എസ്.കെ നായരെന്ന ചരിത്ര പുരുഷനും മലയാള സാഹിത്യത്തിൽ ചരിത്രം രചിച്ച മലയാള നാട് വാരികയും

തന്നേക്കാൾ ബുദ്ധിയുള്ള മനുഷ്യൻ എന്ന് എം.പി.നാരായണ പിള്ള വിശ്വസിച്ച അപൂർവ്വം മനുഷ്യരിൽ ഒരാളായിരുന്നു എസ്.കെ നായർ.

S K NAIR and Malayala Nadu

മലയാള സാഹിത്യത്തിലെ മഹത്തായ രചനകൾ അടയാളപ്പെടുത്തിയ പ്രസിദ്ധീകരണമാണ് മലയാള നാട് വാരിക. 43 വർഷം മുൻപ് ജൂലൈ 16 -ന് അന്തരിച്ച മലയാള നാടിൻ്റെ ശിൽപ്പിയും എഡിറ്ററുമായ എസ്. കെ. നായർ തൻ്റെ ജീവിതകാലത്ത് ഒരു ചരിത്ര പുരുഷനായി മാറിയ വ്യക്തിയായിരുന്നു. ബിസിനസ്സും, സാഹിത്യവും, സിനിമയും, കലാ സാംസ്കാരിക പരിപാടികളുമൊക്കെ ഒരേ സമയം വിജയകരമായി ചെയ്ത എസ്. കെ നായരെ ഇങ്ങനെ വിശേഷിപ്പിക്കാൻ കാരണം വേറെയുമുണ്ട്. താൻ ജീവിച്ച കാലഘട്ടത്തിൽ പ്രകാശത്തിൻ്റെ വേഗതയിൽ ചിന്തിക്കുകയും പ്രശ്നങ്ങളെ അവിശ്വസനീയയമായ ഏകാഗ്രതയോടെയും നേരിട്ടയാളായിരുന്നു എസ്. കെ.നായർ. റിസ്ക്കെടുക്കാനുള്ള ആത്മധൈര്യം ഏറെയുള്ള വ്യക്തിയായിരുന്നു 48 വയസ് വരെ മാത്രം ജീവിച്ച ശങ്കരപ്പിള്ള കൃഷ്ണൻ നായരെന്ന എസ്. കെ. നായർ. എസ്. കെ. ചിന്തിച്ചതും പ്രവർത്തിച്ചതും അതിവേഗത്തിലായിരുന്നു. അതാകട്ടെ നമ്മൾ വലുപ്പത്തിൽ എന്നൊക്കെ പറയുന്ന പോലെയാണ്. ഉദാഹരണത്തിന് ഒരിക്കൽ എസ്.കെ ക്ക് ധരിക്കാൻ ത്രീ പീസ് സ്യൂട്ട് വേണം. അന്ന് മദ്രാസിലെ ആഡംബരത്തിന്റേയും ‘അരിസ്‌റേറാക്രാറ്റിക് ലിവിംഗ്’ ൻ്റെയും പ്രതീകമായ ന്യൂ വുഡ്‌ലാൻഡ്‌സിലെ കോട്ടേജിൽ എസ്.കെ.യും മലയാറ്റൂരും താമസിക്കുകയാണ്. എസ്. കെ. ഫോണെടുത്ത് ‘ഇന്ത്യാ സിൽക്ക് ഹൗസ്’ എന്ന വിശ്രുതസ്‌ഥാപനത്തിലേക്ക് ഒറ്റവിളി. “ഒറ്റയ്ക്കല്ലിങ്ങോടി വന്നു……” എന്നുപറയുമ്പോലെ ആ ടെക്സ്റ്റെൽ ഷോപ്പ് ഹോട്ടൽ മുറിയിലേക്കോടിയെത്തി. രണ്ട് ടാക്സികൾ നിറയെ സ്യൂട്ടിംഗുകൾ. ഒപ്പം സിൽക്ക് ഹൗസിലെ മാസ്‌ററർ ടെയ്‌ലറുമുണ്ട്. എസ്. കെ. -ക്ക് ആറ് സഫാരി സൂട്ടുകൾ. കൂടെയുള്ള മലയാറ്റൂരിന് ഒരു സഫാരി സ്യൂട്ട് സമ്മാനവും. ഇതാണ് എസ്.കെ. ഷോപ്പിംഗ് ശൈലി!

എസ്.കെ. നായർ

വർഷങ്ങൾക്കു മുമ്പാണ്. മൗറിഷ്യസ്സിലെ ഗവണ്മെൻ്റിന് പോർട്ട് ലൂയിസിൽ സിനിമ പ്രൊഡ്യൂസ് ചെയ്യുന്ന ഒരു സ്റ്റുഡിയോ സ്ഥാപിക്കാനൊരു പൂതി. അതിന് അവർക്ക് ഇന്ത്യയിൽനിന്ന് ഒരു പങ്കാളിയെ വേണം. സിനിമാക്കാർ പലരും ആ വൻ പദ്ധതി പിടിക്കാൻ ഇറങ്ങിത്തിരിച്ചു. കിട്ടിയാൽ കോളാണ്. അന്ന് എസ്.കെ. തൻ്റെ ആദ്യ സിനിമയായ ‘ചെമ്പരത്തി’ യെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. ഈ പദ്ധതിക്കായി എത്തി മത്സരിച്ച പ്രധാന പ്രതിയോഗി ബോംബെ സിനിമാക്കാരുടെ പിന്തുണയുള്ള നടൻ ജോണിവാക്കറായിരുന്നു. എസ്. കെ. വിമാനം കേറി ബോംബേക്ക് പോയി. എം.പി. നാരായണ പിള്ളയുടെ അടുത്തെത്തി. കൂടിക്കാഴ്ച്ചക്കായി മൗറിഷ്യസ് മന്ത്രിയെ സന്ദർശിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് വരെ നാരായണ പിള്ളയുമായി എസ്.കെ. സംസാരിച്ചുകൊണ്ടിരുന്ന വിഷയം ഒരാളുടെ വായനാശീലത്തെക്കുറിച്ചായിരുന്നു. പെട്ടെന്ന് ആ വിഷയം നിർത്തി എസ്.കെ നിശ്ശബനായി. ഏകാഗ്രമായ നിശ്ശബ്‌ദതയിലായി. അൽപ്പം കഴിഞ്ഞ് നിശ്ചയിച്ച സമയമായപ്പോൾ എസ്.കെ. നേരെ ചെന്ന് മന്ത്രിയെ കണ്ടു. അന്നത്തെ കൂടിക്കാഴ്ച്ച കഴിഞ്ഞപ്പോൾ മൗറിഷ്യസ് ഗവണ്മെൻ്റ് സ്‌റ്റുഡിയോ സ്ഥാപിക്കാൻ തിരഞ്ഞെടുത്തത് എസ്.കെ. നായർ എന്ന മാവേലിക്കരക്കാരനെയായിരുന്നു.

ചെമ്പരത്തി സിനിമയുടെ പോസ്റ്റർ (1972)

യാതൊരു നീക്കവും നടത്താതെ ഈ കോൺട്രാക്റ്റ് കിട്ടിയത് കേട്ട് അന്തംവിട്ട എം.പി. നാരായണ പിള്ള ചോദിച്ചു. “ആശാനേ, എങ്ങനെ സാധിച്ചു?!” കൂടിക്കാഴ്ച്ചയിൽ മന്ത്രിയുടെ കണ്ണിൽ നോക്കി ഇങ്ങനെ പറഞ്ഞെന്ന് എസ്.കെ. നാരായണ പിള്ളയോട് പറഞ്ഞു: “കോൺട്രാക്‌ട് എനിക്ക് തന്നാൽ ഈ പദ്ധതിയിൽ മന്ത്രിയും ഒരു പാട്ണറാണ്” അതോടെ തീരുമാനമായി. മൗറീഷ്യസ് സിനിമാ പദ്ധതി കോൺട്രാക്‌ട് അങ്ങനെ എസ്. കെ നായർക്ക് കിട്ടി. പക്ഷേ, മൗറീഷ്യസ് സ്‌റ്റുഡിയോ സ്ഥാപിക്കുന്നത് കണക്കാക്കിയപ്പോൾ മുതലാവില്ല എന്ന് കണ്ട് എസ്.കെ ആ നിമിഷം പദ്ധതിയിൽ നിന്ന് തലയൂരി. ഇത്തരമൊരാളെ ‘ചരിത്രപുരുഷൻ’ എന്നല്ലാതെ വേറെ എന്ത് വിശേഷിപ്പിക്കും?

