ഇന്ത്യയുടെ പതിനഞ്ചാം ഇംഗ്ലണ്ട് പര്യടനത്തെ കുറിച്ച് ആലോചിക്കുമ്പോൾ പലപ്പോഴും ശ്രദ്ധയിൽ പെടാതെ പോകുന്ന ഒരു കാര്യമുണ്ട്. ഈ പരമ്പരയിൽ ശ്രദ്ധ മുഴുവൻ കേന്ദ്രികരിക്കപ്പെടുന്നത് കളിക്കുന്ന താരങ്ങളിലല്ല മറിച്ച് കളിക്കാത്തവരിലാണ്.
ഒരു പതിറ്റാണ്ടിൽ അധികകാലമായി ഇന്ത്യയുടെ ബാറ്റിങ്ങ് നിരയിലെ മിന്നുന്ന സാന്നിധ്യങ്ങളായിരുന്ന രോഹിത് ശർമ്മ, വിരാട് കോലി, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നീ നാല് ലോകോത്തര ബാറ്റസ്മാൻമാരും ആൻഡേഴ്‌സൺ- ടെണ്ടുൽക്കർ ട്രോഫിക്കായുള്ള ഈ പരമ്പര കളിക്കുന്നില്ല. ഒപ്പം ലോകത്തെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരുടെ പട്ടികയിൽ സ്ഥിര സാന്നിധ്യമായിരുന്ന രവി അശ്വിൻ.ഇവരിൽ മുന്നുപേർ ഔദ്യോഗികമായി വിരമിച്ച് കഴിഞ്ഞിരിക്കുന്നു. പുജാരയും രഹാനെയും ഇനിയും വിരമിച്ചിട്ടില്ലെങ്കിലും അവർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല.
ഈ ഒരു പ്രത്യേക സാഹചര്യത്തിലാണ് ടീമിലുള്ള പേരുകളിൽ ഉപരി ഇല്ലാത്ത പേരുകൾ മുഖ്യ ചർച്ചാ വിഷയമാകുന്ന വിചിത്രാവസ്ഥ സംജാതമാകുന്നത്. ഈ അഞ്ച് പേരുടെ അഭാവം ആര് എങ്ങനെ എത്രത്തോളം നികത്തും എന്നതിലേക്ക് മാത്രമായി പരമ്പരയുടെ കൗതുകം ചുരുങ്ങി പോവുന്നത്.
തികച്ചും പുതിയ ബാറ്റിങ്ങ് നിര
തികച്ചും പുതിയത് എന്ന് പറയാവുന്ന, അനുഭവസമ്പത്ത് ഇല്ലാത്ത ഒരു ബാറ്റിങ്ങ് നിരയുമായാണ് ഇന്ത്യ ഇത്തവണ ഇംഗ്ലണ്ടിനെ നേരിടുന്നത്. കെ എൽ രാഹുലും ഋഷഭ് പന്തുമാണ് ഇംഗ്ലീഷ് കണ്ടീഷൻസിൽ കളിച്ച് പരിചയമുള്ള, മികച്ച ഏതാനും ഇന്നിംഗ്സ് കളിച്ച പൂർവ്വാനുഭവമുള്ള രണ്ട് പേർ. ക്യാപ്റ്റൻ ഗിൽ ആവട്ടെ കളിച്ച മൂന്ന് ടെസ്റ്റുകളിൽ നിന്ന് പതിനാല് ശാരാശരിയിൽ എൺപത്തിയെട്ട് റൺ മാത്രമാണ് നാളിതുവരെ ഇംഗ്ലണ്ടിൽ നേടിയിട്ടുള്ളത്.
ബാറ്റിങ്ങ് നിരയിൽ ബാക്കിയുള്ളവരിൽ സായി സുദർശൻ ആദ്യമായാണ് ഒരു ടെസ്റ്റ് പരമ്പര കളിക്കാനായി തിരഞ്ഞെടുക്കപ്പെടുന്നത്. അഭിമന്യു ഈശ്വരൻ ആവട്ടെ പല ടെസ്റ്റ് പരമ്പരകളിലും ടീമിൽ ഉണ്ടായിരുന്നു എങ്കിലും ഇനിയും തന്റെ കന്നി ടെസ്റ്റ് ക്യാപ്പ് നേടിയിട്ടില്ല. ദീർഘമായ ഒരു ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരുന്ന കരുൺ നായർക്കും ഇംഗ്ലണ്ടിൽ കളിച്ച് മുൻ പരിചയമില്ല. വിക്കറ്റ് കിപ്പർ ബാറ്റ്സ്മാൻ ആയ ധ്രുവ് ജുറലിന്റെ കാര്യവും വ്യത്യസ്തമല്ല.
കളിച്ച പരമ്പരകളിൽ എല്ലാം ഉജ്ജ്വലമായി ബാറ്റ് വീശിയ പാരമ്പര്യമുള്ള താരമാണെങ്കിലും യശസ്‌വി ജയ്‌സ്വാളിനും ഇംഗ്ലണ്ടിൽ ഇത് കന്നി അങ്കമാണ്. കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ത്രസിപ്പിക്കുന്ന പ്രകടനം നടത്തിയ പുത്തൻ പ്രതീക്ഷയായ നിതീഷ് റെഡി ആവട്ടെ ഇംഗ്ലണ്ടിൽ ആദ്യമായി ആണ് കളിക്കുന്നത് എന്നതിൽ ഉപരി പൊതുവിലുള്ള ഫോമിലെ ഇടിവുമായി മല്ലടിക്കുകയാണ്. അതായത് രവി ജഡേജയും ഒരു പരിധിവരെ എസ് താക്കൂറും കഴിഞ്ഞാൽ ഓൾറൗണ്ടർമാരിലും നമുക്ക് ഒരുപാടൊന്നും പ്രതീക്ഷിക്കാനില്ല.
ബെൻ സ്റ്റോക്‌സും ബാസ്‌ബോളും
മറുവശത്ത് ഇംഗ്ലീഷ് ബാറ്റിങ്ങ് നിര ബാസ്‌ബോൾ എന്ന ഒരു പുതിയ ബാറ്റിങ്ങ് സമീപനത്തിന് തന്നെ രൂപം നൽകി സ്വന്തം മണ്ണിലെങ്കിലും അത് ഫലപ്രദമായി നടപ്പിലാക്കി കൊണ്ടിരിക്കുന്നവരാണ്. പ്രതിരോധത്തിലുപരി എതിർപക്ഷ ബൗളിങ്ങിനെ കടന്നാക്രമിക്കുന്നത്തിൽ ഊന്നുന്ന ആ ബാറ്റിങ്ങ് സമീപനം തങ്ങളുടേതായ രീതിയിൽ വിജയിപ്പിച്ച താരങ്ങളാണ് ബെൻ ഡാക്കറ്റ്, ക്രോളി, ഹാരി ബ്രൂക്, ഓലി റോബിൻസൺ ഒക്കെയും. വിക്കറ്റ് കിപ്പറായ ജാമി സ്മിത്തിനും പത്ത് ടെസ്റ്റിൽ എഴുപത്തിരണ്ട് സ്‌ട്രൈക് റേറ്റിൽ, നാല്പത്തി രണ്ട് ശരാശയിൽ റൺ നേടി വരുന്നു.
ഫാബുലസ് ഫോർ എന്ന പേരിൽ അറിയപ്പെടുന്ന ലോകത്തെ ഏറ്റവും മികച്ച നാല് ബാറ്റ്‌സ്മാന്മാരിൽ ഇപ്പോൾ ബാക്കിയുള്ള മൂന്ന് പേരിൽ അവിശ്വസനീയമായ ഫോമിൽ കളിച്ചുകൊണ്ടിരുന്ന ജോ റൂട്ട് ആണ് ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിങ്ങ് നിരയുടെ നെടും തൂൺ.
പതിറ്റാണ്ടുകൾ നീണ്ട സ്ഥിരതയാർന്ന പ്രകടനങ്ങൾ കൊണ്ട് കയ്യൊപ്പ് ചാർത്തപ്പെട്ട തനത് ശൈലിയിൽ ജോ റൂട്ട് ബാറ്റ് ചെയ്യുമ്പോൾ അതിന് ചുറ്റുമായി ബാസ് ബോൾ ശൈലിയിൽ ബാറ്റ് വീശുന്ന മറ്റുള്ളവർ. പിന്നെ എത്തുന്നതോ, ഏത് അവസ്ഥയിൽ നിന്നും ഏത് സ്കോറും പിന്തുടർന്ന് മറികടക്കാനാവും എന്ന് മുൻ കാല പ്രകടനങ്ങളിൽനിന്ന് തെളിയിച്ച ബെൻ സ്റ്റോക്സ്.
യുവത്വവും പരിചയ സമ്പത്തും സമന്വയിക്കപ്പെട്ട, കരുത്തും കരുതലും ഒരുപോലെ ഉൾച്ചേർന്ന ഈ ബാറ്റിങ്ങ് നിരയുടെ പ്രഹര ശേഷിയെയാണ് പുതുമുഖങ്ങളെ കൊണ്ട് നിറഞ്ഞ ഇന്ത്യൻ ബാറ്റിങ്ങ് നിരയ്ക്ക് നേരിടാനുള്ളത് എന്നതാണ് ഈ പരമ്പരയുടെ പ്രത്യേകത എന്ന് പറയാം.
തുടങ്ങും മുമ്പേ തോറ്റ പരമ്പര?
ഈ ബിൽഡ് അപ് ഒക്കെ വായിച്ച് വരുമ്പോൾ നമ്മൾ തുടങ്ങും മുമ്പേ തോറ്റ് കഴിഞ്ഞോ ഈ പരമ്പര എന്ന് മാന്യ വായനക്കാർക്ക് ഒരു ആശങ്ക ഉള്ളിൽ ഉയരുന്നുണ്ടാവാം. എന്നാൽ വരട്ടെ, ബാറ്റിങ്ങ് മാത്രമല്ലോ ക്രിക്കറ്റ്. ബാറ്റിങ്ങ് നിരയുടെ പരിചയ സമ്പത്തും ഇതിനോടകം തെളിയിക്കപ്പെട്ട പ്രഹര ശേഷിയും ഒക്കെ പരിഗണിക്കുമ്പോൾ ആ മേഖലയിൽ ഇംഗ്ലണ്ടിനാണ് മേൽകൈ എന്ന് ന്യായമായും അനുമാനിക്കാം. എന്നാൽ അതുകൊണ്ട് മാത്രമായില്ലല്ലോ. അവരുടെ ബൗളിങ്ങ് നിരയെയും പരിശോധനയ്ക്ക് വിധേയമാക്കേണ്ട?
കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം ഇംഗ്ലണ്ട് ബൗളിങ്ങിന്റെ ഭാരം മുഴുവൻ തോളിലേറ്റിയ, ആയിരത്തിലധികം വിക്കറ്റുകൾ സമ്പാദ്യമായുള്ള ബ്രോഡ്- ആൻഡേഴ്‌സൺ ബൗളിങ്ങ് കൂട്ടുകെട്ട് ഇന്ന് പഴങ്കഥയായി കഴിഞ്ഞു. ഇന്ത്യയിൽ വച്ച് ഇന്ത്യയെ തോൽപ്പിക്കുക എന്ന യൂറോപ്യൻ ടീമുകൾ ഏതാണ്ട് അസാധ്യമായി കരുതിയിരുന്ന കൃത്യം ചെയ്ത് കാണിച്ച സ്വാൻ -പെൻസർ സ്പിൻ കൂട്ടുകെട്ട് പോലെ ഒന്ന് ഇംഗ്ലണ്ടിന് പതിറ്റാണ്ടുകൾ അധ്വാനിച്ചിട്ടും ഇനിയും നേടാനായിട്ടില്ല. നൂറ്റിയമ്പത് കിലോമീറ്റർ വേഗത്തിൽ പന്തെറിയാൻ ശേഷിയുള്ള മാർക്ക് വുഡ് എന്ന ചാമ്പ്യൻ ബൗളർ പരിക്കിന്റെ പിടിയിൽ ആയതിനാൽ ആവാം, ഇംഗ്ലീഷ് നിരയിൽ ഇല്ല.
