ഭരണഘടനയുടെ സാമൂഹ്യജീവിതം

സാമൂഹ്യ ജനാധിപത്യത്തെ നിരോധിച്ചു കൊണ്ടുള്ള രാഷ്ട്രീയ ജനാധിപത്യത്തിന്റെ കേളീ നിലമാക്കി ഇന്ത്യന്‍ ഫാസിസം ഭരണഘടനയുടെ ധാര്‍മ്മികതയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു

1946 ഡിസംബര്‍ 9 ന് ഭരണഘടനാ അസംബ്ലിയുടെ ആദ്യസമ്മേളനം ആരംഭിക്കുമ്പോള്‍ ഇന്ത്യ കത്തിയെരിയുകയായിരുന്നു. 1946 ആഗസ്റ്റില്‍ കൊല്‍ക്കത്തയില്‍ ആരംഭിച്ച വര്‍ഗ്ഗീയ കലാപം ഒക്ടോബറില്‍ നവഖലിയിലേയ്ക്ക് പടര്‍ന്നു. തുടര്‍ന്ന് ബിഹാര്‍ കത്താന്‍ തുടങ്ങി. കൊല്‍ക്കൊത്തയിലെ കലാപത്തിന്റെ വാര്‍ത്ത കേട്ട് ഗാന്ധി, നാം ഒരു ആഭ്യന്തര കലാപത്തിന്റെ നടുക്കല്ലെങ്കിലും, വക്കിലാണ് എന്നെഴുതി. തുടര്‍ന്ന് അദ്ദേഹം കൊല്‍ക്കൊത്തയിലേയ്ക്കും പിന്നീട് നവഖലിയിലേയ്ക്കും എത്തി. അന്തരീക്ഷത്തില്‍ വിഭജനത്തിന്റെ ഭീഷണി നിറഞ്ഞു നിന്നു. അതുണ്ടാക്കിയ അവിശ്വാസം പടിഞ്ഞാറന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ ഹിംസയുടെ അഴിഞ്ഞാട്ടമായി. ഇന്ത്യ വിടാന്‍ ബ്രിട്ടന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ ഉന്മാദത്തിനു പകരം ഹിംസയുടെ വ്യഗ്രത മേല്‍ക്കൈ നേടി. കൊല്‍ക്കൊത്തയില്‍ 5000 പേരെങ്കിലും കൊല്ലപ്പെട്ടു. നവഖലിയില്‍ 300 ല്‍ താഴെ. ബിഹാറില്‍ 5000 മുതല്‍ 10000 വരെ

ഭരണഘടനാ അസംബ്ലി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കേ, ഇന്ത്യന്‍ സ്വാതന്ത്ര്യവും ഇന്ത്യന്‍ വിഭജനവും ഒന്നിച്ചു സംഭവിച്ചു. അതുവരെ ഇന്ത്യ കാണാത്ത സിറില്‍ റാഡ്ക്ലിഫ് ഇന്ത്യയില്‍ വന്ന് ഇന്ത്യയെ മുറിച്ചു. പ്രസിദ്ധ ഇംഗ്ലീഷ് കവിയായ ഡബ്ല്യു എച്ച് ഓഡന്‍ അതിനെപ്പറ്റി ഇങ്ങനെ ഒരു കവിതയെഴുതി.

വിഭജനം
……………….
ഡബ്ല്യു എച്ച് ഓഡന്‍

തന്റെ ദൗത്യത്തിലേയ്‌ക്കെത്തുമ്പോള്‍
ഏറ്റവും ചുരുങ്ങിയത്
അയാള്‍ വിവേചനരഹിതനായിരുന്നു.
വിഭജിക്കാനുള്ള ഭൂമിയില്‍
ഇതുവരെ കണ്ണു കുത്താത്തവന്‍.
ചിലപ്പോഴെങ്കിലും
വ്യത്യസ്ത ആഹാരങ്ങളുടേയും
തമ്മില്‍ ചേരാത്ത ദൈവങ്ങളുടേയും പേരില്‍
പരസ്പരം ഏറ്റുമുട്ടിയ രണ്ട് ജനതകള്‍ക്കിടയില്‍.
‘സമയം’ അവര്‍ ലണ്ടനില്‍ വെച്ച്
അയാളെ ധരിപ്പിച്ചിരുന്നു,
‘വളരെക്കുറവാണ്’.
പരസ്പരധാരണയ്ക്കും യുക്തിസഹമായ ചര്‍ച്ചകള്‍ക്കുമുള്ള
നേരം വളരെ വൈകിയിരുന്നു.
വേര്‍പിരിയല്‍ മാത്രമാണ്
ഒരേ ഒരു പോംവഴി,
വൈസ്രോയ് വിചാരിച്ചു, അദ്ദേഹത്തിന്റെ
കത്തില്‍ നിങ്ങള്‍ക്കത് കാണാം.
അദ്ദേഹത്തിന്റെ കൂട്ടത്തില്‍
എത്ര കുറവ്
നിങ്ങള്‍ കാണപ്പെടുന്നുവോ
അത്രയും നന്ന്.
അതിനാല്‍, ഞങ്ങള്‍
നിങ്ങള്‍ക്ക് മറ്റൊരു താമസസ്ഥലമൊരുക്കാം.
നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍
നാല് ന്യായാധിപരെ തരാം.
രണ്ട് മുസ്ലീങ്ങള്‍, രണ്ട് ഹിന്ദുക്കള്‍.
പക്ഷെ, അന്തിമതീരുമാനം
നിങ്ങളുടേത്.