എസ്. കെ. നായർ ഏറെ പ്രസിദ്ധനായത് മലയാളനാട് വാരികയുടെ ഉടമയും എഡിറ്ററും എന്ന നിലയിലായിരുന്നു. പിന്നെ ‘ചെമ്പരത്തി’ എന്ന ഹിറ്റ് സിനിമയുടെ നിർമ്മാതാവ് എന്ന പേരിലും. ആരെയും അങ്ങനെ വകവെക്കാത്ത, മാർക്കും കൊടുക്കാത്ത, തന്നേക്കാൾ ബുദ്ധിയുള്ള മനുഷ്യൻ എന്ന് എം.പി.നാരായണ പിള്ള വിശ്വസിച്ച അപൂർവ്വം മനുഷ്യരിൽ ഒരാളായിരുന്നു എസ്.കെ നായർ. വീഴ്ച്ചയിൽ നിന്ന് എഴുന്നേൽക്കാനുള്ള സാമർത്ഥ്യത്തിൽ ഒരാൾക്കു മാത്രമെ എസ്.കെ യെ കവച്ചുവെയ്ക്കാൻ തിരുവിതാം കൂറിൻ്റെ ബിസിനസ്സ് ചരിത്രത്തിൽ കഴിഞ്ഞിട്ടുള്ളൂ. മലയാള മനോരമയുടെ ഉടമയായിരുന്ന കെ.സി. മാമ്മൻ മാപ്പിളയ്ക്ക്… ഒരു നിമിഷം എസ്. കെ.നായർ എന്ന മുതലാളിയാണെങ്കിൽ അടുത്ത നിമിഷം കൃഷ്‌ണൻനായർ എന്ന സഹൃദയനും സംസ്കൃതചിത്തനുമായ സുഹൃതുമാണ് എസ.കെ. ഡോക്ട‌ർ ജെക്കിലും മിസ്റ്റർ ഹൈഡും പോലെ മാറിക്കൊണ്ടിരുന്ന രണ്ട് വ്യക്തിത്വങ്ങൾ. ഇവ രണ്ടും ഒന്നിച്ചു കൊണ്ടുപോകുന്നതിലുള്ള സ്ട്രെസായിരുന്നോ ഇത്ര നേരത്തേ ഇതെല്ലാം സംഭവിക്കാൻ ഇടയാക്കിയത്? ഒരുപക്ഷേ, അദ്ദേഹം കൃഷ്‌ണൻനായരായി തുടർന്നിരുന്നെങ്കിൽ അദ്ദേഹം നേടിയെന്ന് നമ്മളിൽ പലരും ധരിക്കുന്നതിന്റെ പതിന്മടങ്ങ് നേടുമായിരുന്നില്ലേ? എസ്. കെ യുടെ ചരമക്കുറിപ്പിൽ എം. പി. നാരായണ പിള്ള എഴുതി.

എസ്.കെ. നായരും ഭാര്യ പ്രേമയും

മാവേലിക്കരയിലെ ചെട്ടികുളങ്ങര തട്ടയ്ക്കാട്ട് കുടുംബാംഗമായ എസ്. കെ. നായർ ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് എം.കോം പഠനം കഴിഞ്ഞ് പന്തളം എൻ.എസ്.എസ് കോളേജിൽ അധ്യാപകനായി. ഏറെ വൈകാതെ കോളേജ് ജോലി ഉപേക്ഷിച്ച് കശുവണ്ടി വ്യവസായത്തിലേക്കു കടന്ന എസ്.കെ. ന്യൂ ഇന്ത്യ ഏജൻസിസ് എന്ന പേരിൽ കശുവണ്ടി വ്യവസായ സ്‌ഥാപനം തുടങ്ങി. വൈകാതെ തന്നെ മറ്റ് 5 സ്‌ഥാപനങ്ങൾ കൂടി ആരംഭിച്ചു. 1969 മെയ് 18 -ന് മലയാള നാട് വാരിക ആദ്യ ലക്കം പുറത്തു വന്നു. എസ്.കെ. -യുടെ അപൂർണ്ണമായ ആത്മകഥയായ “നോക്കെത്താത്ത തീരങ്ങളി”ൽ പറയുന്നതനുസരിച്ച് കൗമുദി പത്രാധിപർ കെ ബാലകൃഷണനും കാമ്പിശ്ശേരി കരുണാകരനുമായുള്ള എസ്. കെ യുടെ അടുപ്പമാണു സാഹിത്യ മാസികയായ മലയാളനാട് വാരിക തുടങ്ങാൻ കാരണം. പിന്നീടുള്ള 15 വർഷത്തെ മലയാള സാഹിത്യത്തെ മലയാള നാടും എസ്. കെ നായരും അങ്ങ് എടുക്കുകയായിരുന്നു.

ഡെമി എട്ടിലൊന്ന് വലുപ്പത്തിൽ ബ്ലാക്ക് ആൻ്റ് വൈറ്റ് വാരികയായിരുന്നു മലയാള നാട്. എസ്. കെ.യുടെ രീതിയനുസരിച്ച് പുതിയ പ്രസിദ്ധീകരണത്തിൻ്റെ വരവ് ഗംഭീരമാക്കി. വാരിക പുറത്ത് വരും മുൻപ് കേരളത്തിലെ എല്ലാ പ്രമുഖ ദിന പത്രങ്ങളുടെയും പേജിൽ മലയാളനാട് എന്താണ് എന്ന് വിശദമാക്കുന്ന പരസ്യങ്ങൾ നൽകി. അന്നത്തെ ഏറ്റവും അറിയപ്പെടുന്ന സാഹിത്യ പ്രസിദ്ധീകരണമായ മാതൃഭൂമി ആഴ്ചപ്പതിപ്പിലും വന്നു പുതിയ സാഹിത്യ വാരികയുടെ പരസ്യം. പ്രമുഖരുടെ അഭിപ്രായങ്ങൾ. പുറത്ത് വരാൻ പോകുന്ന ‘മലയാള നാടി’നെപ്പറ്റിയുള്ള പ്രമുഖരുടെ കാഴ്ച്ചപ്പാടുകൾ തുടങ്ങിയവയായിരുന്നു പരസ്യത്തിൽ. ആദ്യ ലക്കത്തിൽ മലയാള നാട് വാരികയിൽ എഴുതുന്ന പ്രമുഖ സാഹിത്യകാരന്മാരുടെ വിവരങ്ങൾ. വൈവിധ്യമാർന്ന സ്ഥിരം പംക്തികളെപ്പറ്റിയുള്ള സൂചനകൾ. ആദ്യ ലക്കം പെട്ടെന്ന് വിറ്റുപോയി. എന്നിട്ടും ആവശ്യക്കാർ പിന്നെയും ഏറെ ഉള്ളതുകൊണ്ട് വീണ്ടും കോപ്പികൾ അച്ചടിച്ചു.

ജനയുഗത്തിലും മലയാളരാജ്യത്തിലുമൊക്കെ എഴുതുന്ന യുവപത്രപ്രവർത്തകനായ വി.സി. ബാലചന്ദ്രനെ മലയാള നാടിൻ്റെ എഡിറ്ററാക്കാൻ കാമ്പിശ്ശേരി കരുണാകരൻ എസ്. കെ. നായരോട് നിർദേശിച്ചു. അക്കാലത്ത് ‘വാനമ്പാടി’ എന്നൊരു മാസികയുടെ എഡിറ്റായി ജോലി നോക്കുകയായിരുന്നു. ആധുനിക എഴുത്തുകാരായ കാക്കനാടനും എം. മുകുന്ദനും. മുതിർന്ന എഴുത്തുകാരായ വൈക്കം മുഹമ്മദ് ബഷീർ, സുകുമാർ അഴീക്കോട് എന്നിവരൊക്കെ ‘വാനമ്പാടി’യിൽ എഴുതിയിരുന്നു. എം.പി. നാരായണ പിള്ളയുടെ മികച്ച കഥയായ ‘മുരുകൻ എന്ന പാമ്പാട്ടി’ വാനമ്പാടിയിലാണ് ആദ്യം അച്ചടിച്ചുവന്നത്. പിന്നീട് വി .ബി. സി നായർ എന്നറിയപ്പെട്ട (മംഗലശ്ശേരിൽ വേലുപ്പിള്ള ബാലചന്ദ്രൻ നായർ) ആ യുവപത്രപ്രവർത്തകൻ്റെ പ്രധാന കൈമുതൽ എഴുത്തുകാരുമായുള്ള സൗഹൃദവും ബന്ധങ്ങളും മികച്ച സാഹിത്യരചനാ സിദ്ധിയുമായിരുന്നു.

1969 മെയ് 18-ന് പുറത്തിറങ്ങിയ ആദ്യലക്കം മുതൽ തന്നെ വി.ബി.സി. മലയാളനാടിന്റെ പത്രാധിപരായി പ്രവർത്തിച്ചിരുന്നു. അക്കാലത്തെ സാഹിത്യമാസികകളിൽനിന്ന് വേറിട്ട വീക്ഷണം മലയാളനാടിനുണ്ടായിരുന്നു. ആധുനിക രചനകളെ അവതരിപ്പിക്കാനും ചർച്ചചെയ്യാനുമാണ് ആദ്യകാലം മുതൽതന്നെ മലയാളനാട് ശ്രമിച്ചത്. ആധുനികതയുടെ ഭാഗമായ അന്ന് എഴുതപ്പെട്ട പ്രധാനപ്പെട്ട പല രചനകളും പ്രസിദ്ധീകരിക്കപ്പെട്ടത് മലയാളനാടിലായിരുന്നു. മാധവിക്കുട്ടിയുടെ ‘എൻ്റെ കഥ’, ഒ.വി. വിജയന്റെ ‘ധർമ്മ പുരാണം’ തുടങ്ങിയ രചനകൾ ഈ പ്രസിദ്ധീകരണത്തിലാണ് വന്നത്. എം. മുകുന്ദൻ, കാക്കനാടൻ, സക്കറിയ, സച്ചിദാനന്ദൻ, കടമ്മനിട്ട, ബാലചന്ദ്രൻ ചുള്ളിക്കാട്, കെ.പി. അപ്പൻ, നരേന്ദ്രപ്രസാദ്, വി. രാജകൃഷ്ണൻ തുടങ്ങി ആധുനിക എഴുത്തുകാർ മലയാളനാടിനുവേണ്ടി സജീവമായി എഴുതി.

മലയാള നാട് ആദ്യ ലക്കം മുൻപേജ് , 1969 മെയ് 18

ആദ്യ ലക്കത്തിൽ കൗമുദി ബാലകൃഷ്ണന്റെ പംക്തി ‘അപ്‌സരസുകളും ഭദ്രകാളികളും’ വായനക്കാരെ വളരെ ആകർഷിച്ചു. തൻ്റെ ഭാര്യയായ ചന്ദ്രികയെക്കുറിച്ചാണ് ബാലകൃഷ്ണൻ എഴുതിയത്. ‘അപ്‌സരസുകളും ഭദ്രകാളികളും’ പെട്ടെന്നുതന്നെ വായനക്കാരുടെ ഹൃദയത്തിൽ ഇടം നേടി. പിന്നീട് അദ്ദേഹം മറ്റൊരു പംക്തി കൈകാര്യം ചെയ്തു. ‘ഈ ആഴ്‌ചയിലെ പ്രസന്നമനുഷ്യൻ’. വി കെ കൃഷ്‌ണമേനോൻ, ബേബി ജോൺ എന്നിവരെക്കുറിച്ചെഴുതിയ ലേഖനങ്ങൾ അതിൽ വന്നു. ശങ്കേഴ്സ് വീക്കിലിയിലെ പ്രസിദ്ധമായ ‘ മാൻ ഓഫ് ദി വീക്ക് ‘ ആയിരുന്നു ഇതിൻ്റെ മാതൃക. വി കെ കൃഷ്‌ണമേനോനുമായുള്ള അഭിമുഖം. ‘അമിത പ്രഭാവത്തിൻ്റെ ഒരതിപ്രസരം’ എന്ന പേരിൽ വന്നു. പട്ടം താണുപിള്ളയെക്കുറിച്ച് ‘ഒരു തലമുറയിലെ അവസാനത്തെ കണ്ണി’ എന്ന കെ ബാലകൃഷ്‌ണൻ്റെ ലേഖനവും അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടു.

കൗമുദി . ബാലകൃഷ്ണൻ്റെ പംക്തി

വി.ബി.സി പിന്നീട് പൂർണ്ണ ചുമതല ഏറ്റെടുത്തപ്പോൾ വാരിക ഗുണത്തിലും പ്രകാരത്തിലും കുതിച്ചുയർന്നു. വാരികയിൽ നിരവധി വ്യത്യസ്തങ്ങളായ പംക്തികൾ പ്രത്യക്ഷപ്പെട്ടു. മലയാളത്തിലെ എല്ലാ എഴുത്തുകാരെയും മലയാള നാടിൽ അണി നിരത്താൻ വി.ബി.സിക്ക് സാധിച്ചു. യർ വാരിക തുടങ്ങും മുമ്പേ തന്നെ എസ്.കെ. നായർ, വി ബി സിയെ കേരളത്തിലുടനീളം ഒരു പര്യടനത്തിനയച്ചു. എഴുത്തുകാരുമായി ബന്ധം സ്ഥാപിക്കുന്നതിന് അത് വഴി സാധിച്ചു. ഒരു പ്രസിദ്ധീകരണവും നൽകാത്ത പ്രതിഫലം രചനകൾക്ക് അന്ന് മലയാള നാട് നൽകിയിരുന്നു.
രണ്ട് സംഭവങ്ങളായിരുന്നു മലയാള നാടിനെ മറ്റ് പ്രസിദ്ധീകരണങ്ങളിൽ നിന്ന് വ്യത്യസ്തമാക്കിയത്. ഇതിൽ ആദ്യത്തേത് ഇന്ത്യൻ സാഹിത്യത്തിലെതന്നെ അപൂർവ്വ പംക്തിയായ എം. കൃഷ്ണൻനായരുടെ സാഹിത്യവാരഫലമായിരുന്നു. മലയാളനാടിലായിരുന്നു അത് ആരംഭിച്ചത്. വെറും ലിറ്ററലി ജേർണലിസം എന്ന് എം കുഷ്ണൻ നായർ തന്നെ വിശേഷിപ്പിച്ച ഈ പംക്തിക്ക് ‘സാഹിത്യവാരഫലം’ എന്നു പേരിട്ടത് കൗമുദി ബാലകൃഷ്ണനാണ്. രണ്ടാമത്തെ സവിശേഷത വി. ബി.സി. എഴുതിയ ‘പൂർണ്ണത തേടിയ അപൂർണ്ണ ബിന്ദുക്കൾ’ ആയിരുന്നു. വി.ബി.സി. നായർ എല്ലാ മലയാള എഴുത്തുകാരുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. പുതിയ എഴുത്തുകാരെ കണ്ടെത്താനും രചനകൾ രൂപപ്പെടുത്താനും വി.ബി.സി. ശ്രമിച്ചിരുന്നു. മംഗലശ്ശേരി എന്ന പേരിൽ വി. ബി.സി. സിനിമാ നിരൂപണങ്ങൾ എഴുതിയിരുന്നു. വി.ബി.സി.യെ മാറ്റിനിർത്തി മലയാളനാടിന് ഒരു ചരിത്രമില്ല.

1974-ലെ മലയാളനാടിൻ്റെ ഓണപ്പതിപ്പിലാണ് വി.ബി.സി. എഴുതിയ ‘പൂർണ്ണത തേടുന്ന അപൂർണ്ണ ബിന്ദുക്കൾ’ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഓണപ്പതിപ്പിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിലാണ് ഇത്തരമൊരു പരമ്പരയെക്കുറിച്ചുള്ള ആശയം ഉയർന്നുവരുന്നത്. മലയാള വായനക്കാർക്ക് പരിചിതമായ ഒരു കൂട്ടംഎഴുത്തുകാരുടെ അറിയപ്പെടാത്ത അവരുടെ സ്വകാര്യജീവിതം അവതരിപ്പിക്കുന്ന ഫീച്ചറുകൾ മലയാളത്തിൽ ആദ്യമായി മലയാളനാടിൽ അച്ചടിച്ച് വന്നു. വാരികയുടെ മുഖ്യപത്രാധിപരായ എസ്.കെ. നായരുടെ നിർദേശമായിരുന്നു അത്. ഈ വ്യത്യസ്തയുള്ള ഒരു പംക്തി. ‘മലയാളനാടി’ന് വേണ്ടി വി ബി സി സമ്പാദിച്ച എഴുത്തുകാരുടെയും അഭ്യുദയകാംക്ഷികളുടെയും സുഹൃദ‌വലയം വളരെ വമ്പിച്ചതായിരുന്നു. തകഴി, ദേവ്, ബഷീർ, വർക്കി, പാറപ്പുറം, കെ പി എസ് മേനോൻ, അക്കിത്തം, എം ടി, വി കെ എൻ, മഹാകവി പി, വൈലോപ്പിള്ളി, മഹാകവി ജി, എസ് കെ പൊറ്റെക്കാട്ട്, ഒളപ്പമണ്ണ, ഒ വി വിജയൻ, മുകുന്ദൻ, വത്സല, പുനത്തിൽ, സേതു, സി. രാധാകൃഷ്‌ണൻ, സക്കറിയ, എം സുകുമാരൻ, പി പത്മരാജൻ, വി പി ശിവകുമാർ, കെ പി അപ്പൻ, നരേന്ദ്രപ്രസാദ്, രാജകൃഷ്‌ണൻ, കടമ്മനിട്ട, സച്ചിദാനന്ദൻ തുടങ്ങി ബാലചന്ദ്രൻ ചുള്ളിക്കാടുവരെയുള്ളവരുടെ എഴുത്തുകളുടെ ഒരു നീണ്ട നിര ‘മലയാളനാടി’ൽ പ്രത്യക്ഷപ്പെട്ടു. ആഷാ മേനോൻ്റെ ലേഖനം ആദ്യമായി പ്രസിദ്ധീകരിച്ചത് ‘മലയാളനാടി’ലൂടെയായിരുന്നു.

വി.ബി സി യാണ് പ്രഥമ ഫീച്ചറിൽ 8 എഴുത്തുകാരെ അവതരിപ്പിച്ചത്. ശീർഷകത്തിലടക്കം കൊണ്ടുവന്ന മാറ്റം വായനക്കാർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ‘അബ്‌ദുൽ റഹ്‌മാൻ മുഹമ്മദ് ബഷീർ’ എന്നായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതകഥയുടെ ശീർഷകം. ‘തെക്കേപ്പീടിക കൊച്ചു കാങ്കാലി കൃഷ്ണപിള്ള ശിവശങ്കരപ്പിള്ള’ എന്നായിരുന്നു തകഴിയുടെ ജീവിതകഥക്ക് നൽകിയ ശീർഷകം. ‘കെ.പി. കേശവപിള്ള’ എന്ന തലക്കെട്ടിൽ കേശവദേവ്. ‘മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ’ എന്ന തലക്കെട്ടിൽ എംടി. ജി. ശങ്കരകുറുപ്പ് മുതൽ ബാലചന്ദ്രൻ ചുള്ളിക്കാടു വരെയുള്ള 31 എഴുത്തുകാരുടെ ജീവിതകഥയിലെ അജ്ഞാത അധ്യായങ്ങൾ വായനക്കാരുടെ മുന്നിൽ ആദ്യമായി ചുരുളഴിഞ്ഞു. കഥകളിലൂടെ മാത്രം അറിഞ്ഞ എഴുത്തുകാരുടെ ജീവിത കഥ ആദ്യമായി പ്രസിദ്ധീകരിച്ച മലയാളനാടിൻ്റെ ഈ ലക്കം വായനക്കാർ വളരെ ഹൃദ്യമായി തന്നെ സ്വീകരിച്ചു. രണ്ട് തവണ ‘പൂർണ്ണത തേടുന്ന അപൂർണ്ണ ബിന്ദുക്കൾ’ പുസ്തകമായി പുറത്തു വന്നു. 1978 -ലും, 44 വർഷത്തിന് ശേഷം 2022 -ലും.