ബൗളിംഗ് താരതമ്യം
ഇംഗ്ലണ്ട് ബൗളിംഗ് നിരയിലെ സാം കുക്ക്, ജാമി ഓവർട്ടൻ എന്നിവർ ഓരോ ടെസ്റ്റ് മാത്രം കളിച്ചവരാണ്. ജോഷ് ടോങ് ആവട്ടെ മൂന്ന് ടെസ്റ്റുകളും. മൂവർക്കും എടുത്ത് പറയത്തക്ക നേട്ടമൊന്നും കളിച്ച കളികളിൽ നിന്നും ഉണ്ടാക്കാനും ആയിട്ടില്ല. എന്നാൽ ബ്രൈഡൻ കാർസ് എന്ന ബൗളിംഗ് ഓൾറൗണ്ടർ അഞ്ച് കളികളിൽ നിന്നും ഇരുപത്തിയേഴ് വിക്കറ്റുകൾ നേടി കരിയറിന് മികച്ച തുടക്കം നേടിയ ആത്മവിശ്വാസത്തിലാണ്. സ്പിൻ നിരയിൽ ഇരുപത്തിയൊന്ന് കാരനായ ഷൊയബ് ബഷിർ പതിനാറ് ടെസ്റ്റിൽ നിന്നും അൻപത്തിയെട്ട് വിക്കറ്റ് നേടിയിട്ടുണ്ട്.
ഇംഗ്ലണ്ട് ബൗളിംഗ് നിരയിലെ ഏറ്റവും പരിചയ സമ്പന്നനായ ക്രിസ് വോക്‌സിന് അമ്പത്തിയേഴ് മത്സരങ്ങളിൽ നിന്നും നൂറ്റി എൺപത്തിയൊന്ന് വിക്കറ്റുകൾ നേടാൻ ആയിട്ടുണ്ട്. എന്നാൽ പരിക്കിൽ നിന്നും തിരിച്ച് വരുന്ന ഈ മുപ്പത്തിയാറുകാരന് പഴയ മുർച്ചയോടെ ഈ ദിർഘ പരമ്പര മുഴുവൻ പന്തെറിയാൻ ആവുമോ എന്നത് നിർണ്ണായകമായ ഒരു ചോദ്യമാണ്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇപ്പോൾ വീണ്ടും പന്തെറിയുന്നുണ്ട്, നിർണ്ണായകമായ ബ്രെക് ത്രൂകൾ നേടുന്നുണ്ട്. എന്നാൽ തന്റെ മുപ്പത്തിനാലാം പിറന്നാൾ ആഘോഷിച്ച് കഴിഞ്ഞ, പരിക്കുകളുടെ പാരമ്പര്യമുള്ള സ്റ്റോക്സിന് പരിചയ സാമ്പത്തില്ലാത്ത ഒരു ബൗളിംഗ് നിരയിൽ നിന്ന് ഉണ്ടാവാൻ സാധ്യതയുള്ള വീഴ്ചകളെ വോക്‌സിനൊപ്പം ദിർഘ സ്പെല്ലുകൾ എറിഞ്ഞ് പരിഹരിക്കാൻ ആവുമോ?
മറുവശത്ത് ഇന്ത്യയ്ക്ക് മൂന്ന് ഫോർമാറ്റിലും ലോക നമ്പർ വൺ എന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്ന ബുംറയുണ്ട് . മുപ്പത്തിയാറ് ടെസ്റ്റുകൾ കളിച്ച സിറാജ്, എണ്പതോളം ടെസ്റ്റുകൾ കളിച്ച ജഡേജ എന്നിവരും ഇംഗ്ലണ്ടിൽ പന്തെറിഞ്ഞ് മുൻ പരിചയം വേണ്ടുവോളം ഉള്ളവരാണ്. ബൗളിംഗ് ഓൾറൗണ്ടർ ആയ താക്കൂറും ഇംഗ്ലണ്ടിൽ മാത്രം നാലോളം ടെസ്റ്റ് കളിക്കുകയും മികച്ച ബാറ്റിങ്, ബൗളിങ്ങ് പ്രകടനങ്ങൾ നടത്തുകയും ചെയ്തിട്ടുള്ള താരമാണ്. ഫാസ്റ്റ് ബൗളർ ആകാശ് ദിപ്, ഇടം കയ്യൻ റിസ്റ്റ് സ്പിന്നർ കുൽഡിപ് എന്നിവർക്കും യഥാക്രമം പതിമൂന്നും ഏഴും ടെസ്റ്റുകൾ കളിച്ച പരിചയമുണ്ട്.
ആദ്യ ആൻഡേഴ്‌സൺ -ടെണ്ടുൽക്കർ കപ്പ് ആർക്ക്?
