July 06, 2026 |
Share on

ഇരിപ്പ് കൂടുന്നുണ്ടോ? ഓരോ അധിക മണിക്കൂറും 10% മരണസാധ്യത വര്‍ദ്ധിപ്പിക്കും

ദിവസവും തുടര്‍ച്ചയായി അനങ്ങാതെ ഇരിക്കുന്ന ഓരോ അധിക മണിക്കൂറും അര്‍ബുദം മൂലമുള്ള മരണസാധ്യത 10%ത്തോളം വര്‍ദ്ധിപ്പിക്കുന്നു

ജോലിചെയ്യാനും പഠിക്കാനും വെറുതേയുമെല്ലാം ഇരുന്നിരുന്ന് ജീവിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിച്ചോളൂ, ദിവസവും അരമണിക്കൂറില്‍ കൂടുതല്‍ അനങ്ങാതെ ഒരിടത്തിരിക്കുന്നത് അര്‍ബുദം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നുകരുതി ഇരിപ്പ് നിര്‍ത്തി കിടന്നേക്കാമെന്നും കരുതേണ്ട. ഉറങ്ങുന്ന സമയമല്ലാതെ, ഉണര്‍ന്നിരിക്കുമ്പോള്‍ അധികനേരം കിടക്കുന്നതും ദോഷഫലം തന്നെയാണ് ഉണ്ടാക്കുക. 90,000ത്തിലധികം ആളുകളുടെ ജീവിതശൈലി തുടര്‍ച്ചയായി പത്ത് വര്‍ഷത്തോളം നിരീക്ഷിച്ചാണ് യു.കെ. യിലെ ഗ്ലാസ്‌ഗോ യൂണിവേഴ്സിറ്റി പഠനം പൂര്‍ത്തിയാക്കിയത്.

മുപ്പതുമിനിറ്റില്‍ കൂടുതല്‍ ഇരിക്കേണ്ടിവന്നാല്‍ ഇടയ്ക്കിടെ എഴുന്നേറ്റ് ശരീരം അനക്കുന്നത് ഈ അപകട ഭീഷണി കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി. ഒരു ചെറിയ നടത്തമാണെങ്കിലും വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നും പഠനം വ്യക്തമാക്കുന്നു. സ്ഥിരമായുള്ള ഇരിപ്പും കിടപ്പുമൊക്കെ ഹൃദയാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്.

തുടര്‍ച്ചയായി ഒരേയിരുപ്പിരിക്കുന്ന ഓരോ അധിക മണിക്കൂറിലും അപകടസാധ്യത വര്‍ദ്ധിക്കുന്നതായും പഠനത്തിലെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. ആരോഗ്യം സംരക്ഷക്കുന്നതിന്റെ ഭാഗമായി കഠിനമായ വ്യായാമങ്ങള്‍ക്കും ജിം പരിശീലനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുമ്പോള്‍, ദൈനംദിന ജീവിതത്തില്‍ ശരീരത്തിനാവശ്യമായ ചലനങ്ങളെ അവഗണിക്കുകയാണെും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

‘ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഠിനമായ വ്യായാമങ്ങള്‍ക്കാണ് ലോകം കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. എന്നാല്‍ ചെറിയ രീതിയിലുള്ള ശാരീരിക ചലനങ്ങളെ നിസ്സാരമായി കാണാനാകില്ലെന്നാണ് ഞങ്ങളുടെ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്’ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. ഫ്രെഡറിക് ഹോ പറയുന്നു. പൊതുവായ നിര്‍ദ്ദേശങ്ങള്‍ക്കപ്പുറം, ഓരോ വ്യക്തിയുടെയും ജീവിതശൈലിക്ക് അനുയോജ്യമായ രീതിയില്‍ തന്നെ തുടര്‍ച്ചയായി ഇരിക്കുന്നതിന്റെ ദൈര്‍ഘ്യം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉണര്‍ന്നിരിക്കുന്ന സമയങ്ങളില്‍ ദീര്‍ഘനേരം ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് ഹൃദ്രോഗങ്ങള്‍ക്കും ചില പ്രത്യേക തരം അര്‍ബുദങ്ങള്‍ക്കും കാരണമാകുമെന്ന് മുന്‍പും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇതെങ്ങനെയാണ് നമ്മുടെ ശരീരത്തെ ബാധിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് വ്യക്തതയുള്ള കൂടുതല്‍ കണ്ടെത്തലുകള്‍ പുറത്ത് വന്നിരിക്കുന്നത്.

തുടര്‍ച്ചയായി ഇരിക്കുന്ന സമയം കുറയ്ക്കാന്‍ സഹായിക്കുന്ന ലഘുവായ ശാരീരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുത്തുന്നത് അര്‍ബുദ സാധ്യതയെ ഗണ്യമായി കുറയ്ക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. സാവധാനത്തിലുള്ള നടത്തം, വീട്ടുജോലികളിലേര്‍പ്പെടുന്നത് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

യുകെ ബയോബാങ്കിലെ 91,000ത്തിലധികം ആളുകള്‍ ധരിച്ച വെയറബിള്‍ ഫിറ്റ്നസ് ഉപകരണങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ശരാശരി 12 വര്‍ഷത്തോളം ഇവരെ നിരീക്ഷിച്ച ശേഷമാണ് തുടര്‍ച്ചയായി 30 മിനിറ്റിലധികം അനങ്ങാതെ ഇരിക്കുന്നത് കാന്‍സര്‍ സാധ്യതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന കണ്ടെത്തല്‍.

ദിവസവും തുടര്‍ച്ചയായി അനങ്ങാതെ ഇരിക്കുന്ന ഓരോ അധിക മണിക്കൂറും അര്‍ബുദം മൂലമുള്ള മരണസാധ്യത 10%ത്തോളം വര്‍ദ്ധിപ്പിക്കുന്നു. ഒരു മണിക്കൂര്‍ നീണ്ട ഇരിപ്പ് ഒഴിവാക്കി പകരം പാത്രം കഴുകുക പോലുള്ള ലഘുവായ വീട്ടുജോലികളില്‍ ഏര്‍പ്പെടുന്നത് മരണസാധ്യത 12% കുറയ്ക്കുന്നു. അരമണിക്കൂര്‍ ഇരിപ്പ് ഒഴിവാക്കി പകരം മിതമായ വേഗതയിലുള്ള നടത്തം പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് അപകടസാധ്യത 8% കുറയ്ക്കും. ദിവസവും വെറും 5 മിനിറ്റ് ഇരിപ്പ് ഒഴിവാക്കി പകരം 5 മിനിറ്റ് വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് കാന്‍സര്‍ മൂലമുള്ള മരണസാധ്യതയില്‍ 22% വരെ കുറവുണ്ടാക്കും.

ഇതൊരു ഒബ്‌സര്‍വേഷണല്‍ പഠനമായതിനാലും അതിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ വിശകലനം മാത്രം നടത്തിയതിനാലും, തുടര്‍ച്ചയായ ഇരിപ്പാണ് കാന്‍സറിന് നേരിട്ടുള്ള കാരണം എന്ന് പൂര്‍ണ്ണമായി തെളിയിക്കാന്‍ കഴിയില്ലെന്ന പരിമിതിയും ഗവേഷകര്‍ അഗീകരിക്കുന്നുണ്ട്. എന്നിരുന്നാലും പഠനത്തിലെ കണ്ടെത്തലുകള്‍ വളരെ കൗതുകമുണര്‍ത്തുന്നതാണെന്നും കൂടുതല്‍ വ്യക്തത വേണമെന്നതിനാലും ആഴത്തിലുള്ള ഗവേഷങ്ങള്‍ ഇനിയും ആവശ്യമാണെന്നും മറ്റ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

Sitting for more than 30 minutes at a time linked to higher risk of cancer death

Leave a Reply

Your email address will not be published. Required fields are marked *

×