അങ്ങനെയിരിക്കുമ്പോഴാണ് മലയാള സാഹിത്യത്തേയും വായനക്കാരേയും ഞെട്ടിച്ചു കൊണ്ട് മാധവിക്കുട്ടിയുടെ ആത്മകഥയായ ‘എന്റെ കഥ’ മലയാളനാട് പ്രസിദ്ധീകരിക്കാൻ ആരംഭിച്ചത്. 1971 സെപ്റ്റംബർ 12 ലക്കത്തിൽ ഒരു കുറിപ്പിൽ പത്രാധിപർ ഇങ്ങനെ എഴുതി; “പ്രിയപ്പെട്ട വായനക്കാരെ മാധവിക്കുട്ടി എന്ന കമല, മിസിസ്സ് കമലാദാസ് കഥ പറഞ്ഞു തുടങ്ങുന്നു. നാലപ്പാട്ടെ കമലാദാസും മാധവിക്കുട്ടിയും ആയി തീർന്ന സംഭവ ബഹുലമായ കഥ ഇതാ… ഇത്ര ധീരമായി, ഇത്ര സത്യസന്ധമായി, ഇത്ര തുറന്നതായി ആരും ഒരിക്കലും ഒരു കഥയും പറഞ്ഞിട്ടില്ല. വിസ്‌ഫോടകമായ ഈ മാസ്മര മന്ദിരത്തിലേക്ക് പ്രിയപ്പെട്ട വായനക്കാരെ, സ്വാഗതം…”

മാധവികുട്ടിയുടെ എൻ്റെ കഥ ആരംഭിക്കുന്നു

കഥയെ ആത്മകഥയാക്കുകയും ആത്മകഥയെ കഥാന്തരങ്ങളാക്കുകയും ചെയ്യുന്ന കാവ്യത്മകമായ ഒരു വ്യക്തിത്വമായിരുന്നു മാധവിക്കുട്ടിയുടേത്. സ്റ്റോറി ടെല്ലിംഗ് കനിഞ്ഞനുഗ്രിച്ച സർഗപ്രതിഭയായ ഒരു എഴുത്തുകാരി. ‘എന്റെ കഥ’ യെ കുറിച്ച് അമേരിക്കൻ വാരിക ‘ടൈം’ ഫീച്ചർ ചെയ്തതോടെ സംഭവം അന്താരാഷ്ട ശ്രദ്ധയാകർഷിച്ചു. ആ ശിലായുഗത്തിൽ ഒരു എഷ്യക്കാരനെക്കുറിച്ച് പോലും ‘ടൈം’ എഴുതുന്നത് വിരളമായ കാലമാണ്. ഒറ്റയടിക്ക് മാധവിക്കുട്ടിയുടെ പ്രശസ്തി വാനോളം വർദ്ധിച്ചു. ഒപ്പം ശത്രുക്കളും വിമർശകരും. മലയാള നാടിന്റെ വിൽപ്പന 40,000 കോപ്പിയിൽ നിന്ന് 55,000 മായി. എന്റെ കഥ പ്രസിദ്ധീകരണം നിർത്താനായി മാധവിക്കുട്ടിയോട് പലരും ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. ഒടുവിൽ കുടുംബാംഗങ്ങളുടെ സമ്മർദ്ദം മൂലം അത് അവസാനിപ്പിച്ചു. അനോരാഗ്യം കാരണം തുടർന്നെഴുതാൻ എഴുത്തുകാരിക്ക് സാധിക്കാത്തതിനാൽ ഈ അധ്യായത്തോടെ ‘എന്റെ കഥ’ അവസാനിപ്പിക്കുന്നു എന്നൊരു കുറിപ്പും വായനക്കാർക്കായി എഡിറ്റർ മലയാളനാടിൽ കൊടുത്തു.

എൻ്റെ കഥ പുസ്തകം

ബോംബെയിൽ സ്ഥിരതാമസമാക്കിയിരുന്ന മാധവിക്കുട്ടി കടുത്ത രോഗത്താൽ ആശുപത്രിയിലായി. അപ്പോൾ വേണ്ട സാമ്പത്തിക സഹായമെത്തിച്ചത് മലയാള നാടിന്റെ ഉടമ-എഡിറ്റർ എസ്. കെ. നായരാണ്. ആ കടപ്പാട് മാധവിക്കുട്ടി വീട്ടിയത് മലയാള നാടിൽ ‘എന്റെ കഥ’ എഴുതിയാണ്.’ അതാണ് എന്റെ കഥയുടെ പിന്നിലെ കഥ. ഏഴു വർഷത്തിന് ശേഷം ‘ഭ്രാന്ത്’ എന്ന പമ്മൻ്റെ നോവൽ പ്രസിദ്ധീകരിച്ചതോടെ മലയാള നാടും മാധവിക്കുട്ടിയും തമ്മിലുള്ള ബന്ധം ശത്രുതയിൽ അവസാനിച്ചു. മാധവിക്കുട്ടിയെ വ്യക്തിപരമായി തേജോവധം ചെയ്ത നോവലാണ് ഇതെന്ന് പരക്കെ പ്രചരിച്ചു. 1970 -കളിൽ ഒ.വി. വിജയന്റെ എട്ടോളം കഥകൾ മലയാളനാട് പ്രസിദ്ധീകരിച്ചു. ഇതിനൊപ്പം ഡൽഹിയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ വിശകലനം ചെയ്യുന്ന ‘ഇന്ദ്രപ്രസ്‌ഥം’ എന്ന ഒ.വി. വിജയന്റെ ശ്രദ്ധേയമായ പംക്തിയും മലയാളനാടിൽ വന്നു തുടങ്ങി. ഈ സമയത്താണ് ഭരണകൂട അധികാര ഭീകരത വിശദമാക്കുന്ന നോവലായ ‘ധർമ്മപുരാണം’ വിജയൻ എഴുതുന്നത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച 1975 ജൂൺ 25 -ന് മുൻപുതന്നെ ധർമ്മപുരാണത്തിന്റെ രചന വിജയൻ പൂർത്തിയാക്കിയിരുന്നു. അക്കാലത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം പരിഗണിക്കാതെ ധർമ്മപുരാണം ജൂലൈ 25 ലക്കം മുതൽ നോവൽ ഖണ്ഡശഃയായി പ്രസിദ്ധീകരിക്കുവാൻ പോകുന്നു എന്ന അറിയിപ്പ് മലയാളനാടിൽ വന്നു. ഒ.വി. വിജയൻ ധർമ്മപുരാണം എഴുതാൻ കാട്ടിയ ധൈര്യം ആ കൃതി ഖണ്ഡശഃയായി പ്രസിദ്ധീകരിച്ചുകൊണ്ട് ഞങ്ങൾ ആവർത്തിക്കുന്നു എന്നായിരുന്നു മലയാളനാടിൽ എസ്.കെ. നൽകിയ പരസ്യം. മലയാളനാടല്ലാതെ മറ്റൊരു പ്രസിദ്ധീകരണവും അടിയന്തരാവസ്ഥക്കാലത്ത് ഇത്തരത്തിലൊരു സാഹസത്തിനു മുതിരുമായിരുന്നില്ല. ഇതിനിടെ നോവലിന്റെ പ്രസിദ്ധീകരണം തത്കാലത്തേക്ക് മാറ്റിവയ്ക്കണമെന്ന വിജയന്റെ നിർദേശം എസ്. കെ അംഗീകരിച്ചു. ഭരണകൂടത്തെ അവഹേളിക്കുന്ന ധർമ്മപുരാണം പ്രസിദ്ധീകരിച്ചാൽ എഡിറ്ററും നോവലിസ്റ്റും ജയിലിൽ പോകുമെന്നുറപ്പായിരുന്നു. അതിനാൽ 1977 മാർച്ചിൽ അടിയന്തരാവസ്‌ഥക്ക് ശേഷമാണ് ധർമ്മപുരാണം മലയാള നാടിൽ പ്രസിദ്ധീകരിച്ചത്.