ഒറ്റപ്പെട്ടൊരു ബംഗ്ലാവില്‍ അടച്ചിട്ട്,
രാവും പകലും ഘാതകരെ തടയാന്‍
ഉദ്യാനത്തില്‍ പോലീസ് കാവലേല്പിച്ച്
ലക്ഷക്കണക്കിന് മനുഷ്യരുടെ വിധിയെഴുതുന്ന പണി
അയാള്‍ തുടങ്ങി.
അയാള്‍ക്ക് ലഭിച്ച ഭൂപടങ്ങള്‍
കാലഹരണപ്പെട്ടതായിരുന്നു.
ജനസംഖ്യാ കണക്കുകളോ
തെറ്റുള്ളതും.
പക്ഷെ അവ പരിശോധിക്കാന്‍
നേരമുണ്ടായിരുന്നില്ല. തര്‍ക്കപ്രദേശങ്ങള്‍ ചെന്നുനോക്കാന്‍
സമയമുണ്ടായിരുന്നില്ല.
പേടിപ്പിക്കുന്ന ചുടുകാലാവസ്ഥയായിരുന്നു.
വയറിളക്കം അയാളെ
നിത്യമായ് ഓടിച്ചുകൊണ്ടിരുന്നു.
പക്ഷെ, ഏഴാഴ്ച കൊണ്ട് അയാളത് ചെയ്തു ,അതിര്‍ത്തികള്‍ തീരുമാനിക്കപ്പെട്ടു ,
നല്ലതിനോ ചീത്തയ്‌ക്കോ
ഒരു ഭൂഖണ്ഡം വിഭജിക്കപ്പെട്ടു.

അടുത്ത ദിവസം അയാള്‍
ഇംഗ്ലണ്ടിലേയ്ക്ക് തുഴഞ്ഞു.
അവിടെ ആ കേസ് അയാള്‍ മറന്നു
ഏത് നല്ല വക്കീലും ചെയ്യേണ്ടത്
മടങ്ങി വന്നില്ലായിരുന്നെങ്കില്‍, അയാള്‍ ക്ലബ്ബില്‍ പറഞ്ഞപോലെ
ഒരു പക്ഷേ വെടിയേറ്റു മരിച്ചേനെ

റാഡ്ക്ലിഫിന്റെ പേരു പറയാതെ, അദ്ദേഹത്തെക്കുറിച്ച് നേര്‍ഭാഷയില്‍ എഴുതിയ ഈ കവിതയിലെ പോലായിരുന്നു കാര്യങ്ങള്‍. റാഡ്ക്ലിഫ് വെടിയേല്‍ക്കാതെ തിരിച്ചു പോയി. പക്ഷെ, അദ്ദേഹം വരച്ച വര നിമിത്തം 12 മുതല്‍ 20 ദശലക്ഷം വരെയുള്ള മനുഷ്യര്‍ വേരു പറിച്ച് അങ്ങോട്ടുമിങ്ങോട്ടും ചേക്കേറി. അതിനിടയില്‍ 2 ലക്ഷത്തോളം പേര്‍ മരിച്ചു വീണു. ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേയ്ക്ക് പുറപ്പെട്ട 1.3 ദശലക്ഷം മുസ്ലീങ്ങളെ കാണാതായി. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് പുറപ്പെട്ട 0.8 ദശലക്ഷം ഹിന്ദുക്കളേയും.

ഈ അവ്യവസ്ഥകള്‍ക്കും ദുരന്തങ്ങള്‍ക്കും ഇടയിലാണ് ഭരണഘടനാ അസംബ്ലി, അതെ സംബന്ധിച്ച് സമവായത്തിലെത്തുന്നത്. കവിതയെന്നാല്‍ ശ്ലഥതയില്‍ നിന്നും ക്രമം സൃഷ്ടിക്കലാണ് എന്ന് സെസ് ലോ മിലോസ് ഒരിക്കല്‍ പറഞ്ഞ പോലെ, ശ്ലഥതയില്‍ നിന്നും ഒരു സ്വതന്ത്രരാജ്യത്തെ വീണ്ടെടുക്കുകയായിരുന്നു ഭരണഘടന.

ക്രമത്തെക്കുറിച്ചുള്ള ഈ ഓര്‍മ്മ വിട്ടുപോയാല്‍ ഭരണഘടന വെറും ജഡമാകും. എന്താണ് ക്രമത്തിന്റെ എലുക?. ഭരണഘടനയുടെ തുടക്കത്തില്‍ പറയും പോലെ സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നീ മൂന്നു മൂല്യങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകേണ്ട നീതിയാണ് അത്. ഭരണഘടനാ അസംബ്ലിയില്‍ നടത്തിയ അന്തിമ പ്രസംഗത്തില്‍ അംബേദ്ക്കര്‍ അത് ഊന്നിപ്പറഞ്ഞു. ജനാധിപത്യമെന്നാല്‍ സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നീ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ സമൂഹത്തിന്റെ പുനര്‍നിര്‍മ്മാണം ആണത്. അംബേദ്ക്കറുടെ ഗുരുനാഥനായിരുന്ന ജോണ്‍ ഡേവി, ജനാധിപത്യത്തെ നിര്‍വ്വചിച്ചത് കൂടിക്കലര്‍ന്നു യോജിച്ച ജീവിതം എന്നായിരുന്നു. അതില്‍ നിന്നും വികാസം പ്രാപിച്ച സാമൂഹ്യ പുന:സംഘടനയായാണ് ജനാധിപത്യത്തെ അംബേദ്ക്കര്‍ നിര്‍വ്വചിച്ചത്. അതിനാല്‍ ജനാധിപത്യമെന്നത് അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ നടത്തുന്ന തെരഞ്ഞെടുപ്പോ അതിന്റെ സാങ്കേതികതകളോ അടങ്ങുന്ന രാഷ്ട്രീയ ജനാധിപത്യം മാത്രമല്ല. സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നിവയില്‍ ഊന്നിയ ജീവിത ശൈലി ഉള്ളടക്കിയ സാമൂഹ്യ ജനാധിപത്യം കൂടിയാണ്. അതില്ലെങ്കില്‍ രാഷ്ട്രീയ ജനാധിപത്യം വെറും സാങ്കേതികം മാത്രമാകും. ആ ചട്ടക്കൂടിലൂടെ വമ്പന്‍ ഫാസിസം കടന്നുവരും. ഹിറ്റ്‌ലര്‍ അങ്ങനെ വന്നതാണ്. മുസ്സോളിനി അങ്ങനെ വന്നതാണ്. ജനത എന്ന ആശയം തന്നെ കല്ലിച്ചു പോകും.

ഇന്ത്യന്‍ സാമൂഹ്യ മണ്ഡലത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയെ ഇങ്ങനെയാണ് കാണേണ്ടതെന്ന് തോന്നുന്നു. സാമൂഹ്യ ജനാധിപത്യത്തെ നിരോധിച്ചു കൊണ്ടുള്ള രാഷ്ട്രീയ ജനാധിപത്യത്തിന്റെ കേളീ നിലമാക്കി ഇന്ത്യന്‍ ഫാസിസം ഭരണഘടനയുടെ ധാര്‍മ്മികതയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ ജനാധിപത്യത്തിന്റെ കേളിയില്‍ പങ്കെടുക്കുന്ന എല്ലാ കക്ഷികളേയും പിടികൂടിയ രോഗം കൂടിയായി ഫാസിസം അപ്പോള്‍ മാറും. അത് ബീഭത്സമായ ഒരു അവസ്ഥയാണ് സൃഷ്ടിക്കുക.

ഇതാണ് ഭരണഘടന നിലവില്‍ വന്ന് 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാം എത്തിനില്‍ക്കുന്ന ഭയമുനമ്പ്. ലിംഗനീതിയെ സംബന്ധിച്ചും ജാതി നീതിയെ സംബന്ധിച്ചും നാം ചര്‍ച്ച ചെയ്യുന്നുണ്ട്. അതേ സമയം സ്ഥൂലതലത്തില്‍ നമ്മെ പിടികൂടിയ ഫാസിസത്തിനെതിരെ ഈ ചര്‍ച്ചകളെ ചേര്‍ത്തുവെയ്ക്കാനുള്ള പ്രധാനപ്പെട്ട ഉപാധി, സാമൂഹിക ജനാധിപത്യമെന്ന ആശയവുമായി, ഈ സൂക്ഷ്മനീതി തലങ്ങളെ ബന്ധിപ്പിക്കുന്നതില്‍ നിന്ന് എന്തോ ഒന്ന് നമ്മെ തടഞ്ഞു നിര്‍ത്തുന്നു. ഏത് കാട്ടിലെ മരങ്ങളാണ് സൂക്ഷ്മ നീതികളെന്ന് നാം കൂലങ്കുഷമായി ആലോചിക്കേണ്ടിയിരിക്കുന്നു.

1948 ജനുവരി 30 ന് ഗാന്ധി വധിക്കപ്പെട്ട ശേഷം, 1948 ഫെബ്രുവരി 4 ന് ആ വധത്തിന്റെ പേരില്‍ ഒരു സംഘടനയെ അന്നത്തെ ഗവണ്മെന്റ് നിരോധിച്ചു. രാഷ്ട്രീയ സ്വയം സേവക് സംഘ് അഥവാ ആര്‍ എസ് എസ് എന്നായിരുന്നു ആ സംഘടനയുടെ പേര്. നിരോധനം പിന്‍വലിക്കുന്നതിനായി അന്നത്തെ സര്‍ സംഘ് ചാലക് ആയിരുന്ന എം എസ് ഗോള്‍വാള്‍ക്കര്‍, ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലിനെ കാണുന്നുണ്ട്. നിരോധനം പിന്‍വലിക്കാനുള്ള ഉപാധിയായി പട്ടേല്‍ മുന്നോട്ടു വെച്ച കാര്യങ്ങള്‍ ഇന്ത്യന്‍ ദേശീയ പതാകയെ അംഗീകരിക്കുക, ഭരണഘടനാ അസംബ്ലിയെ അംഗീകരിക്കുക എന്നിവയായിരുന്നു. ആര്‍ എസ് എസ് അക്കാലത്ത് ആവശ്യപ്പെട്ടു കൊണ്ടിരുന്നത് കാവിപ്പതാക അഥവാ ജെറുവക്കൊടി ആണ്. ഭരണഘടനാ അസംബ്ലിയേയും അവര്‍ നിരാകരിച്ചിരുന്നു. മനസ്സില്ലാ മനസ്സോടെയാണ്, നിരോധനം പിന്‍വലിക്കാനുള്ള അവസാനശ്രമം എന്ന നിലയില്‍ അവര്‍ ഇതുരണ്ടും അംഗീകരിച്ചത്. ഇന്ത്യന്‍ പ്രാചീന മൂല്യങ്ങളോട് എതിര്‍ നില്ക്കുന്ന ഒന്നായാണ് ഭരണഘടനാ ശ്രമങ്ങളെ അവര്‍ കണ്ടിരുന്നത്. അധികാരക്കസേരയിലെത്തിയപ്പോള്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നത് ആ പഴയ നിലപാട് നടത്തിയെടുക്കാനാണ്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് സ്തംഭനമുണ്ടാക്കുന്ന നയം ഈ ഭരണകൂടം സ്വീകരിക്കുന്നത് അതുകൊണ്ടാണ്.

ഈ തിരിച്ചറിവാണ് നാമിന്ന് വീണ്ടും വീണ്ടും ഓര്‍ക്കേണ്ടത്. സാമൂഹിക ജനാധിപത്യം എന്ന ആശയത്തില്‍ വന്നു വീണ കല്ലുമഴയെ, നീതിക്കെതിരായ ഒരു പ്രസ്ഥാനമായി കാണാന്‍ കഴിയണം. സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നീ ആശയങ്ങളെ സമൂഹത്തില്‍ പ്രവര്‍ത്തന നിരതമാക്കാന്‍ ഒന്നിച്ചിറങ്ങാം എന്നതാണ് ഫാസിസത്തിനുള്ള ജനാധിപത്യ ബദല്‍. ന്യൂനപക്ഷത്തോടുള്ള കരുതലാണ് ഭൂരിപക്ഷത്തിന്റെ ഉത്തരവാദിത്വം എന്ന് ഭരണഘടന പറയുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന ഭരണകൂടം യഥാര്‍ത്ഥത്തില്‍ ഭരണഘടനയുടെ മൂല്യം ചോര്‍ത്തുക മാത്രമല്ല, അതിനെ അസംഗതമാക്കുകയാണ്. ഇത് കാണാനുള്ള കണ്ണിനെക്കൂടിയാണ് ഭരണഘടന തരുന്നത്.  Social life of the constitution,Republic Day of India.

Content Summary; Social life of the constitution,Republic Day of India

പി എന്‍ ഗോപികൃഷ്ണന്‍

കവി, എഴുത്തുകാരന്‍

More Posts

This post was last modified on January 27, 2025 12:54 pm

പി എന്‍ ഗോപികൃഷ്ണന്‍: കവി, എഴുത്തുകാരന്‍
Leave a Comment