പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയം അപ്രതീക്ഷിതമായ പലതിനുമാണ് സാക്ഷം വഹിക്കുന്നത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് കളിയുടെ വിധി മാറ്റിയെഴുതിയതെന്നു പറയാം. ബുംറ തകര്‍പ്പന്‍ ഫോമിലാണ്. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്ന 30 കാരനായ ഫാസ്റ്റ് ബൗളര്‍, ടെസ്റ്റിന്റെ ആദ്യ ദിനം നടത്തിയ പ്രകടനമാണ് അവസാനിച്ചു എന്നു കരുതിയിടത്ത് നിന്ന് ഇന്ത്യയെ ഉര്‍ത്തെഴുന്നേല്‍പ്പിച്ചത്. ഒന്നാം ദിവസം നാല് വിക്കറ്റുകളാണ് ക്യാപ്റ്റന്‍ വീഴ്ത്തിയത്. മത്സരത്തിലേക്ക് ഞങ്ങള്‍ തിരിച്ചെത്തിയെന്ന് എതിരാളികളെ മനസിലാക്കി കൊടുത്ത പ്രകടനം. രണ്ടാം ദിവസത്തെ ആദ്യ സെഷനിലെ തന്റെ ആദ്യ സ്‌പെല്ലിലെ ആദ്യ പന്തില്‍ തന്നെ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററായ അലക്സ് കാരിയെ പുറത്താക്കി ടെസ്റ്റിലെ തന്റെ 11-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടവും ബുംറ പൂര്‍ത്തിയാക്കി.
തന്റെ 90മത്തെ ഇരയായാണ് അലക്‌സ് കാരിയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലേക്ക് എത്തിയതെന്നു കൂടി ബുംറയുടെ അഞ്ചാമത്തെ വിക്കറ്റിന് പ്രസക്തിയുണ്ട്. ആ മാസ്മരിക സ്‌പെല്‍ കേവലം അഞ്ച് വിക്കറ്റ് നേട്ടം ഉറപ്പാക്കുക മാത്രമല്ല, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ (ഡബ്ല്യുടിസി) ഒരൊറ്റ പതിപ്പില്‍ 50 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ പേസര്‍ എന്ന റെക്കോര്‍ഡും ക്യാപ്റ്റന് ചാര്‍ത്തികൊടുത്തിട്ടുണ്ട്. ഈ നേട്ടം ലോക ക്രിക്കറ്റിലെ മുന്‍നിര ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളെന്ന ബുംറയുടെ ഖ്യാതി കൂടുതല്‍ ഉറപ്പിച്ചിരിക്കുകയാണ്.
പെര്‍ത്തിലെ അഞ്ച് വിക്കറ്റ് നേട്ടം ബുംറയെ ഒരു ടെസ്റ്റ് ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ എലൈറ്റ് ക്ലബ്ബിലേക്കും എത്തിച്ചു. ബുംറയ്ക്ക് മുമ്പ് അഞ്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. വിനു മങ്കാദ് (1), ബിഷന്‍ ബേദി (8), കപില്‍ ദേവ് (4), അനില്‍ കുംബ്ലെ (2) എന്നിവരാണ് മുന്‍ഗാമികള്‍. 2007ല്‍ എംസിജിയില്‍ കുംബ്ലെ ഓസ്ട്രേലിയയ്ക്കെതിരെ 84 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് നേടിയതായിരുന്നു ഇതിനു മുമ്പത്തെ പ്രകടനം.
ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം കൊടുക്കുന്നയാള്‍ എന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും തന്റെ സ്ഥാനം മനസിലാക്കിയുള്ള പെരുമാറ്റമാണ് ബുംറയില്‍ നിന്ന് കാണാനാകുന്നത്. അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള ബുംറയുടെ ആഘോഷം അതിന്റെ അടയാളമായിരുന്നു. അത്യാഹ്ലാദമില്ല. അദ്ദേഹം ശാന്തനായി തന്റെ ബൗളിംഗ് മാര്‍ക്കിലേക്ക് തിരികെ നടക്കുകയായിരുന്നു. നഥാന്‍ ലിയോണ്‍ ക്രീസിലെത്തുന്നത് വരെ ഗ്രൗണ്ടില്‍ ആഘോഷം നടത്താനൊന്നും അയാള്‍ തയ്യാറായിരുന്നില്ല. ഈ ശാന്തമായ സംയമനം ബുംറയിലെ നായകനെയാണ് എടുത്തു കാണിക്കുന്നത്. തന്റെ നേട്ടത്തിന്റെ വലിപ്പം അയാള്‍ക്ക് അറിയാമായിരുന്നു.എന്നാല്‍ കളിയില്‍ വേണ്ട ശാന്തതയും ശ്രദ്ധയും നിലനിര്‍ത്താനാണ് അയാള്‍ തയ്യാറായത്, ആത്മവിശ്വാസത്തോടെയും സമചിത്തതയോടെയും തന്റെ ടീമിനെ നയിക്കാനാണ് അയാള്‍ ആഗ്രഹിക്കുന്നത്.
