനറൽ സെക്രട്ടറി ആയതെങ്കിലും, ചരിത്രത്തിൽ ഒരിക്കലും അവഗണിക്കാൻ പറ്റാത്ത സഖാവായി അദ്ദേഹം നിലനിന്നു.
ഇന്ത്യൻ രാഷ്ട്രീയ നഭോമണ്ഡലത്തിൽ എക്കാലവും തിളങ്ങി നിൽക്കുന്ന നക്ഷത്രമായിരിക്കും സീതാറാം യെച്ചൂരി. സമാധാനമായി വിശ്രമിക്കൂ സഖാവെ. നിങ്ങളെ പോലുള്ള നേതാക്കൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.
Content Summary; Sitaram Yechury’s death.