90 ദിവസങ്ങള്‍. ഒരു ദൗത്യം. തെറ്റുകള്‍ക്ക് ഇടമില്ല. ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യവേട്ടയില്‍ സത്യത്തിനായുള്ള നിരന്തരമായ അന്വേഷണമാണ് ‘ദി ഹണ്ട്’. രാജീവ് ഗാന്ധി വധാന്വേഷണ കേസ്.
‘നമുക്ക് ദേഷ്യം വന്നാല്‍ ഒരാളെ ചെകിടത്തടിക്കുമായിരിക്കും. പക്ഷേ, എല്‍.ടി.ടി.ഇക്കാര്‍ കൊല്ലും.’
ലളിത് അതുലത്ത് മുതലി
മുന്‍ ശ്രീലങ്കന്‍ പ്രതിരോധ മന്ത്രി
രാജീവ് ഗാന്ധി വധക്കേസിന്റെ 90 ദിവസത്തെ അന്വേഷണം മികച്ച കാഴ്ചാനുഭവമായി വെബ് പരമ്പരയായതാണ് സോണി ലൈവില്‍ ഏഴ് ഭാഗങ്ങളായി ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തിയ വെബ് സീരീസ് ‘ദി ഹണ്ട്’. ഇപ്പോഴും ദുരൂഹതകള്‍ ചൂഴ്ന്ന് നില്‍ക്കുന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങളുള്ള രാജീവ് ഗാന്ധിയുടെ വധത്തിനും അതിന്റെ അന്വേഷണത്തിന് പിന്നിലെ അണിയറക്കഥകളും ഇതാദ്യമായി ഒരു വെബ് സീരിസിലൂടെ ‘ദി ഹണ്ട്’ എന്ന പരമ്പരയിലൂടെ അനാവരണം ചെയ്യപ്പെടുന്നു.

അതൊരു ദുരഹത നിറഞ്ഞ, ഇരുണ്ട അദ്ധ്യായങ്ങളുള്ള, ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രമാണ്. ജൂലൈ ആദ്യവാരത്തില്‍ ഏഴ് ഭാഗമായി സോണി ടി വി ലൈവ് ലൂടെ ‘ദി ഹണ്ട്’ രാജീവ് ഗാന്ധി അസാസിനേഷന്‍ എന്ന വെബ് പരമ്പര രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വെബ് സീരീസായി മുന്നേറുകയാണ്. 35 വര്‍ഷം കഴിഞ്ഞിട്ടും രാജീവ് ഗാന്ധി വധവും അതിന്റെ കേസന്വേഷണവും ഒരു പ്രഹേളികയാണെന്നും ജനങ്ങള്‍ ഇപ്പോഴും അതിന്റെ പിന്നിലെ ചില മറ നീക്കാത്ത, ദുരൂഹതകളെ കുറിച്ച് ഇപ്പോഴും ഉത്സുകരാണെന്ന് വേണം പറയാന്‍. The Terrorist (1997),Cyanide (2006). Mission 90 Days (2007), ‘Madras Cafe’ (2013), ഇതേ വിഷയത്തെ അടിസ്ഥാനമാക്കി പുറത്തുവന്ന നാല് ചലചിത്രങ്ങള്‍, കൂടാതെ രാജീവ് വധക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡി.ആര്‍. കാര്‍ത്തികേയനും രാധാ വിനോദ് രാജുവും ചേര്‍ന്നെഴുതിയ Triumph of Truth: The Rajiv Gandhi Assassination, the Investigation’ തൊട്ട് പത്രപവര്‍ത്തക നീനാ ഗോപാല്‍ എഴുതിയ The Assassination of Rajiv Gandhi (2016) വരെ പുറത്തിറങ്ങിയ അര ഡസന്‍ പുസ്തകങ്ങളും ഇപ്പോഴും പ്രസക്തമാക്കുന്നത് രാജീവ് ഗാന്ധി വധത്തിന്റെ പിറകിലെ ദൂരൂഹ സംഭവങ്ങള്‍ സജീവമായി ജനങ്ങളുടെ മനസ്സില്‍ രക്തം കട്ട പിടിച്ചപോലെ മായാതെ നില്‍ക്കുന്നു എന്ന വസ്തുതയാണ്.