ധർമ്മപുരാണം 1977 ഒക്ടോബർ 16 ലക്കം മലയാള നാടിൽ

1972 -ലാണ് എസ്.കെ. നായർ ചലച്ചിത്ര നിർമാണ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആ വരവും വേറിട്ടതായിരുന്നു. വയലാർ രാമവർമ്മ വഴിയാണ് എസ്. കെ. നായർ നിർമ്മിച്ച ആദ്യ ചിത്രമായ ന്യൂ ഇന്താ ഫിലിംസിൻ്റെ ‘ചെമ്പരത്തി’യുടെ സംവിധാനം പി.എൻ. മേനോനെ ഏൽപ്പിക്കുന്നത്. പ്രേംനസീറടക്കം അന്നത്തെ താരനിരയൊന്നുമില്ലാതെ രണ്ടാം നിര നടന്മാരായ സുധീർ, രാഘവൻ എന്നിവരേയും നായികയായി പുതുമുഖമായ ശോഭനയേയും വെച്ച് പി.എൻ. മേനോൻ സംവിധാനം ചെയ്ത ‘ചെമ്പരത്തി’ വൻ വിജയം നേടി. അക്കാലത്ത് മലയാളത്തിൽ ഏറ്റവും കൂടുൽ പരസ്യം ചെയ്ത സിനിമയായിരുന്നു 1972 -ൽ പുറത്ത് വന്ന ‘ചെമ്പരത്തി’. മലയാളത്തിൽ സമാന്തര സിനിമയെന്ന് വിളിച്ച ചലച്ചിത്രങ്ങൾ ആദ്യം ചെയ്ത സംവിധായകനായിരുന്നു പി.എൻ മേനോൻ. എസ്. കെ. നായർ എം. ജി. ആറിനും കരുണാനിധിക്കും വേണ്ടി ‘ചെമ്പരത്തി’ പടത്തിൻ്റെ പ്രീവ്യൂ ഷോ നടത്തി മദ്രാസിലെ സിനിമാക്കാരുടെ ഇടയിൽ തരംഗം സൃഷ്ടിച്ചു. മലയാറ്റൂർ രാമകൃഷ്ണനായിരുന്നു കഥയും തിരക്കഥയും, ഗാനവിഭാഗം വയലാർ-ദേവരാജൻ- യേശുദാസ്, മാധുരി. ”ചക്രവർത്തിനീ നിനക്കു ഞാനെന്റെ ശിൽപ്പഗോപുരം തുറന്നൂ…” എന്ന ഗാനം കാണാനും കേൾക്കാനും ആളുകൾ തിയേറ്ററിൽ ഇടിച്ച് കയറി. മേനോനും എസ്.കെയും മലയാള സിനിമാ രംഗം ഇളക്കിമറിച്ചു.

എസ്.കെ. നായർ, വയലാർ രാമവർമ്മ മലയാറ്റൂർ രാമുഷ്ണൻ, രവി, പി. എൻ. മേനോൻ ചെമ്പരത്തി സിനിമാക്കാലത്ത്

ചെമ്പരത്തി 25 ദിവസം നിറഞ്ഞ സദസ്സിൽ കേരളത്തിലെ തിയറ്ററുകളിൽ ഓടിയപ്പോൾ എസ്.കെ നായർ കൊല്ലത്ത് വെച്ച് വൻ ആഘോഷം നടത്തി. സംവിധായകൻ പി. എൻ. മേനോന് ഒരു അംബാസഡർ കാറ് തന്നെ വേദിയിൽ വെച്ച് സമ്മാനമായി പ്രഖ്യാപിക്കുകയും ശേഷം പി.എൻ മേനോന് കാറിന്റെ താക്കോൽ നൽകുകയും ചെയ്തു. സംവിധായകർക്ക് ചെയ്ത പണിക്ക് പോലും മര്യാദക്ക് പ്രതിഫലം കൊടുക്കാത്തവരാണ് അന്നത്തെ മലയാള ചലച്ചിത്ര നിർമ്മാതാക്കളിൽ ഭൂരിഭാഗവും. സംവിധായകന് പ്രതിഫലത്തിന് പുറമേ കാറ് സമ്മാനമായി കൊടുത്ത എസ്.കെ ശൈലി കണ്ട മലയാള സിനിമാക്കാർ അന്തം വിട്ടു.

ചെമ്പരത്തി വൻ വിജയം നേടി. ഇനി പടത്തിന് അവാർഡ് വേണം. സിനിമാ രംഗത്ത അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും പ്രസ്റ്റീജിയസ് അവാർഡായിരുന്നു ‘ടൈംസ്’ ഗ്രൂപ്പിൻ്റെ ‘ഫിലിം ഫെയർ’ അവാർഡ്. ഓസ്കാർ അവാർഡ് പോലെ വൻ രീതിയിൽ സംഘടിപ്പിക്കുന്ന ഫിലിം ഫെയർ അവാർഡിൽ പങ്കെടുക്കാൻ ഗ്രിഗറി പെക്കിനെ പോലെ പ്രസിദ്ധരായ ഹോളിവുഡ് താരങ്ങൾ വരെ അതിഥികളായി എത്തിയിരുന്നു. തെന്നിന്ത്യിലെ എല്ലാ ഭാഷാ ചിത്രങ്ങൾക്കും ഫിലിം ഫെയർ അവാർഡ് നൽകാറുണ്ട്. സർക്കാർ അവാർഡിനേക്കാൾ കളർഫുള്ളാണ് ഫിലിം ഫെയർ. അതായിരുന്നു എസ്.കെ യുടെ നോട്ടം. ഫിലിം ഫെയർ വാരികയിൽ പ്രസിദ്ധീകരിക്കുന്ന കൂപ്പൺ പൂരിപ്പിച്ചു അയക്കണം. ഗ്യാലപ് പോൾ രീതിയിലാണ് തെരഞ്ഞെടുപ്പ്. എസ്.കെയുടെ താവളവും സ്വന്തം ബാർ ഹോട്ടലുമായ കൊല്ലത്തെ ‘നീല’ യുടെ രണ്ടാം നിലയിൽ ഇരുന്ന് എസ്.കെ. പദ്ധതി തയാറാക്കി. എസ്.കെ യുടെ സുഹൃത്തിയ ജനയുഗം ദിനപത്രത്തിലെ മുതിർന്ന പത്ര പ്രവർത്തകനും സിനിമാ- സ്പോട്സ് പ്രത്യേക ലേഖകനുമായ വിതുര ബേബിയെ ഹോട്ടൽ നീലയിലേക്ക് വിളിച്ചു വരുത്തി. എസ് കെയെന്ന ബുദ്ധിമാനായ ബിസിനസ്സ്കാരൻ പറഞ്ഞു- “ഇത്തവണ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളുടെ മത്സരത്തിലേക്ക് നമ്മുടെ പടം ‘ചെമ്പരത്തി’ അയക്കണം. മലയാള സിനിമ അവാർഡിനുള്ള ഗാലപ്‌ പോൾ ഫോറം ഫിലിം ഫെയറിൻ്റെ ഈ ലക്കത്തിലുണ്ട്. പത്തു നാൽപത് ലക്ഷം രൂപ മുടക്കി നമ്മളും ഒരു പടം എടുത്തതല്ലേ? ചിത്രം നന്നായി ഓടിയെങ്കിലും അതിനൊന്നുരണ്ട് അവാർഡ് കിട്ടുന്നത് നല്ല കാര്യമല്ലേ. ഒന്നു പിടിച്ചു നിൽക്കണമെങ്കിൽ കുറുക്കുവഴികൾ നോക്കിയേ പറ്റൂ.”
“കേരളത്തിൽ കിട്ടാവുന്നത്ര ഫിലിം ഫെയർ കോപ്പികൾ നമ്മൾ വാങ്ങിച്ചു. എല്ലാം കൂടി ഒരു നൂറ്റിമുപ്പത് കോപ്പി കിട്ടി. ഫിലിം ഫെയർ കോപ്പികളെല്ലാം വാങ്ങാൻ മദ്രാസിലേക്ക് ആൾ പോയിട്ടുണ്ട്. അതെല്ലാംകൊണ്ട് നാളെ ഉച്ചയ്ക്കുള്ള ട്രെയിനിൽ നമ്മുടെ ആൾ വരും.” “ഇപ്പോൾ കിട്ടിയ കോപ്പികളിലെ കൂപ്പണുകൾ എല്ലാം കട്ട്‌ചെയ്‌ത് പൂരിപ്പിച്ചുവെക്കുകയാണ്. നല്ല ചിത്രത്തിനുള്ള കോളത്തിൽ ചെമ്പരത്തി എന്നും നല്ല സംവിധായകൻ കോളത്തിൽ പി.എൻ. മേനോൻ എന്നും എഴുതണം. മാറ്റ് അവാർഡുകൾ യുക്തം പോലെ ആയിക്കോട്ടെ. അയക്കുന്ന ആളുകളുടെ പേരെഴുതുമ്പോൾ സൂക്ഷിക്കണം. പല ജില്ലകളിൽ നിന്നുള്ള പേരുകളാവണം. കൂട്ടത്തിൽ സ്ത്രീകളും വേണം. കയ്യക്ഷരവും വ്യത്യസ്‌തമാകണം. എഴുതി കവറിലാക്കി ആ കവറുകൾ വിവിധ സ്ഥലങ്ങളിൽ കൊണ്ടുചെന്ന് പെട്ടിയിലിടാം. മറ്റ് ജില്ലകളിലെ കാര്യം എഴുതുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. ആരും കാര്യങ്ങളൊന്നും തിരിച്ചറിയരുത്.” എസ്. കെ തൻ്റെ രഹസ്യ ഓപ്പറേഷൻ വിതുര ബേബിയോട് വിശദമായി പറഞ്ഞു.

എസ്. കെ ഫിലിം ഫെയറിൻ്റെ നാലഞ്ചു കോപ്പികൾ എടുത്തു വിതുര ബേബിയുടെ കയ്യിൽ കൊടുത്തു. വിതുര ബേബിയുടെ നേതൃത്വത്തിൽ ഉടനെ ഓപ്പറേഷൻ ആരംഭിച്ചു. ഒരു സംഘം ആളുകൾ ഫിലിം ഫെയറിൽ നിന്ന് ഫോറം മുറിച്ചെടുക്കുന്നു. ചിലർ ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുന്നു ജനങ്ങളുടെ അവാർഡ് തെരഞ്ഞെടുക്കുന്ന പ്രക്രിയ്യ കുറെക്കൂടി ഊർജ്ജസ്വലമാവട്ടെ എന്നു കരുതി എസ്. കെ. പരിചാരകർക്ക് കൽപ്പന കൊടുത്തു. “എല്ലാർക്കും ഓരോ ഡ്രിങ്ക്.. ഐസ് നന്നായി ഇട്ടോളൂ.” സേവനം കൂടുതൽ ത്വരിതപ്പെടാൻ ഇനി വേറെന്തു വേണം?
രാത്രിയായപ്പോഴേയ്ക്കും ജോലി തീർന്നു. നൂറ്റി ഇരുപത്തഞ്ചോളം ഫോറങ്ങൾ പൂരിപ്പിച്ച് കവറിനുള്ളിൽ ആയിക്കഴിഞ്ഞു. ഇനി നാളെ ഉച്ചയ്ക്കാണ് പണി. മദിരാശിയിൽ നിന്ന് ഒരഞ്ഞൂറ് കോപ്പിയെങ്കിലും കൊണ്ടുവരും. ആ കോപ്പികൾ കിട്ടിക്കഴിഞ്ഞാൽ പിന്നെ രണ്ട് രാത്രിയും പകലും വിശ്രമമില്ലാത്ത ജോലിയാണ്. പിറ്റേന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരക്ക് എല്ലാവരും നീലാ ഹോട്ടലിൻ്റെ രണ്ടാം നിലയിൽ സമ്മേളിച്ചു. ഒന്നരക്ക് മദ്രാസ് മെയിലിൽ കോപ്പികളുമായി ആളെത്തും. എല്ലാവരും നല്ല ഉഷാറിലാണ്. ആ ഉഷാർ ചോർന്ന് പോകാതിരിക്കാൻ എസ്.കെ രംഗത്ത് വന്നു. “ശിവൻകുട്ടി… എല്ലാവർക്കും ഓരോ ഡ്രിങ്ക്. കൊറച്ച് കപ്പലണ്ടീം കടുമാങ്ങേം കൂടി എടുത്തോ?” ശിവൻകുട്ടി കൊണ്ടുവന്ന ഡ്രിങ്ക് എല്ലാവരും ഒറ്റയടിക്ക് ഉള്ളിലാക്കുന്നു. കപ്പലണ്ടി കൊറിക്കുന്നു. ഡ്രിങ്കുകൾ പിന്നേയും വരുന്നു. മദ്രാസിന് പോയ പരമേശ്വരൻ ഉച്ചയായപ്പോൾ എത്തി. അയാളുടെ മുഖം മ്ലാനം. അയാൾ മേശമേൽ വെച്ച ചെറിയ കടലാസുപൊതി എസ്.കെ. ഉത്സാഹത്തോടെ തുറന്നു. അതിനുള്ളിൽ ഫിലിം ഫെയറിൻ്റെ പതിനഞ്ചു കോപ്പികൾ മാത്രം. പരമേശ്വരൻ്റെ നേരെ എസ്.കെ ചോദ്യ പൂർവ്വം തുറിച്ച് നോക്കി. പരമേശ്വരൻ പരിഭ്രാന്തിയോടെ പറഞ്ഞു- “നമുക്ക് കഷ്ടകാലമാണ് സാർ. മദ്രാസിൽ ഫിലിംഫെയർ മാർക്കറ്റിൽ വന്ന ആ നിമിഷം തന്നെ മഞ്ഞിലാസിൻ്റെ ആളുകൾ കോപ്പികൾ ഒന്നോടെ തൂത്തുവാരി കൊണ്ടുപോയി. ഞാൻ മദ്രാസിൽ ചെല്ലുമ്പോൾ മരുന്നിനൊരു കോപ്പി പോലുമില്ല”. ഷോക്കേറ്റതുപോലെ എസ്.കെ. താൻ ഇരുന്ന കസേരയിലേക്ക് ചാഞ്ഞു. മഞ്ഞിലാസ് മലയാള സിനിമാ നിർമ്മാണ രംഗത്തെ അന്നത്തെ കേമന്മാരാണ്. സിനിമാ രംഗത്തെ എല്ലാ കളികളും അറിയാവുന്ന അതിൻ്റെ ഉടമ ത്രിസ്സൂരുകാരൻ എം.ഒ. ജോസഫ് ഈ മത്സരത്തിൽ ആദ്യമേ എസ്. കെ. യെ മലർത്തിയടിച്ചു. പക്ഷേ, അക്കൊല്ലത്തെ ഫിലിം ഫെയർ അവാർഡ് പ്രഖ്യാപനം വന്നപ്പോൾ രണ്ട് അവാർഡ് ചെമ്പരത്തിക്ക് കിട്ടി . ‘ചെമ്പരത്തി’ മികച്ച ചിത്രം. അതിലെ നായിക റോജ രമണി(ശോഭന) മികച്ച നടി.. അതെങ്ങനെ സംഭവിച്ചു? അതിൻ്റെ രഹസ്യം എസ്.കെ നായർക്ക് മാത്രമേ അറിയൂ.!

പമ്മൻ്റെ നോവൽ ഭ്രാന്ത്
തുടങ്ങുന്നു

ചെമ്പരത്തി’ എന്ന സൂപ്പർ ഹിറ്റ് പടത്തിന്റെ അസാമാന്യ വിജയത്തിൽ മതിമറന്ന നിർമ്മാതാവായ എസ്.കെ. നായർ നിർമ്മിച്ച തന്റെ രണ്ടാമത്തെ പടമാണ് ‘ചായം’. മലയാളികളുടെ സദാചാര ബോധത്തെ കടന്നാക്രമിച്ച ആദ്യത്തെ മലയാള ചലച്ചിത്രം. മകനാണെന്നറിയാത്ത അമ്മ. അമ്മയാരെന്നറിയാത്ത മകൻ. ഈഡിപ്പസ് കോംപ്ലക്‌സ് എന്ന മനശാസ്ത്ര തത്വത്തിന്റെ അടിസ്ഥാനത്തിൽ കടും ചായം കലർത്താതെ അനാവരണം ചെയ്യുന്നതാണ് ‘ചായ’ത്തിന്റെ തിരക്കഥ. കഥ കൊള്ളാം. പക്ഷേ, ഈ ആശയം എങ്ങനെ സിനിമാരൂപമാക്കും? ചർച്ചയിൽ പി എൻ. മേനോൻ സംശയിച്ചു, നമ്മുടെ പ്രേക്ഷകർ ഇത് സ്വീകരിക്കുമോ? അവിടെയുണ്ടായിരുന്ന വയലാർ രാമവർമ്മ, മേനോന് ധൈര്യം കൊടുത്തു- “നല്ലൊരു വിഷയമാണ്. മേനോന്റെ പേര് കേട്ടാൽ തന്നെ ജനം തീയറ്ററിൽ ഇടിച്ച് കേറിക്കോളും. സമൂഹത്തിനോടുള്ള വെല്ലുവിളിയാണ് ഈ ചിത്രം”.
ഈ കഥ തന്നെ മതി. എസ്. കെ. തീരുമാനിച്ചു. ഇതു പോലെ ഒരു വിഷയം സിനിമയാക്കാൻ ധൈര്യം കാണിക്കാൻ അന്ന് എസ്.കെ. നായർക്കു മാത്രമേ പറ്റൂ. ‘ചെമ്പരത്തി’ക്ക് ശേഷം വന്ന പി.എൻ മേനോൻ ചിത്രം ‘ചായം’ കാണാൻ ജനം തിയറ്ററിൽ ഇടിച്ചു കയറി. ടൈറ്റിലിൽ പി.എൻ. മേനോന്റെ പേര് തെളിഞ്ഞപ്പോൾ തിയേറ്ററുകളിൽ ഉഗ്രൻ കയ്യടി, നിർമ്മാണം എസ്.കെ. നായർ എന്ന് വന്നപ്പോഴും കരഘോഷം ഉയർന്നു .

പടം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ കഥയിൽ മകന് അമ്മയോട് പ്രേമം തുടങ്ങിയതോടെ പ്രേക്ഷകർ കൂവാൻ തുടങ്ങി. ചിത്രകാരനായ സുധീർ സ്വന്തം അമ്മയായ ഷീലയെ ബലാൽക്കാരത്തിന് ശ്രമിക്കുന്ന രംഗമെത്തിയപ്പോഴക്കും പ്രേക്ഷകർ അക്രമാസക്തരായി. സ്വന്തം അമ്മയാണ് ഷീല എന്ന് സുധീറിന് അറിയില്ലെങ്കിലും പ്രേക്ഷകർക്കറിയാമല്ലോ. അവർ കൂവിക്കൊണ്ട് തിയ്യേറ്ററിലെ കസേരകൾ തല്ലിപ്പൊളിച്ചു. മതിലുകളിൽ പതിച്ച ചായത്തിന്റെ പോസ്റ്ററുകളിലേക്ക് അവർ ചാണകം വാരിയെറിഞ്ഞു. പി.എൻ. മേനോൻ എന്ന നാറിയെ കയ്യിൽ കിട്ടിയാൽ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് ആക്രോശിച്ചു. തിയേറ്റർ പരിസരത്ത് പി.എൻ. മേനോൻ ഇല്ലാത്തതിനാൽ തല്ല് കിട്ടാതെ രക്ഷപ്പെട്ടു. എന്നിട്ടും ‘ചായം’ കാണാൻ രണ്ടാഴ്ച ജനക്കൂട്ടമുണ്ടായി. വിവാദം എന്താണെന്ന് അറിയാൻ വന്നവരും അതിലുണ്ടായിരുന്നു. വാസ്തവത്തിൽ പി.എൻ. മേനോന്റെ ചിത്രങ്ങളിൽ സാങ്കേതികമായി മുന്നിട്ടു നിന്ന ഏറ്റവും നല്ല ചിത്രം ‘ചായ’മായിരുന്നു. തെലുങ്കിലടക്കം ഇതര ഭാഷകളിൽ ഈ ചിത്രം എടുക്കാൻ ചിലർ ശ്രമിച്ചെങ്കിലും പി.എൻ. മേനോനെ പോലെ ധൈര്യമുള്ള സംവിധായകൻ ഇല്ലാത്ത കാരണം അത് നടന്നില്ല. മഴക്കാറ്’, ‘മുച്ചീട്ട് കളിക്കാരൻ്റെ മകൾ’ എന്നീ രണ്ട് പടങ്ങൾ കൂടി നിർമ്മിച്ച ശേഷം ന്യൂ ഇന്ത്യ ഫിലിംസ് നിർമ്മാണക്കമ്പനി എസ്.കെ അടച്ചു പൂട്ടി. തോപ്പിൽ ഭാസിയുടെ ‘ഒളിവിലെ ഓർമ്മകൾ’ ചലച്ചിത്രമാക്കാൻ എസ്.കെ ക്ക് പദ്ധതിയുണ്ടായിരുന്നു. കഥയുടെ അവകാശം എസ്.കെ. വാങ്ങുകയും ചെയ്തു. പിന്നീട് അത് നടക്കില്ലെന്നായപ്പോൾ ‘ഒളിവിലെ ഓർമ്മകൾ’ സിനിമയാക്കാൻ നടൻ സുകുമാരൻ ആ കഥ വാങ്ങി. സുകുമാരനും അത് സിനിമയാക്കിയില്ല.

വയലാർ രാമവർമ്മ എസ്.കെ. നായരുടെ ജീവിതത്തിൽ അസാമാന്യ സ്വാധീനം ചെലുത്തിയ ഒരാളായിരുന്നു. 1975 ഒക്ടോബറിൽ 27 -ന് വയലാർ അന്തരിക്കുമ്പോൾ അനാഥമായ കവിയുടെ കുടുംബത്തിൻ്റെ ഭാവിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആദ്യം ചിന്തിച്ചത് എസ്.കെ യായിരുന്നു. എസ്.കെ, മലയാറ്റൂർ, ത്രിവിക്രമൻ, മദ്രാസിലെ എ.കെ ഗോപാലൻ എന്നിവർ മുഖ്യമന്ത്രി സി. അച്യുത മേനോനെ കാണുകയും വയലാർ ട്രസ്റ്റ് രൂപീകരിക്കകയും ചെയ്തു. ആദ്യത്തെ വയലാർ സാഹിത്യ അവാർഡ് ലളിതാംബിക അന്തർജനത്തിന്റെ ‘അഗ്നിസാക്ഷി’ക്കായിരുന്നു. 1977 ഒക്ടോബർ 27 -ന് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ ആദ്യത്തെ വയലാർ അവാർഡ് ദാനച്ചടങ്ങ് നടന്നു. അന്നത്തെ മുഖ്യമന്ത്രി ശ്രീ. എ. കെ. ആന്റണി ശ്രീമതി. ലളിതാംബിക അന്തർജ്ജനത്തിന് അവരുടെ ‘അഗ്നിസാക്ഷി’ എന്ന കൃതിയുടെ പേരിൽ ഒന്നാമത്തെ വയലാർ അവാർഡ് സമർപ്പിച്ചു. അവാർഡിനോടനുബന്ധിച്ച് യേശുദാസും മാധുരിയും പങ്കെടുക്കുന്ന ഗാനമേള ദേവരാജൻ മാസ്റ്റർ ഒരുക്കിയിരുന്നു. എന്നാൽ അതിന് മുൻപ് ഒരു സംഭവുണ്ടായി. വൻ ജനാവലി പാട്ടു കേൾക്കാനെത്തിയിരുന്നു. വേദിയിൽ ഉപഹാരം കൊടുക്കാനായി വയലാർ ട്രസ്റ്റ് അംഗമായ എസ്.കെ നായർ യേശുദാസിനെ വിളിച്ചതോടെ ഒരു ഉരസൽ ആരംഭിച്ചു. എസ്.കെ നായർ ‘യേശു’ എന്ന് വിളിച്ചത് യേശുദാസിന് രസിച്ചില്ല. യേശുദാസ് ക്ഷുഭിതനായി ചോദിച്ചു-“മോന് എന്നെ യേശു എന്ന് വിളിക്കാൻ എന്താണ് കാര്യം?” തന്റെ മേൽ കുതിര കേറാൻ ആരെയും അനുവദിക്കാത്ത ആളാണ് യേശുദാസ് എന്ന വ്യക്തി അന്നും ഇന്നും. ആരുടേയും ധാർഷ്ട്യം അനുവദിച്ചു കൊടുക്കാത്ത ആളാണ് എസ് .കെ നായർ. രണ്ടു പേരും ഇതേ ചൊല്ലി ഇടഞ്ഞു. ഒടുവിൽ ട്രസ്റ്റ് അംഗങ്ങളായ ത്രിവിക്രമനും എ.കെ. ഗോപാലനും ഇടപെട്ട് രംഗം ശാന്തമാക്കി. പിന്നെ പ്രശ്‌നമൊന്നും ഉണ്ടായില്ല. പക്ഷേ, യേശുദാസ് വയലാർ ട്രസ്റ്റുമായി പിന്നീട് ഒരിക്കലും സഹകരിച്ചില്ല.

എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളാ നായരുടെ എം.ടി യുമായുള്ള പത്ത് വർഷത്തെ വിവാഹബന്ധം തകർന്നിരുന്നു. അതിന്റെ പിന്നിലെ കാരണങ്ങളും ചെറുകഥകളെഴുതിയിരുന്ന പ്രമീളാ നായരുടെ പിന്നീടുള്ള സാഹിത്യജീവിതം എം.ടി ഇടപെട്ട് ഇല്ലാതാക്കി എന്നും ആരോപിച്ച് സ്ഥാപിക്കുന്നതുമായ ഒരു പുസ്തകം പുറത്തു വന്നു: ‘എംറ്റി സ്‌പെയ്‌സ്: ബാഷ്പീകൃതയുടെ ആറാം വിരൽ’. ആ പുസ്തകത്തിൽ പ്രമീളാ നായരുടെ നോവൽ ‘നഷ്ടബോധങ്ങൾ’ മലയാളനാടിൽ അച്ചടിക്കാതെ തിരിച്ചയച്ചു എന്ന് ആരോപിക്കുന്നു. മലയാള നാടിൽ പ്രസിദ്ധീകരിച്ച പ്രമീളാ നായരുടെ ആത്മകഥാപരമായ നോവലും (നഷ്ടബോധങ്ങൾ.1981), 12 അദ്ധ്യായങ്ങൾ പ്രസിദ്ധീകരിച്ച ശേഷം മലയാളനാട് നോവൽ നിറുത്തി. അതിന് കാരണം മലയാളനാട് ഉടമ – ചീഫ് എഡിറ്റർ എസ്. കെ. നായർക്ക് എം. ടി. വാസുദേവൻ നായർ അയച്ച കത്താണ് എന്ന് ഈ വിവാദ പുസ്തകം പറയുന്നു.

പമ്മൻ്റെ ‘ഭ്രാന്ത് ‘ നോവൽ മലയാള നാടിൽ പ്രസിദ്ധീകരിച്ചതിനെ ചൊല്ലിയുള്ള കോലാഹലം നടക്കുന്ന സമയത്താണ് എം.ടി യുടെ ഈ കത്ത് എസ്.കെ. നായർക്കും മലയാളനാടിനും ലഭിക്കുന്നത്. സ്വാഭാവികമായും ഇനിയൊരു കുഴപ്പം വേണ്ടെന്ന് എസ്.കെ നായർ തീരുമാനിച്ചതാകാം. ഇവിടെ ഓർക്കേണ്ട കാര്യം മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാളനാടും തമ്മിൽ ഒരു താരതമ്യവും ഇല്ല. എസ്.കെ. നായർ എന്ന പത്രയുടമ എം.ടി വിരട്ടിയാൽ പേടിക്കുന്ന വ്യക്തിയും അല്ല. എം. ടി. അത്തരം വിരട്ടുകളുടെ ആളുമല്ല. എം.ടി.യുടെ കത്ത് മലയാള നാടിന് കിട്ടി രണ്ട് മാസം കഴിഞ്ഞ് 1978 സെപ്റ്റംബർ 17 ലക്കം മലയാള നാടിൽ, പ്രമീളാ നായരുടെ ‘ആൻ ഈവിനിംഗ് വിത്ത് ഫെനി’ എന്ന കഥ അച്ചടിച്ച് വന്നു. എം. കൃഷ്ണൻ നായർ കഥകളെ വിശകലനം ചെയ്ത ലേഖനമുള്ള ഓണപ്പതിപ്പ് പോലെ സുപ്രധാനമായ ഒരു ലക്കത്തിൽ പ്രമീളാ നായരുടെ കഥ ഉൾപ്പെടുത്തിയത് എസ്.കെ. നായരുടെ ചീഫ് എഡിറ്റർ എന്ന ധൈര്യമാണ്. അതിനാൽ സാഹിത്യ രംഗത്ത് എം.ടി യെ പേടിച്ച് മലയാള നാട് അവരെ പൂർണ്ണമായും തഴഞ്ഞു എന്ന് പറയുന്നത് ശരിയല്ല.