ബൗളിംഗ് ആക്രമണത്തില്‍ മറുവശത്ത്, അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണയും ബുംറയ്ക്ക് മികച്ച പിന്തുണ നല്‍കി. ആദ്യ ഇന്നിംഗില്‍ മൂന്നു വിക്കറ്റുകളാണ് റാണ സ്വന്തമാക്കിയത്. അരങ്ങേറ്റത്തിലെ ഈ പ്രകടനം റാണ ഒരു മികച്ച വാഗ്ദാനം ആണെന്ന് ഉറപ്പിക്കുന്നു. ബുംറയ്ക്കൊപ്പം നിന്ന് അയാള്‍ ഓസീസ് ബാറ്റര്‍മാര്‍ക്ക് സമ്മര്‍ദം നല്‍കി. ഇന്ത്യയുടെ പേസ് ആക്രമണത്തിന് വിലപ്പെട്ട ഒരു സമ്പത്താണയാള്‍. രണ്ട് പേസര്‍മാരും ചേര്‍ന്ന് ഓസ്ട്രേലിയയുടെ ടോപ്പ് ഓര്‍ഡറിനെ നിരന്തരമായി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു, പ്രത്യേകിച്ചും ബുംറ. തന്റെ ക്ലാസ് വ്യക്തമാക്കിക്കൊണ്ട് കളി ഇന്ത്യക്ക് അനുകൂലമാക്കാന്‍ ക്യാപ്റ്റന് സാധിച്ചു.
പെര്‍ത്തിലെ ഒന്നാം ഇന്നിംഗ്‌സ് പ്രകടനം ബുംറയെ 2024ല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിച്ചു. നിലവില്‍ 61 വിക്കറ്റുകള്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ പേരിലുണ്ട്. ശ്രീലങ്കയുടെ വനിന്ദു ഹസരംഗ (60 വിക്കറ്റ്), ഓസീസ് താരം ആദം സാമ്പ (50 വിക്കറ്റ്), ഓസ്ട്രേലിയയുടെ തന്നെ ജോഷ് ഹേസല്‍വുഡ് (48 വിക്കറ്റ്) എന്നിവരാണ് പിന്നിലുള്ളത്. വര്‍ഷം മുഴുവനും ബുംറ നടത്തിപ്പോരുന്ന സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ അദ്ദേഹത്തെ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളാക്കി ഉറപ്പിച്ചിരിക്കുകയാണ്. ഒന്നാം ടെസ്റ്റ് ആവേശകരമായി മുന്നേറുകയാണ്, ഇന്ത്യയിപ്പോള്‍ മേധാവിത്വം പുലര്‍ത്തുന്നുണ്ട്. ബുംറയുടെ നേതൃത്വവും അസാധാരണമായ ബൗളിംഗ് പ്രകടനവും ഇന്ത്യയ്ക്ക് കാര്യങ്ങള്‍ അനുകൂലമാക്കുന്നതിനും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മേധാവിത്വം ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നതിനും നിര്‍ണായകമാകും.
ഈ കളിയിലെ പ്രകടനം ഒരു ബൗളര്‍, ക്യാപ്റ്റന്‍ എന്നീ നിലകളില്‍ ബുറയുടെ വളര്‍ച്ചയുടെ തെളിവാണ്. മികച്ച ക്യാപ്റ്റന്‍സിയിലുടെ ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്മാര്‍ക്കിടയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് ബുറ. ഈ ക്രിക്കറ്റ് വര്‍ഷം അവസാനിക്കുന്നത് മുന്നേ ഇന്ത്യക്ക് ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കേ ഈ വര്‍ഷത്തെ മികച്ച വിക്കറ്റ് വേട്ടക്കാരുടെ ഇടയില്‍ തന്റെ സ്ഥാനം ഒന്നാമതായി തന്നെ നിലനിര്‍ത്താന്‍ ബുംറയ്ക്ക് കഴിയും. Jasprit Bumrah, Indian test captain performance in Border Gavaskar series
Content Summary; Jasprit Bumrah, Indian test captain performance in Border Gavaskar series