July 14, 2026 |
Share on

ആകാശത്തിന്റെ അതിരുകൾ താണ്ടിയ ‘ഫിയർലെസ് ഫെലിക്സ്’ , മരണത്തിലും സാഹസികത!

ശബ്ദ വേഗതയെയും തോൽപ്പിച്ച സ്‌കൈഡൈവര്‍

ചില മനുഷ്യർ ഭൂമിയുടെ അതിരുകൾക്കപ്പുറം ജീവിക്കാൻ പിറന്നവരാണ്. ഒരു ദശാബ്ദത്തിന് മുമ്പ് ഭൂമിയിൽ നിന്ന് 24 മൈൽ ഉയരെ സ്ട്രാറ്റോസ്ഫിയറിലൂടെ ശബ്ദ വേഗതയെയും തോൽപ്പിച്ച് താഴേക്കിറങ്ങിയ ആദ്യത്തെ സ്‌കൈഡൈവര്‍, ഫെലിക്‌സ് ബൗംഗാർട്നർ അങ്ങനെയൊരാളായിരുന്നു. 2012-ൽ, ബഹിരാകാശത്തിന്റെ അതിരുകളിൽ നിന്ന് ഒരു തൂവൽ പോലെ അദ്ദേഹം ഭൂമിയിലേക്ക് പറന്നിറങ്ങിയപ്പോൾ, ലോകം മുഴുവൻ ആ കാഴ്ച കൗതുകത്തോടെ നോക്കി നിന്നു. ‘ഫിയർലെസ് ഫെലിക്സ്’ എന്നാണ് ആളുകൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ആകാശത്തിന്റെ നീലിമയിൽ നിന്ന് ഭൂമിയിലേക്ക് പാറിവീഴുമ്പോഴും, ഭയം അദ്ദേഹത്തിന്റെ നിഘണ്ടുവിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഓരോ ചാട്ടവും, മനുഷ്യ ധൈര്യത്തിന്റെ പ്രതീകമായി ലോകം കണ്ടു. എന്നാൽ, ആകാശം എന്നെന്നേക്കുമായി അദ്ദേഹത്തെ തിരികെ വിളിക്കാൻ തീരുമാനിച്ച ദിവസമായിരുന്നു ഇന്നലെ. വ്യാഴാഴ്ച ഇറ്റലിയിൽ വച്ചുണ്ടായ അപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മോട്ടോറൈസ്ഡ് പാരാഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടമായതോടെ 56കാരനായ ഫെലിക്സ് ബൗംഗാർട്നർ പോർട്ടോ സാൻറ് എൽപിഡിയോ നഗരത്തിലെ ഒരു ഹോട്ടലിന്റെ നീന്തൽക്കുളത്തിനടുത്ത് ഇടിച്ച് വീഴുകയായിരുന്നു.

അപകടം സംഭവിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമായിട്ടില്ല. എപിഎയുടെ റിപ്പോർട്ടുകൾ അനുസരിച്ച്, പറക്കുന്നതിനിടെ പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന് പാരാമോട്ടോർ പാരാഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, ബൗംഗാർട്നർ തന്റെ പറക്കലിന്റെ വീഡിയോകളും ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ചിരുന്നു. തന്റെ അവസാന പോസ്റ്റുകളിലൊന്നിൽ, ഒരു വിമാനത്താവളത്തിന്റെ ചിത്രത്തിന് അദ്ദേഹം നൽകിയ അടിക്കുറിപ്പ് “ടൂ മച്ച് വിൻഡ്” എന്നായിരുന്നു.

