‘ശോഭാ സുരേന്ദ്രനായിരുന്നെങ്കില്‍ പാലക്കാട് ഫലം മാറിയേനെ’; ബിജെപിക്കുള്ളില്‍ പശ്ചാത്താപം

മത്സരിച്ച തിരഞ്ഞൈടുപ്പുകളിലെല്ലാം വോട്ട് വര്‍ധിപ്പിച്ച ബിജെപിയുടെ തീപ്പൊരി വനിതാ നേതാവ്

പാലക്കാട് നിയമസഭാ നിയോജക മണ്ഡലത്തില്‍ ബിജെപിക്ക് ഏറെ വിജയസാധ്യതയുണ്ടെന്ന പ്രതീതിയുണ്ടാക്കിയ ഉപതിരഞ്ഞെടുപ്പില്‍ ആദ്യമായി അവര്‍ രണ്ടാം സ്ഥാനത്ത് വന്ന 2016 ല്‍ കിട്ടിയതിനേക്കാള്‍ പതിനായിരത്തിലധികം വോട്ടുകളുടെ കുറവ്. സിപിഎമ്മിന്റെ പ്രമുഖ നേതാവ് എന്‍എന്‍ കൃഷ്ണദാസിനെ മൂന്നാം സ്ഥാനത്താക്കി അന്ന് കേരളത്തെ ഞെട്ടിച്ചത് ശോഭാ സുരേന്ദ്രനാണ്. മത്സരിച്ച തിരഞ്ഞൈടുപ്പുകളിലെല്ലാം വോട്ട് വര്‍ധിപ്പിച്ച് താരമായ ബിജെപിയുടെ തീപ്പൊരി വനിതാ നേതാവ്. ഇത്തവണ പാലക്കാട് ശോഭാ സുരേന്ദ്രന്റെ സാധ്യത വെട്ടിയാണ് സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്ന അമര്‍ഷം കൂടിയാണ് ബിജെപിക്കാര്‍ തീര്‍ത്തത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഫലം വന്ന പുറകെ മുന്‍ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ നടത്തിയ പ്രതികരണത്തിലും അത് വ്യക്തമാണ്. പാലക്കാട് നഗരസഭ മുതല്‍ ലോക്സഭ വരെ മത്സരിക്കാന്‍ ബിജെപിക്ക് വേറെയാരുമില്ലേ എന്ന ചോദ്യം. ഈ തോല്‍വി സി കൃഷ്ണകുമാറിന്റെ രാഷ്ട്രീയഭാവിയെയും കെ സുരേന്ദ്രന്റെ നേതൃത്വത്തെയും ദുര്‍ബലമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാത്തതുകൊണ്ട് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നുയെന്ന പ്രചരണവും കത്തിപ്പടരും. വനിതാ സംവരണ ബില്‍ പാസാക്കുകയും സ്ത്രീ നേതാക്കളെ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നു എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ബിജെപിക്കുള്ളില്‍ ഇത് വലിയ ചര്‍ച്ചയാകും. മാത്രമല്ല, ശോഭാ സുരേന്ദ്രനായിരുന്നു സ്ഥാനാര്‍ത്ഥിയെങ്കില്‍ സന്ദീപ് വാര്യര്‍ ബിജെപി വിടുന്ന സാഹചര്യം ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നും ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു.

Sobha Surendran

പാലക്കാട്ട് കഴിഞ്ഞ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജയിച്ചത് യുഡിഎഫ് ആണ്; അതില്‍ രണ്ടിലും രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയും. 2016ലും 2021ലും. 2011ല്‍ ആദ്യമായി ഷാഫി പറമ്പില്‍ 47641 വോട്ടുകള്‍ ( 42.41%) നേടി ജയിക്കുമ്പോള്‍ രണ്ടാം സ്ഥാനത്ത് വന്നത് സിപിമ്മിലെ കെ കെ ദിവാകരനാണ്. അദ്ദേഹത്തിന് 40,238 വോട്ടുകള്‍ ( 35.82%) കിട്ടി. അന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി ഉദയഭാസ്‌കറിന് കിട്ടിയത് 22,317 വോട്ടുകളാണ്; 19.86%. പക്ഷേ, 2016ല്‍ ശോഭാ സുരേന്ദ്രന്‍ ഇത് 40,076 (29.08%) ആയി വര്‍ധിപ്പിച്ചു. കോണ്‍ഗ്രസും സിപിഎമ്മും അല്ലാത്ത ഒരാള്‍ പാലക്കാട്ട് രണ്ടാമതെത്തിയത് അന്നാണ്. എന്‍ എന്‍ കൃഷ്ണദാസ് 38,675 വോട്ടുകളുമായി (28.07%) മൂന്നാം സ്ഥാനത്ത്. 2021ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഇ ശ്രീധരന് കിട്ടിയത് 50,220 (35.34%), ഇപ്പോള്‍ സി കൃഷ്ണകുമാറിന് കിട്ടിയത് 39,649. അതായത് എട്ട് വര്‍ഷം മുമ്പ് 2016ല്‍ ശോഭാ സുരേന്ദ്രന് കിട്ടിയതിനേക്കാള്‍ 527 വോട്ടുകള്‍ കുറവ് മാത്രമേ ഇപ്പോള്‍ പോലും കൃഷ്ണകുമാറിന് കിട്ടിയുള്ളു. 2011ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സി ഉദയഭാസ്‌കറിന് കിട്ടിയതിലും 17,759 വോട്ടുകളാണ് തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍പ്പോലും ശോഭാ സുരേന്ദ്രന്‍ നേടിയത്.