ഇതുവരെ പറഞ്ഞുവന്നത് ചുരുക്കിയാൽ ആദ്യ ആൻഡേഴ്‌സൺ- ടെണ്ടുൽക്കർ ട്രോഫി ടെസ്റ്റ് പരമ്പര പരിചയ സമ്പന്നമായ ഇംഗ്ലണ്ട് റ്റീമും പുതുമുഖ ഇന്ത്യൻ നിരയും തമ്മിൽ നടക്കുന്ന കളികൾക്കല്ല സാക്ഷ്യം വഹിക്കാൻ പോകുന്നത്. അത് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന് നിലവിൽ വിശേഷിപ്പിക്കാവുന്ന ജോ റൂട്ട് നയിക്കുന്ന പരിചയ സമ്പന്നമായ ഇംഗ്ലീഷ് ബാറ്റിങ്ങ് നിരയും ബൗളിങ്ങിൽ ഇതേ വിശേഷണങ്ങൾക്ക് അർഹനായ ബുംറ നയിക്കുന്ന, യുവത്വവും പരിചയ സമ്പത്തും ഒത്ത് ചേർന്ന ഇന്ത്യൻ ബൗളിങ്ങ് നിരയും തമ്മിലുള്ള പോരാട്ടമാണ്.
സായി സുദർശൻ, ജയ്‌സ്വാൾ, ഗിൽ , കരുൺ നായർ, അഭിമന്യു, ജുറൽ ഒന്നും ഇംഗ്ലീഷ് കാലാവസ്ഥയിൽ ബാറ്റ് ചെയ്ത് ഒരുപാട് പരിചയമുള്ളവർ അല്ലായിരിക്കാം. എന്നാൽ അവർക്ക് അനുഭവ സമ്പത്തിലെ കുറവുള്ളൂ, പ്രതിഭയിൽ ഇല്ല. അതുപോലെ തന്നെയാണ് താരതമ്യേനെ പരിചയ സമ്പത്ത് കുറഞ്ഞ ഇംഗ്ലണ്ട് ബൗളിംഗ് നിരയുടെ കാര്യവും. തങ്ങൾ കളിച്ച് വളർന്ന കാലാവസ്ഥയും പിച്ചുകളും എന്നത് മത്സര പരിചയത്തിലെ നേരിയ കുറവിനെ മൈതാനത്തിൽ മറികടക്കാൻ അവരെ സഹായിച്ചേക്കാം.
ഒരു പരമ്പരയുടെ ഫലം എന്നത് പലപ്പോഴും അന്തിമ സ്‌കോർ നിര സൂചിപ്പിക്കുന്നത് പോലെ ആവില്ല. ഇന്ത്യയോ ഇംഗ്ലണ്ടോ നാല് ഒന്ന് പോലെ ഒരു മാർജിനിൽ ജയിച്ചു എന്നിരിക്കട്ടെ. മത്സര ഫലം അക്കങ്ങളായി എടുത്താൽ തികച്ചും ഏക പക്ഷിയമായ ഒരു പരമ്പര ആവും സൂചിപ്പിക്കുന്നത്. എന്നാൽ കളി കൃത്യമായി ദിനം പ്രതി, സെഷൻ ബൈ സെഷൻ കണ്ടാലേ പോരാട്ടത്തിന്റെ തീവ്രത മനസ്സിലാവൂ. അവസാന സ്‌കോർ നില എന്തായാലും കപ്പ് ആരെടുത്താലും വരും കാല ഇംഗ്ലീഷ് ബൗളിങ്ങ് നിരയെയും ഇന്ത്യൻ ബാറ്റിങ്ങ് നിരയെയും കുറിച്ച് നിർണ്ണായകമായ ചില സൂചനകൾ കൂടി നല്കിക്കൊണ്ടായിരിക്കും ഈ പരമ്പര അവസാനിക്കുന്നത് . അതുകൊണ്ട് തന്നെ അത്തരത്തിൽ കളി കണ്ട് ആസ്വദിക്കുന്നവർക്ക് ആവേശമുണർത്തുന്ന ദിനങ്ങളാവും മുന്നിൽ എന്നത് ഉറപ്പാണ്.
content summary: Bumrah vs Bass Ball or Anderson-Tendulkar Trophy