ഹോളിവുഡിലെ മികച്ച ത്രില്ലര്‍ ചിത്രങ്ങളോട് കിടനില്‍ക്കുന്ന കേസന്വേഷണമായിരുന്നു രാജീവ് ഗാന്ധി വധക്കേസ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തില്‍ ഒരു കുറ്റവാളിക്ക് വേണ്ടി ഇത്ര വലിയ അന്വേഷണ വേട്ട നടന്നിട്ടില്ല. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നിഷ്ഠൂരമായി ചാവേര്‍ ബോംബിലൂടെ വധിച്ച എല്‍. ടി. ടി. ഇ എന്ന ഭീകരസംഘടനയുടെ ദൗത്യസംഘത്തിന്റെ മുഖ്യസൂത്രധാരനായ ഒറ്റക്കണ്ണന്‍ ശിവരശന്‍ അഥവാ വണ്‍ ഐ ജാക്കിള്‍ എന്ന ഭീകരനെ പിടികൂടാന്‍ പ്രത്യേകാന്വേഷണ സംഘം (SIT) നടത്തിയ അന്വേഷണം കുറ്റവാളിയെ ജീവനോടെ പിടിക്കാന്‍ നടത്തിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യവേട്ടയായിരുന്നു.

യഥാർത്ഥ കാർത്തികേയനും ടീമും മല്ലിഗെയിൽ. കാർത്തികേയൻ വലത്തെയറ്റം
90 ദിവസം കൊണ്ട് ലക്ഷ്യത്തിലെത്തിയ, ലോകത്തിലെ തന്നെ ഏറ്റവും ദീര്‍ഘമായ അന്വേഷണം നടന്ന കേസാണത്. 1,044 സാക്ഷികള്‍, 10,000 പേജ് സാക്ഷി മൊഴികള്‍, ഒരു ലക്ഷം ഫോട്ടോഗ്രാഫുകള്‍, 500 ഓളം വീഡിയോ കാസ്റ്റെറ്റുകള്‍, 1,447 രേഖകള്‍, 1,180 തെളിവുകള്‍, 55 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത് സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം. ഇതൊക്കെ ഈ വധക്കേസിന്റെ അപൂര്‍വ്വമായ സവിശേഷതകളാണ്. തമിഴ്നാട്ടില്‍ ആദ്യമായി ടാഡ ഉപയോഗിച്ച കേസ് എന്ന നിലയിലും രാജീവ് ഗാന്ധി വധക്കേസിന് പ്രാധാന്യമുണ്ട്.
33 വര്‍ഷം മുന്‍പ്, 1991 മെയ് 21 ന് തമിഴ്നാട്ടിലെ ശ്രീ പെരുംമ്പത്തൂരില്‍ രാത്രി 10 മണിയോടെ ഇലക്ഷന്‍ പ്രചരണത്തിനെത്തിയ മുന്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി പാര്‍ട്ടിക്കാരുടെ സ്വീകരണവും ഹാരാര്‍പ്പണവും സ്വീകരിക്കുന്നതിനിടയില്‍ മാലയണിയിക്കാനെത്തിയ എല്‍. ടി. ടി. ഇ വനിതാചാവേര്‍ പൊട്ടിത്തെറിച്ച് രാജീവ് ഗാന്ധിയടക്കം 16 പേര്‍ തല്‍ക്ഷണം മൃതിയടഞ്ഞു. ഈ ഉഗ്രസ്ഫോടനത്തില്‍ 20 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഈ നൂറ്റാണ്ടിലെ ഏറ്റവും നിഷ്ഠൂരമായ കൊലപാതകങ്ങളിലൊന്നായ രാജീവ്ഗാന്ധി വധം പിന്നീട് ഇന്ത്യയുടെ രാഷ്ട്രീയ സമവാക്യങ്ങള്‍ തന്നെ മാറ്റിമറിച്ച സംഭവമായി മാറി. ഈ കേസന്വേഷത്തോടെയാണ് എല്‍. ടി. ടി ഇ യെന്ന ഭീകര സംഘടനയുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലാന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ആദ്യമായി സാധിച്ചത്. വേണ്ട സമയത്ത് സഹായവും അഭയവും നല്‍കിയ ആതിഥേയ രാജ്യത്തിന് ഏറ്റവും വലിയ ഉപദ്രവമായി മാറിയ തമിഴ്‌നാട് മുഴുവന്‍ വ്യാപിച്ച എല്‍.ടി.ടി. ഇ എന്ന ഭീകരസംഘടനയുടെ തായ്വേര് അറുത്ത് എന്നെന്നേയ്ക്കുമായി ഇന്ത്യയില്‍ നിന്ന് തുടച്ചുനീക്കാന്‍ രാജിവ് ഗാന്ധി വധം പിന്നീട് ഹേതുവായി.

ദി ഹണ്ടിലെ കാർത്തികേയനും ടീമും മല്ലിഗെയിൽ
പ്രശസ്ത സംവിധായകന്‍ നാഗേഷ് കുക്കുനൂര്‍ സംവിധാനം ചെയ്ത ഈ പരമ്പര, ‘ദി ഹണ്ട് ‘ ’90 Days – The True Story of the Hunt for Rajeev Gandhi’s Assassins എന്ന അനിരുദ്ധ്യ മിത്രയുടെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യാ ടുഡേക്ക് വേണ്ടി രാജീവ് ഗാന്ധി വധക്കേസിന്റെ ഏറ്റവും മികച്ച റിപ്പോര്‍ട്ടുകള്‍ എഴുതിയ പത്രപ്രവര്‍ത്തകനായിരുന്നു അനുരുദ്ധ്യ മിത്ര. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ചാവേര്‍ ബോംബാക്രമണത്തെത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന തീവ്രമായ അന്വേഷണത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് അനിരുദ്ധ്യ മിത്രയുടെ പുസ്തകത്തെ അടിസ്ഥാനമാക്കിയ ഈ വെബ് സീരിസിന്റെ പ്രമേയം.
രാജീവ് ഗാന്ധിയുടെ വധത്തിന് പിന്നിലെ രാഷ്ട്രീയവും ഗൂഢാലോചനയും അതേപടി അവതരിപ്പിക്കുന്ന ഈ പരമ്പരയുടെ ശൈലി ഇന്ത്യന്‍ ചലച്ചിത്ര മേഖലക്ക് ഒരു മികച്ച മാതൃകയാണ്. സെന്‍സര്‍ഷിപ്പ് ഇല്ലാത്ത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ മികച്ച സാഹചര്യം കൃത്യമായി ഉപയോഗപ്പെടുത്തിയതിനാല്‍ സംഭവത്തിലെ യഥാര്‍ത്ഥ വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിക്കാന്‍ കഴിയുന്നു എന്നത് കുറെക്കൂടി ഈ പരമ്പരയെ ഉജ്ജ്വലമാക്കുന്നു. സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടെയും ശ്രദ്ധാപൂര്‍വ്വമുള്ള ആഖ്യാനവും ഓരോ നടന്റെയും അഭിനയത്തിലെ സമര്‍പ്പണവും വിഷയത്തിന്റെ ഗൗരവം നിലനിറുത്തിക്കൊണ്ടുള്ള നാടകീയമായുള്ള കഥ പറച്ചിലും ഓരോ എപ്പിസോഡും പ്രേക്ഷരെ ആകാംക്ഷയുടെ അങ്ങേയറ്റത്തേക്ക് കൊണ്ടുപോകുന്നുണ്ട്.

ദി ഹണ്ട് – ചാവേർ ധനുവും ശിവരശനും
ഈ സംഭവകഥയുടെ ആഖ്യാനത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച അന്വേഷണ സംഘമായി രൂപംകൊണ്ട SIT (Special Investigation Team) നിന്ന് ‘ഒരു ക്രൈം ത്രില്ലറില്‍ പ്രതീക്ഷിക്കാവുന്ന ചടുലമായ നീക്കങ്ങളോ വെടിവെയ്‌പ്പോ, തകര്‍പ്പന്‍ ഡയലോഗുകളോ ഇല്ല. എന്നാല്‍ കഥാപാത്രങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സുവ്യക്തവും സംഭ്രമാത്മകമായ ഈ പരമ്പരയിലേക്ക് വെളിച്ചം വീശുന്നവയുമാണ്. ഓരോ രംഗവും സംവിധായകന്‍ ജാഗ്രതയോടെ ചിത്രീകരിച്ചിരിക്കുന്നു.
ആകര്‍ഷകമായ ഒരു ആഖ്യാനത്തിന് ആവേശം പകരാന്‍, പ്രത്യേകിച്ചും ഒരു ത്രില്ലര്‍ പരമ്പരക്ക്, തുടര്‍ച്ചയായ ആക്ഷന്‍ ആവശ്യമില്ലെന്ന് ദി ഹണ്ട് തെളിയിക്കുന്നു. പ്രേക്ഷരെ കാണാന്‍ പ്രേരിപ്പിക്കുന്ന ഒരു ശാന്തമായ എന്നാല്‍ സംഭ്രമാത്മകവും ദുരൂഹവുമായ ഒരു മികച്ച ആഖ്യാന ശൈലിയാണ് സംവിധായകന്‍ നാഗേഷ് കുക്കുനൂര്‍ ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. അത് ഈ ക്രൈം തില്ലറിനെ തീര്‍ച്ചയായും പ്രേക്ഷകര്‍ സ്വീകരിച്ചു എന്ന് ഈ മികച്ച പരമ്പരയുടെ റേറ്റിംഗുകള്‍ പറയുന്നു.
ഒരാളുടെ സങ്കല്‍പത്തിലെ നായകന്‍ മറ്റൊരാളുടെ കണ്ണില്‍ തീവ്രവാദിയാകുന്നതെങ്ങനെ, വ്യക്തിപരമായ വിശ്വാസങ്ങളുമായി വൈരുദ്ധ്യമുണ്ടാകുമ്പോള്‍ പോലും ഉദ്യോഗസ്ഥര്‍ പലപ്പോഴും അവരുടെ ജോലിയില്‍ എങ്ങനെ പ്രതിജ്ഞാബദ്ധരാകുന്നു തുടങ്ങിയ കാര്യങ്ങള്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. രാജീവ് ഗാന്ധിയുടെ വധക്കേസ് അന്വേഷിക്കാനുള്ള ആവേശകരമായ ദൗത്യം ആരംഭിക്കും. അദ്ദേഹം അറിയുന്ന മറ്റൊരു കാര്യം തങ്ങളുടെ മദ്രാസിലെ ആസ്ഥാന കെട്ടിടമായ ‘മല്ലിഗ’ ഒരു ഭാഗ്യമില്ലാത്ത ഒന്നാണ് എന്നാണ്. ആദ്യമായി കൂട്ടികൊണ്ടുപോയ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ SIT ന്റെ ആസ്ഥാനമായ മല്ലിഗെയിലേക്ക് കാര്‍ത്തികേയനെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ അയാള്‍ പറയുന്നു. ‘സര്‍, ഭാഗ്യം കെട്ട ഇവിടെ പ്രവര്‍ത്തിച്ച ഒന്നും തന്നെ വിജയിച്ചിട്ടില്ല’. അതിന് മറുപടിയായ് കാര്‍ത്തികേയന്‍ പറയുന്നു ‘ ഞങ്ങളുടെ ഈ ജോലിയില്‍ ഭാഗ്യത്തിന് ഇടമില്ല’. കഥ മുന്നോട്ട് പോകുമ്പോള്‍ കാര്‍ത്തികന്‍ പറഞ്ഞത് അര്‍ത്ഥവത്താണെന്ന് നമുക്ക് കാണാം… അദ്ദേഹം തുടര്‍ന്ന് ആത്മഗതമായി പറയുന്നുണ്ട്. ‘The difficult is possible, impossible will take little longer’

അനുരുദ്ധ്യ മിത്രയും വെബ് സീരീസിനാസ്പദമായ പുസ്തകവും
സ്‌പെഷ്യല്‍ ഇന്‍വിസ്റ്റിഗേഷന്‍ ടീമിന്റെ തലവനായ കാര്‍ത്തികേയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമിത് സിയാല്‍, തന്റെ കരിയറിലെ ഏറ്റവും സവിശേഷവും ശ്രദ്ധേയവുമായ പ്രകടനങ്ങളിലൊന്നാണ് കാഴ്ചവെയ്ക്കുന്നത്. ഒരു സിബിഐ ഡയറക്ടറുടെ ജാഗ്രത പുലര്‍ത്തുന്ന മനസ്സ്, ശാന്തമായ പെരുമാറ്റം, അരാജകത്വത്തിനിടയിലെ സംയമനം, മാനുഷികമായ സംവേദനക്ഷമതയോടെ കാര്യങ്ങള്‍ മുന്നോട്ട് നീക്കുകയെന്ന ഇത്തരം ശൈലിയുള്ള മേധാവിയെ ഒരു ക്രൈം ത്രില്ലറിലും നിങ്ങള്‍ക്ക് കാണാനാവില്ല.
എസ്ഐടിയിലെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ (ഡിഐജി) അമോദ് കാന്തിന്റെ ശൈലി – തലക്ഷണമുള്ള പ്രതികരണവും, കാര്യങ്ങള്‍ വെച്ച് താമസിക്കാതെയുള്ള ചടുലമായ നീക്കങ്ങളും ഉന്നത കേസന്വേഷണങ്ങളില്‍ ഇത്തരമൊരു രീതി ക്രൈം ജേണലിസ്റ്റുകള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും സുപരിചിതമാണ്. തടസ്സങ്ങളും ഇടപെടലുകളും ഉണ്ടെങ്കിലും രാഷ്ട്രീയ ഇരട്ടത്താപ്പിനും ചരിത്രപരമായ വിഘടനവാദ പ്രസ്ഥാനവുമായുള്ള ഇന്ത്യന്‍ ബന്ധങ്ങള്‍ക്കും പിന്നിലെ ഉദ്ദേശ്യങ്ങള്‍ അന്വേഷണത്തിന്റെ പാതയില്‍ ഇതിലെ കഥാപാത്രങ്ങളിലൂടെ ചുരുളഴിയുന്നു. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ രഹസ്യ പോരാട്ടങ്ങളിലൊന്നിനെക്കുറിച്ച് ഒരു ആവേശകരമായ പരമ്പരയായി ദി ഹണ്ട് മാറിയതും ഈ സവിശേഷതകള്‍ കൊണ്ടുതന്നെ.

പ്രത്യേക അന്വേഷണ സംഘത്തിലെ പ്രമുഖർ. കെ. രഘോത്തമൻ, സംഘത്തലവൻ ഡി ആർ കാർത്തികേയൻ, അമിത് വർമ്മ, അമോദ് കാന്ത് എന്നിവർ
ദി ഹണ്ടിന്റെത് കാലാനുസൃതമായ പ്രൊഡക്ഷന്‍ ഡിസൈനും മികച്ച എഡിറ്റിംഗുമാണ്. മൊബൈലുകള്‍, സാമൂഹമാധ്യമങ്ങളില്ലാത്ത പരിമിതമായ, വാര്‍ത്താ വിനിമയ സംവിധാനങ്ങളുള്ള 90 കളിലാണ് കഥ മുന്നോട്ട് പോകുന്നതെന്ന് പരമ്പരയിലെ ലാന്‍ഡ് ഫോണ്‍ കോളുകളുടെ ചിത്രീകരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അത് ആഖ്യാനത്തിന്ന് സന്ദര്‍ഭോചിതമായ ആഴം നല്‍കുന്നു. അഭിനേതാക്കളെല്ലാം സ്‌ക്രീനിലെ അത്ര പരിചിത മുഖങ്ങളല്ലാത്തതാണ് ഈ പരമ്പരയുടെ വിജയത്തിന്റെ മറ്റൊരു ഘടകം. അത് പോലെ അന്വേഷണ ടീമിന്റെ ശുദ്ധമായ തമിഴ് ഉച്ചാരണവും ശിവരസനടക്കുള്ള എല്‍.ടി.ടി. ഇ ക്കാരുടെ ഇഴയുന്ന ശൈലിയിലെ ശ്രീലങ്കന്‍ തമിഴ് ഉച്ചാരണവും കഥാപാത്രങ്ങളെ കൂടുതല്‍ ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുകയും കഥയെ കൂടുതല്‍ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടു പോകുകയും ചെയ്യുന്നു. ഒരു പിരിമുറുക്കുള്ള ആകാംക്ഷഭരിതമായ കുറ്റാഅന്വേഷണമാണിതെന്ന് ഓര്‍മിപ്പിക്കുന്ന ഒട്ടും ബഹളമില്ലാത്ത ശാന്തമായ പശ്ചാത്തല സംഗീതം ഇതിലെ രംഗചിത്രീകരണത്തെ മികച്ചതാക്കുന്നു.
ഡിആര്‍ കാര്‍ത്തികേയന്‍ (അമിത് സിയാല്‍), അമിത് വര്‍മ്മ (സാഹില്‍ വൈദ്), അമോദ് കാന്ത് (ഡാനിഷ് ഇഖ്ബാല്‍), കെ രഘോത്തമന്‍ (ഭഗവതി പെരുമാള്‍), രാധാ വിനോദ് രാജു (ഗിരീഷ് ശര്‍മ്മ), ക്യാപ്റ്റന്‍ രവീന്ദ്രന്‍ (വിദ്യുത് ഗാര്‍ഗ്) എന്നിവരുടെ അഭിനയം എല്ലാം തന്നെ മികച്ചതാണ്.

യഥാര്‍ത്ഥ അമിത് വര്‍മയും വെബ് സീരീസിലെയും
സയനൈഡ് പോരാളി ഒറ്റക്കണ്ണന്‍ ശിവരസനായി അഭിനയിച്ച ഷഫീഖ് മുസ്തഫ ആ കഥാപാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട പ്രകടനമാണ് നല്‍കുന്നത്. ഒറ്റക്കണ്ണുള്ള ആ മുഖത്ത്, നിസംഗതമെങ്കിലും, ഭീകരത ജനിപ്പിക്കുന്നു, തണുത്തുറഞ്ഞതെങ്കിലും ആ മുഖത്ത് ക്രൂരത ഇടയ്ക്കിടെ മിന്നിത്തെളിയുന്നുണ്ട്. ശിവരശന്‍ – കൊല്ലാന്‍ വേണ്ടി ജനിച്ചവന്‍ എന്ന് വിശേഷിപ്പിക്കുന്നവന്‍ എന്നതിന് തികച്ചും അനുയോജ്യമായി ആ നടന്‍ അത് അവസാനം വരെ അഭിനയിച്ച് നിലനിറുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രഗല്‍ഭരായ അന്വേഷണ ഉദ്യോഗസ്ഥരടങ്ങുന്ന ഒരു സംഘത്തെയാണ് അയാള്‍ പിടി കൊടുക്കാതെ 90 നാള്‍ വട്ടം കറക്കിയത്. ഈ ടി വി പരമ്പരയിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഒരു കഥാപാത്രമാണ് അയാള്‍.
എന്നാല്‍ ഒരു എപ്പിസോഡില്‍ ജാഫ്‌നയിലെ തന്റെ പുലിമടയില്‍ പ്രതൃക്ഷപ്പെടുന്ന പുലിത്തലവന്‍, വേലുപ്പിള്ള പ്രഭാകരന്റെ ആവിഷ്‌കാരം ഒട്ടും മതിപ്പുള്ളതല്ല. ലോകത്തെ ഏറ്റവും വലിയ ഭീകര സംഘടനയുടെ നേതാവ്, ക്രൂരതയുടെ ആള്‍ രൂപമാണെങ്കിലും, ജീവിച്ചിരിക്കുന്ന പ്രഭാകരന്‍ ആരേയും ആകര്‍ഷിക്കുന്ന രൂപഭാവമുള്ളവനായിരുന്നു. പരമ്പരയിലെ പുലി പ്രഭാകരന്‍ കാഴ്ചയിലും വാചകത്തിലും ഒരു സാധാരണക്കാരന്‍ മാത്രമാണ്.
ഇതിലെ ഓരോ രംഗവും ഡയലോഗുകളും നിരവധി സംഭവങ്ങളെ ആത്യന്തികമായി പ്രതിനിധീകരിക്കുന്നവയാണ്. അന്വേഷണ സഘം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഫോട്ടോഗ്രാഫര്‍ ഹരി ബാബുവിന്റെ ചെന്നൈയിലെ വീട്ടില്‍ പരിശോധന നടത്തുമ്പോള്‍ അവിടെ കണ്ട ‘എല്‍. ടി. ടി. ഇ പുറത്തിറക്കിയ പുസ്തകത്തിന്റെ കോപ്പി ‘സാത്താനിക്ക് ഫോഴ്‌സ്’ കാണിച്ച് അമിത് വര്‍മ്മ പറയുന്നുണ്ട് ‘എല്‍. ടി. ടി. ഇ.യുടെ ബെസ്റ്റ് സെല്ലര്‍! ലോകത്തിലെ കുഴപ്പങ്ങള്‍ങ്ങള്‍ക്കെല്ലാം കാരണം രാജീവ് ഗാന്ധിയാണ് എന്നാണ് ഈ പുസ്തകം പറയുന്നത്’. ശീലങ്കന്‍ പ്രശ്‌നവും, അവിടേക്കയച്ച ശാന്തി സേനയുടെ കൊടും ക്രൂരതകളും (IPKF) രാജീവ് ഗാന്ധി അത് കൈകാര്യം ചെയ്ത തെറ്റായ രീതിയുമാണ് അദ്ദേഹത്തിന്റെ വധത്തിന് കാരണമായതെന്നുള്ള പരോക്ഷമായ സൂചനയാണ് അത്. (ആ പുസ്തകത്തിന്റെ ഉള്ളടക്കവും അത് തന്നെ)