വി.ബി.സി യെപ്പോലെ മലയാള നാടിൻ്റെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ച ഒരാളാണ് എഴുത്തുകാരനായ ജോർജ്ജ് വർഗീസ് എന്ന കാക്കനാടൻ. 1970 മുതൽ 1973 വരെ മലയാള നാടിൻ്റെ എഡിറ്ററായ കാലത്ത് മലയാള നാടിൽ പുതിയ എഴുത്തുകാർക്ക് ഇടം നൽകി അവരെ പ്രോത്സാഹിപ്പിച്ചു. ടി ആറിന്റെ ‘ഉല്പത്തി വിചാരം’, ‘കോരുമ്പോടത്ത് കോരൂട്ടി’, മാധവിക്കുട്ടിയുടെ ‘എൻ്റെ കഥ’ എന്നിവ പ്രസിദ്ധീകരിക്കുന്നത് കാക്ക നാടൻ എഡിറ്ററായിരുന്നപ്പോഴാണ്. കാക്കനാടൻ്റെ തന്നെ രചനകൾ – ‘പറങ്കിമല’, ‘അടിയറവ്’, ‘കോഴി’, ‘ഒറോത’, ‘ഈ നായ്ക്കളുടെ ലോകം’ തുടങ്ങിയ നോവലുകളും കഥകളും മലയാളനാടിലൂടെ പുറത്ത് വന്നു. വാരികയുടെ ‘രണ്ടു തലമുറകളുടെ ശബ്ദം’ എന്ന പേരിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ‘നേരും നുണയും’ എന്ന കൃതിയെക്കുറിച്ച് കാക്കനാടൻ എഴുതിയ ഗ്രന്ഥ നിരൂപണം ഏറെ ശ്രദ്ധിക്കപ്പെട്ടു. സി എൻ കരുണാകരൻ, കെ വി ഹരിദാസ്, എ സി കെ രാജ തുടങ്ങിയ യുവചിത്രകാരന്മാരെ മലയാള നാടിന് വേണ്ടി ചിത്രങ്ങളൊരുക്കാൻ കാക്കനാടൻ കൊണ്ടു വന്നു. ചിത്രകാരൻ സി എൻ കരുണാകരൻ പ്രസിദ്ധീകരണങ്ങളിൽ വര ആരംഭിച്ചത് മലയാള നാടിലൂടെയാണ്. കവിയായ ചാത്തന്നൂർ മോഹൻ. പത്രപ്രവർകനായ പി കെ. ശ്രീനിവാസൻ, പെരുമ്പടവം ശ്രീധരൻ എന്നിവരൊക്കെ മലയാളനാട് എഡിറ്റോറിയൽ വിഭാഗത്തിലെ പ്രധാന ചുമതലകൾ ഓരോ കാലഘട്ടത്തിൽ നിർവ്വഹിച്ചു.

പിന്നീട് കലാകൗമുദിയിലും ഇന്ത്യാ ടുഡെ മലയാളത്തിലും പ്രവർത്തിച്ച പി.കെ. ശ്രീനിവാസൻ ‘മലയാളനാട് – സ്മരണകളിൽ സുവർണ രേഖ’(2026) എന്നൊരു പുസ്തകം എഴുതി. മലയാള സാഹിത്യത്തിൻ്റെ ഒരു കാലഘട്ടത്തിൽ സാഹിത്യകാരന്മാരെയും അവരുടെ രചനകളെയും ധന്യമാക്കിയ മലയാള നാട് വാരികയുടെ സമഗ്രമായ ചരിത്രം പ്രതിപാദിക്കുന്ന ഒന്നാന്തരം പുസ്തകമാണത്. മലയാള നാടിലൂടെ വെളിച്ചം കണ്ട 15 വർഷത്തെ മലയാള സാഹിത്യ ചരിത്രം അതിലുണ്ട്. മലയാള നാട് സിനിമാ ദ്വൈവാരിക, മധുരം വാരിക എന്നീ രണ്ട് പ്രസിദ്ധീകരണങ്ങൾ മലയാള നാട് ഗ്രൂപ്പിൽ നിന്ന് കുറച്ച് നാൾ പ്രസിദ്ധീകരിച്ചിരുന്നു. 1981 -ൽ എസ്.കെ ‘നോക്കെത്താത്ത തീരങ്ങൾ’ എന്നൊരു പംക്തി മലയാള നാടിൽ എഴുതാൻ ആരംഭിച്ചു. അനുഭവ കുറിപ്പുകളോ ആത്മകഥയോ പൊലെയുള്ള ആ കുറിപ്പുകൾ കുറച്ചു ഭാഗം മാത്രമേ പ്രസിദ്ധീകരിച്ചുള്ളൂ. അത് പുസ്തകമാക്കാൻ എസ്.കെ ക്ക് ആഗ്രഹമുണ്ടെങ്കിലും നടന്നില്ല.

പി കെ ശ്രീനിവാനെഴുതിയ പുസ്തകം :’മലയാളനാട് – സ്മരണകളിൽ സുവർണ രേഖ

1982 -ഓടെ എസ്.കെ യുടെ ആരോഗ്യം മോശമായി. ഒപ്പം സാമ്പത്തികമായുള്ള തകർച്ചയും. വലിയ രീതിയിൽ ചിന്തിക്കുക മാത്രമല്ല ചിലവും അത് പോലെയായപ്പോൾ തകർച്ച അനിവാര്യമായി. കെ. ശ്രീനിവാസൻ എഴുതിയിട്ടുണ്ട്. എസ്.കെ ക്ക് അന്നത്തെ നിലയിൽ ഒരു കോടി രൂപയുടെ ബാദ്ധ്യതയുണ്ടെന്ന്. “ഈ ലിസ്റ്റ് കണ്ടോ? ഇതെല്ലാം സുഹൃത്തുക്കളായ എഴുത്തുകാർക്ക് ഞാൻ കൊടുത്ത തുകയാണ്. സംഭാവന എന്നുപറയാനും പറ്റില്ല. ഭാവിയിൽ തരാനുള്ള സാഹിത്യത്തിൻ്റെ പേരിലുള്ള സംഭാവന എന്നുവേണമെങ്കിൽ പറയാം. ഓരോ തവണയും വന്ന് അഭ്യർത്ഥിക്കുമ്പോൾ അവരുടെ ആവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കും കൊടുത്ത തുകയാണ് ഇതെല്ലാം. ഇതൊന്നും തിരിച്ചുകിട്ടുമെന്ന ധാരണയിൽ കൊടുത്തതുമല്ല. പ്രതീക്ഷയുമില്ല. ഇത്തരത്തിൽ ഏതാണ്ട് പത്തുലക്ഷത്തോളം രൂപ ഞാൻ അവർക്കൊക്കെ ദാനം ചെയ്‌തിട്ടുണ്ട്. ഇതിൽപ്പെടാത്ത കണക്കുകൾ വേറെയും. (1982 -ലെ പത്തുലക്ഷത്തിനുള്ള മതിപ്പ് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ) സാഹിത്യസൃഷ്ടികൾക്കുള്ള അഡ്വാൻസ് എന്ന നിലയിലാണ് കണക്ക് പുസ്തകത്തിൽ അവ എഴുതിവച്ചിട്ടുള്ളത് (’മലയാളനാട് – സ്മരണകളിൽ സുവർണ രേഖ’ പേജ് 137).

മരണതിന് ഒരാഴ്ച മുൻപ് ആശുപത്രിയിൽ വെച്ച് എസ്. കെ എഴുതിയ ഒരു കുറിപ്പ് മരണ ശേഷം മലയാള നാടിൽ അച്ചടിച്ചു വന്നു. “പക്ഷേ മരണവും ഞാനും എങ്ങനെ ഏറ്റുമുട്ടുമെന്ന് എനിക്കൊരൂഹവുമില്ലായിരുന്നു. 1983 ജനുവരി പതിനെട്ടാം തീയതി മുതൽ ഇരുപത്തിയാറാം തീയതിവരെ മരണവും ഞാനും കട്ട കട്ട കളിച്ചു. മരണം പറഞ്ഞു: ‘ഞാൻ പിന്നെ വരാം സമയമായിട്ടില്ല നിന്നെ പുൽകുവാൻ’. നിന്നെ കീഴടക്കുവാനെന്നു മരണം പറഞ്ഞില്ല. പുൽകുവാനെന്നേ പറഞ്ഞുള്ളു’. 1983 ജൂലൈ 16 -ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് എസ്.കെ. നായർ അന്തരിച്ചു. ഒരു വർഷത്തിന് ശേഷം മലയാളസാഹിത്യത്തിനും പത്രപ്രവർത്തനരംഗത്തും അസാധാരണമായ ചലനങ്ങൾ സൃഷ്ടിച്ച ‘മലയാളനാട്’, മലയാളിയുടെ മനസ്സിൽ ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ട് എന്നെന്നേക്കുമായി അപ്രത്യക്ഷമായി.

Content Summary: A tribute to S.K. Nair, the visionary founder of Malayala Nadu weekly, highlighting his transformative influence on Malayalam literature, journalism, and cinema, and the lasting legacy of the iconic publication.

This post was last modified on July 18, 2026 7:35 pm

പി രാംകുമാര്‍:
Related Post
Leave a Comment