June 04, 2026 |
Share on

‘തിരിച്ചടിക്കില്ലെന്ന ഉറപ്പില്ലല്ലേ ഇവരുടെ ഈ ക്രൂരത, പൊട്ടിയ തോളെല്ല് ഇനി നേരെയാവില്ല’

പൊലീസ് മർദനത്തിന്റെ ദുരിതം പേറി
സിത്താരമോൾ

കേരളത്തിൽ പൊലീസ് മർദനങ്ങൾ തുടർക്കഥയാവുകയാണ്. നിയമം കാക്കേണ്ടവർ തന്നെ കൈയോങ്ങുമ്പോൾ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങളും ചോദ്യം ചെയ്യപ്പെടുകയാണ്.

പത്തനംതിട്ടയില്‍ നടന്ന പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിത്താരമോളെ കേരളം മറന്നിട്ടുണ്ടാകില്ല. നാല് മാസങ്ങള്‍ക്ക് മുമ്പായിരുന്നു സിത്താരക്കും ഭര്‍ത്താവിനും നേരെ പൊലീസിന്റെ ക്രൂരമര്‍ദനം. പൊലീസ് ക്രൂരതയുടെ നരകയാതയും പേറി ജീവിക്കുകയാണ് സിത്താരമോള്‍.

അഴിമുഖത്തോട് സംസാരിക്കവെ സിത്താരമോള്‍ തന്റെ ദുരിതങ്ങള്‍ വിവരിച്ചു. ‘ദൈനംദിന കാര്യങ്ങള്‍ക്ക് പോലും എനിക്കിപ്പോള്‍ മറ്റൊരാളുടെ സഹായം ആവശ്യമാണെന്ന് സിത്താരമോൾ അഴിമുഖത്തോട് പറഞ്ഞു.

പഴയത് പേോലെ ഒരു ജോലിയും ചെയ്യാൻ എനിക്കിപ്പോൾ സാധിക്കുന്നില്ല. അന്നേറ്റ മർദനത്തിൽ എന്റെ തോളെല്ലിന് പൊട്ടലേറ്റിരുന്നു. ആ എല്ലുകൾ ഇനി കൂടില്ലെന്നാണ് ഡോക്ടർ പറയുന്നത്. ഭാരമുള്ള വസ്തുക്കൾ എടുക്കാൻ കഴിയില്ല. ആശുപത്രിയിലും വീട്ടിലുമായി 6 മാസക്കാലം പോയി. ഇപ്പോഴും ചികിത്സയിലാണ്. ആ ട്രോമയിലൂടെയാണ് ഇപ്പോഴും കടന്നു പോകുന്നതെന്ന് സിത്താരമോൾ പറയുന്നു.

ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്കൂളിലാണ് സിത്താര ജോലി ചെയ്തിരുന്നത്. ഇപ്പോൾ വീണ്ടും ജോലിയിൽ പ്രവേശിച്ചു. ബസിൽ കയറി യാത്ര ചെയ്ത് പോകാനും മറ്റൊരാളുടെ സഹായം വേണം. എപ്പോഴും ഒരാളെ ആശ്രയിക്കുക സാധ്യമല്ലല്ലോ. ഹൈക്കോടതിയിലാണ് നിലവിൽ കേസ് നടക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നും അന്വേഷണങ്ങൾ നടക്കുന്നുണ്ട്. അന്ന് ഞങ്ങളെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്നാണ് അറിയാൻ സാധിച്ചതെന്ന് സിത്താര വ്യക്തമാക്കി.

”എന്റെ പിതാവിന്റെ ചേട്ടന്റെ മകന്റെ കല്യാണത്തിന് പത്തനംത്തിട്ടയ്ക്ക് പോയി വരുമ്പോഴായിരുന്നു സംഭവം. ട്രാവലറിൽ ഇരുപത് പേരോളമായിരുന്നു ഉണ്ടായിരുന്നത്. ബന്ധുവിനെ പത്തനംത്തിട്ടയിൽ ഇറക്കാനാണ് ബാറിന് മുന്നിലായി വണ്ടി നിർത്തിയത്.

വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന ഞങ്ങളെ പ്രകോപനമില്ലാതെയാണു പൊലീസുകാർ മർദിച്ചത്. അതോടെ ഞങ്ങൾ ഓടി. പക്ഷേ, ഞാനും ഭർത്താവും നിലത്തുവീണു. വീണുകിടന്നപ്പോഴും അടി തുടർന്നു, തിരിച്ചടിക്കില്ലെന്ന്‌ ഉറപ്പുള്ളത് കൊണ്ടല്ലെ ഇവരീ ക്രൂരത കാണിക്കുന്നത്” സിത്താര പറഞ്ഞു.

അടൂരിലെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തശേഷം സ്വദേശമായ പമ്പാവാലിയിലേക്കു മടങ്ങുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരിയിലാണു സിത്താരമോൾ അടക്കം 5 പേർക്കു പൊലീസ് മർദനമേറ്റത്. ബാറിൽ ബഹളമുണ്ടാക്കിയ സംഘമെന്നു തെറ്റിദ്ധരിച്ചാണു രാത്രി മർദിച്ചതെന്നായിരുന്നു പൊലീസ് വിശദീകരണം.

വിവാഹസൽക്കാരത്തിനു പോയി മടങ്ങിയ സംഘത്തെ ആക്രമിച്ച സംഭവത്തിൽ നടപടിക്കു വിധേയനായ എസ്ഐക്കെതിരെ മുൻപും അകാരണമായി മർദിച്ചെന്ന് ആരോപിച്ച് പരാതിയുയർന്നിരുന്നു. കഴിഞ്ഞ ഡിസംബറിൽ അരുൺ മോഹൻ എന്ന യുവാവിനെ അകാരണമായി മർദിച്ചതിന് ഇദ്ദേഹത്തിനെതിരെ ജില്ലാ പൊലീസ് മേധാവിയുടെ പക്കൽ പരാതിയെത്തിയിരുന്നു. മറ്റൊരു കേസിന്റെ ഭാഗമായി ഒപ്പിടാൻ സ്റ്റേഷനിലെത്തിയ അരുണിനെ അസഭ്യം പറയുകയും നെഞ്ചിൽ ചവിട്ടുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് അരുൺ മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു.

സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ‍ സ്വമേധയാ കേസെടുത്തിരുന്നു. ആരോപണവിധേയരായ എസ്ഐ ജെ.യു.ജിനു, സിപിഒമാരായ ജോബിൻ, അഷ്ഫാക് റഷീദ് എന്നിവരെ സസ്പെൻഡ് ചെയ്തെന്നും അച്ചടക്കനടപടികൾ ആരംഭിച്ചതായും അന്വേഷണം ഈ മാസം പൂർത്തിയാക്കുമെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനുഷ്യാവകാശ കമ്മിഷനു റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, എഫ്ഐആറിൽ പൊലീസുകാർക്കെതിരെ നിസ്സാര വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. അടൂർ കടമ്പനാട് ഏഴാംമൈലിൽ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് കോട്ടയം പമ്പാവാലിയിലേക്കു മടങ്ങുകയായിരുന്ന 20 അംഗ സംഘത്തിന്റെ മിനിബസ് ഇതിനടുത്തു നിർത്തിയിട്ടിരുന്നു. ഇവിടെ ഇറങ്ങേണ്ട മലയാലപ്പുഴ സ്വദേശിനിയെ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് എത്താനായാണ് ബസിലുള്ളവർ കാത്തുകിടന്നത്. ചിലർ പുറത്തിറങ്ങി നടക്കുന്നതിനിടെ, ജീപ്പിലെത്തിലെത്തിയ എസ്ഐയും സംഘവും ഇവരെ പ്രകോപനമില്ലാതെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇവരുടെ ഭർത്താവ് കെ.ശ്രീജിത്ത്, സഹോദരീഭർത്താവ് ആലപ്പുഴ പുന്നമട കമ്പനിച്ചിറ വീട്ടിൽ ഷിജിൻ സുരേഷ്, ബന്ധുക്കളായ പമ്പാവാലി ചെളിക്കുഴിയിൽ അജയ് അനിൽകുമാർ, അജിത്ത് മോഹൻ എന്നിവർക്കും പരുക്കേറ്റു.

content summary: Sithara, a victim of Kerala police brutality in Pathanamthitta, is still struggling with a shoulder injury

Leave a Reply

Your email address will not be published. Required fields are marked *

×