ശാസ്ത്രീയമായി ആഴത്തില്‍ ഗവേഷണം ചെയ്തതുമായ കഥാ രചനയുള്ള ഈ കുറ്റകൃത്യ പരമ്പര, വിഷയത്തെ ഗൗരവത്തോടെയും ബഹുമാനത്തോടെയും കൈകാര്യം ചെയ്യുന്നു. യാഥാര്‍ത്ഥ്യബോധം, സംയമനം പാലിച്ച കഥാഖ്യാനം, മികച്ച അഭിനേതാക്കള്‍ എന്നിവ ഈ പരമ്പരയെ മികച്ച കാഴ്ചാനുഭവമാക്കുന്നു. ഓരോ എപ്പിസോഡിലും ഈ സംഭവവുമായി ബന്ധപ്പെട്ട വ്യക്തിപരമായ ചരിത്രങ്ങളും ആന്തരിക സംഘര്‍ഷങ്ങളും ഇന്റലിജന്‍സ് വീഴ്ചകളും പതിയെ തെളിയുന്നുണ്ട്. എങ്കിലും രാജീവ് വധത്തിന് ശേഷം അതിന്റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട കരുണാനിധിയുള്‍പ്പടെ തമിഴ്- കോണ്‍ഗ്രസ്സ് രാഷ്ട്രീയക്കാരെ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. നിരീക്ഷണ രംഗങ്ങള്‍, റെയ്ഡ് തയ്യാറെടുപ്പുകള്‍, ചോദ്യം ചെയ്യലുകള്‍ എന്നിവ, പ്രേക്ഷരില്‍ യഥാര്‍ത്ഥ്യബോധം ജനിപ്പിക്കും വിധമാണ് കൈകാര്യം ചെയ്യുന്നത്. ഈ പരമ്പര ഒരിക്കലും മെലോഡ്രാമയിലേക്ക് വഴുതിവീഴുന്നില്ല. സ്ത്രീ കഥാപാത്രങ്ങളുടെ ആധികാരികതയായിരുന്നു പ്രത്യേകിച്ച് ശ്രദ്ധേയം. കുറഞ്ഞ മേക്കപ്പ്, ആവിഷ്‌കാരാത്മകമായ കണ്ണുകള്‍, സംസാരത്തേക്കാള്‍ അവരുടെ സൂക്ഷ്മമായ നിശബ്ദതകള്‍. അവരുടെ വസ്ത്രധാരണവും വിഷയത്തിന് അനുയോജ്യമായി അവതരിപ്പിച്ചിരിക്കുന്നു പ്രത്യേകിച്ചും അവസാനം വരെ ശിവരശന്റ കൂടെയുള്ള ശുഭയുടേത്.

ദി ഹണ്ടിലെ ശിവരശൻ. യഥാർത്ഥ ശിവരശൻ വലത്ത്
മൂന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ പ്രത്യക്ഷപ്പെടുന്ന ഈ പരമ്പരയില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിനെ നടന്‍ വിശ്വജീത്ത് പ്രധാന്റെ അഭിനയം സര്‍ക്കാരിന്റെ പരമോന്നത പദവിയുടെ പവിത്രതയും സത്യസന്ധതയും ഉത്തരവാദിത്തത്തോടെ പ്രതിഫലിപ്പിക്കുന്നു. വിശ്വജീത്ത് പ്രധാന്‍ പ്രധാനമന്ത്രിയുടെ ആ കഥാപാത്രത്തെ കൃത്യമായി ഉള്‍ക്കൊള്ളുന്നുണ്ട്. എല്ലാ അധികാരവും കേസ് അന്വേഷകര്‍ക്ക് നല്‍കുക യാതൊരു രാഷ്ട്രീയ സമര്‍ദ്ദവും അവര്‍ക്ക് മേല്‍ പാടില്ല എന്ന് സി. ബി. ഐ ഡയറക്ടര്‍ വിജയ് കരണിന് നിര്‍ദേശം നല്‍കുന്ന ചന്ദ്രശേഖര്‍ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഉറച്ച നിലപാടുകള്‍ ശരിയായിരുന്നു. പക്ഷേ, 90 നാളുടെ അന്വേഷണ സംഘത്തിന്റെ വേട്ടയാടലില്‍ കേസിന്റെ അവസാനമെന്ത് സംഭവിച്ചു?
ബാംഗ്ലൂരിലെ കൊനാനെ കുണ്ടേയില്‍ അന്വേഷണത്തിന്റെ 90-ാം ദിവസം എത്തിയ അന്വേഷണ സംഘത്തിലെ ക്യാപ്റ്റന്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കമാന്‍ഡോകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കാരണം ആദ്യം കൊനാനെകുണ്ടയില്‍ ഇല്ലായിരുന്ന ചീഫ് കാര്‍ത്തികേയനും, സി. ബി. ഐ ഡയറക്ടര്‍ വിജയ് കരണും പെട്ടെന്നുള്ള ഓപ്പറേഷന് അനുമതി നല്‍കിയില്ല. സി. ബി. ഐ ഡയറക്ടര്‍ വിജയ് കരണ്‍ ആന്റി സയനൈഡ് കിറ്റ് വിദ്ഗധനുമായി എത്തിയപ്പോഴേക്കും സമയം പാഴായിരുന്നു. കാലഹരണപ്പെട്ട ആന്റി സയനൈഡ് കിറ്റാണെണ് നിലവിലുള്ളതെന്നും, പുതിയത് വന്നിട്ടേ ഒപ്പറേഷന്‍ നടത്താവൂ എന്ന് വിജയകരണ്‍ പറഞ്ഞത് ശരി വെയ്ക്കാനെ ചീഫ് കാര്‍ത്തികേയന് കഴിഞ്ഞുള്ളൂ. 36 മണിക്കൂറുകള്‍ കാത്തിരുന്ന ശേഷം അവസാനം അനുമതി ലഭിച്ച NSG കമാന്‍ഡോകള്‍ മിന്നലാക്രമണത്തില്‍ വീടിനകത്ത് ഇരച്ചു കയറിയപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. ഒറ്റക്കണ്ണന്‍ ശിവരശനും ശുഭയുമുള്‍പ്പടെ ഏഴ് പേരുടെ മൃതശരീരങ്ങള്‍ മാത്രമാണ് അവര്‍ക്ക് കാണാന്‍ കഴിഞ്ഞത്.
36 മണിക്കൂര്‍ മുന്‍പ് പുലികളെ കൊനാന കുണ്ടയില്‍ കണ്ടെത്തിയിട്ടും, വേണ്ട സംവിധാനങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് അന്വേഷണ സംഘം ‘ഓപ്പറേഷന്‍ ശിവരശന്‍’ വൈകിച്ചു എന്ന ചോദ്യം നിശബ്ദമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെറിയുന്നതോടെ വാദങ്ങളോ വിവാദങ്ങളോ അവശേഷിപ്പിക്കാതെ ദി ഹണ്ട് പൂര്‍ണ്ണമാകുന്നു.
ആകര്‍ഷകമായ ഒരു സിനിമാറ്റിക് അനുഭവത്തിനായി, നന്നായി നെയ്‌തെടുത്ത കഥാപാത്രങ്ങളിലൂടെ, തികച്ചും ഒരു ഇന്‍വെസ്റ്റിഗേറ്റീവ്-ത്രില്ലറില്‍ നിന്ന് പ്രതീക്ഷിക്കുന്നതെല്ലാം ഈ പരമ്പരയില്‍ ഉണ്ട്. ഗൂഢാലോചന സിദ്ധാന്തങ്ങളിലോ രാഷ്ട്രീയ ചെളിവാരിയെറിയലിലോ മുഴുകാതെ, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പറയപ്പെടാത്ത ചരിത്രസത്യം ‘ദി ഹണ്ട്’ ഒരു മറയും കൂടാതെ പുറത്തുകൊണ്ടുവരുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരിട്ട് നിര്‍ദേശം നല്‍കിയിട്ട് പോലും പ്രതിബന്ധങ്ങള്‍ നേരിട്ടു. ഇത്തരം അന്വേഷണങ്ങളില്‍ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേരിടുന്ന വെല്ലുവിളികള്‍ ഇത് തുറന്നുകാട്ടുന്നു. അവസാന രംഗത്ത് ചീഫ് കാര്‍ത്തികേയനോട് അമിത് വര്‍മ്മ തനിയെ ചില കാര്യങ്ങള്‍ പറയുന്നത് വേട്ട അറിഞ്ഞ് കൊണ്ടു സ്വീകരിച്ച ഒരു പരാജയമാണെന്നതിലേക്ക് വിരല്‍ചൂണ്ടുന്നു. ഈ കേസിന്റെ അന്ത്യം പരാജയമാകുമെന്ന് ഉറപ്പിച്ച, അന്വേഷണ സംഘത്തിന്റെ പ്രതിബന്ധങ്ങള്‍ എന്താണെന്ന് ഒരേയൊരു വാചകത്തില്‍ ടീമിലെ അംഗം പറയുന്നുണ്ട്
‘മുകളില്‍ നിന്നുള്ള ഉത്തരവുകള്‍’
യഥാര്‍ത്ഥ സംഭവങ്ങള്‍ സ്‌ക്രീനില്‍ എങ്ങനെ ചിത്രീകരിക്കാമെന്നതിന്റെ ഉദാത്ത മാതൃകയാണ് ‘ദി ഹണ്ട്, രാജീവ് ഗാന്ധി അസാസിനേഷന്‍ കേസ്.’ ഒരു മികച്ച ക്രൈം ത്രില്ലര്‍ കാഴ്ചാനുഭവം. ‘The Hunt’ Rajeev Gandhi assassination case
Content Summary: ‘The Hunt’ Rajeev Gandhi assassination case
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.