ലോകം കണ്ട വിസ്മയം

ഫെലിക്സ് ബൗംഗാർട്നർ ഒരു ഓസ്ട്രിയൻ സ്കൈഡൈവറായിരുന്നു. 2012-ൽ ബഹിരാകാശത്തിന്റെ അതിർത്തിയിൽ നിന്ന് റെക്കോർഡ് സ്ഥാപിച്ച ചാട്ടത്തിലൂടെയാണ് അദ്ദേഹം കൂടുതൽ അറിയപ്പെട്ടിരുന്നത്. വിക്കിപീഡിയ അനുസരിച്ച്, സ്ട്രാറ്റോസ്ഫിയറിൽ നിന്ന് 24 മൈൽ താഴേക്ക് പതിച്ച അദ്ദേഹം, ഒരു പാരച്യൂട്ടിന്റെ സഹായമില്ലാതെ ശബ്ദത്തിന്റെ വേഗത മറികടന്ന ആദ്യത്തെ വ്യക്തിയായി. പരിശീലനം ലഭിച്ച ഒരു BASE ജമ്പർ കൂടിയായിരുന്ന അദ്ദേഹം, സാഹസികമായ വ്യോമ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിലും പ്രശസ്തനായിരുന്നു.

ആയിരക്കണക്കിന് ആകാശച്ചാട്ടങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. വിമാനങ്ങളിൽ നിന്നും വമ്പൻ പാലങ്ങളിൽ നിന്നും ബ്രസീലിലെ ക്രൈസ്റ്റ് റെ‍ഡീമർ അടക്കമുള്ള ലോകത്തിലെ സുപ്രധാനമായ പല നിർമ്മിതികൾക്ക് മുകളിൽ നിന്നും ഫെലിക്സ് ബൗംഗാർട്നർ ആകാശച്ചാട്ടങ്ങൾ നടത്തിയിരുന്നു.
താനൊരു ‘ആകാശത്തിന്റെ ദൈവം’ ആണെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഫെലിക്സ് ബൗംഗാർട്നർ, തന്റെ കൗമാരകാലം മുതൽക്കേ പാരച്യൂട്ടിംഗ് ആരംഭിച്ചിരുന്നു. പിന്നീട് അദ്ദേഹം ബേസ് ജമ്പിംഗ് പോലുള്ള കഠിനമായ സാഹസിക വിനോദങ്ങളിലും ഏർപ്പെട്ടു. ഇംഗ്ലീഷ് ചാനലിന് കുറുകെ സ്കൈഡൈവിംഗ്, മലേഷ്യയിലെ പെട്രോണാസ് ടവറിൽ നിന്ന് പാരച്യൂട്ടിംഗ് എന്നിവ അദ്ദേഹത്തിന്റെ മറ്റ് പ്രധാന നേട്ടങ്ങളിൽ ചിലതാണ്.

സമീപ വർഷങ്ങളിൽ, യൂറോപ്പിലുടനീളമുള്ള ഷോകളിൽ ഫ്ലയിംഗ് ബുൾസ് എന്ന ടീമിനൊപ്പം ഹെലികോപ്റ്റർ സ്റ്റണ്ട് പൈലറ്റായി അദ്ദേഹം പ്രകടനം നടത്തിയിരുന്നു. ഓസ്ട്രിയയിൽ, ഒരു സർക്കാർ സംവിധാനമെന്ന നിലയിൽ സ്വേച്ഛാധിപത്യത്തെ പിന്തുണയ്ക്കുന്നതുൾപ്പെടെയുള്ള തന്റെ നിലപാടുകൾ കാരണം അദ്ദേഹം പലപ്പോഴും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കൂടാതെ, 2010-ൽ സാൽസ്ബർഗിനടുത്തുള്ള ഒരു ഗതാഗതക്കുരുക്കിനിടെയുണ്ടായ തർക്കത്തിൽ ഒരു ഗ്രീക്ക് ട്രക്ക് ഡ്രൈവറുടെ മുഖത്ത് ഇടിച്ചതിന് ബൗംഗാർട്നറിന് 1,500 യൂറോ പിഴ ചുമത്തുകയും ചെയ്തിരുന്നു.

content summary: skydive pioneer Felix Baumgartner died in a paragliding accident

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×