പാലക്കാട് ബിജെപിക്ക് വേണമെങ്കില്‍ ജയിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം കിട്ടുന്നത് 2016ലെ തിരഞ്ഞെടുപ്പ് ഫലത്തോടെയാണ്. ഇത്തവണ മാറ്റിനിര്‍ത്തിയിട്ടും ശോഭാ സുരേന്ദ്രന്‍, സി കൃഷ്ണകുമാറിന്റെ പ്രചാരണ രംഗത്ത് സജീവമായിരുന്നതും മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. വിചിത്രമായ അവഗണനയാണ് ശോഭയ്ക്ക് നേരെ മുമ്പും ഉണ്ടായിട്ടുള്ളത്. ആദ്യമായി ബിജെപിയെ രണ്ടാമതെത്തിച്ചിട്ടും പിന്നാലെ നടന്ന 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ പാലക്കാട് നിയമസഭാ സീറ്റുള്‍പ്പെടുന്ന പാലക്കാട് ലോക്സഭാ സീറ്റ് അവര്‍ക്ക് നല്‍കിയില്ല; തൊട്ടുമുമ്പ് 2014ല്‍ അവിടെ മത്സരിച്ചത് ശോഭയായിട്ടുപോലും. അന്നും സി കൃഷ്ണകുമാറിനാണ് സീറ്റ് കൊടുത്തത്. ലോക്സഭയിലേക്ക് 2,18,556 വോട്ടുകള്‍ നേടി. പക്ഷേ, ആകെ പോള്‍ ചെയ്തതില്‍ ബിജെപിക്ക് കിട്ടിയ വോട്ടുകളുടെ ശതമാനക്കണക്ക് നോക്കിയാല്‍ 2014ല്‍ ശോഭാ സുരേന്ദ്രന് കിട്ടിയതുമായി ചെറിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. 2014ല്‍ 6.29 %, 2019 ല്‍ 6.44%. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പാലക്കാട്ട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ തന്നെയായിരുന്നു. എല്‍ഡിഎഫ് രണ്ടാമതെത്തി; സി കൃഷ്ണകുമാര്‍ മൂന്നാമതുമായി. നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി രണ്ടാമതെത്തിയത് പാലക്കാട് മാത്രമാണ്.

Sandeep warrier 

2004ല്‍ യുഡിഎഫ് സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായി കെ മുരളീധരന്‍ മത്സരിച്ച് എ സി മൊയ്തീനോട് വടക്കാഞ്ചേരിയിലും പിന്നീട് ഡൊമിനിക് പ്രസന്റേഷനെതിരെ എറണാകുളം ഉപതിരഞ്ഞെടുപ്പിലും തൊട്ടുമുന്‍ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയേക്കാള്‍ വോട്ട് വര്‍ധിപ്പിക്കാന്‍ ശോഭാ സുരേന്ദ്രന് കഴിഞ്ഞു. 2019ലെ ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെയും 2024ലെ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെയും മികച്ച പ്രകടനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. 2014ലെ സ്ഥാനാര്‍ത്ഥിയേക്കാള്‍ ആറ്റിങ്ങലില്‍ ഒന്നേമുക്കാല്‍ ലക്ഷത്തോളം വോട്ടുകളും 2019ല്‍ ഡോ.കെഎസ് രാധാകൃഷ്ണന് കിട്ടിയതിനേക്കാള്‍ 2024ല്‍ ആലപ്പുഴയില്‍ ഒന്നേകാല്‍ ലക്ഷത്തോളം വോട്ടുകളുമാണ് ശോഭാ സുരേന്ദ്രന് അധികം കിട്ടിയത്. ഇത് ദേശീയ നേതൃത്വത്തിന്റെ മുന്നില്‍ ചര്‍ച്ചയായി മാറുകയും ചെയ്തു. എന്നിട്ടും കെ സുരേന്ദ്രന്റെയും സി കൃഷ്ണകുമാറിന്റെയും നിര്‍ബന്ധത്തിന് വഴങ്ങി പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അവരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേതൃത്വം മടിച്ചു. അതിന്റെ പ്രത്യാഘാതം കൂടിയാണ് ഇപ്പോഴത്തെ ഫലം.

സന്ദീപ് വാര്യരേക്കാള്‍ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനമുള്ള ശ്രദ്ധേയ നേതാവായ ശോഭാ സുരേന്ദ്രന്‍ കൂടി സന്ദീപിന്റെ വഴി സ്വീകരിച്ചാല്‍ കേരളത്തിലെ ബിജെപിക്ക് പിടിച്ച് നില്‍ക്കാനാകില്ല എന്നുകൂടിയാണ് ഈ ഫലം തെളിയിക്കുന്നത്.Sobha Surendran was not nominated and had to accept defeat

Content Summary: Sobha Surendran was not nominated and had to accept defeat

This post was last modified on April 25, 2026 12:09 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment